രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയോടൊപ്പംതന്നെ വനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാറിനെ സുപ്രീംകോടതി ഓർമിപ്പിച്ചത് 2002 മേയ് ഒമ്പതിനാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ള വനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ കോവിലകം അംഗമായ ടി.എൻ. ഗോദവർമൻ തിരുമുൽപ്പാട് 1995ൽ ഫയൽ ചെയ്ത ഡബ്ല്യു.പി (സി) 202/1995 പൊതുതാൽപര്യ ഹരജിയിൽ നൽകിയ ഇടക്കാല ഉത്തരവിലായിരുന്നു ഈ പരാമർശം.
ഇതിന് ഏതാനും മാസം മുമ്പ് 2002 ജനുവരി 21ന് കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിനുകീഴിലെ ദേശീയ വന്യജീവി ബോർഡ് പുറത്തിറക്കിയ നാഷനൽ വൈൽഡ് ലൈഫ് കൺസർവേഷൻ സ്ട്രാറ്റജി രേഖയുടെ ഒമ്പതാം ഖണ്ഡിക പ്രകാരം 10 കി.മീ. വീതിയിൽ പരിസ്ഥിതിലോല മേഖല അഥവാ കരുതൽ മേഖല സ്ഥാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചിരുന്നു.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും പരിസ്ഥിതിലോല മേഖലകൾ (ഇ.എസ്.ഇസെഡ്) അഥവാ കരുതൽ മേഖലകൾ നിദേശിക്കാനും നടപ്പാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അധികാരം ലഭിക്കുന്നത്.
2002 മേയ് ഒമ്പതിലെ വിധിയിൽ വനം-പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ സുപ്രീംകോടതി കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുന്നു എന്നുറപ്പാക്കുന്നതിനായി ഒരു ‘സെൻട്രൽ എംപവേർഡ് കമ്മിറ്റി’ (സി.ഇ.സി)യെ അടിയന്തരമായി നിയമിക്കാൻ സുപ്രീംകോടതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 3(3) വകുപ്പ് പ്രകാരം 2002 സെപ്റ്റംബർ 17ാം തീയതി സുപ്രീംകോടതി നിർദേശിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റി നിയമിതമായി. 2003 നവംബർ 20ന് ഈ കമ്മിറ്റി നൽകിയ ആദ്യ റിപ്പോർട്ട് രാജസ്ഥാനിലെ ജാംവ രാംഗഡ് ഖനികളെ സംബന്ധിച്ചായിരുന്നു.
2012 സെപ്റ്റംബർ 20ലെ രണ്ടാം റിപ്പോർട്ട് ‘നോട്ട് റിഗാർഡിങ് സേഫ്റ്റി സോൺസ് (ഇക്കോ സെൻസിറ്റിവ് സോൺസ്) എറൗണ്ട് നാഷനൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സാങ്ച്വറീസ്’ എന്ന പേരിലുള്ള കരുതൽ മേഖല സ്ഥാപിക്കൽ നിർദേശങ്ങളും.
2012നുമുമ്പുള്ള 10 വർഷം 2002ൽ നിർദേശിച്ച ബഫർസോണുകളെ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങളുണ്ടാകാത്ത സാഹചര്യത്തിൽ കരുതൽ മേഖല സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ തയാറാക്കുന്നതെന്ന ആമുഖത്തോടെയുള്ള റിപ്പോർട്ടിൽ നിലവിലുള്ള 617 ദേശീയ ഉദ്യാനങ്ങളെയും വന്യജീവി സങ്കേതങ്ങളെയും ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ നാലായി തരംതിരിച്ചു.
500 ച. കിലോമീറ്ററിനു മുകളിലുള്ള (73 എണ്ണം) 200നും 500 നും ഇടയിലുള്ളവ (115 എണ്ണം), 100നും 200നും ഇടയിലുള്ളവ (85 എണ്ണം), 100 ച. കിലോമീറ്ററിൽ താഴെയുള്ളവ (344 എണ്ണം) എന്നിങ്ങനെയായിരുന്നു തരംതിരിവ്. ഇതിൽ ഒന്നാം വിഭാഗത്തിനുചുറ്റും രണ്ടു കിലോമീറ്റർ ചുറ്റളവിലും രണ്ടാംവിഭാഗത്തിനുചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിലും മൂന്നാം വിഭാഗത്തിനുചുറ്റും 500 മീറ്റർ ചുറ്റളവിലും നാലാം വിഭാഗത്തിനുചുറ്റും 100 മീറ്റർ ചുറ്റളവിലും കരുതൽ മേഖല ഉണ്ടായിരിക്കണമെന്ന് സി.ഇ.സി നിർദേശിച്ചു.
2011 ഫെബ്രുവരി ഒമ്പതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല പ്രദേശം (ഇ.എസ്.ഇസെഡ്) ബഫർസോണുകൾ നിശ്ചയിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതിങ്ങനെ:
‘‘ഏതെങ്കിലും പ്രദേശത്ത് കരുതൽ മേഖലകൾ നിശ്ചയിക്കണമെന്നുണ്ടെങ്കിൽ വനംവകുപ്പിലെ റേഞ്ച് ഓഫിസർ അതതു പ്രദേശങ്ങളിലെ വൈൽഡ് ലൈഫ് വാർഡൻ, ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ (ഇക്കോളജിസ്റ്റ്), തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻ, റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കണം.
ഈ കമ്മിറ്റി, കരുതൽ മേഖലയാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സ്ഥലങ്ങളിലും വീടുവീടാന്തരം കയറി താമസക്കാരുടെയും കൃഷിക്കാരുടെയും മറ്റു ബിസിനസുകാരുടെയും വ്യവസായങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും അടക്കം വിശദാംശങ്ങൾ തയാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏതൊക്കെ പ്രദേശങ്ങൾ കരുതൽ മേഖലകളാക്കണമെന്ന് നിർദേശിക്കേണ്ടത്.
രാജസ്ഥാനിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തിനുള്ളിൽ നടത്തുന്ന കൽക്കരി ഖനനത്തെ സംബന്ധിച്ച് സി.ഇ.സി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയായെടുത്ത ഇന്റർ ലൊക്യൂട്ടറി ആപ്ലിക്കേഷൻ (ഐ.എ) 1000/2003 കേസിൽ 2022 ജൂൺ മൂന്നിന് വിധിവന്നു.
അതിന്റെ 44ാം ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു. രാജ്യത്തെ എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും 2011 ഫെബ്രുവരി ഒമ്പതിലെ നിർദേശാനുസരണം ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖലയുണ്ടാക്കണം. രാജസ്ഥാനിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തിൽ നിലവിലുള്ള പ്രവർത്തനങ്ങൾക്ക് 500 മീറ്റർ ദൂരപരിധി മതി.
ഒരു കിലോമീറ്ററിലധികം വീതിയിൽ കരുതൽ മേഖല നിശ്ചയിച്ചിരിക്കുന്ന മേഖലകളിൽ അത്തരം വീതികൂടിയ കരുതൽ മേഖലകൾ നിലനിൽക്കും. ഓരോ സംസ്ഥാനത്തെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ആഭ്യന്തര സെക്രട്ടറിയുമായിരിക്കും കരുതൽ മേഖല ഉത്തരവ് നടപ്പിലാക്കേണ്ടത്.
ഓരോ കരുതൽ മേഖലയിലും നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമാണങ്ങളെക്കുറിച്ചും മറ്റു വിശദാംശങ്ങളൊക്കെയും സർവേ നടത്തി കണ്ടെത്തി വിശദമായ റിപ്പോർട്ട് ഓരോ സംസ്ഥാനത്തെയും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മൂന്നുമാസത്തിനകം സുപ്രീംകോടതിയിൽ സമർപ്പിക്കണം. ഇതിനായി സാറ്റലൈറ്റ് ഇമേജിങ്ങും ഫോട്ടോകൾ എടുക്കുന്നതിനായി ഏത് സർക്കാർ ഏജൻസിയുടെ സഹായവും തേടാവുന്നതാണ്.
സുപ്രീംകോടതി നിർദേശിച്ച റിപ്പോർട്ട് തയാറാക്കുന്നതിനുള്ള ഉപഗ്രഹ സർവേക്ക് കേരളം ചുമതലപ്പെടുത്തിയത് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനെയാണ്. എന്നാൽ, ഇവർ നേരത്തെ നടത്തിയ ഉപഗ്രഹ സർവേയിൽ കടന്നുകൂടിയത് വൻതെറ്റുകളായിരുന്നു.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ പരാമർശിച്ചിരിക്കുന്ന വില്ലേജുകളിൽ പരിസ്ഥിതിലോല പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും തരംതിരിക്കാനായി 2013 നവംബർ, 2014 ഫെബ്രുവരി കാലഘട്ടത്തിൽ ഇവർ നടത്തിയ ഉപഗ്രഹ സർവേ റിപ്പോർട്ട് വസ്തുതവിരുദ്ധമായതിനാൽ വനംവകുപ്പിന് തള്ളിക്കളയേണ്ടിവന്നിരുന്നു.
സർവേ റിപ്പോർട്ടിൽ കൃഷിഭൂമി 3117.66 ചതുരശ്ര കിലോമീറ്ററാണെന്നു പറയുന്നു. എന്നാൽ, അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വില്ലേജുകളിൽ സർവേ നടത്തിയതിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ കിട്ടുന്ന കൃഷി ഭൂമിയുടെ വിസ്തൃതി 3199.49 ചതുരശ്ര കിലോമീറ്ററാണ്.
നിർമിതികൾ 130.19 ചതുരശ്ര കിലോമീറ്ററാണെന്ന് റിപ്പോർട്ട് പറയുമ്പോൾ കണക്കുകളിൽ 73.11 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. തരിശുഭൂമി റിപ്പോർട്ടിൽ 924.26 ചതുരശ്ര കിലോമീറ്ററും കണക്കിൽ 934.56 ചതുരശ്ര കിലോമീറ്ററുമാണ്. റിപ്പോർട്ടിൽ വനം 7547.90 ചതുരശ്ര കിലോമീറ്ററുണ്ട്.
കണക്കിൽ അത് 8123.26 ചതുരശ്ര കിലോമീറ്ററാണ്. വനത്തിനുള്ളിലെ തോട്ടങ്ങൾ റിപ്പോർട്ടിൽ 880.21 ചതുരശ്ര കിലോമീറ്ററും കണക്കിൽ 950.52 ചതുരശ്ര കിലോമീറ്ററുമാണ്. പരിശോധിക്കുന്ന ഭാഗത്ത് കെട്ടിടങ്ങളുണ്ട് എന്നല്ലാതെ കെട്ടിടം സ്കൂളാണോ ആശുപത്രിയാണോ എന്നൊക്കെ വേർതിരിച്ചറിയാൻ ഉപഗ്രഹ സർവേയിൽ കഴിയില്ല.
ചെടികളുടെ ഇലകൾക്ക് പച്ചനിറം നൽകുന്ന ക്ലോറോഫിലിന്റെ അളവ് കണക്കാക്കിയാണ് തോട്ടങ്ങൾ വേർതിരിച്ചിരിക്കുന്നത്. കരുതൽ മേഖല സംബന്ധിച്ച വിവരശേഖരണവും തുടർ നടപടികളും വനംവകുപ്പിനെ മാത്രം ഏൽപിക്കുന്നത് കർഷകരുടെ താൽപര്യങ്ങൾ ഹനിക്കുമെന്ന വാദമുയർന്നതോടെ തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ പരിശോധന സമിതിക്ക് സംസ്ഥാന തലത്തിൽ രൂപം കൊടുത്ത് ഉത്തരവിറക്കുകയാണ് വനം വന്യജീവി വകുപ്പ് ചെയ്തത്.
പരിസ്ഥിതി വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറിമാർ, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ കെ.ജെ. വർഗീസ് എന്നിവരടങ്ങുന്ന സമിതിയോട്, വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള കരുതൽ മേഖലയിലെ എല്ലായിടങ്ങളും സന്ദർശിച്ച് കെട്ടിടങ്ങളും മറ്റു നിർമിതികളും പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് അപ്രായോഗികമാണെന്നും തോട്ടത്തിൽ രാധാകൃഷ്ണൻ സമിതി വനംവകുപ്പിനു കീഴിലെ ഉപദേശക സമിതി മാത്രമാണെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.
കരുതൽ മേഖലയിൽനിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കണം എന്നതാണ് ഇടുക്കി രൂപതയുടെ നിലപാട്. തങ്ങളുടെ കൈവശമുള്ള ഭൂമിയിൽ ആളുകൾ വർഷങ്ങളായി താമസിക്കുകയും കൃഷി ചെയ്തുവരുകയും ചെയ്യുന്നുണ്ട്. അതിനുശേഷമാണ് കരുതൽ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനമൊക്കെ ഉണ്ടാകുന്നത്.
ജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടണമെന്നതിൽ തർക്കമില്ല. പക്ഷേ, വനത്തിനുള്ളിലായിരിക്കണം അവക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകേണ്ടത്. നാട്ടിൽ മനുഷ്യർക്കും വനത്തിൽ ജീവികൾക്കും മെച്ചപ്പെട്ട ജീവസന്ധാരണത്തിനുള്ള സാഹചര്യം ഒരുങ്ങണം.
ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോർട്ട് അവ്യക്തമാണെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട്. കരുതൽ മേഖല സംബന്ധിച്ച് വളരെ നേരത്തെ അറിയിപ്പ് കിട്ടിയിട്ടും സർവേ വിവരങ്ങൾ പുറത്തുവരാൻ എന്തുകൊണ്ട് ഇത്രയും വൈകി എന്നത് ചോദ്യമായി അവശേഷിക്കുന്നു.
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലല്ല പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ഉപഗ്രഹ സർവേയിൽ മുകളിൽനിന്ന് നോക്കുമ്പോൾ വീടുകളും സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളുമൊന്നും കണ്ണിൽപ്പെടില്ല. ആ പ്രദേശമെല്ലാം വനമായാണ് കണക്കാക്കപ്പെടുക. ആദ്യകാലത്ത് വനംവകുപ്പിന്റെ കൈവശമായിരുന്ന ഒട്ടേറെ പ്രദേശങ്ങൾ പിന്നീട് റവന്യൂ ഭൂമിയായി മാറിയിട്ടുണ്ട്.
എന്നാൽ, ജനവാസവും കൃഷിയിടവുമുള്ള ഈ പ്രദേശങ്ങളും ഉപഗ്രഹ സർവേ പ്രകാരം കരുതൽ മേഖലയുടെ പരിധിയിലാണ്. ഇത്തരം ഒരുപാട് പിഴവുകൾ റിപ്പോർട്ടിൽ കടന്നുകൂടിയിട്ടുണ്ട്. എത്രയും വേഗം ശാസ്ത്രീയമായ രീതിയിൽ ഫീൽഡ് സർവേ നടത്തി ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതരത്തിലുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ മതിയായ സാവകാശം നൽകുകയും വേണം.
സംസ്ഥാന സർക്കാറിന്റെ പുതിയ നീക്കങ്ങളിൽ സന്തോഷമുണ്ട്. എന്നാൽ, അവ എത്രമാത്രം ഫലപ്രാപ്തിയിൽ എത്തുമെന്ന കാര്യത്തിൽ സന്ദേഹവുമുണ്ട്. 68 ലക്ഷം രൂപ ചെലവാക്കി ഉപഗ്രഹ സർവേ നടത്തിയിട്ടും അതിന്റെ ഫലം ജനങ്ങളിലെത്താൻ ഇത്രയും താമസിച്ചെങ്കിൽ അതിന് ഉദ്യോഗസ്ഥരും ഉത്തരവാദികളാണ്.
ഇടുക്കി ജില്ലയിൽ നിലനിൽക്കുന്ന നിർമാണ നിരോധനം സാധാരണക്കാരെ ഏറെ വലക്കുന്നതാണ്. ഇതിന് പിന്നാലെയാണ് കരുതൽ മേഖല വിഷയത്തിൽ ഉയർന്നുവന്നിട്ടുള്ള ആശങ്കകളും ആശയക്കുഴപ്പങ്ങളും. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ഇടുക്കി രൂപത പൂർണമായി പിന്തുണക്കുന്നു.
ഇത് സാധാരണക്കാരുടെ ജീവൽപ്രശ്നമാണ്. സർക്കാറിന് ഇക്കാര്യത്തിൽ മാനുഷികമായ നിലപാട് ആവശ്യമാണ്. വന്യമൃഗങ്ങൾക്കുള്ള സംരക്ഷണംപോലും കർഷകന് ലഭിക്കാതെ പോകുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയുന്നതല്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.