രാജസ്ഥാനിലെ ഗോരക്ഷക ഗുണ്ടകൾ നടത്തിയ ആക്രമണത്തിലാണ് നവംബർ 10ന് ഭരത്പുർ ജില്ലയിലെ ഘാട്ട്മിക ഗ്രാമത്തിലെ ക്ഷീര കർഷകനായ ഉമർ മുഹമ്മദ് ഖാൻ കൊല്ലപ്പെട്ടത്. രാജ്യത്ത് സമാനമായ രീതിയിൽ നിരവധി ആക്രമണങ്ങൾ ക്ഷീര കർഷകർ നേരിടുന്നത്. ഈ സാഹചര്യത്തിൽ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച് ‘മാധ്യമം’ ലേഖകൻ തയാറാക്കിയ പരമ്പരയുടെ രണ്ടാം ഭാഗം...
വീട് എന്നു പറയാവുന്ന ഒരു കെട്ടിടമല്ല ബാപ്പയും ഉമ്മയും ഉൾപ്പെടെ 11 അംഗ കുടുംബത്തിന് തലചായ്ക്കാനായി ആല്‍വറില്‍ ഗോരക്ഷക ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഉമര്‍ മുഹമ്മദിന് ഉണ്ടായിരുന്നത്. അടച്ചുറപ്പുള്ള വാതില്‍പോലുമില്ലാത്ത വീട്ടകത്തെ ഒരു വലിയ ഹാള്‍ എന്നു പറയാം. നിത്യവൃത്തിക്ക് കൂലിപ്പണി കൂടാതെ പശുവിനെ വളര്‍ത്തി പാലും തൈരും വിറ്റ് മറ്റുള്ളവരെപോലെ തെൻറ പറക്കമുറ്റാത്ത ഒമ്പതു മക്കളെയും പോറ്റണമെന്ന ഒരു യുവാവിെൻറ സ്വപ്നങ്ങളുടെ ചിറകുകള്‍ക്കു നേരെയാണ് ഭരത്പുരിലെ ഗഹാങ്കര് ഗ്രാമത്തില്‍ ഒരുപറ്റം ഗോരക്ഷക ഗുണ്ടകള്‍ വെടിയുതിര്‍ത്തത്. പശുഘാതകരായി മുസ്ലിംകളെ നാടുനീളെ സംഘ്പരിവാര്‍ മുദ്രകുത്തി കൊല്ലാക്കൊല ചെയ്യുമ്പോള്‍ സത്യത്തിെൻറ മുഖം എത്രയോ വ്യത്യസ്തമാണെന്നതിെൻറ ഉത്തമോദാഹരണമാണ് ഘാട്ട്മികയിലെ മുസ്ലിംകള് ഉൾപ്പെടെയുള്ള ഈ ഗ്രാമീണര്‍.
ആകെ 450 കുടുംബങ്ങളുള്ള ഘാട്ട്മിക ഗ്രാമത്തില്‍ 50 കുടുംബങ്ങള്‍ മാത്രമാണ് ഹിന്ദുക്കളായുള്ളത്. കാലങ്ങളായി മതങ്ങളുടെ വേര്‍തിരിവുകള്‍ക്ക് അപ്പുറം കൃഷിയും പശുപാലനവുമാണ് ഈ ഗ്രാമനിവാസികളുടെ മുഖ്യ വരുമാനമാര്‍ഗം. 400 മുസ്ലിം കുടുംബങ്ങളിലും പോയി നോക്കിയാല്‍ മനുഷ്യരേക്കാള്‍ പരിഗണനയോടെ വീട് മുറ്റം നിറയെ പശുക്കളും എരുമകളും ആടുകളും നിറഞ്ഞുനില്ക്കുന്നത് കാണാം. ഓരോ വീടുകളിലും കുറഞ്ഞത് ആറോ ഏഴോ പശുക്കള്‍. ഇതു കൂടാതെയാണ് എരുമകളെയും ആടുകളെയും പോറ്റിവളര്‍ത്തുന്നത്. സാമ്പത്തികമായി കുറച്ച് മെച്ചപ്പെട്ട കുടുംബങ്ങളില്‍ 50 മുതല്‍ നൂറു വരെ പശുക്കളും മറ്റു കന്നുകാലികളുമുണ്ട്.
കേന്ദ്ര സര്‍ക്കാറിെൻറ വിവാദ കന്നുകാലി വിജ്ഞാപനത്തോടെ രാജസ്ഥാന് ഉൾപ്പെടെ ബി.ജെ.പി ഭരണ സംസ്ഥാനങ്ങളില്‍ കറവ വറ്റിയ പശുക്കള്‍ നിരത്തുകളില്‍ ഉപേക്ഷിക്കപ്പെട്ട് അലഞ്ഞുതിരിയുമ്പോഴാണ് പശുക്കള്‍ ഈ വീട് മുറ്റങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. വളരെ കുറച്ച് കൃഷി ഭൂമി മാത്രം കൈവശമുള്ളവരാണ് പല കുടുംബങ്ങളും. കടുകും നെല്ലുമാണ് പ്രധാന വിളകള്‍. അപ്രവചനീയമായ കാലാവസ്ഥയും രാജസ്ഥാന് സര്‍ക്കാറിെൻറ തൊഴിലാളി വിരുദ്ധ നയങ്ങളും കൂടി ചേര്‍ന്നതോടെ കൃഷിപ്പണി ചെറുകിട കര്‍ഷകര്‍ക്ക് എടുത്താല്‍ പൊങ്ങാത്ത ഭാരമായി. ഈ സീസണില്‍ 47 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഭരത്പുര്‍ ജില്ലയിലെ 180 ഓളം ഗ്രാമങ്ങളില്‍ മഴപെയ്യാത്തത് കാരണം ഇത്തവണ വിള ഇറക്കിയിട്ടില്ല. വരള്‍ച്ച ദുരിതാശ്വാസത്തിെൻറ 25 ശതമാനം മാത്രേമ വസുന്ധരരാജെ സിന്ധ്യ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ളൂവെന്ന് കിസാന്‍സഭ രാജസ്ഥാന് സംസ്ഥാന സെക്രട്ടറി ഛഗന്‍ ചൗധരി പറയുന്നു.
ഇതോടെ ഉമര്‍ മുഹമ്മദ് ഖാേൻറത് ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങളുടെയും മുഖ്യ ജീവനോപാധി കന്നുകാലി വളര്‍ത്തലായി മാറി. അവിടെയും ഇടനിലക്കാരുടെ വലിയ ചൂഷണമാണ് ഈ ദരിദ്ര ക്ഷീര കര്‍ഷകര്‍ നേരിടുന്നത്. ഇടനിലക്കാര്‍ ഇവരില്‍നിന്ന് കിലോഗ്രാമിനാണ് പാൽ ശേഖരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ. എന്നിട്ട് ഡല്‍ഹിയിലടക്കം അത് ലിറ്ററിന് വില്‍ക്കുകയും ചെയ്യും. കിലോഗ്രാമിന് ശേഖരിക്കുന്നത് വഴി ഇടനിലക്കാര്‍ക്ക് 95 ഗ്രാമാണ് അധികം ലാഭമായി ലഭിക്കുന്നത്. ഒരു ലിറ്റര്‍ പാലിന് 20 രൂപ മാത്രമാണ് ഈ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പക്ഷേ, ജീവിക്കാന്‍ മറ്റു മാര്‍ഗം മുന്നിലില്ലാത്തപ്പോള്‍ ചൂഷണത്തിന് സമ്മതിച്ച് മുന്നോട്ട് പോവുകയല്ലാതെ വഴിയില്ല. അവിടംകൊണ്ടും തീരുന്നില്ല സംഘ്പരിവാറിെൻറ ഹിന്ദുത്വ രാഷ്ട്രീയ ഭൂമികയിലെ ഈ പാവപ്പെട്ട മുസ്ലിംകളുടെ ജീവിതത്തിലെ ഓരോ ദിവസത്തെയും പരീക്ഷണങ്ങള്‍.
പുതിയ പശുവിനെ വാങ്ങാന്‍ ഗ്രാമത്തിന് പുറത്ത്പോവുന്ന ഗൃഹനാഥന്മാർ ജീവനോടെ വീട്ടില്‍ തിരിച്ചുവരുന്നതു വരെ സ്ത്രീകളുടെ നെഞ്ചകം തീയടുപ്പാണ്. തങ്ങളുടെ താടിയും വേഷവിധാനങ്ങളും കാരണം രാജസ്ഥാന് പൊലീസിൽനിന്നും ഗോരക്ഷക ഗുണ്ടകളുടെയും കൈയില്‍ നിന്നും പശുവിനെ കടത്തുന്നുവെന്ന് ആരോപിച്ച് ക്രൂരമായ പീഡനമാണ് മുസ്ലിംകള് നേരിടുന്നതെന്ന് ഉമറിെൻറ ചെറിയച്ഛന് ഇല്യാസ് പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് പെഹ്ലു ഖാന്, ഇപ്പോള്‍ ഉമറും. തങ്ങള്‍ എങ്ങനെ പേടിക്കാതിരിക്കുമെന്നാണ് അദ്ദേഹത്തിെൻറ ചോദ്യം. ഓര്മവെച്ച എത്രയോ കാലമായി പശുക്കളെ സംരക്ഷിച്ച് ജീവിക്കുന്ന ഘാട്ട്മികയിലെ മുസ്ലിംകള് യഥാർഥത്തില്‍ ആര്.എസ്.എസിന് പശുവിനെ മുന്‍നിര്‍ത്തി നടപ്പാക്കേണ്ട തങ്ങളുടെ പ്രത്യയശാസ്ത്ര അജണ്ടക്ക് ഒരു വെല്ലുവിളി കൂടിയാണ്. പശുഹത്യ ചെയ്യുന്നവരാണ് മുസ്ലിംകളെന്ന ആഖ്യാനത്തിന് അനുയോജ്യരല്ല ഇവര്‍ എന്നതാണ് ആര്.എസ്.എസ് ഭരത്പുരിലും ആല്വറിലും നേരിടുന്ന വെല്ലുവിളി. അത് മറികടക്കാനാണ് പശു കടത്താണ് ഇവര്‍ ചെയ്യുന്നതെന്നും കൊല്ലാനാണ് കൊണ്ടുപോകുന്നതെന്നുമുള്ള ദുഷ്പ്രചാരണം സംഘ്പരിവാര്‍ നടത്തുന്നതെന്ന് ഗ്രാമവാസികളും സാമൂഹിക പ്രവര്‍ത്തകരും സംശയിക്കുന്നു.
ഈ കര്‍ഷക സമൂഹത്തെ ഒരു കുറ്റവാളി സമുദായമായി മുദ്രകുത്താനുള്ള കുല്സിത ശ്രമവും ആര്.എസ്.എസിെൻറ ഭാഗത്തുനിന്ന് സജീവമായി നടക്കുന്നതാണ് രണ്ടു കൊലപാതകവും തെളിയിക്കുന്നതെന്നും ആരോപണമുണ്ട്. ഭരത്പുര്‍ ജില്ല ഭരണകൂടവും ജില്ല പൊലീസ് മേധാവിയും ഈ തിരക്കഥക്ക് അനുസരിച്ച് കാര്യങ്ങള്‍ നീക്കുക കൂടി ചെയ്യുന്നതോടെ ആര്.എസ്.എസ് ലക്ഷ്യംവെക്കുന്ന പദ്ധതി പൂര്‍ണമാവും. മുസ്ലിംകളുടെ ഏക ജീവനോപാധി ഇല്ലാതാക്കി നിരാലംബരാക്കി സാമ്പത്തിക അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യങ്ങളിലൊന്ന്. കര്‍ഷക സമൂഹത്തെ കുറ്റവാളി സമുദായമായി മുദ്രകുത്തി സാമൂഹികമായി ഇല്ലായ്മ ചെയ്യുക മറ്റൊന്ന്. ഇത് സാധിക്കുന്നതോടെ ഇവരുടെ ഉന്മൂലനം സംഘ്പരിവാറിന് എളുപ്പമാവുന്നു.
ഉമറും താഹിറും ജാവേദും വെടിവെച്ചപ്പോഴാണ് ഗോരക്ഷകര്‍ തിരികെ വെടിയുതിര്‍ത്തതെന്ന പൊലീസ് ഭാഷ്യം ആര്.എസ്.എസിെൻറ ഈ വിശാല പദ്ധതിക്ക് വേണ്ടിയാണെന്ന സംശയം കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ബലപ്പെടുന്നതും ഇതിനാലാണ്. ഉമറിെൻറ പക്കല്‍നിന്നോ കൊലപാതകം നടന്ന സ്ഥലത്തുനിന്നോ ഒരു ആയുധംപോലും കെണ്ടടുക്കാന് കഴിയാതിരിക്കെയാണ് പൊലീസിെൻറ ഈ അവകാശവാദം. ഉമറിെൻറ കൊലപാതകത്തോടെ പശുവിനെ വാങ്ങാന്‍ എന്നല്ല വെറുതെ പുറത്തുപോവാന്‍ കൂടി ഭയമാണെന്ന് അയല്‍വാസിയായ അബ്ദുറസാഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.