രൂപേഷ്,  അ​ബ്ദു​ന്നാ​സ​ിര്‍ മഅ്ദനി, സിദ്ദീഖ് കാപ്പൻ

രൂപേഷും യു.എ.പി.എയുടെ രാഷ്ട്രീയ വിവക്ഷകളും

കേരളത്തില്‍ തടവില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിന്റെ പേരില്‍ പൊലീസ് ചാര്‍ത്തിയിട്ടുള്ള യു.എ.പി.എ ഹൈകോടതി റദ്ദുചെയ്തതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ നിലപാടായി മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. ഇടതുപക്ഷ സര്‍ക്കാറടക്കം ഇന്ത്യയിലെ പ്രതിപക്ഷ സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട സമീപനം ഇത്തരം നിയമങ്ങളെ അവയുടെ ജനാധിപത്യവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ പൂർണമായും തള്ളിക്കളയുക എന്നതുതന്നെയാണ്.

ദീര്‍ഘകാലത്തെ കോൺഗ്രസ് ഭരണത്തിന്റെ ചരിത്രത്തില്‍നിന്നാണ് ജനാധിപത്യവിരുദ്ധമായ പല ദുര്‍നിയമങ്ങളുടെയും പിതൃത്വം നാം കണ്ടെടുക്കുന്നത് എന്നതിനാല്‍ കോൺഗ്രസിന്റെ ഭൂതകാലം അവരെ വേട്ടയാടാന്‍ ഇടയാവാത്ത വിധമുള്ള തിരുത്തലുകള്‍ക്ക് അവരും തയാറാവണം എന്നതും കാലത്തിന്റെ ചുവരെഴുത്താണ്.

അറുപതുകളിലെ മിസയും ആദ്യ ജനത പാര്‍ട്ടി-ആർ.എസ്.എസ് ഭരണകാലത്തെ മിനി മിസയും പിന്നീട് ടാഡയും (TADA) പോട്ടയും (POTA) ഒക്കെ കൊണ്ടുവന്നപ്പോള്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അതിനെ എതിർത്തിരുന്നതിന്റെ അര്‍ഥം ഇപ്പോഴെങ്കിലും കോൺഗ്രസിനു മനസ്സിലാവുന്നുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു വളരുന്ന ജനാധിപത്യ സമൂഹത്തിന്റെ മുഖം നാം പ്രധാനമായും തിരിച്ചറിയുന്നത്‌ ഭാഷയില്‍ ഉണ്ടാവുന്ന ഫ്യൂഡല്‍-വിരുദ്ധമായ മാറ്റങ്ങളിലൂടെയും കുറ്റവും ശിക്ഷയും നിര്‍വചിക്കുന്ന കാര്യത്തിലെടുക്കുന്ന മനുഷ്യാഭിമുഖ്യമായ നൈതിക നിലപാടുകളിലൂടെയുമാണ്.

അബ്ദുന്നാസിര്‍ മഅ്ദനിയും മറ്റനേകംപേരും ന്യൂനപക്ഷത്തോട് പൊതുവേയുള്ള ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ കടുത്ത വെറുപ്പിന്റെ പേരില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ഇന്ത്യന്‍ ജയിലുകളില്‍ വിചാരണയും ജാമ്യവുമില്ലാതെ നിരവധി വര്‍ഷങ്ങള്‍ യാതനകള്‍ അനുഭവിക്കുകയോ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട് എന്ന് നമുക്കറിയാം.

കേരളത്തില്‍ യു.എ.പി.എ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന തന്ത്രത്തിന് സി.പി.എംതന്നെ ഇരയായിട്ടുള്ളതാണ്. കതിരൂര്‍ മനോജ്‌ വധക്കേസില്‍ പി. ജയരാജന്‍ അടക്കം പല പ്രതികളുടെ പേരിലും സി.ബി.ഐ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും നിരവധി മാവോവാദി പ്രതിയോഗികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.

ചുവരെഴുതുക, ലഘുലേഖ വിതരണം ചെയ്യുക തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെപ്പോലും ഭീകരവാദമായിക്കണ്ട് യു.എ.പി.എ ചുമത്തിയ സംഭവങ്ങള്‍ ജനാധിപത്യത്തിനു തീരാക്കളങ്കമായി മാറിയവയാണ്‌. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പതിച്ചെന്ന് ആരോപിച്ച് പോരാട്ടം പ്രവര്‍ത്തകരായ അജിതൻ, സാബു, ചാത്തു, ഗൗരി എന്നിവരെയും 'പാഠാന്തരം' മാസികയിലെ ദിലീപനെയും അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ പേരില്‍ ചാര്‍ത്തിക്കൊടുത്തത് യു.എ.പി.എ ആയിരുന്നു.

താഹയെയും അലനെയും തികച്ചും അകാരണമായി അറസ്റ്റ്ചെയ്തു ജയിലില്‍ അടച്ചപ്പോഴും ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ചത് രാഷ്ടീയ പ്രതിയോഗികളോടുള്ള വൈരനിര്യാതനബുദ്ധിയോടെ ആയിരുന്നു. പി. ജയരാജന് തടവുകാലത്ത് ആശുപത്രി പരിചരണം അടക്കമുള്ള സവിശേഷ പരിഗണനകള്‍ കിട്ടിയത് നല്ല കാര്യമാണെന്നേ ഞാന്‍ പറയൂ. പക്ഷേ, ഇതേ പരിഗണനകള്‍ സായിബാബക്കോ മഅ്ദനിക്കോ സിദ്ദീഖ് കാപ്പനോ കിട്ടുന്നില്ലെന്ന് എല്ലാവരും ഓര്‍ക്കേണ്ടതാണ്.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് തികച്ചും ഏകപക്ഷീയവും സങ്കുചിതവുമായ രീതിയില്‍ മത ഭൂരിപക്ഷരാഷ്ട്രീയം സ്വന്തം നിര്‍വചനങ്ങളിലേക്ക് രാഷ്ട്രവ്യവഹാരങ്ങളെ ചുരുക്കുന്നു എന്നതാണ്. പ്രതിമകളുടെയും ദേശീയ പ്രതീകങ്ങളുടെയും കാര്യത്തിലായാലും നിയമനിര്‍വഹണത്തിന്റെ കാര്യത്തിലായാലും ലിബറല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ ഇളക്കിമാറ്റുന്ന ഒരു സമാന്തര പ്രക്രിയ ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.

കമ്യൂണിസ്റ്റ് പാർട്ടികള്‍ ലിബറല്‍ ജനാധിപത്യത്തിന്റെ വക്താക്കളല്ല എന്നത് ശരിയാണ്. മാര്‍ക്സിസ്റ്റ്‌- അംബേദ്കറിസ്റ്റ് നിലപാടുകളാണ് ജനാധിപത്യത്തിന്റെ കാര്യത്തില്‍ ഞാനും സ്വീകരിക്കുന്നത്. അതിനാല്‍തന്നെ ലിബറല്‍ ജനാധിപത്യത്തെ ആത്യന്തികമാർഗവും ലക്ഷ്യവുമായി ഞാന്‍ കാണുന്നില്ല. പക്ഷേ, നാം ജീവിക്കുന്നത് ലിബറല്‍ ജനാധിപത്യത്തോട് നാമമാത്രമായെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്ന കോൺഗ്രസ് ഭരണകാലത്തല്ല.

സമഗ്രാധിപത്യത്തെക്കുറിച്ചും 'സ്റ്റാലിനിസ്റ്റ്' ഭീഷണിയെക്കുറിച്ചുമൊക്കെ വേവലാതികൊള്ളാന്‍ സി.പി.എം പോലും ഇന്ത്യയില്‍ കേരളത്തിലല്ലാതെ അവശേഷിക്കുന്നുമില്ല. ഇപ്പോള്‍ രാഷ്ട്രത്തിന്റെ മുന്നിലുള്ളത് വളരുന്ന മതഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഭീഷണിയെ എങ്ങനെ യോജിച്ചു പ്രതിരോധിക്കാന്‍ കഴിയുമെന്ന ചോദ്യം തന്നെയാണ്. അതിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര യുക്തികളില്‍ കുടുങ്ങാതിരിക്കുക എന്നത് ഓരോ പ്രതിപക്ഷ സംസ്ഥാന സര്‍ക്കാറുകളുടെയും കടമയും കർത്തവ്യവുമായി മാറിയിരിക്കുന്നു.

ലിബറല്‍ ജനാധിപത്യത്തെ ആത്യന്തിക നന്മയായി കാണാത്തവര്‍ക്കും ഇന്നത്തെ ഇന്ത്യയില്‍ അതിനോട് കേവലമായ ഒരു യാഥാസ്ഥിതിക മാര്‍ക്സിസ്റ്റ്‌ പ്രതികരണംകൊണ്ട് തൃപ്തരാവാന്‍ കഴിയില്ല എന്നതാണു യാഥാർഥ്യം. കാരണം അതിന്റെ ചില മൂല്യങ്ങള്‍ ഏതു ഭാവി ഭരണകൂട രൂപത്തിലും നിലനില്ക്കേണ്ടതാണ് എന്നതു മാത്രമല്ല, മറിച്ച് ഫാഷിസ്റ്റ് രാഷ്ട്രീയം അതിനെ പൂര്‍ണമായും ഹനിക്കുന്നത് രാഷ്ട്രത്തിന്റെ നിലനിൽപിനുതന്നെ ഭീഷണിയാവുന്നു എന്നതുകൊണ്ടുമാണ്.

ഇത് തിരിച്ചറിയാത്ത പ്രവര്‍ത്തനം ഏതു പ്രതിപക്ഷ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായാലും അത് തിരുത്തപ്പെടേണ്ടതാണ്. ജനാധിപത്യ വ്യവസ്ഥയോട്, ഭരണഘടനയോട് ഒരു മാർക്സിസ്റ്റ്-അംബേദ്കറിസ്റ്റ് നിലപാട് ഇതില്‍ പ്രധാനമാണ്. യു.എ.പി.എ പോലുള്ള ഒരു ദുര്‍നിയമത്തോട് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അതുകൊണ്ടുതന്നെ തെറ്റും ഇന്ത്യന്‍ വര്‍ത്തമാന അവസ്ഥയോടുകാട്ടുന്ന നീതികേടുമാണ്.

യു.എ.പി.എയുടെ കാര്യത്തില്‍ കോടതികള്‍ സ്വീകരിക്കാറുള്ള നിലപാടുകള്‍ നാം കണ്ടിട്ടുള്ളതാണ്. മിക്കപ്പോഴും അത് പിന്‍വലിക്കാന്‍ കോടതികള്‍ തയാറാവാറില്ല. എന്നാല്‍, രൂപേഷിന്റെ കാര്യത്തില്‍ തെളിവുകളുടെ കടുത്ത അപര്യാപ്തതകള്‍ കൊണ്ടുതന്നെയാവണം ഹൈകോടതി അത് തള്ളിക്കളഞ്ഞത്. അപ്പോള്‍ അതിനെതിരെ സുപ്രീംകോടതിയില്‍ കേരളം അപ്പീല്‍ പോവുക എന്നത് തികച്ചും തെറ്റായ നിലപാടും ദുര്‍മാതൃകയുമായി മാറുന്നു. അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഒന്ന് ആലോചിച്ചുനോക്കുക.

സുപ്രീംകോടതിയും ഇത് തള്ളിക്കളയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറിച്ച്, രൂപേഷിന്റെ കാര്യത്തില്‍ യു.എ.പി.എ പുനഃസ്ഥാപിക്കപ്പെട്ടാല്‍ ഒരു രാഷ്ട്രീയ പ്രതിയോഗിയെ കുടുക്കി എന്ന ആത്മസായൂജ്യം സര്‍ക്കാറിനുണ്ടാവാം. പക്ഷേ, ഇന്ത്യയിലെ മുഴുവന്‍ നീതിപീഠങ്ങളും പൊലീസും സംസ്ഥാന സര്‍ക്കാറുകളും ആ വിധി ആയിരിക്കും ഇനി ദുരുപയോഗം ചെയ്യാന്‍ പോവുന്നത്.

അതിനു നിമിത്തമായി എന്ന പേരുദോഷം സംസ്ഥാന സര്‍ക്കാറിനു അലങ്കാരമാണോ എന്നതാണ് ഇക്കാര്യത്തിന് അപ്പീലിനുപോകുന്നു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ അതിനു പൊലീസിനെ അനുവദിക്കുന്നവര്‍ ആലോചിക്കേണ്ടത്. രൂപേഷിനെതിരെ എന്നല്ല, ആരുടെ പേരിലും യു.എ.പി.എ ചുമത്തി പൊലീസിന് ആഘോഷിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഇപ്പോള്‍ ഇന്ത്യയിലുള്ളത് എന്ന പ്രാഥമികധാരണ കൈയൊഴിയരുത്.

Tags:    
News Summary - Rupesh and the political views of the U.A.P.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.