സിനിമാരംഗവുമായി ബന്ധപ്പെട്ട വലിയൊരു തട്ടിപ്പിന്‍റെ പിന്നാമ്പുറത്തേക്ക് വെളിച്ചം വീശുന്ന ചില കാഴ്ചകൾ കണ്ട് ചെറുതായെങ്കിലും ഞെട്ടിയിരിക്കുകയാണ് കേരളം. വെറുമൊരു വിവാഹത്തട്ടിപ്പ് കേസിന്‍റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത് ഗൗരവമേറിയ കുറ്റകൃത്യത്തിന്‍റെ നാനാമുഖങ്ങളാണ്. എങ്കിലും സ്ത്രീകൾ നൽകുന്ന പരാതിയെ സംശയദൃഷ്ടിയോടെ കാണുന്ന നമ്മുടെ സമൂഹത്തിന്‍റെയും പൊലീസിന്‍റെയും പൊതുബോധം മാറേണ്ടതുണ്ട് എന്നാണ് ഈ സംഭവവും അടിവരയിട്ടു പറയുന്നത്.
ഷംന കാസിം പരാതി നൽകാൻ തയാറായതിനുശേഷം ഇതേ സംഘത്തെക്കുറിച്ചുള്ള പരാതിയുമായി എത്തിയത് 18 പെൺകുട്ടികളാണ്. ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടും പരാതി പോലും നൽകാൻ തയാറാകാതെ ഇപ്പോഴും കാണാമറയത്തിരിക്കുന്ന ഇരകൾ വേറെയും ഉണ്ടാകുമെന്നുറപ്പ്. ഇരകളുടെ ഈ ഭയം തന്നെയാണ് അക്രമികൾക്ക് എന്നും ധൈര്യം നൽകിയിട്ടുള്ളതും. മോഡലിങ്ങിനെന്നും സിനിമാ അഭിനയത്തിനെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് നിശ്ചിത സ്ഥലത്തെത്തിക്കുന്ന പെൺകുട്ടികളുടെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കുക പതിവാക്കിയിരുന്നു സംഘം. ചിലരെ ലൈംഗിക ചൂഷണത്തിനും ഇരയാക്കി. ഓരോ ഇരക്കും പാകമാകുന്ന ചൂണ്ടയൊരുക്കി കാത്തിരുന്ന് ചതിയിൽ വീഴ്ത്തുകയും ഇക്കാര്യം പറഞ്ഞ് ബ്ലാക്മെയിൽ ചെയ്യുകയുമായിരുന്നു സംഘത്തിന്‍റെ പതിവുരീതി.
സിനിമാരംഗത്തെ ചില പ്രമുഖരും തട്ടിപ്പിനിരയായെങ്കിലും അവരാരും പരാതി നൽകാൻ തയാറായില്ല. സ്വർണം കടത്താനായി തനിക്ക് രണ്ടുകോടി രൂപയും കാറും ഇവർ വാഗ്ദാനം ചെയ്തിരുന്നതായി നടൻ ധർമജൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പഴയകാലത്തെ പ്രമുഖനായ ഒരു സംവിധായകന് ഈ തട്ടിപ്പുസംഘമൊരുക്കിയ ചതിയിൽ പെട്ട് ചെറുതല്ലാത്ത തുക നഷ്ടപ്പെട്ടതായും സൂചനയുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യാനായി അഞ്ചുകോടി നൽകാമെന്നായിരുന്നു ഇദ്ദേഹവുമായുള്ള കരാർ. വാഗ്ദാനത്തിൽ മയങ്ങിയ ഇദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട ചെലവിലേക്കായി ഇവർ ആവശ്യപ്പെട്ടതനുസരിച്ച് പണം നൽകി.
ഷംനക്ക് വേണ്ടി സംഘം ഒരുക്കിയത് വിവാഹത്തട്ടിപ്പാണ്. കാണാൻ മൊഞ്ചുള്ള ചെറുക്കന്‍റെ ഫോട്ടോയും നൽകി. ഷംനയേയും കുടുംബത്തേയും വിശ്വസിപ്പിക്കാൻ ഇവർ ഒരു തിരക്കഥ തന്നെ ഒരുക്കിയിരുന്നു. പിതാവായും മാതാവായും സുഹൃത്തായും ഡ്രൈവറായും പല കഥാപാത്രങ്ങളേയും സൃഷ്ടിച്ച് ആവശ്യാനുസരണം ഉപയോഗിച്ചു. വരനായി അഭിനയിച്ചയാൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഷംന നൽകാൻ തയാറായാകത്തതോടെയാണ് ഇവരുടെ ആദ്യപദ്ധതി പൊളിഞ്ഞത്. തങ്ങളുടെ ചൂണ്ടയിൽ കൊത്താൻ തയാറാകാതിരുന്ന ഷംനയെ ഭീഷണിപ്പെടുത്തി വരുതിയിൽ കൊണ്ടുവരികയായിരുന്നു സംഘത്തിന്‍റെ അടുത്ത ലക്ഷ്യം. ഷംനയുടെ മാതാവ് പരാതി നൽകിയതോടെ ഇവരുടെ എല്ലാ പ്ലാനുകളും പൊളിയുകയായിരുന്നു. തട്ടിപ്പിൽ സംഘത്തെ സഹായിക്കാൻ സിനിമാ മേഖലയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു എന്നുള്ളതും ഗൗരവതരവും അപകടകരവുമായ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് ഏതാണ്ട് മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്ത പൊലീസിന്‍റെ മികവിനാണ് ഇപ്പോൾ എല്ലാവരും കൈയടി നൽകുന്നത്.
അപ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന ചില സംശയങ്ങളുണ്ട്. പാലക്കാട് വെച്ച് ഈ സംഘത്തിന്‍റെ തട്ടിപ്പിന് ഇരയായ പെൺകുട്ടികൾ അന്ന് തന്നെ പൊലീസിന് പരാതി നൽകിയിരുന്നു. പക്ഷെ മാസങ്ങൾക്ക് മുൻപ് ലഭിച്ച ആ പരാതിക്ക് പൊലീസ് പുല്ലുവില പോലും നൽകിയില്ല. സെലിബ്രിറ്റികൾ പരാതി നൽകുമ്പോൾ മാത്രം അരയും തലയും മുറുക്കി രംഗത്തിറങ്ങേണ്ടവരാണോ ജനസേവകരായ പൊലീസുകാർ? അന്ന് തന്നെ അർഹിക്കുന്ന പ്രധാന്യത്തോടെ ആ പരാതി അന്വേഷിച്ചിരുന്നുവെങ്കിൽ ഗുരുതരമായ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ള ധൈര്യം ഈ സംഘത്തിന് ഉണ്ടാകുമായിരുന്നോ? ഇപ്പോൾ ഷംന കേസിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ ഐ.ജി തന്നെയാണ് കാമറക്ക് മുന്നിലെത്തിക്കൊണ്ടിരിക്കുന്നത്. ഈ ശുഷ്കാന്തി ആ സാധാരണ പെൺകുട്ടികളുടെ കാര്യത്തിൽ കേരള പൊലീസ് കാണിച്ചിരുന്നുവെങ്കിൽ ഈ തട്ടിപ്പുസംഘം ഷംനയെ വഞ്ചിക്കാൻ മുതിരുമായിരുന്നുവോ? ഷംനയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ പാകത്തിൽ ഈ സംഘത്തെ വളർത്തിയതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും ഒരു കാരണമല്ലേ?
ഈ കേസിൽ ഷംനയുടെ റോളെന്തായിരുന്നു എന്നുകൂടി പരിശോധിക്കാം. വിവാഹത്തട്ടിപ്പിൽ അകപ്പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഒരു സംഘത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ച ആ നടിയെ ചിലർ കൈകാര്യം ചെയ്ത രീതി കണ്ടാൽ തട്ടിപ്പിന് ഇരയാകുന്നത് എന്തോ വലിയ മഹാപരാധമാണെന്ന് തോന്നും. മാനഹാനി ഭയന്നും സിനിമയിൽ അവസരങ്ങൾ ഇല്ലാതായിപ്പോകുമോ എന്ന ആധി കൊണ്ടും മിക്കവരും മൂടിവെക്കുമായിരുന്ന ഒരു വഞ്ചന ലോകത്തോട് വിളിച്ചു പറയുകയുകയായിരുന്നു ആ പെൺകുട്ടി. പക്ഷെ അവളെ അപരിചിതനോട് അസമയങ്ങളിൽ കിന്നാരം പറയുന്ന ദുർന്നടപ്പുകാരിയായി ഇകഴ്ത്തിക്കാട്ടാനായിരുന്നു നമ്മുടെ താൽപര്യം.
പരാതി കൊടുത്ത നിമിഷം മുതൽ എവിടെയോ എന്തോ കുഴപ്പമുണ്ടല്ലോ എന്ന സംശയദൃഷ്ടിയോടെ തട്ടിപ്പിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന യഥാർഥ കഥക്കുവേണ്ടി സദാചാരകേരളം കാതുകൂർപ്പിച്ചിരുന്നു. വാട്സ് ആപിലും മറ്റും മണിക്കൂറുകളോളം പ്രതിയുമായി വിഡിയോ ചാറ്റ് ചെയ്യുകയായിരുന്നു ഷംന എന്ന് പ്രതികളുടെ അഭിഭാഷകനും വാദിച്ചു. ഇത്രയും നേരം ചാറ്റ് ചെയ്ത അവൾക്ക് ഇവൻ തട്ടിപ്പുകാരനാണെന്ന് മനസ്സിലായില്ലേ എന്നായി ചിലർ. വ്യാജപേരിൽ, ഏതോ ഒരാളുടെ ഫോട്ടോ നൽകി ഷംനയെ വലയിലാക്കാൻ ശ്രമിച്ചയാൾ വിഡിയോ ചാറ്റിൽ എത്തുന്നതെങ്ങനെ എന്ന സാമാന്യയുക്തിക്ക് നിരക്കുന്ന സംശയം ആർക്കുമുണ്ടായില്ല.
സിനിമ വ്യവസായത്തിന്‍റെ അരികുപറ്റി നടക്കുന്ന അധമമായ വ്യവഹാരങ്ങൾ സ്വാഭാവികതയായാണ് ഈ രംഗത്തുള്ളവർ പോലും കാണുന്നത് എന്നതാണ് ഈ മേഖലയുടെ മറ്റൊരു ദൗർഭാഗ്യം. സിനിമയുയെെന്ന കലയുടെ മറ പിടിച്ച് അഞ്ചുകോടിയും രണ്ടുകോടിയും ഓഫർ ലഭിച്ചിട്ടും അതിൽ അസ്വാഭാവികതയൊന്നും കാണാത്തതുകൊണ്ടാണല്ലോ ഈ രംഗത്തെ പ്രശസ്തർ പൊലീസിന് ഒരു പരാതി പോലും നൽകാതിരുന്നത്. പ്രശ്നം വഷളാകുമ്പോൾ മയക്കുമരുന്ന്, ക്വട്ടേഷൻ തുടങ്ങിയ കാര്യങ്ങളെല്ലാം സിനിമയിൽ മത്രമാണോ സംഭവിക്കുന്നതെന്ന് രോഷത്തോടെ ചോദ്യമുയർത്തുന്ന ഇവർ തങ്ങൾ തട്ടിപ്പുകാർക്ക് കുടപിടിക്കുകയാണെന്ന യാഥാർഥ്യം മൂടിവെക്കുന്നു. യഥാസമയം കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് തന്‍റെയും കൂടി ഉത്തരവാദിത്തമാണെന്ന് ഇവർ കരുതുന്നതേയില്ല. ഇവിടെയാണ് സ്വന്തം സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് വലിയൊരു തട്ടിപ്പുസംഘത്തെ നിയമത്തിന്‍റെ മുന്നിലേക്ക് കൊണ്ടുവന്ന ഷംന മാതൃകയാകുന്നത്. തന്‍റെ നിലപാടുകളുടെയോ കഥാപാത്രങ്ങളുടെയോ പേരിൽ വലിയ അംഗീകാരമൊന്നും കിട്ടിയിട്ടില്ലാത്ത ഒരു സാധാരണ നടി കാണിച്ച ചങ്കൂറ്റത്തിന്, പിൻപേ വരാനിക്കുന്ന പെൺകുട്ടികളെ ഓർത്തെങ്കിലും നാം ഷംനയോട് നന്ദി പറയണം. അഭിനന്ദിച്ചില്ലെങ്കിലും രാത്രി അവളുടെ ഫോണിലേക്ക് വരുന്ന ഫോൺകോളുകളെത്ര, എത്രനേരം ആരോട് അവൾ സംസാരിച്ചു, അത് വിഡിയോ ചാറ്റാണോ ഓഡിയോ ചാറ്റാണോ, അവളയച്ച ഫോട്ടോകൾ എത്ര എന്നതെല്ലാം അന്വേഷിക്കുന്നത് നിർത്താനുള്ള വിവേകം പ്രകടിപ്പിക്കണം.
സിനിമാരംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന സവിശേഷ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന ഡബ്ളിയു.സി.സി എന്ന സംഘടനയുടെ മൗനവും ഇതോട് ചേർത്ത് വായിക്കണം. ഷംന കാസിമിനെ ആദ്യദിവസങ്ങളിൽ ഈ കൂട്ടായ്മ പാടെ അവഗണിച്ചത് ചിലർക്കെങ്കിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. ജെൻഡർ പ്രശ്നമായി ഈ സംഭവത്തെ വിലയിരുത്താനുള്ള മടി കൊണ്ടാകാം അമ്മയും ഫെഫ്കയും നൽകിയ വാക്കാലുള്ള പിന്തുണ പോലും ഇവർക്ക് നൽകാൻ കഴിയാതിരുന്നത്. വളരെ വൈകിയെങ്കിലും അത്തരം മുൻധാരണകളിൽ നിന്നും ആ കൂട്ടായ്മക്ക് പുറത്തുകടക്കാൻ കഴിഞ്ഞു എന്നത് നല്ല സൂചകമായി വിലയിരുത്താം.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.