പഴയ നിലപാടുകളിൽനിന്ന് മലക്കംമറിയുന്ന ഷെഹ്ലാ റാഷിദിന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റ് എൻ. സായി ബാലാജി എഴുതിയ തുറന്ന കത്തിന്റെ സംഗ്രഹം
ഹലോ ഷെഹ്ലാ (നിങ്ങളിപ്പോൾ എന്റെ സഖാവല്ല),
നിങ്ങൾക്ക് സുഖമാണെന്നും ഇപ്പോൾ വലിയനിലയിൽ എത്തിയെന്നും കരുതുന്നു. നിങ്ങളുടെ അഭിമുഖം കണ്ട് വല്ലാത്ത വിഷമം തോന്നി. സങ്കടമോ ദേഷ്യമോ അസ്വസ്ഥതയോ ഒന്നുമല്ല, ഒരൽപം നിരാശയാണ് തോന്നിയത്. നരേന്ദ്ര മോദിയും അമിത് ഷായും നാടിനുവേണ്ടി ചെയ്യുന്ന നിസ്വാർഥ സേവനങ്ങളാണ് ഹൃദയത്തെ മാറ്റിമറിച്ചതെന്ന് നിങ്ങൾ പറയുന്നത് കേട്ടു. ഹൃദയം മാറിമറിഞ്ഞുകൊണ്ടിരിക്കും, ചിലപ്പോൾ തകരുകയും ചെയ്യും. പക്ഷേ, ഹൃദയശൂന്യരാകുന്നത് അതീവ അപകടകരമാണ്.
മറ്റു പാർട്ടികളിൽ താൽപര്യങ്ങൾ നേടിയെടുക്കൽ ഉൾപ്പെടെ വ്യത്യസ്തമായ കാരണങ്ങൾമൂലം ഒരുപാടാളുകൾ വിദ്യാർഥി സംഘടന വിട്ടുപോയിട്ടുണ്ട്, പ്രത്യേകിച്ച് ഇടതു സംഘടനകൾ. പക്ഷേ, അവരിൽ ഭൂരിഭാഗം പേരും ഫാഷിസ്റ്റ് വിരുദ്ധ മുന്നണികളിലും പാർട്ടികളിലും ഇപ്പോഴും തുടരുന്നു. ഏറെക്കാലമായി നിങ്ങളും ഇടതുപക്ഷ പ്രസ്ഥാനത്തിൽനിന്നും വിദ്യാർഥി സംഘടനയിൽനിന്നും വിട്ടുനിൽക്കുന്നു. നിരാശ തോന്നിയെങ്കിലും മറ്റുള്ളവരോടൊപ്പം ഞാനും ആ തീരുമാനത്തെ മാനിച്ചു. പക്ഷേ, എന്റെ യഥാർഥ നിരാശ അടിക്കടിയുള്ള നിങ്ങളുടെ നിലപാട് മാറ്റത്തിലാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും മാറ്റാൻ എല്ലാവർക്കും അർഹതയുണ്ട്. എന്നിരുന്നാലും, ഹൃദയശൂന്യതയാണ് എന്നെ അലട്ടുന്നത്.
ജെ.എൻ.യു വിദ്യാർഥി യൂനിയന്റെ മുൻ പ്രസിഡന്റ് എന്ന നിലയിലോ, നിങ്ങൾ മണിക്കൂറുകളോളം സംവദിച്ച ഒരു വിദ്യാർഥി പ്രവർത്തകൻ എന്ന നിലയിലോ, ഒപ്പം പ്രവർത്തിച്ചതിന്റെ സുഖകരമായ ഓർമകൾ പേറിനടക്കുന്ന ഒരു സുഹൃത്ത് എന്ന നിലയിലോ അല്ല. ധാർമികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടിൽനിന്നാണ് ഞാനിത് പറയുന്നത്.
എ.എൻ.ഐയുമായി നടത്തിയ അഭിമുഖത്തിൽ മോദിയുടെയും ഷായുടെയും മഹത്തായ സേവനം കണ്ടാണ് ഈ മനംമാറ്റമുണ്ടായത് എന്നാണ് നിങ്ങൾ അവകാശപ്പെട്ടത്. എന്നാൽ, ഏതാനും വർഷങ്ങളായി നിങ്ങളുടെ മനസ്സിലുണ്ടായ മാറ്റങ്ങളുടെ പരമ്പരയെക്കുറിച്ച് നിങ്ങൾ സൗകര്യപ്രദമായി മൗനം പാലിച്ചു. പിരിച്ചുവിടാൻ വേണ്ടി മാത്രം നിങ്ങളൊരു പാർട്ടി പ്രഖ്യാപിച്ചത് എന്തിനായിരുന്നെന്നും ഭരണഘടനയുടെ 370ാം വകുപ്പ് മാറ്റിമറിച്ചതിനെതിരെ ഹരജി ഫയൽ ചെയ്യാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും നിങ്ങൾക്ക് വ്യക്തമാക്കാമായിരുന്നു.
എന്തുകൊണ്ടാണ് എനിക്ക് നിരാശ തോന്നുന്നതെന്ന് ഞാൻ വിശദമാക്കാം. എന്റെ സുഹൃത്ത് ഉമർ ഖാലിദ് ഇപ്പോഴും ജയിലിലാണ്. അതുപോലെ, നിരവധി കശ്മീരി മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും മറ്റ് നിരപരാധികളും യാതൊരു വിചാരണയുമില്ലാതെ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലുകളിൽ കഴിയുന്നു. ഭീമാ കൊറേഗാവ് വിഷയത്തിൽ രാഷ്ട്രീയപ്രേരിതമായ കള്ളക്കേസ് നേരിടുന്നതിനിടെ ജയിലിൽവെച്ച് ഫാദർ സ്റ്റാൻ സ്വാമി മരിച്ചു, വെള്ളം കുടിക്കാൻ ഒരു സ്ട്രോപോലും അദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നില്ല. ഫാത്തിമ നഫീസ് ഇപ്പോഴും മകൻ നജീബിനെ കണ്ടെത്താനുള്ള പോരാട്ടത്തിലാണ്. രോഹിത് വെമുലക്ക് നീതി തേടി രാധിക അമ്മ ഇപ്പോഴും പൊരുതുകയാണ്. എന്നെ അദ്ഭുതപ്പെടുത്തുന്നതെന്തെന്നാൽ, ഈ പ്രസ്ഥാനങ്ങളുടെയെല്ലാം ഭാഗമായിരുന്നു നിങ്ങൾ എന്നതാണ്. ഈ ഹൃദയശൂന്യതയാണ് ശ്രദ്ധയിൽപെടുത്താൻ ഞാൻ ആഗ്രഹിക്കുന്നത്. മോദിയെയും ഷായെയും ‘നിസ്വാർഥരാണെന്ന്’ പുകഴ്ത്തിക്കൊണ്ട് അവരെ വെള്ളപൂശിയ രീതി വെറും മനംമാറ്റം മാത്രമായിരിക്കില്ല. ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ലാത്ത അവരുടെ ചരിത്രങ്ങൾ പൊറുക്കാനും മറക്കാനും ഒരാൾക്ക് ഹൃദയം മാറിയാൽ മാത്രം പോര, അതില്ലാതിരിക്കണം.
വേട്ടകളെ നേരിടേണ്ടിവന്ന പലരും പോരാടാൻ കെൽപില്ലാതെ, ഒന്നുകിൽ നിശബ്ദരാകുകയോ രാജ്യം വിട്ടുപോകുകയോ രാഷ്ട്രീയ പാതയിൽനിന്ന് മാറിനിൽക്കാനുള്ള വഴികൾ കണ്ടെത്തുകയോ ചെയ്തു. എന്നിട്ടും അവരാരും വ്യക്തമായ ഫാഷിസ്റ്റ് മുന്നണിയുടെ പിന്താങ്ങികളായി മാറിയില്ല.
ആ പോഡ്കാസ്റ്റിൽ, വിപ്ലവരാഷ്ട്രീയം 20കളിലെ ചാപല്യമായിരുന്നെന്നാണ് നിങ്ങൾ പറഞ്ഞത്. നിങ്ങളോടൊപ്പം ഇരിക്കാനും അഭിപ്രായങ്ങൾക്ക് മൂല്യം നൽകാനും മാധ്യമപ്രവർത്തക സ്മിതാ പ്രകാശിനെ പ്രേരിപ്പിച്ചത് വിപ്ലവ രാഷ്ട്രീയത്തോടുള്ള ഈ ചാപല്യവും ആയിരക്കണക്കിന് വിദ്യാർഥികളുടെ ത്യാഗവുമാണ്. രാഷ്ട്രത്തിനുവേണ്ടി പോരാടി രക്തസാക്ഷിത്വം വരിക്കുമ്പോൾ ഭഗത് സിങ് തന്റെ ഇരുപതുകളിലായിരുന്നെന്ന് ഓർക്കുക. നമ്മുടെ സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരവും നിങ്ങൾ ബിരുദം നേടിയ കാമ്പസിലും ഇത്തരം നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. രണ്ടുതവണ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രശേഖർ പ്രസാദ് ഭൂരഹിതരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയതിനെതുടർന്ന് ഭൂസ്വാമി ഗുണ്ടകളാൽ കൊല്ലപ്പെട്ട കഥ ഞാൻ പറഞ്ഞുതന്നിട്ട് വേണ്ടല്ലോ, അദ്ദേഹവും അന്ന് തന്റെ ഇരുപതുകളിലായിരുന്നു.
ദോഷൈകദൃക്കുകളും അഴിമതിക്കാരും മാത്രമാണ് ഇരുപതുകാരുടെ വിപ്ലവ തീക്ഷ്ണതയെ വെറും ‘ആദർശവാദ’മായി കാണുന്നത്. ആ തള്ളിക്കളയൽ വഴി സംഭവിക്കുന്നത് നിങ്ങൾ ചെയ്തതുപോലെ, നിങ്ങളുടെ ജനപ്രീതിക്ക് കാരണമായ സർവകലാശാല വിദ്യാർഥികളുടെ സമരങ്ങളെയും പ്രസ്ഥാനങ്ങളെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ്.
ഞങ്ങളിൽ പലരുമായുള്ള ഇടപഴകലിനെ ഒരു എക്കോ ചേംബറിൽപെട്ട അവസ്ഥയായി വിശേഷിപ്പിച്ചത് നിങ്ങളുടെ ബുദ്ധിയെയും രാഷ്ട്രീയ വിവേകത്തെയും രാഷ്ട്രീയ കൃത്യതയും സംബന്ധിച്ചുണ്ടായിരുന്ന മതിപ്പിനെ ചോദ്യം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. ഫാഷിസത്തെ ചെറുക്കുന്ന ജനം തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്താൻ നിങ്ങളിപ്പോൾ ‘എക്കോ ചേംബർ’ എന്ന് വിളിക്കുന്ന സംവിധാനം സഹായിച്ചെന്ന് ഞാൻ ഓർമിപ്പിക്കട്ടെ. ഇപ്പോൾ തിരിഞ്ഞുനിന്ന് തള്ളിപ്പറയുന്നത്, വേണ്ടിവന്നാൽ എന്തിനെയും തള്ളിപ്പറയാൻ നിങ്ങൾക്ക് പ്രാപ്തിയുണ്ടെന്ന് കാണിക്കുന്നു. നിലവിലെ ഭരണം ഒരിക്കൽ പരാജയപ്പെട്ടാൽ, നിങ്ങൾക്ക് വീണ്ടും മനംമാറ്റം ഉണ്ടാകില്ലെന്ന് എന്ത് ഉറപ്പാണുള്ളത്?
കൂടാതെ, സമരതീഷ്ണത എന്നത് ഇരുപതുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഫാദർ സ്റ്റാൻ സ്വാമിക്കോ നീതിക്കുവേണ്ടി പൊരുതുകയും മോദിയുടെ ചങ്ങാത്തമുതലാളിത്തം തുറന്നുകാണിക്കുകയും ചെയ്യുന്ന നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനും രോഹിത്തിന്റെ അമ്മ രാധിക വെമുല, ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകയസ്ത, പരഞ്ജോയ് ഗുഹ താകുർത്ത തുടങ്ങിയ അനേകർക്കും ഇരുപതല്ല പ്രായമെന്ന് ഓർമിപ്പിക്കട്ടെ.
ഈ നിലപാട് സ്വീകരിക്കാൻ നിങ്ങളുടെ മേൽ ചില നിർബന്ധങ്ങളും സമ്മർദങ്ങളും ഉണ്ടായിക്കാണുമെന്ന് പലരും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. തൊഴിലില്ലായ്മയുടെയും പീഡനങ്ങളുടെയും വിലക്കയറ്റത്തിന്റെയും മറ്റും ദുരിതങ്ങളെ അഭിമുഖീകരിക്കുന്ന സാധാരണ പൗരർ ഇപ്പോഴും ബി.ജെ.പിയെ ഒഴിവാക്കാൻ എതിർത്ത് വോട്ടുചെയ്യുകയും പോരാടുകയും ചെയ്യുന്നുവെങ്കിൽ, വിദ്യാർഥി- ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളുടെയും ഭാഗമായ, വിമർശനാത്മക പഠനങ്ങളുടെ പ്രയോജനം സിദ്ധിച്ച നമ്മെപ്പോലുള്ളവരിൽനിന്ന് ഒരുപാട് പ്രതീക്ഷവെക്കുന്നുണ്ടാകും. അത്തരമൊരു സാഹചര്യത്തിലാണ് നിങ്ങൾ നിലപാട് മാറ്റി മറുപക്ഷം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ഇവിടെയാണ് നിങ്ങൾ ഉപേക്ഷിച്ച് വശംതിരിയാൻ തീരുമാനിച്ചത്. നിരാശാജനകമാണെങ്കിലും ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ബി.ജെ.പിയെ ചെറുക്കാൻ അനുദിനം മുന്നോട്ടുവരുന്നു എന്നതിനാൽ നിങ്ങളുടെ തീരുമാനം ഞങ്ങളുടെ മനസ്സ് കെടുത്തിക്കളയുന്നൊന്നുമില്ല.
ഇന്നത്തെ കാലത്ത്, മതനിരപേക്ഷ, സ്ഥിതിസമത്വ ജനാധിപത്യ രാഷ്ട്രത്തോട് പ്രതിബദ്ധത പുലർത്തുന്നതിന്റെ പേരിൽ നേരിടേണ്ടിവരുന്ന അനന്തരഫലങ്ങളെന്തെന്നറിയാൻ ഡൽഹി സർവകലാശാലയിൽ ഒരു ജോലി അഭിമുഖത്തിന് പോയിനോക്കിയാൽ മതിയാകും. എ.ബി.വി.പിയെ എതിർത്തതിന്റെ പേരിൽ പലരും തങ്ങളുടെ കരിയറിനെ അപകടത്തിലാക്കുന്നു, തങ്ങളുടെ പഠനയോഗ്യതയെക്കാൾ കുറഞ്ഞ ജോലികൾ സ്വീകരിക്കേണ്ടി വരുന്നു. എന്നിട്ടും അവർ നിലപാടിൽ ഉറച്ചുനിൽക്കുന്നു, ഒരു ജോലിക്കുവേണ്ടി അത് വിട്ടൊഴിയാൻ അവർ വിസമ്മതിക്കുന്നു. അത്തരം ആളുകളാണ് എന്നെ പ്രചോദിപ്പിപ്പിക്കുന്നത്. വിലപേശലുകൾക്ക് വഴങ്ങാത്ത ആളുകളിൽനിന്നാണ് ഞാൻ പ്രചോദനം തേടുന്നത്.
ഞാനും ഇപ്പോൾ ഇരുപതുകളിലല്ല, അതുകൊണ്ട് ദയവായി എന്റെ അഭിപ്രായവും അവഗണിച്ചേക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.