റോമിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു

സ്വർണക്കടത്ത് വിവാദത്തിലെ സ്വപ്നയുടെ വെളിപ്പെടുത്തലിൽ പുതുതായി എന്തെങ്കിലും ഉണ്ടെന്ന് സ്വപ്നപോലും അവകാശപ്പെടില്ല.

സ്വപ്ന ജാമ്യത്തിലിറങ്ങിയശേഷം പുതിയ വിവാദം ആരംഭിക്കുന്നത് അവർക്ക് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതിയെയാണ് സമീപിച്ചത്. അവിടെ ജില്ല ജഡ്ജി വഴി മജിസ്ട്രേറ്റിന് 164 സ്റ്റേറ്റ്മെൻറ് കൊടുത്തു. സ്വർണക്കടത്ത് കേസിലെ വിവിധ ആൾക്കാരുടെ ഇടപാടുകൾ ഉൾപ്പെടെ മൊഴിനൽകിയെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്.

മൊഴി നിയമപരമായി പരിശോധിച്ചശേഷം ജഡ്ജി എഫ്.ഐ.ആർ ഇടാനായി പൊലീസിന് കൈമാറണം. അത് നടക്കാനിരിക്കുന്ന കാര്യമാണ്. അതേസമയം, സ്വർണക്കടത്തിന്റെ വിവിധ വശങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന കേന്ദ്ര ഏജൻസികൾ മൊഴിയുടെ പകർപ്പുകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവെന്നാണ് അറിയുന്നത്. ഈ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ ഓഫിസിനെയും കുറിച്ചുള്ള പരാമർശങ്ങളുണ്ട്.


സ്വപ്നയുടെ വെളിപ്പെടുത്തലിനോട് ജനാധിപത്യസർക്കാർ പ്രതികരിക്കേണ്ട രീതിയിലല്ല പ്രതികരിച്ചത്. അതിനുവേണ്ടി കാബിനറ്റിനെയും പൊലീസ് സേനയെയും വിജിലൻസിനെയും ദുരുപയോഗം ചെയ്യുന്നതാണ് നമ്മൾ കണ്ടത്. കോടതി സ്റ്റേചെയ്തിരിക്കുന്ന ജുഡീഷ്യൽ കമീഷന്റെ കാലാവധി നീട്ടിക്കൊടുത്തു. സ്റ്റേനിൽക്കുന്ന ഒരു ജുഡീഷ്യൽ കമീഷന്റെ കാലാവധി നീട്ടിക്കൊടുക്കുന്നതുകൊണ്ട് എന്ത് പ്രവർത്തനമാണ് നടത്താനാവുക. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തെ വിലയിരുത്താനാണ് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്. അവർ നൽകുന്ന റിപ്പോർട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രിയുടെ കൈയിലാണെന്നും ഓർക്കുക.

രണ്ടാമത് ചെയ്തത് മുൻ മന്ത്രി കെ.ടി. ജലീൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചർച്ചക്കുശേഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ചെന്ന് സ്വപ്നക്കെതിരെ പരാതി നൽകിയതാണ്. ജലീലിന് മാനഹാനി വരുത്തുന്നനിലയിൽ സംസാരിച്ചാൽ നാട്ടിൽ കലാപം ഉണ്ടാക്കുമെന്നാണ് ചൂണ്ടിക്കാണിച്ചത്. സാമാന്യയുക്തിക്ക് നിരക്കുന്ന കാര്യമല്ലിത്. അതിന്മേൽ കേസെടുക്കാൻ പൊലീസ് മടിച്ചു. തുടർന്ന് സർക്കാർ നിയമോപദേശം തേടി. നിയമോപദേശം നൽകുന്നതും ദുരൂഹമായൊരു സംഭവമായി. സർക്കാറിന്റെ ആഗ്രഹത്തിനനുസരിച്ച് നിയമോപദേശം നൽകുന്ന സ്ഥിതിയാണുണ്ടായത്. 153, 120 ബി എന്നീ വകുപ്പുകളിട്ടാണ് കേസ് എടുത്തത്.

കോടിയേരി ബാലകൃഷ്ണൻ പറയുന്നതുപോലെ സ്വപ്ന പണ്ട് പറഞ്ഞകാര്യങ്ങൾ തന്നെയാണ് ആവർത്തിച്ചത്. എന്നാൽ, അധികാരത്തിന്റെ ദുർവിനിയോഗമാണ് ഇവിടെ നടന്നത്. സരിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തവിധം ചർച്ച ചെയ്യേണ്ടതാണ്. ലൈഫ് മിഷൻ കേസന്വേഷിക്കുന്നത് തിരുവനന്തപുരത്തെ വിജിലൻസ് വിഭാഗത്തിലെ യൂനിറ്റ് വൺ ആണ്. അന്വേഷണ ഉദ്യോഗസ്ഥൻ ഇല്ലാതെയാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ ആർക്കും ചുമതല കൈമാറിയിട്ടില്ല. പാലക്കാട് യൂനിറ്റിലെ ചില ഉദ്യോഗസ്ഥരാണ് മഫ്തിയിൽ എത്തി ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയത്. സരിത്തിന് നോട്ടീസ് നൽകിയിട്ടില്ല. ബലമായി പിടിച്ചുകൊണ്ടുവന്നിട്ടും ചോദ്യംചെയ്യുന്നില്ല.


16ാം തീയതി ഹാജരാകണമെന്ന് പറഞ്ഞ് തിരിച്ചുവിട്ടു. ലൈഫ് മിഷൻ കേസ് നടന്നകാലത്തെ മൊബൈലല്ല പൊലീസ് പിടിച്ചെടുത്തത്. സമീപകാലത്ത് ഉപയോഗിക്കുന്ന മൊബൈലാണ്. കഴിഞ്ഞദിവസങ്ങളിൽ അവർ ആരുമൊക്കെയായി ബന്ധപ്പെട്ടുവെന്ന് അന്വേഷിക്കാനാണ് മൊബൈൽ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിനും നിയമോപദേശം തേടി. കേസ് രജിസ്റ്റർ ചെയ്തപ്പോഴും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചേർത്തത്. ഇവിടെ മുഖ്യമന്ത്രിയോട് ബന്ധപ്പെട്ടവർ ചെയ്യുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. അടിയന്തരാവസ്ഥക്കാലത്ത് മാത്രം കേട്ടിട്ടുള്ള കാര്യങ്ങളാണ് ഇവിടെ നടന്നത്. ഇത് ജനാധിപത്യകേരളത്തിന് അംഗീകരിക്കാൻകഴിയുന്ന കാര്യമല്ല.

മധ്യസ്ഥന്റെ രൂപത്തിൽ രംഗത്തുവന്ന ഷാജ് കിരൺ സ്വന്തം ഇഷ്ടപ്രകാരം ഇതെല്ലാം ഏറ്റെടുത്തതാണോ? മുഖ്യമന്ത്രിയോ സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥരോ അദ്ദേഹത്തെ പറഞ്ഞുവിട്ടു എന്നുപറയുന്നതിന് എന്താണ് തെളിവെന്ന ചോദ്യവും പ്രസക്തമാണ്. ഷാജ് കിരൺ നടത്തിയ സംഭാഷണം സ്വപ്ന പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ദൂതൻ എന്നനിലയിൽ സ്വയം അവതരിച്ചതാണെങ്കിൽ, എ.ഡി.ജി.പിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ദല്ലാൾപണിക്ക് വന്നതാണെന്ന് തെറ്റായി അവകാശപ്പെട്ടതാണെങ്കിൽ ഷാജ് കിരണിനെ അപ്പോൾതന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കണം. തൊണ്ടിയെന്നനിലയിൽ അയാളുടെ മൊബൈൽ പൊലീസ് കസ്റ്റഡിയിൽ എടുക്കേണ്ടതാണ്. പക്ഷേ, സർക്കാർ അമാന്തംകാണിച്ചു. അതിന്റെ കാരണം എന്താണ് ? ഷാജ് കിരൺ കുറ്റകൃത്യമാണ് നടത്തിയതെങ്കിൽ സർക്കാർ മൃദുസമീപനം കാണിക്കുന്നതെന്തിന് ? ഈ വിഷയത്തിൽ സർക്കാറിന് എന്തൊക്കെയോ മറച്ചുപിടിക്കാനുണ്ട്. അതിന്റെ സ്ഥിരീകരണമാണ് വിജിലൻസ് എ.ഡി.ജി.പിയുടെ സ്ഥാനചലനം. റോമിൽ എന്തോ ചീഞ്ഞുനാറുന്നുവെന്ന് എല്ലാവർക്കും സംശയമുണ്ട്. അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നത് ജനങ്ങൾക്ക് അറിയണം. എ.ഡി.ജി.പി റാങ്കിലുള്ളൊരു ഉദ്യോഗസ്ഥൻ രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ചതാണോ?


രാജ്യം വലിയ വർഗീയവെല്ലുവിളിയെ നേരിടുമ്പോൾ ഇടതുപക്ഷ സർക്കാറിൽനിന്ന് ജനങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ബി.ജെ.പിയോട് എതിർത്തുനിൽക്കാൻ ആശയപരമായി അടിത്തറയുള്ള വിഭാഗമാണ് ഇടതുപക്ഷം. ആനിലയിലാണ് പല പോരായ്മകളുണ്ടെങ്കിലും കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിലയിരുത്തിയത് സി.പി.എമ്മിനെതിരെ ശക്തമായി നീങ്ങിയത് യു.ഡി.എഫിന്റെ ഭൂരിപക്ഷം വർധിപ്പിച്ചുവെന്നാണ്. കോടിയേരി പറയുന്നത് യു.ഡി.എഫിനാണ് മെച്ചം കിട്ടുന്നതെന്നകാര്യം ബി.ജെ.പിക്കാർ തിരിച്ചറിയണമെന്നാണ്. സി.പി.എമ്മിനെതിരെ ശക്തമായി നീങ്ങേണ്ടതില്ല എന്നത് ബി.ജെ.പിയുടെ പ്രബലവിഭാഗത്തിന്റെ അഭിപ്രായമാണ്. അതേസമയം, സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ബി.ജെ.പിയുടെ കുറെപ്പേരുടെ പിന്തുണയുണ്ട്.

എച്ച്.ആർ.ഡി.എസ് എന്ന സംഘടന പ്രവർത്തിക്കുന്നത് ബി.ജെ.പിയുടെ പിൻബലത്തിലാണ്. ബി.ജെ.പിയിലെ രണ്ട് ചിന്താധാരയാണ് ഇവിടെ കാണുന്നത്. ഭരണം കൈയാളുന്ന വിഭാഗം സി.പി.എമ്മിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്രത്തിൽ ഗഡ്ഗരിക്ക് കേരളത്തിൽനിന്ന് നാളികേരം എത്തിച്ചുകൊടുക്കുന്ന കഥകൾ പുറത്തുവരുന്നത് ഈ സാഹചര്യത്തിലാണ്. അത് സി.പി.എമ്മിന് രാഷ്ട്രീയമായി വളരെ ദോഷംചെയ്യും. അത് സംസ്ഥാനത്തിന്റെ താൽപര്യത്തിനും സി.പി.എമ്മിനും വളരെ തിരിച്ചടി ഉണ്ടാക്കും. രാഷ്ട്രീയകേരളത്തിനും അത് അപകടമാണ്.

അഴിമതി നിർമാർജനം ചെയ്യാനുള്ള സിസ്റ്റത്തെ ദുർബലപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. വളരെ പ്രകടമായി അഴിമതിയും കൈക്കൂലിയും നടന്ന കേസാണ് ലൈഫ് മിഷൻ. മുൻ ധനമന്ത്രിവരെ അത് സമ്മതിച്ചിരുന്നു. അതിന്റെ അന്വേഷണത്തിൽ സി.ബി.ഐ വരാതിരിക്കാൻ വിജിലൻസിനെ ഏൽപിച്ചു. വിജിലൻസ് അന്വേഷണം എഴുതിത്തള്ളാനുള്ള തയാറെടുപ്പിലാണ്. അതിപ്പോൾ പൊടിതട്ടിയെടുത്തു. അന്വേഷണ ഏജൻസികൾതന്നെ പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സംരക്ഷിക്കുകയാണ്. അഴിമതിയുടെ പണംപറ്റിയ എല്ലാവരെയും സംരക്ഷിക്കാനുള്ള റോളിലാണ് അന്വേഷണ ഏജൻസികൾ നിൽക്കുന്നത്. ജുഡീഷ്യൽ കമീഷനും വിജിലൻസും ഇ.ഡിയുമെല്ലാം ആ ചതുരങ്കപ്പടയിലാണ്. ലൈഫ് മിഷൻ കേസിൽ സംസ്ഥാനത്ത് സി.ബി.ഐക്കുള്ള പൊതു അനുമതി പിൻവലിക്കപ്പെട്ടു.

ഹൈകോടതിയോ സംസ്ഥാന സർക്കാറോ ആണ് കേസുകൾ സി.ബി.ഐക്ക് വിട്ടിരുന്നത്. അനുമതി പിൻവലിച്ചപ്പോൾ ഇന്ത്യൻ റെയിൽവേ, കസ്റ്റംസ്, എക്സൈസ്, ഐ.ആർ.ഇ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, നാഷനലൈസ്ഡ് ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അഴിമതി അന്വേഷിക്കാനുള്ള വഴിതടഞ്ഞു. ലൈഫ് മിഷൻ കേസിലൂടെ പൊതു അനുമതി പിൻവലിച്ചു. കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിക്കുകയാണെങ്കിൽ അതിന് തത്തുല്യമായ വിങ് കേരളത്തിൽ ഉണ്ടാകണം. അഴിമതിയുടെകാര്യത്തിൽ റെയ്ഡുകളില്ലാത്ത സുവർണകാലമായി.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് എന്ത് ചെയ്യുകയായിരുന്നു? ഇപ്പോൾ വിമാനത്താവളത്തിന് പുറത്ത് പൊലീസ് വൻതോതിൽ സ്വർണക്കടത്ത് കണ്ടുപിടിക്കുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയതോതിൽതന്നെ. സ്വയം സംരക്ഷിക്കുന്നതിന്റെയും സ്വയം രക്ഷപ്പെടുന്നതിന്റെയും ഭാഗമായി അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്ന നടപടികൾ സമൂഹത്തിൽ നാളിതുവരെ അഴിമതിക്കെതിരായി രൂപപ്പെടുത്തിയെടുത്ത വ്യവസ്ഥിതിയെ തന്നെയാണ് ദുർബലപ്പെടുത്തുന്നത് എന്ന് മറക്കാതിരിക്കുക.

Tags:    
News Summary - Something's Rotten in Rome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.