പുൽക്കൂട്ടിലെത്തുന്ന നക്ഷത്രങ്ങൾ

ശരണംവിളിയും കരോൾ ഗാനങ്ങളും- മലയാളിയുടെ മനസ്സിൽ ഒളിമങ്ങാതെ കിടക്കുന്ന രണ്ടു ഡിസംബർ ഓർമകളാണ് ഇവ. മാസങ്ങളോളം മനസ്സിന്റെ അഗാധങ്ങളിൽ ആണ്ടുകിടന്നാലും ധനുമാസത്തിലെ തണുപ്പേറിയ രാവുകളിൽ അവ ഉണർന്നുവരും. കാനനവാസിയായ അയ്യപ്പനെ ദർശിക്കലാണ് ശബരിമല തീർഥാടനത്തിന്റെ ലക്ഷ്യമെങ്കിൽ കാലിത്തൊഴുത്തിൽ പിറന്ന ദൈവസുതനെ കണ്ടെത്തലാണ് ക്രിസ്മസിന്റെ മർമം.

യേശുവിന്റെ തിരുപ്പിറവി ലോകമെമ്പാടും കൊണ്ടാടപ്പെടുന്നുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും ക്രൈസ്തവർ ഉണ്ടെന്നതു മാത്രമല്ല അതിനു കാരണം. ഏതു ജനതക്കും പിൻചെല്ലാവുന്ന ജീവിതനിലപാടുകളാണ് അവിടുന്ന് സ്വീകരിച്ചത്. എല്ലാവരെയും അവൻ ഉൾക്കൊണ്ടു. വിശ്വാസമോ വർഗമോ നോക്കിയല്ല അവൻ പ്രവർത്തിച്ചത്. അശരണരോടായിരുന്നു പ്രത്യേക കൂറെങ്കിലും തന്റെ ദൈവരാജ്യ സന്ദേശം പിന്തുടർന്ന സമ്പന്നരെ അവൻ മാറ്റിനിർത്തിയില്ല.

സമൂഹം വിലകുറഞ്ഞ് കണ്ട സ്ത്രീകളെയും രോഗികളെയും അവൻ മൂല്യമേറിയവരായി പരിഗണിച്ചു. കാലങ്ങൾ കടന്നുപോയിട്ടും ജാതിമതഭേദമെന്യേ ലോകജനത യേശുവിനെ ആരാധ്യനായി കണക്കാക്കുന്നെങ്കിൽ അതിനുകാരണം അവൻ പുലർത്തിയ സാർവലൗകിക ദർശനങ്ങളാണ്.

ദൈവത്തിന്റെ തനിമയുള്ള മുഖമായിരുന്നു ക്രിസ്തുവിന്റേത്. ഭൂമിയിൽ ധർമം സ്ഥാപിക്കാൻ ഈശ്വരൻ കാലാകാലങ്ങളിൽ പ്രവാചകരെയും ഗുരുക്കന്മാരെയും അയക്കാറുണ്ട് എന്ന് എല്ലാ മതങ്ങളും പ്രഘോഷിക്കുന്നു. ഖുർആനിൽ 25ഓളം പ്രവാചകരുടെ പേരുകൾ വെളിപ്പെടുത്തിയിരിക്കുന്നത് കാണാം. അവയിൽ ചിലതെല്ലാം ആറാം സൂറത്തിലെ 83-86 വാക്യങ്ങളിലുണ്ട്.

ഏകദേശം 1,24,000 പ്രവാചകരെ അല്ലാഹു ഈ ലോകത്തേക്ക് അയച്ചിട്ടുണ്ടെന്നാണ് ചില ഇസ്‍ലാമിക പണ്ഡിതരുടെ അഭിപ്രായം. എണ്ണമറ്റ ഈ പ്രവാചകരിൽ യേശുവിനെ വ്യതിരിക്തമാക്കുന്നത് എന്താണ്? ക്രിസ്തീയ വിശ്വാസമനുസരിച്ച് ഈശോ കേവലം ഒരു പ്രവാചകനല്ല; മനുഷ്യരക്ഷക്കായി ദൈവം ഈ ലോകത്തേക്കയച്ച സ്വന്തം പുത്രനാണ്. ലോകരക്ഷകൻ കാലിത്തൊഴുത്തിൽ പിറന്നുവെന്ന സദ്‍വാർത്തയാണ് ക്രിസ്മസ് ഘോഷിക്കുന്നത്.

പുൽക്കൂട്ടിൽ ജനിച്ച ശിശു ദൈവംതന്നെയാണെന്ന വിശ്വാസം പങ്കുവെക്കുന്നില്ലെങ്കിലും ഈശ്വരന്റെ അതുല്യമായ അവതാരമാണ് യേശുദേവനെന്ന് സാക്ഷ്യപ്പെടുത്തുന്ന ക്രൈസ്തവേതര പണ്ഡിതർ ധാരാളമുണ്ട്. തത്ത്വചിന്തകയും സാഹിത്യനിരൂപകയുമായ ലീലാവതി ടീച്ചറുടെ അഭിപ്രായത്തിൽ അധർമത്തെ ധർമംകൊണ്ട് കീഴടക്കിയ മഹത്ഗുരുവാണ് യേശു ക്രിസ്തു.

ആത്മബലിയിലൂടെ തിന്മയെ തോൽപിച്ച യേശു ഭഗവാന്റെ ജീവിതം അക്രമരഹിത പോരാട്ടങ്ങളിലൂടെ നീതിയും സമത്വവും സ്വാതന്ത്ര്യവും കൈവരിക്കാൻ ലോക നേതാക്കളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. തന്നെ ഒറ്റിയവനെ പണക്കിഴി ഏൽപിക്കുകയും തള്ളിപ്പറഞ്ഞവനെ സഭയുടെ തലവനാക്കുകയും ചെയ്ത മറ്റൊരു ദേവനുണ്ടോ എന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി സ്വാമികൾ അത്ഭുതത്തോടെ ചോദിക്കുന്നു.

ക്രിസ്മസ് ഇറങ്ങിവരവിന്റെ ആഘോഷമാണ്. സ്വർഗീയ പ്രാഭവത്തിൽനിന്ന് ദൈവം മനുഷ്യന്റെ സാധാരണത്വങ്ങളിലേക്ക് ഇറങ്ങിവന്നതിന്റെ ആഘോഷം. സർവത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന് സൃഷ്ടിയുടെ പരിമിതികളിലേക്ക് ഒതുങ്ങുക എളുപ്പമുള്ള കാര്യമായിരുന്നിരിക്കില്ല.

മനുഷ്യരായ മാതാപിതാക്കളെ അനുസരിക്കുക, മനുഷ്യന്റെ വാസനകൾക്കും ആഗ്രഹങ്ങൾക്കും അടിമപ്പെടാതിരിക്കുക, ഈശ്വരേച്ഛ നടപ്പിലാക്കുമ്പോൾ പീഡിപ്പിക്കപ്പെടുക, അവസാനം കുറ്റവാളിയെപ്പോലെ ക്രൂശിക്കപ്പെടുക എന്നിവ വലിയ ത്യാഗം ആവശ്യപ്പെടുന്നു. മനുഷ്യാസ്തിത്വത്തിന്റെ പരിധികളിലേക്കുള്ള ദൈവികയാത്രയുടെ പ്രാരംഭമുഹൂർത്തമാണ് ക്രിസ്മസ്.

താഴെക്കിടയിലുള്ളവരോടൊപ്പം എണ്ണപ്പെടുന്നത് പോരായ്മയായി കാണുന്ന ഈ കാലഘട്ടത്തിൽ ചെറുതാകാനുള്ള ക്രിസ്മസ് ആഹ്വാനം ചെവിക്കൊള്ളുക വലിയ വെല്ലുവിളിയാണ്. മനുഷ്യൻ എന്തായിരിക്കുന്നു എന്നതല്ല എങ്ങനെയായിരിക്കുന്നു എന്നതാണ് പ്രധാനമെന്ന് കരുതുന്ന സമൂഹത്തിൽ ‘മിനിമലിസത്തിൽ’ ജീവിക്കുക ‘ഇമേജ്’ നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണ്. ധൂർത്തും ആർഭാടവും നടത്തുന്നവരാണ് വലിയവർ. അത് അപരനെ ചതിച്ചിട്ടായാലും കുഴപ്പമില്ലെന്നാണ് പ്രമാണം.

ടി.ഡി. രാമകൃഷ്ണൻ ‘ഫ്രാൻസീസ് ഇട്ടിക്കോര’ എന്ന നോവലിൽ അവതരിപ്പിക്കുന്ന സുവിശേഷമാണ് ഉത്തരാധുനിക തലമുറക്ക് പ്രിയം: ‘‘18ാം കൂറ്റുകാരന്റെ മുന്നിൽ രണ്ടേ രണ്ടു ലക്ഷ്യങ്ങളേ ഉള്ളൂ. കച്ചവടത്തിൽ പരമാവധി ലാഭമുണ്ടാക്കുക. അതുപയോഗിച്ച് തിന്നും കുടിച്ചും ഇണചേർന്നും ജീവിതത്തെ ഒരു കാർണിവൽപോലെ ആഘോഷമാക്കുക.

ഒരിക്കലും ഒടുങ്ങാത്ത ആഗ്രഹങ്ങളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. ഈ ആർത്തി അംഗീകരിക്കാത്ത മതങ്ങളും തത്ത്വശാസ്ത്രങ്ങളും കാലഹരണപ്പെടും. ആരോടും അധികം അടുക്കരുത്; സ്വന്തം അച്ഛനമ്മമാരോടുപോലും. അഥവാ അടുത്താൽതന്നെ അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാക്കാൻ ശ്രമിക്കണം.

നന്നായി അഭിനയിക്കുന്നവനേ നല്ല കച്ചവടക്കാരനാകാൻ പറ്റൂ. കഴുത്തറുക്കുമ്പോഴും പുഞ്ചിരിക്കണം. ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം.’’ ഇന്ന് ക്രിസ്മസ് മാത്രമല്ല, റമദാനും ഓണവുമെല്ലാം കച്ചവട ഉത്സവങ്ങളാണ്; ലാഭകേന്ദ്രീകൃതമായ ആത്മീയ മാമാങ്കങ്ങൾ.

കാനേഷുമാരിക്കായി ബെത്‍ലഹേം പട്ടണത്തിൽ പോയ യൗസേപ്പിനും മറിയത്തിനും സത്രത്തിൽ ഇടം ലഭിക്കാതിരുന്നത് ജനത്തിരക്കുമൂലം മാത്രമാണെന്ന് കരുതരുത്. അവർ ദരിദ്രരായതിനാൽ തുച്ഛമായ പ്രതിഫലമേ ലഭിക്കൂ എന്ന് സത്രക്കാർ കണക്കാക്കിയിരിക്കണം. അതും പ്രസവത്തിനാകുമ്പോൾ കെട്ടിടം അശുദ്ധമാകുന്ന പ്രശ്നമുണ്ട്. മാത്രമല്ല, നീണ്ട ദിവസങ്ങളിലേക്ക് വേറെ ഉപഭോക്താക്കളെ സ്വീകരിക്കാനും സാധ്യമല്ല.

ലാഭകേന്ദ്രീകൃതമായ മനസ്സുള്ളവർക്ക് ദൈവത്തിന് പിറക്കാൻ ഇടം നൽകാനാവില്ലെന്നത് സത്യം. നമ്മുടെ ആന്തരിക ജീവിതം സ്വാർഥതാൽപര്യങ്ങളാൽ കീഴടക്കപ്പെടുമ്പോൾ ദൈവത്തിന്റെ ശബ്ദം പിന്നെ കേൾക്കാതെയാകും എന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് എത്രയോ വാസ്തവം (സുവിശേഷത്തിന്റെ ആനന്ദം, 2).

കാപട്യം നിറഞ്ഞ മനസ്സുകൾക്കും ഈശ്വരദർശനം സാധ്യമല്ലെന്ന് യേശുവിന്റെ തിരുപ്പിറവി നമ്മെ ഓർമിപ്പിക്കുന്നു. ചില നക്ഷത്രങ്ങൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ നവജാതനായ രക്ഷകനെ തേടി ബെത്‍ല​ഹേമിൽ എത്തിച്ചെന്ന് പൗരസ്ത്യദേശക്കാരായ മൂന്നു ജ്ഞാനികളെപ്പറ്റി മത്തായി ശ്ലീഹ തന്റെ സുവിശേഷത്തിലെ രണ്ടാം അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.

തനിക്കു പകരമായി മറ്റൊരു രാജാവ് ഉദയംചെയ്തിരിക്കുന്നു എന്ന് മനസ്സിലാക്കിയ ഹേറോദോസ് ആ സ്ഥലത്തെപ്പറ്റിയുള്ള കൃത്യമായ വിവരം ശേഖരിച്ച് തന്നെയും അറിയിക്കണമെന്ന് ജ്ഞാനികളോട് നിർദേശിക്കുന്നുണ്ട്. വാസ്തവത്തിൽ യേശുവിനെ പോയി ആരാധിക്കാനുള്ള താൽപര്യംകൊണ്ടായിരുന്നില്ല അത്; മറിച്ച് തന്റെ ഭാവിക്ക് ഭീഷണിയായേക്കാവുന്ന സന്താനത്തെ മുളയിലേ നിഷ്കാസനം ചെയ്യണമെന്ന് തീരുമാനിച്ചതിനാലാണ്.

വിശുദ്ധന്റെ മുഖത്തോടെ നുണപറയുന്ന ഉത്തരാധുനികന്റെ പ്രതിരൂപമാണ് ഹേറോദോസ് രാജാവ്. മൺമറഞ്ഞുപോയ കവി കുഞ്ഞുണ്ണി മാസ്റ്റർ സത്യാനന്തര സത്യത്തിൽ വിശ്വസിക്കുന്ന പുതുതലമുറയുടെ കപടതയെ ഒരു കുഞ്ഞുകവിതയിലൂടെ വർഷങ്ങൾക്കുമുമ്പേ വരച്ചുകാട്ടിയിരുന്നു. കഴുകനും മനുഷ്യനും തമ്മിലുള്ള സംഭാഷണരൂപേണയാണ് കുട്ടികളുടെ കവി മുതിർന്നവരുടെ മുന്നിൽ ഗൗരവമേറിയ ഈ പ്രമേയം കുറിക്കുന്നത്.

മനുഷ്യൻ: കഴുകാ നീ മുഖം കഴുകാത്തതെന്തേ?

കഴുകൻ: ശവം തിന്മോർ മുഖം കഴുകുന്നതെന്തിനായ്

മനുഷ്യൻ: അതു ശരിയല്ല, മനുഷ്യന്മാർ ഞങ്ങൾ ശവം തിന്നും മുഖം കഴുകി നന്നായി തുടച്ച് പൗഡറങ്ങിടുകയും ചെയ്യും.

കഴുകൻ: അതു ശരി നിങ്ങൾ മനുഷ്യന്മാർ, ഞങ്ങൾ കഴുകന്മാരാണല്ലോ.

ഫ്രഞ്ച് ചിന്തകനായ Jean Baudrillard (ഷോൺ ബോദ്രിയാർ) എഴുതിയതുപോലെ ‘‘സാമൂഹിക സമ്പർക്ക മാധ്യമങ്ങളിലൂടെ വളർന്നുവരുന്ന സംസ്കാരം യാഥാർഥ്യമല്ല. കൃത്രിമമായി നിർമിച്ചെടുക്കുന്ന വിവരങ്ങളാണതിന്റെ സ്രോതസ്സ്. വ്യാജസത്യങ്ങളാൽ നിറയുന്ന മനസ്സുകൾ വ്യാജ സംസ്കാരത്തെ പ്രസവിക്കുന്നു.’’ ശരിയാണ്; അസത്യങ്ങളിലൂടെയും അർധസത്യങ്ങളിലൂടെയും ചരിത്രത്തെയും ഭാവിയെയും വ്യഭിചരിക്കുന്ന കോർപറേറ്റുകളും അധികാരകേന്ദ്രങ്ങളും അഭിനവ ഹേറോദോസുമാരാണ്.

ഇവരുടെ കൊട്ടാരങ്ങളിൽ തങ്ങുന്നവർ വിഷലിപ്തരാകും. അവരുടെ തുടർസഞ്ചാരം അപകടത്തിന്റെ പാതകളിലാണ്. ഇങ്ങനെ വഴിതെറ്റുന്ന യാത്രികർക്ക് വിളക്കാകാനുള്ള പ്രചോദനമാണ് ക്രിസ്മസ് നക്ഷത്രങ്ങൾ നൽകുന്നത്. സുതാര്യതയും സത്യസന്ധതയും നിഷ്കളങ്കതയും ലാളിത്യവും പകരുന്ന നക്ഷത്രങ്ങളാവുക. തീർച്ച, അപ്പോൾ മനുഷ്യഹൃദയങ്ങൾ ശാന്തിയും ആനന്ദവും കളിയാടുന്ന പുൽക്കൂടുകളായി മാറും.

Tags:    
News Summary - Stars in the haystack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.