ബ്രീഫ് ഹിസ്റ്ററി ഒാഫ് 'സ്റ്റീഫൻ ഹോക്കിങ്' 

തകരാത്ത മനോവീര്യത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമായിരുന്നു സ്റ്റീഫൻ ഹോക്കിങ്. ചലനമറ്റ ശരീരവുമായി പ്രപഞ്ച രഹസ്യം അനാവരണം ചെയ്ത ഈ പ്രതിഭ ലോകത്തിന് വിസ്മയമായിരുന്നു. രണ്ട് വർഷക്കാലത്തെ ആയുസ് മാത്രമാണ് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗം മൂർച്ഛിച്ചപ്പോൾ ഡോക്ടർമാർ അദ്ദേഹത്തിന് വിധിയെഴുതിയത്. എന്നാൽ ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ച് സ്റ്റീഫൻ അഞ്ചു പതിറ്റാണ്ടുകാലം ജീവിച്ചു. രോഗക്കിടക്കയിൽ കിടന്ന് ജീവിതം തള്ളി നീക്കുകയായിരുന്നില്ല, മറിച്ച് വീൽചെയറിൽ സഞ്ചരിച്ച് പ്രവർത്തിക്കുന്ന മസ്തിഷ്കമുപയോഗിച്ച് ലോകത്തിന് മുന്നിൽ പുതിയ വഴികൾ കാണിച്ചു തന്നു. 

കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയാണ് അദ്ദേഹം ലോകത്തോട് സംസാരിച്ചത്. ആൽബർട്ട് ഐൻസ്റ്റീന് ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. 

ഫ്രാങ്ക്-ഇസബെല്‍ ദമ്പതികളുടെ മകനായി ഇംഗ്ലണ്ടിലെ ഓക്സ്ഫര്‍ഡിൽ 1942 ജനുവരി 8നാണ് ഹോക്കിങ്സിന്‍റെ ജനനം.   ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.  എന്നാൽ സ്റ്റീഫന് താല്‍പര്യം ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലുമായിരുന്നു. 

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു ബിരുദം, ഫിസിക്സിലും നാച്ചുറല്‍ സയന്‍സിലും. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പ്രപഞ്ചഘടനാ ശാസ്ത്രത്തിലും ഗവേഷണം ആരംഭിച്ചു. ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ സ്റ്റീഫൻ ശ്രമിച്ചു. എന്നാൽ അവർ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു. ഇവർക്ക് ലൂസി, തിമോത്തി, റോബർട്ട് എന്നീ മക്കൾ പിറന്നു. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ അദ്ദേഹം വിവാഹം കഴിച്ചു.

ഈ കാലയളവിലാണ് സ്റ്റീഫന് രോഗലക്ഷങ്ങള്‍ കണ്ടു തുടങ്ങുന്നത്. നടക്കുമ്പോള്‍ വീഴുക, സംസാരിക്കുമ്പോല്‍ നാവ് കുഴയുക, മസിലുകള്‍ക്ക് കോച്ചിപ്പിടുത്തം എന്നിങ്ങനെയായിരുന്നു ലക്ഷണങ്ങൾ. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗമാണ് അദ്ദേഹത്തിനെന്ന് കണ്ടെത്തി. എന്നാൽ തന്‍റെ രോഗത്തെ ഒാർത്ത് തളർന്നിരിക്കാൻ അദ്ദേഹത്തിനാവുമായിരുന്നില്ല. കാരണം തളർച്ച ബാധിക്കാത്ത ഒരു തലച്ചോറ് അദ്ദേഹത്തിനുണ്ടായിരുന്നു. 

വീൽചെയറിൽ സഞ്ചരിച്ച്, സ്പീച്ച് സിന്തസൈസർ വഴി സംസാരിച്ച് തന്‍റെ ഗവേഷണം തുടർന്നു. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ റോജർ പ​​​െൻറോസ് നക്ഷത്ര പരിണാമത്തിലെ അവസ്ഥയായ തമോഗർത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളിൽ പ്രചോദനം ഉൾകൊണ്ടായിരുന്നു  ഗവേഷണം.  1966–ൽ ഡോക്ടറേറ്റ് നേടിയ ഹോക്കിങ് ആ വർഷം തന്നെ റോജർ പ​​​െൻറോസുമായി ചേർന്ന് സിംഗുലാരിറ്റീസ് ആന്‍റ് ദ ജിയോമട്രി ഒാഫ് സ്പൈസ് ടൈം എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചു.

1974 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979 മുതൽ 30 വർഷം കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയായിരുന്നു അത്. ‘തിയറി ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ചത്തിന്‍റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു.

2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ച ശാസ്ത്ര സമ്മേളനത്തിൽ തമോഗർത്തങ്ങളെ കുറിച്ച് അന്നുവരെ താൻ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു.

അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രചാരണം നേടിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഗ്രന്ഥം സ്റ്റീഫന്‍ ഹോക്കിങ്സിന്‍റെതാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകത്തിനുള്ള ഗിന്നസ് റെക്കോഡും ഈ കൃതി സ്വന്തമാക്കിയിരുന്നു. 12 ഓണററി അവാര്‍ഡുകള്‍, ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ പരമോന്നത ബഹുമതിയായ സിബിഇ (1981) അടക്കം നിരവധി ബഹുമതികളും സ്റ്റീഫനെ തേടിയെത്തി. 

ലോകം കണ്ട പ്രതിഭാധനനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റൈൻ ജനിച്ചതും ഹോക്കിങ് മരിച്ചതും മാർച്ച് 14നാണെന്ന യാദൃശ്ചികത കൂടി ഇനി ലോകത്തിന് വിസ്മയമാകും. 

Tags:    
News Summary - Stephen Hawking, Who Examined the Universe and Explained Black Holes-Open Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.