മൂന്നാറിൽ കാണാതെ പോകുന്ന പൂരം

ചായ​ കോപ്പയിലെ കൊടു​േങ്കാറ്റുപോലെയാണത്​. ഹുങ്കാരത്തോടെ ഉയരുന്നത്​ കണ്ടാൽ എന്തെങ്കിലും സംഭവിക്കും എന്ന്​ തോന്നിപ്പോകും. അൽപം കഴിയു​േമ്പാൾ എല്ലാം കെട്ടടങ്ങും. അതാണ്​ മൂന്നാറി​ൽ കണ്ടുകൊണ്ടിരിക്കുന്നത്​. കൂടെ കൂടെ അവിടെ നിന്ന്​ കൈയ്യേറ്റം ഒഴിപ്പിക്കൽ എന്ന ഒരു ഹുങ്കാരം ഉയർന്നുവരും. കുടിച്ചുകൊണ്ടിരുന്ന ചൂട്​ ചായ പോലും മാറ്റിവച്ച്​ നാടാകെ അങ്ങോട്ട്​ കണ്ണും കാതും കൂർപ്പിക്കും. ഒടുവിൽ ചായ ആറിതണുക്കുന്നത്​ മിച്ചം. ഒന്നും സംഭവിക്കാറില്ല. ഇൗ അനുഭവം പലതവണയായെങ്കിലും ജനം മടുത്തിട്ടില്ല. മൂന്നാറിൽ നിന്നും ഒഴിപ്പിക്കലി​​​​​െൻറ ആരവമുയരു​േമ്പാഴെല്ലാം ജനം കണ്ണും കാതും അവിടേക്ക്​ തിരിക്കും. കുറിഞ്ഞി സ​േങ്കതത്തിലും ​െകാട്ടക്കാമ്പൂരിലും എന്താണ്​ സംഭവിക്കുന്നതെന്നറിയാൻ ജനം കാതോർക്കുകയാണ്​ ഇപ്പോൾ.​ 

കുറിഞ്ഞി ഉദ്യാനം
 


മണ്ണ്​ മനുഷ്യ​​​​​െൻറ അടിസ്​ഥാന വികാരങ്ങളിൽ ഒന്നായതുകൊണ്ടാവാം ഉള്ളവനെന്നും ഇല്ലാത്തവനെന്നും ​േഭദമില്ലാതെ എല്ലാവരും ആകാംഷയോടെ മൂന്നാറിലെ വിവാദങ്ങളിലേക്ക്​ ഉറ്റു നോക്കുന്നത്​. എല്ലാ ആരവങ്ങളും ആരംഭ ശൂരത്വമായി പര്യവസാനിക്കും. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കൽ എന്ന ആവശ്യം നിറവേറാറില്ല. ഇപ്പോഴും നടക്കുന്നത്​ അതേ പല്ലവിയാണ്. മൂന്നാറിൽ ഒഴിപ്പിക്കാനിറങ്ങുന്നവരെല്ലാം ജെ.സി.ബി കയറ്റുന്നത്​ റിസോർട്ടുകാരുടെയും കർഷകരു​െടയും ഇടയിലേക്കാണ്​. ശ്രീറാം വെങ്കിട്ടരാമനുയർത്തിയ ഹുങ്കാരവും അതിനപ്പുറം കടക്കുന്നതായിരുന്നില്ല. സർവത്ര കൈയേറ്റമാണ്​ മൂന്നാറിലെന്ന്​ ഇതിനകം വ്യക്​തമായിട്ടുണ്ട്​. അധികാര കേന്ദ്രങ്ങളിലുള്ളവർക്ക്​ ‘വേണ്ട​െപ്പട്ട’ പാവം മുതലാളിമാർ മുതൽ അത്താഴപ്പട്ടിണിക്കാർവരെ അതിലുണ്ട്​. ഇവർക്കിടയിലെ ഒന്നാമൻ ആരാണ്​. ഇൗ ആരവങ്ങളെല്ലാം കണ്ട്​ ഒന്നാമൻ മാന്യമായി സ്വന്തം തോട്ടത്തിലെ തേയില പറിച്ച്​ ചൂടു ചായയുണ്ടാക്കി കുടിച്ച്​ രസിച്ച്​ കഴിയുന്നു. ഒരു രാഷ്​ട്രീയപാർട്ടിക്കാരും അവരെകുറിച്ച്​ പറയുന്നില്ല.

മൂന്നാറിൽ ൈകയേറ്റക്കാരുടെ സംഘടിത ശക്​തിക്കുമുന്നിൽ അനുരജ്ഞനത്തിന്​ നിർബന്ധിതരാകുന്ന അധികാരികളെയാണ് നാം കാണുന്നത്​​. ‘സംഘടിത ശക്​തി’ യുമായി അവരെ ഇറക്കിവിടുന്നതിനു പിന്നിൽ പ്രധാന​െപ്പട്ട അജണ്ട ഒളിഞ്ഞുകിടപ്പുണ്ട്​. ‘‘നിങ്ങളിൽ ഭയമുള്ളവർ എനിക്ക്​ ചുറ്റും നിന്നുകൊള്ളുവിൻ’’ എന്നു പറയുന്ന പഴയ അടവുണ്ടല്ലോ, അതാണ്​ പ്രയോഗിക്കുന്നത്​. ചെറുകിട ​ൈകയ്യേറ്റക്കാരെ ഇളക്കിവിട്ട്​ സംരക്ഷണ കവചം ഒരുക്കുകയെന്ന​ വൻകിടക്കാരുടെ തന്ത്രമാണ്​ നടക്കുന്നത്​. 
ശ്രീറാം വെങ്കിട്ട രാമനും മുമ്പ്​ വി.എസ്​. അച്യുതാനന്ദ​​​​​​െൻറ പൂച്ചയായ സുരേഷ്​കുമാറിനും മണികെട്ടിയത്​ ഇൗ ഒളിയജണ്ട ഉപയോഗിച്ചാണ്​. മൂന്നാറിൽ ഒഴിപ്പിക്കൽ താഴെ തട്ടിൽ നിന്ന്​ തുടങ്ങാനാണ്​ ഇവരെല്ലാം ശ്രമിച്ചത്​. അവരിൽ അത്താഴപ്പട്ടിണിക്കാർ നിരവധിയുള്ളതിനാൽ നേതാക്കളെല്ലാം അവർക്കുവേണ്ടി സമരവും വാദമുഖങ്ങളുമായിറങ്ങും. മൂന്നാറിലാകെ പ്രതി​േഷധം ഉയർത്തും. അതോടെ അനുരജ്ഞനത്തിന്​ സർക്കാർ നിർബന്ധിതരാവും. ഒഴിപ്പിക്കൽ കാഹളത്തിന്​ ചായകോപ്പയിലെ കൊടുങ്കാറ്റി​​​​​െൻറ ഗതിയാകും.മൂന്നാറിലെ ഒന്നാംകിട കൈയേറ്റക്കാരനെ കുറിച്ച്​ കാലങ്ങളായി എല്ലാവരും പറഞ്ഞുവരുന്നുണ്ട്​. പ​േക്ഷ, ഒഴിപ്പിക്കുമെന്ന്​ പറഞ്ഞ്​ അവർക്ക്​ നേരെ ചെല്ലാൻ ആരും ധൈര്യ​െപ്പട്ടിട്ടില്ല. കാരണം അത്​ സാക്ഷാൽ ടാറ്റയാണ്​.

ശ്രീറാം വെങ്കട്ടരാമൻ
 


ടാറ്റയുടെ മൂന്നാർ വാഴ്​ച അനധികൃതമെന്ന്​ എല്ലാവരും പറയാറുണ്ട്​. അനധികൃതത്വം തെളിയിക്കാൻ തുനിയുമ്പോൾ അത് കുരുടൻ ആനയെകുറിച്ച് പറഞ്ഞപോലെ ഓരോരോ അഭിപ്രായങ്ങളും വാദങ്ങളുമായി തീരുകയാണ് പതിവ്. അതിനാൽ ആ വാദങ്ങളൊന്നും കോടതികളിൽ വിജയിക്കാറില്ല. ടാറ്റയുടെ മൂന്നാർ വാഴ്​ച അനധികൃതമെന്നതി​​​​​െൻറ ഏറ്റവും വലിയ തെളിവാണ് മൂന്നാർ പട്ടണത്തിൻമേൽ അവർ പുലർത്തുന്ന ആധിപത്യം. ഒരു നഗരം എങ്ങനെ സ്വകാര്യ കമ്പനിയുടെ പക്കലായെന്ന ചോദ്യത്തിന്​ കൃത്യമായ ഉത്തരം നൽകാൻ റവന്യൂ വകുപ്പിനുപോലും കഴിഞ്ഞിട്ടില്ല. ഹൈകോടതിയിൽ ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്നാറിലെ ഭൂമിയുടെ ഉടമസ്​ഥതക്ക്​ തെളിവായി ടാറ്റ ഉപയോഗിക്കുന്ന ആധാരം മൂന്നാർ എന്ന വിസ്​തൃത ഭൂമി ടാറ്റ കൈയ്യടക്കിയതെങ്ങനെയെന്ന ദുരൂഹതയിലേക്ക്​ വെളിച്ചം വീശുന്നവയാണ്​. ഭൂമി തങ്ങളുടേതാണെന്നതിന്​ ടാറ്റ കാട്ടുന്നത്​ മൂന്ന് ആധാരങ്ങളാണ്. അവയുടെ പിൻബലത്തിലാണ്​ ടാറ്റ മൂന്നാർ സാമ്രാജ്യമാക്കി ഭരിക്കുന്നത്. 1,04,169.65 ഏക്കർ ഭൂമി കൈവശം വെക്കുന്നത്.


ഹാരിസൺസും ടാറ്റയും
പഴയകാല മലയാള സിനിമകളിൽ വഴിപിരിഞ്ഞ്​ പലവിധം ജീവിച്ചുവന്ന സഹോദരങ്ങളും മറ്റും ക്ലൈമാക്​സിൽ ചില അടയാളങ്ങൾ കണ്ട്​ പരസ്​പരം തിരിച്ചറിഞ്ഞ്​ ജ്യേഷ്​ടാ .... അനുജാ എന്നു പറഞ്ഞ്​ കെട്ടിപ്പിടിക്കുന്ന നാടകീയ രംഗങ്ങൾ ഉണ്ടായിരുന്നല്ലോ. അതുപോലൊന്നാണ്​ തോട്ടം മേഖലയിലും സംഭവിച്ചത്​. തട്ടിപ്പുകളുടെ ഉസ്​താദുമാരാണ്​ ഹാരിസൺസ്. അത്രക്കാണ്​ വിജിലൻസ്​ റിപ്പോർട്ടിൽ അവരുടെ തട്ടിപ്പുകളെ കുറിച്ചുള്ള വിവരണങ്ങൾ. 

ഹാരിസൺസി​​​​​െൻറ ഗണത്തിൽ ടാറ്റ​െയ ആരും പെടുത്തിയിരുന്നില്ല. പക്ഷേ.. വിവരങ്ങൾ പറത്തുവന്നപ്പോഴാണ്​ ഇവർ ഇരട്ട സഹോദരങ്ങളാണെന്ന്​ വ്യക്​തമാകുന്നത്​. രണ്ടുകൂട്ടരും തമ്മിൽ സാമ്യതകൾ ഏറെയാണ്​. അതി​​​​​െൻറ പൊരുൾ ഇങ്ങിനെയാണ്​: കേരളത്തിലെ തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന 95 ശതമാനം കമ്പനികളും കൈവശം വക്കുന്നത് പഴയ ഇംഗ്ലീഷ് കമ്പനികളുടെ ഭൂമിയാണ്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷ് കമ്പനികളുടെ കൈവശമുണ്ടായിരുന്ന തോട്ടങ്ങൾ തങ്ങൾ വിലക്ക്​ വാങ്ങിയെന്നാണ്​ ഇപ്പോൾ പ്രവർത്തിക്കുന്ന കമ്പനികളുടെ അവകാശവാദം. ടാറ്റയുടെ ആധാരങ്ങളിലും പറയുന്നത് അതേ വാദമാണ്​. 

1947 ആഗസ്​റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയതോടെ ഇംഗ്ലീഷ് കമ്പനികൾക്ക് ഇന്ത്യയിൽ ഭൂമി കൈവശം വെക്കുന്നതിനോ വിൽപ്പന നടത്തുന്നതിനോ ഉള്ള അവകാശം നഷ്​ടപ്പെട്ടു. അവരുടെ പക്കൽ ഉണ്ടായിരുന്ന മുഴുവൻ ഭൂ സ്വത്തുക്കളും ഇന്ത്യാ ഗവൺമ​​​​െൻറി​േൻറതായി മാറി. അതായിരുന്നു സ്വാതന്ത്ര്യത്തി​​​​െൻറ അന്തസത്ത. അതനുസരിച്ചാണ്​ ബ്രിട്ടീഷുകാർ അവരുടെ സ്വത്തുവകകൾ എല്ലാം ഉപേക്ഷിച്ച്​ കെട്ടി​െപ്പറുക്കി ഇന്ത്യവിട്ടത്​. ഇന്ത്യൻ ഇൻഡിപെഡൻറ്സ്​ ആക്ടിൽ അത് വ്യക്തമായി പറയുന്നുമുണ്ട്. എന്നിട്ടും ടാറ്റയും ഹാരിസൺസും അടക്കം തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒട്ടുമുക്കാലും കാട്ടുന്നത് 1970 കളിൽ ബ്രിട്ടീഷ്​ കമ്പനികളിൽ നിന്ന്​ തങ്ങൾക്ക്​ ഭൂമി ലഭിച്ചു എന്ന രേഖകളാണ്​. 

1963ലെ ചരിത്ര പ്രധാനമായ ഭൂപരിഷ്​കരണ നിയമത്തിലൂടെ ജന്മികളിൽ നിന്നും ദേവസ്വങ്ങളിൽ നിന്നും സർക്കാർ നിർബന്ധപൂർവം പിടിച്ചെടുത്ത ഭൂമികൾ കുടിയാന്മാർക്ക്​ വിതരണം ചെയ്യുന്നു എന്ന്​ പ്രഖ്യാപിച്ചതിനെയും 1974ലെ ഫെറ നിയമത്തെയും ബ്രിട്ടീഷ്​ കമ്പനികൾ കൊഞ്ഞനം കാട്ടുന്നവയാണ്​ ആ രേഖകൾ. ഇത്രയേറെ വിസ്​തൃതമായ ഭൂമി ‘‘കുടിയാന്മാരായി’’ വിദേശ കമ്പനികൾ കൈവശം വച്ച്​ ഭൂമിയിലെ കോടാനു കോടി രൂപയുടെ വിളകൾ വിറ്റ്​ സമ്പാദ്യം നേടിയിരുന്നത്​ ഇവിടുത്തെ വിപ്ലവകാരികൾ പോലും കണ്ടില്ല എന്നത്​ അവിശ്വസനീയമാണ്. 

ബ്രിട്ടീഷുകാർ ഇവിടുത്തെ കുടിയാന്മാരായിരുന്നുവെന്നും തങ്ങൾ അവരുടെ പിന്മാഗാമികളാണെന്നും ഉള്ള വാദങ്ങൾ തോട്ടം മേഖലയിലെ കമ്പനികൾ തുടർന്നു കൊണ്ടു പോകുന്നു. ഹാരിസൺസി​​​​​െൻറ കാര്യത്തിൽ മലയാളം പളാ​േൻറഷൻസ്​ ലിമിറ്റഡ്​ എന്ന ബ്രിട്ടീഷ്​ കമ്പനി തയാറാക്കിയ വ്യാജ ആധാരങ്ങളാണ്​ ഇന്നും ഉപ​േയാഗിക്കുന്നത്​. ഇതേ രീതിയാണ്​ ടാറ്റയും അവലംബിക്കുന്നത്​. ടാറ്റയുടെ ആധാരങ്ങളിൽ കാണുന്നത്​ 1977ൽ ആണ് ബ്രിട്ടീഷ് കമ്പനി മൂന്നാറിലെയും തൃശൂരിലെ മലക്കപ്പാറയിലെയും ഭൂമി ടാറ്റക്ക് വിറ്റത്​ എന്നാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി 30 വർഷം പിന്നിട്ട ശേഷം വിദേശികൾ ഇവിടെ ഭൂമികച്ചവടം നടത്തിയെന്നാണ്​ ടാറ്റ പറയുന്നത്​. 

സമാനമായി കെ. ഡി. എച്ച് വിേല്ലജിൽ മലയാളം പ്ലാ​േൻറഷൻസ്​ (യു. കെ) ലിമിറ്റഡ് എന്ന വിദേശ കമ്പനി കൈവശം വച്ചിരുന്ന 1594 ഏക്കറോളം ഭൂമി ഏറ്റെടുത്ത റവന്യൂ സ്​പെഷ്യൽ ഓഫീസറുടെ ഉത്തരവിനെ ചോദ്യം ചെയ്​ത്​ ഹാരിസൺസ്​ മലയാളം പ്ലാ​േൻറഷൻസ്​ (ഇന്ത്യ) ലിമിറ്റഡ്​ ഫയൽ ചെയ്ത WP (C) 33122/2014 കേസിൽ, വിദേശ കമ്പനി കേരള ഭൂപരിഷ്കരണ നിയമത്തി​​​​​െൻറ സെക്ഷൻ 2(43) പ്രകാരമുള്ള ‘പേഴ്സൺ’ എന്ന നിർവചനത്തിൽ ഉൾപ്പെടില്ലെന്ന്​ 2015 നവംബർ 25ന് ഹൈക്കോടതി പുറപ്പെടുവിച്ച റഫറൻസ്​ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്​​. 

‘പേഴ്​സൺ’ എന്ന നിർവചനത്തിൽ പെടുന്നവർക്ക്​ മാത്രമാണ്​ പരിധിയിൽ കവിഞ്ഞ ഭൂമി ​ൈകവശം വക്കാൻ അധികാരമുള്ളത്​​ എന്നാണ്​ ഭൂപരിഷ്​കരണ നിയമത്തിൽ പറയുന്നത്​. ഇതിൽ നിന്നും ടാറ്റയുടെ ഇപ്പോഴത്തെ ​ൈകവശ ഭൂമിയുടെ സ്​ഥിതി സുവ്യക്​തമാണ്​. 2015 നവംബറിലെ കോടതി ഉത്തരവിന്​ ശേഷം ഹാരിസൺസ്​ നിലപാട്​ മാറ്റിയിട്ടുണ്ട്​. തങ്ങളുടെ ​ൈകവശം ഉള്ള മുഴുവൻ ഭൂമിയുടെയും ഉടമസ്​ഥത ഇപ്പോഴും ബ്രിട്ടീഷ്​ കമ്പനിയായ മലയാളം പ്ലാ​േൻറഷൻസി​നാണ്​ എന്നാണ്​ ഇപ്പോൾ ഹാരിസൺസി​​​​​െൻറ വാർഷിക റിപ്പോർട്ടുകളിൽ പറയുന്നത്​. കൈവശം ആധാരമുണ്ടെങ്കിലും ഇതുവരെ ടാറ്റ അത്​ കോടതികളിലോ സർക്കാർ മുമ്പാ​െകയോ കാണിച്ചിട്ടില്ല എന്നത്​ ആധാരത്തി​​​​​െൻറ ആധികാരികത സംബന്ധിച്ച്​ ദുരൂഹത ഉയർത്തുന്നു.


രാജ്യത്തി​​​​​െൻറ പരമാധികാരം ടാറ്റ വെല്ലുവിളിക്കുന്നു

ഒരു രാജ്യത്തി​​​​​െൻറ സ്വത്വം കുടികൊള്ളുന്നത്​ അതി​​​​​െൻറ പരമാധികാരത്തിലും അതിൽ നിന്നുയിർകൊള്ളുന്ന ആത്​മാഭിമാനത്തിലുമാണ്​. ഇവ രണ്ടിനെയും പരിഹസിക്കുന്ന ആധാരമാണ്​ ടാറ്റയുടെ ​ൈകവശമുള്ളത്​.

ബ്രിട്ടീഷ് കമ്പനി ആക്ട് പ്രകാരം സ്​കോട്​ലൻഡിൽ രജിസ്​റ്റർ ചെയ്ത കണ്ണൻ ദേവൻ ഹിൽസ്​ െപ്രാഡ്യൂസ്​ കമ്പനി, ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ് കമ്പനി, അമാൽഗമേറ്റഡ് ടീ എസ്​റ്റേറ്റ് കമ്പനി എന്നിവ സ്വതന്ത്ര ഇന്ത്യയിൽ 1977വരെ മൂന്നാർ, ദേവികുളം, പള്ളിവാസൽ, തൃശൂരിലെ മലക്കപ്പാറ എന്നിവിടങ്ങളിൽ ഭൂമി കൈവശം വയ്ക്കുന്നു. അതിനുശേഷം ബ്രിട്ടീഷ്​ രാജ്ഞിയുടെ അനുമതിയോടെ മൂന്ന് ആധാരങ്ങൾ ചമച്ച് ഇന്ത്യൻ കമ്പനിയായ ടാറ്റ ഫിൻലേക്ക് ഭൂമി മുഴുവൻ വിൽക്കുന്നു, എന്നാണ് ടാറ്റയുടെ ആധാരങ്ങളിൽ പറയുന്നത്. ഇന്ത്യൻ സർക്കാറി​​​​​െൻറ അനുമതി തേടിയിട്ടില്ല എന്നും​ ആധാരത്തിൽ പറയുന്നു. അപ്പോൾ പി​െന്ന എന്തിനായിരുന്നു ഇവി​െട ലക്ഷങ്ങൾ ചോര ചിന്തിയ സ്വാതന്ത്ര്യസമരം. എന്തിനായിരുന്നു ഇന്ത്യ പരമാധികാര സ്വതന്ത്ര രാജ്യമായെന്ന്​ പ്രഖ്യാപിച്ചത്​. 1977ൽ ഇന്ത്യയിലെ ഭൂമിയിൽ ബ്രിട്ടീഷ് രാജ്ഞിക്കുള്ള അധികാരം ആര്​ നിർവചിക്കും.

1947 ന് ശേഷം ബ്രിട്ടീഷ് കമ്പനി ഇന്ത്യയിൽ ഭൂമി കൈവശം വച്ചത് എങ്ങനെ?. 1977ൽ ഭൂമി ഇന്ത്യൻ കമ്പനിക്ക് കൈമാറിയതിന് എന്ത് സാധുതയാണുള്ളത്?. ഇത് രാജ്യത്തി​​​​െൻറ പരമാധികാരത്തെ ചോദ്യം ചെയ്യലല്ലെ? ഇതൊന്നും ചോദിക്കരുത്. ഇവിടുത്തെ ഉദ്യോഗസ്​ഥരാരും ഇതൊന്നും ചോദിച്ചില്ല. എല്ലാത്തിനും ‘റാൻ’ മൂളി അംഗീകരിക്കുകയായിരുന്നു.

നിയമ ലംഘനങ്ങൾ ഒരുപിടി

ലോകത്തെമ്പാടും ടാറ്റ എന്ന സൽപ്പേരിന്​ ഉടമയായ കമ്പനി രാജ്യത്തി​​​​​െൻറ നിയമങ്ങൾ എല്ലാം സ്​പഷ്​ടമായി പാലിക്കുന്നു എന്നാണ്​ ജനങ്ങളുടെ മനസിലിരുപ്പ്​. ഇൗ പരിവേഷത്തി​​​​​െൻറ നില നിൽപ്പിനായി ടാറ്റ എന്തു വിലയും നൽകും. സർക്കാറി​ലൂടെ കാര്യങ്ങൾ നേടാൻ ഒരു വിധത്തിലും അഴിമതി കാട്ടാത്ത അഴിമതിക്ക്​ കൂട്ടു നിൽക്കാത്ത എന്നവകാശപ്പെടുന്ന ടാറ്റ ത​െന്നയാണോ ഇൗ ആധാരങ്ങൾ ചമച്ചത്​ എന്ന്​ ആരും ആശ്​ചര്യപ്പെടും. ഈ ആധാരങ്ങൾ ടാറ്റ ഇതുവരെ പുറത്തു കാട്ടാത്തത്​ അവരുടെ തനിനിറം മറ്റുള്ളവർ മനസിലാക്കും എന്നതിനാലാവാം... അതിസൂക്ഷ്​മ പഠനത്തിലൂടെയെ ആധാരത്തിലെ തട്ടിപ്പുകൾ മുഴുവൻ ചുരുൾ നിവർത്താനാവൂ.

രജിസ്​േട്രഷൻ ആക്ട്, കേരള സ്​റ്റാമ്പ് ആക്ട്, 1973ലെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ), 1964ലെ കേരള ലാൻഡ് കൺസർവൻസി ആക്ട്, കേരള പ്രൈവറ്റ്​ ഫോറസ്​റ്റ്​ ആക്​ട്​, കേരള ലാൻഡ്​ റിഫോംസ്​ ആക്​ട്​ തുടങ്ങിയ കേന്ദ്ര- സംസ്​ഥാന നിയമങ്ങളെല്ലാം ലംഘിച്ചാണ്​ ടാറ്റ ഭൂമി വാങ്ങിച്ചതെന്നാണ്​ തെളിയുന്നത്. ഇൗ നിയമങ്ങളെ എല്ലാം നോക്കുകുത്തിയാക്കി ബ്രിട്ടീഷ് കമ്പനി ഇന്ത്യയിൽ നടത്തിയ ഭൂമി കൈമാറ്റത്തിനുമുന്നിൽ കേരള സർക്കാർ വരെ ദശകങ്ങളായി ഓച്ഛാനിച്ചു നിൽക്കുന്നുവെന്നുമാണ് വ്യക്തമാകുന്നത്. ടാറ്റക്കും സായിപ്പൻമാർക്കും മുന്നിൽ അവരെല്ലാം കവാത്തുമറന്നു. 


1973ലെ ഫെറ നിയമം സെക്ഷൻ 30(1) റിസർവ് ബാങ്കി​​​​െൻറ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇന്ത്യയിൽ വിദേശ പൗരത്വമുള്ളവർ സ്​ഥാപനം നടത്തുന്നതും തൊഴിലെടുക്കുന്നതും വാണിജ്യമോ വ്യവസായമോ നടത്തുന്നതും അതി​​​​െൻറ പേരിൽ വിദേശ നാണ്യം കൈകാര്യം ചെയ്യുന്നതും വിലക്കുന്നു. സെക്ഷൻ 30(2), സെക്​ഷൻ 31 എന്നിവ ഇന്ത്യൻ പൗരന്മാരല്ലാത്തവരും ഇന്ത്യൻ നിയമം അനുസരിച്ച് രജിസ്​റ്റർ ചെയ്തിട്ടില്ലാത്ത കമ്പനികളും റിസർവ് ബാങ്കി​​​​െൻറ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഭൂമി സ്വന്തമാക്കുന്നതും കൈവശം വയ്ക്കുന്നതും ഷെയർ കൈമാറ്റം ചെയ്യുന്നതും വിൽപ്പന നടത്തുന്നതും വിലക്കുന്നു. നിയമങ്ങൾ ഇങ്ങിനെയൊക്കെയാണെന്ന്​ 1977ൽ ടാറ്റ ആധാരം രജിസ്​റ്റർ ചെയ്യുമ്പോഴും അത് അടിസ്​ഥാനമാക്കി തുടർ നടപടികൾ സ്വീകരിക്കുമ്പോഴും കലക്ടറും ലാൻഡ് ബോർഡ് അധികൃതരും രജിസ്​ട്രാർമാരും സാക്ഷാൽ കേരള സർക്കാറും ഓർത്തില്ല. ഇവർക്കെല്ലാം കൂട്ടമറവി എങ്ങിനെയാവും സംഭവിച്ചിരിക്കുക.

1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ്​ ആക്ട് സെക്ഷൻ ആറി​​​​െൻറ അഞ്ചാം വകുപ്പിൽ ആഗസ്​റ്റ് 15ന് ശേഷം ബ്രീട്ടീഷ് നിയമങ്ങളൊന്നും ഇന്ത്യക്ക് ബാധകമായിരിക്കില്ലെന്ന് പറയുന്നു. എന്നിട്ടും 1977വരെ ബ്രിട്ടീഷ് കമ്പനി നിയമം അനുസരിച്ച്​ രജിസ്​റ്റർ ചെയ്​ത കമ്പനികൾ ഇവിടെ പ്രവർത്തിച്ചത് എങ്ങനെയെന്നും അവർക്ക് ഭൂമി വിൽക്കാൻ എന്ത് അധികാരമെന്നും ആരും തിരക്കിയില്ല. ഫെറ നിയമം ലംഘിച്ച് 1976 ഡിസംബർ 31വരെ ബ്രിട്ടീഷ് കമ്പനി ഇവിടെ ഭൂമി ​ൈകവശം വച്ചു എന്നാണ് ടാറ്റയുടെ തന്നെ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.

റിസർവ് ബാങ്കി​​​​െൻറ മുൻകൂട്ടിയുള്ള അനുമതി ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ടാറ്റ എവിടെയും അത് കാട്ടിയിട്ടില്ല. പകരം കാട്ടുന്നത്​ ബിസിനസ്​ സംബന്ധമായ കാര്യങ്ങൾക്ക്​ റിസർവ്​ ബാങ്ക്​ നൽകിയ 1977 കാലയളവിലെ കത്തുകളാണ്. അവക്ക്​ ഭൂമിയുമായി യാതൊരു ബന്ധവുമില്ല. ഫെറ നിയമത്തിലെ സെക്​ഷൻ 31 പ്രകാരം വിദേശ കമ്പനികൾക്ക്​ റിസർവ്​ ബാങ്കി​​​​​െൻറ മൂൻകൂട്ടിയുള്ള അനുമതിയോടെ മാത്ര​െമ ഒരു തുണ്ട്​ ഭൂമി പോലും വിൽക്കാനാകൂ. അങ്ങിനെ ഒരു അനുവാദം വാങ്ങിയിട്ടി​െല്ലന്ന്​ അവർ ആധാരങ്ങളിൽ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്​. 

മൂന്നാറിലെയും മലക്കപ്പാറയിലെയും ഭൂമിയുടെ ഉടമസ്​ഥതക്ക്​ ആധികാരികമായ ഒരു രേഖയും ഇതുവരെ എവി​െടയും കാട്ടിയിട്ടില്ല. ആധാരം ഒപ്പിട്ടത്​ കൊൽക്കത്തയിലാണ്​. സ്​റ്റാമ്പ്​ ഡ്യുട്ടി അടച്ചിരിക്കുന്നത്​ കേരളത്തിൽ. ഇത്​ രജിസ്​ട്രേഷൻ ആക്​ടി​​​​​െൻറയും സ്​റ്റാമ്പ ്​ ആക്​ടി​​​​​െൻറയും ലംഘനമാണ്​. കേരളത്തിൽ ഒപ്പിടുന്ന ആധാരങ്ങൾ കേരളത്തിലെ മുദ്ര പത്രത്തിലാവണമെന്നാണ്​ വ്യവസ്​ഥ. ആധാരത്തിലെ വിൽപ്പനക്കാരനും വാങ്ങൽകാരനും സാക്ഷികളും എല്ലാം ബംഗാളിലെ മേൽവിലാസക്കാരാണ്​.


മൂന്നാർ ടാറ്റ കൈയ്യടക്കിയത് വെറും ഒരു രൂപക്ക്

മൂന്നാർ പട്ടണം ഭരിക്കുന്നതിന് അവകാശമുണ്ടെന്ന് പറഞ്ഞ് ടാറ്റ കാട്ടുന്ന ആധാരം വായിച്ചാൽ അതീവ രസകരമാണ്. ആധാരം ശുദ്ധ തട്ടിപ്പാണെന്ന് അതിൽ നിന്നു വ്യക്തമാകും. മൂന്നാർ പട്ടണം അടക്കം ഭൂമിയെല്ലാം വാങ്ങിക്കൂട്ടിയതിന് ബ്രിട്ടീഷ് കമ്പനിക്ക് ടാറ്റ നൽകേണ്ടി വന്നത് എത്ര രൂപയെന്നറിയുമോ? വെറും ഒരുരൂപ. ആധാരത്തിൽ പറയുന്നത് 1,58,41,025 രൂപക്കാണ് വിൽപ്പന നടത്തുന്നതെന്നാണ്. ഇത്രയും തുക കമ്പനിക്ക് നൽകുന്നതിനായി പറയുന്ന വ്യവസ്​ഥകൾ വായിക്കുമ്പോൾ മനസിലാകും ടാറ്റക്ക് മുടക്കേണ്ടി വന്നത് എത്രയെന്ന്.

ആധാരത്തിൽ പറയുന്നത് ഇങ്ങനെ: ‘‘യുണൈറ്റഡ് കിഗ്ഡം കമ്പനീസ്​ ആക്ട് പ്രകാരം രജിസ്​റ്റർ ചെയ്ത സ്​കോട്​ലൻഡ് ആസ്​ഥാനമായി പ്രവർത്തിക്കുന്നതും ഇന്ത്യയിലെ കൽക്കത്ത കേന്ദ്രമാക്കി ബിസിനസ്​ നടത്തിവരുന്നതുമായ കണ്ണൻ ദേവൻ ഹിൽസ്​ െപ്രാഡ്യൂസ്​ കമ്പനി ലിമിറ്റഡ് വിൽപ്പനക്കാരനായും ഇന്ത്യൻ കമ്പനീസ്​ ആക്ട് (1956) പ്രകാരം രജിസ്​റ്റർ ചെയ്ത ബോംബെ ആസ്​ഥാനമായി പ്രവർത്തിക്കുന്നതും കൽക്കത്ത കേന്ദ്രമാക്കി ബിസിനസ്​ നടത്തുന്നതുമായ ടാറ്റ ഫിൻലെ ലിമിറ്റഡ് വാങ്ങൽകാരനായും തയാറാക്കുന്ന ഈ ആധാരപ്രകാരം, വിൽപ്പനക്കാരൻ ഇന്ത്യയിലെ കേരള സംസ്​ഥാനത്ത് തേയിലയും മറ്റ് പ്ലാേൻറഷൻസുമായി ബന്ധപ്പെട്ട് നടത്തിവരുന്ന എല്ലാ ബിസിനസും തുടർന്ന് നടത്തുന്നതിനും അവരുടെ പിന്തുടർച്ചക്കാരായി പ്രവർത്തിക്കുന്നതിനും വിൽപ്പനക്കാര​​​​​െൻറ എല്ലാ േട്രഡ് മാർക്കുകളും ഉപയോഗിക്കുന്നതിനും ഉള്ള അവകാശം 1,58,41,025 രൂപക്കും കമ്പനിയുടെ ഗുഡ് വിൽ (ജനപ്രീതി) അവകാശം ഒരു രൂപക്കും കൈമാറുന്നു. ഗുഡ് വിൽ അവകാശം കൈമാറുന്നതിനുള്ള തുകയായ ഒരു രൂപ ക്യാഷായി നൽകണം. 1,58,41,025 രൂപയിൽ 38,95,000രൂപക്ക് പകരം വാങ്ങൽകാരൻ ത​​​​​െൻറ കമ്പനിയുടെ മൂലധനത്തിൽ നിന്ന് വിൽപ്പനക്കാരനായ കമ്പനിക്ക് പത്തു രൂപ മുഖവിലയുള്ള 3,89,500 ഓഹരികൾ നൽകണം. ബാക്കി 1,19,46,825 രൂപ വിൽപ്പനക്കാരനായ കമ്പനി അവരുടെ ബുക്ക് ഓഫ് അക്കൗണ്ടിൽ രേഖപ്പെടുത്തി അഞ്ചു ശതമാനം പലിശ നിരക്കിൽ വായ്പയായി വാങ്ങൽകാരന് അനുവദിച്ചു നൽകും. വാങ്ങൽകാരനായ കമ്പനി പൊതുജനങ്ങൾക്ക് ഷെയർ വിൽപ്പന തുടങ്ങി ഒരുവർഷം തികയുന്നിടം മുതൽ വായ്പാ തുക തിരിച്ചടക്കണം’’. അതായത് നാട്ടുകാരിൽ നിന്ന് ഷെയർ വിൽപ്പനയിലൂടെ സ്വരൂപിക്കുന്ന തുക നൽകിയാൽ മതി എന്നർത്ഥം.

ഇതിൽ നിന്ന് വ്യക്തമാണല്ലോ ടാറ്റക്ക് സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടി വന്നത് ഒരു രൂപ മാത്രമാണെന്ന്. തീർന്നില്ല, തമാശകൾ. കണ്ണൻ ദേവൻ ഹിൽസ്​ െപ്രാഡ്യൂസ്​ കമ്പനി(യു.കെ)ക്ക് വേണ്ടി വിൽപ്പന ആധാരം ചമച്ചിരിക്കുന്നത് എസ്​. പുരി എന്നൊരാളാണ്. ടാറ്റ ഫിൻലെക്ക് വേണ്ടി വാങ്ങിയത് ഒരു എസ്​.കെ മെഹ്റയും. ആരായിരുന്നു ഇവരെന്നോ. ടാറ്റയുടെ കമ്പനിയിലെ ജീവനക്കാർ. വിൽപ്പന നടത്തുന്നതിന്​ ബ്രിട്ടീഷ്​ കമ്പനിയുടെ പവർ ഒാഫ്​ അ​​േറ്റാർണി എസ്​. പുരിക്ക്​ ഉള്ളതായിപോലും ആധാരത്തിൽ പറയുന്നില്ല. ടാറ്റയുടെ ജീവനക്കാരൻ വിദേശ കമ്പനിയുടെയും പ്രതിനിധിയായി ഒപ്പു വച്ചിരിക്കുന്നു എന്നേയുള്ളൂ. ഇതിൽ നിന്ന്​ ഇന്ത്യയിൽ ഇല്ലാത്ത കമ്പനിയുടെ പേരിൽ ടാറ്റ സ്വയം ആധാരം ചമച്ചു എന്നല്ലേ കരുതാനാവുക.


ആധാരം രജിസ്​റ്റർ ചെയ്ത് നൽകിയ ദേവികുളം സബ് രജിസ്​ട്രാർ രേഖകളൊന്നും അന്വേഷിച്ചില്ല. ടാറ്റക്കു മുന്നിൽ എല്ലാവരും പഞ്ചപുച്ഛമടക്കിനിന്നു. 381/1977 നമ്പരായ ആധാരം ചമച്ചത് 1976 ഡിസംബർ 31നാണ്. മറ്റ് രണ്ട് ആധാരങ്ങളുമുണ്ട്. ദേവികുളം, പെരിയ കനാൽ, പള്ളിവാസൽ എസ്​റ്റേറ്റുകൾ എന്നിവയുടെ വിൽപ്പന വിവരിക്കുന്ന 380/1977, തൃശൂർ മലക്കപ്പാറയിലെ 824/1977എന്നിവയാണവ. 380/1977 ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ് കമ്പനിയും ടാറ്റ ഫിൻലേയും തമ്മിലുള്ളതും 824/1977 അമാൽഗമേറ്റഡ് ടീ എസ്​റ്റേറ്റ് കമ്പനിയും ടാറ്റ ഫിൻലേയും തമ്മിലുള്ളതും ആണ് അവ. 380/1977 ൽ പറയുന്നത്​ ഞങ്ങളുടെ ​ൈകയ്യിലുള്ളത്​ 4575.18 ഏക്കറാണെങ്കിലും ആധാര പ്രകാരം ഞങ്ങൾ 5250.06 ഏക്കറോളം നൽകുന്നു എന്നാണ്​. 

പള്ളിവാസൽ എസ്​റ്റേറ്റിൽ സർക്കാർ സ്വകാര്യ വനമായി പ്രഖ്യാപിച്ച ഭൂമി, പെരിയ കനാലിൽ കൈയ്യറിയതും സംസ്​ഥാന ലാൻഡ്​ ബോർഡ്​ മിച്ച ഭൂമിയായി പ്രഖ്യാപിച്ചതുമായ 4.84 ഏക്കർ ഭൂമി എന്നിവയെല്ലാം കൈമാറുന്നു എന്നും പറയുന്നു​. 824/1977ൽ പറയുന്നത്​ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിൽ കോടശ്ശേരി വില്ലേജിലെ മലക്കപ്പാറ എസ്​റ്റേറ്റിൽ വിൽപ്പനക്കാര​​​​​െൻറ ​ൈകവശം 1923.785 ഏക്കർ മാത്രമാണുള്ളതെങ്കിലും ഏകദേശം 2135.65 ഏക്കർ വാങ്ങൽ കാരന്​ ​ൈകമാറുന്നു എന്നാണ്​. വിൽപ്പനകാരനും വാങ്ങൽകാരനും സാമ്പത്തിക ​ൈകമാറ്റ വ്യവസ്​ഥകളും ഒാഹരി വ്യവസ്​ഥയുമെല്ലാം 381/1977 നമ്പർ ആധാരത്തിലേതു തന്നെ. അവയിലും വിൽപ്പനക്കാരൻ എസ്​.പുരിയും വാങ്ങലുകാരൻ എസ്​.കെ മെഹ്റയുമാണ്. ഇതു പ്രകാരം കമ്പനിയുടെ ഭൂ സ്വത്തും കച്ചവട അവകാശങ്ങളുമെല്ലാം 1976 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്ല്യത്തോടെ ടാറ്റക്കു ലഭിക്കുമെന്നും പറയുന്നു. 1976 ഡിസംബർ 31ന്​ എഴുതിയ ആധാരത്തിൽ ​ 1976 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്ല്യം നൽകുന്നു എന്നു പറഞ്ഞ​േപ്പാൾ ഇതെന്തു പുകിലെന്നും ആരും ചോദിച്ചില്ല.


ടാറ്റയും തൊഴിലാളി .. ?
ഒരു സ്​ഥാപനത്തി​​​​​െൻറ മുതലാളി ലാഭം കൈപ്പറ്റുന്ന ആളാണല്ലോ. വൻകിട കമ്പനികളുടെ നടത്തിപ്പുകാരായ ജനറൽ മാനേജർ, എം.ഡി എന്നിവരെല്ലാം കമ്പനിയുടെ തൊഴിലാളികളാണ്​. ഇവരുടെ സ്​ഥാനകയറ്റം അനുസരിച്ച്​ വരുമാനത്തിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകുമെന്നേയുള്ളൂ. മൂന്നാറിലെ തോട്ടങ്ങളിൽ പണിയെടുക്കുന്നവർ​ മുതലാളിയായി കാണുന്നത്​ ടാറ്റയെയാണ്​. സത്യത്തിൽ അതുക്കും മേലെ ഒരു മുതലാളിയു​െണ്ടന്നാണ്​ ടാറ്റയുടെ ആധാരങ്ങളിൽ നിന്ന്​ വെളിപ്പെടുന്നത്​. 

381/1977 ആധാരത്തിൽ പറയുന്നത്​ വിൽപ്പനക്കാരനായ കമ്പനിക്ക്​ വാങ്ങൽകാരൻ നൽകേണ്ട 1,58,41,025 രൂപയിൽ 38,95,000രൂപക്ക് പകരം വാങ്ങൽകാരൻ ത​​​​​െൻറ കമ്പനിയുടെ മൂലധനത്തിൽ നിന്ന് വിൽപ്പനക്കാരനായ കമ്പനിക്ക് പത്തു രൂപ മുഖവിലയുള്ള 3,89,500 ഓഹരികൾ നൽകണം എന്നാണ്​. ഇതിൽ നിന്ന്​ ടാറ്റ ഫിൻലേയിൽ സായിപ്പന്മാരുടെ കമ്പനികൾക്ക്​​ ഒാഹരി പങ്കാളിത്തമുണ്ടെന്ന്​ വ്യക്​തമാകുന്നു. 380/1977, 824/1977എന്നീ ആധാരങ്ങളിലും സമാനമായ ഒാഹരി പങ്കാളിത്തം വ്യവസ്​ഥചെയ്യുന്നു. അതുവഴി കമ്പനിയുടെ ലാഭ വിഹിതത്തിന്​ സായിപ്പുമാർ അർഹരാകുന്നു. 

സ്വതന്ത്ര്യം ലഭിച്ചിട്ടും ഇത്തരം കമ്പനികളിലൂടെ രഹസ്യമായി രാജ്യത്തെ സമ്പത്ത്​ ബ്രിട്ടീഷുകാർ ഉൗറ്റുന്നത്​ തുടർന്നിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ്​ ഇതിൽ നിന്ന്​ വ്യക്​തമാകുന്നത്​. അപ്പോൾ യഥാർത്​ഥ മുതലാളിയാരാണെന്ന്​ ഉൗഹിക്കുക. ഇവിടെ തൊഴിലാളികൾക്ക്​ നക്കാപിച്ച കാശ്​കൊടുത്ത്​ പണിയെടുപ്പിച്ച്​ ബിസിനസ്​ ചെയ്​ത്​ ലാഭമുണ്ടാക്കി അത്​ ബ്രിട്ടീഷ്​ കമ്പനിക്ക്​ നൽകുന്ന ഏജൻസിപ്പണിയാണ്​ ടാറ്റചെയ്​തിരുന്നതെന്നെ ഇതിൽ നിന്ന്​ കരുതാനാവൂ. ടാറ്റ ഫിൻലേ പിന്നീട്​ പല കമ്പനികളായി രൂപമാറ്റം വന്നതിനിടക്ക്​ എവി​െടയോ ഒാഹരി പങ്കാളിത്തം കാണാമറയത്തേക്ക്​ മാറ്റിയതായാണ്​ അറിയുന്നത്​.

ടാറ്റ ബ്രിട്ടീഷ്​ കമ്പനിയുടെ ഏജ​േൻറാ ബിനാമിയോ ആയാണ്​ തുടരുന്നതെന്ന സംശയം ഇതിൽ നിന്ന്​ ആർക്കും ഉണ്ടാകും. ഹാരിസൺസ്​ മലയാളം കമ്പനിയിലും 19.72 ശതമാനം ഒാഹരി പഴയ മലയാളം പ്ലാ​േൻറഷൻസിനുണ്ട്​. അത്​ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ്​ തങ്ങൾക്ക്​ സ്വന്തമായി ഭൂമിയില്ലെന്നും കൈവശമുള്ള ഭൂമിയുടെ ഉടമസ്​ഥത ഇപ്പോഴും ബ്രിട്ടീഷ്​ കമ്പനിയായ മലയാളം പ്ലാ​േൻറഷൻസിനാണെന്നും അവർ സമ്മതിക്കുകയും വാർഷിക റിപ്പോർട്ടുകളിൽ അത്​ രേഖപ്പെടുത്തുകയും ചെയ്​തു തുടങ്ങിയത്​. മുകളിൽ പറഞ്ഞ ഫെറ നിയമത്തി​െല വ്യവസ്​ഥകൾ ഒാർക്കുക. രണ്ട്​ കമ്പനികളുടെയും നിയമ ലംഘനം വ്യക്​തമാകും. റവന്യൂ സ്​പെഷൽ ഒാഫീസർ എം.ജി രാജമാണിക്യം 2017 മേയ്​ 29ന്​ സർക്കാറിന്​ നൽകിയ റിപ്പോർട്ടിൽ ‘‘വിദേശകമ്പനികൾ ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ ഓഹരികൾ നേടിയതിലൂടെ ടി ഭൂമിയിലെ ആദായം നിലവിലും പരോക്ഷമായി (Indirect) കൈപ്പറ്റി വരുന്നു.’’ എന്ന്​ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ തോട്ട ഭൂമികളുടെ മേൽ ബിനാമികളിലൂടെയും ഏജൻറുമാരിലൂടെയും വിദേശി കമ്പനികൾ​ ആധിപത്യം പുലർത്തുന്നു എന്ന്​ വ്യക്​തമാകുന്ന ശുപാർശകൾ വേറെയും സർക്കാറി​​​​​െൻറ മുന്നിലുണ്ട്​. ഇതി​​​​​െൻറ നിജ സ്​ഥിതി കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലൂടെയെ വ്യക്​തമാകൂ. അത്തരം അന്വേഷണം വേണമെന്ന റിപ്പോർട്ടുകൾ കേരള സർക്കാർ പൂഴ്​ത്തിവച്ചിരിക്കുകയുമാണ്​.


ടാറ്റയുടെ പരിണാമം
സായിപ്പുമാരിൽ നിന്ന്​ ആധാരങ്ങൾ എഴുതി വാങ്ങിയെന്ന്​ അവകാശപ്പെടുന്ന ടാറ്റ ഫിൻലേ പിന്നീട് ടാറ്റ ടീ ലിമിറ്റഡായും ടാറ്റ ഗ്ലോബൽ ബിവറേജസ്​ ലിമിറ്റഡ് ആയും മാറിയിരുന്നു. ടാറ്റ ഗ്ലോബൽ ബിവറേജസ്​ ലിമിറ്റഡി​​​​െൻറ സബ്സിഡിയറി കമ്പനിയായാണ് ഇപ്പോഴത്തെ കണ്ണൻ ദേവൻ ഹിൽസ്​ പ്ലാേൻറഷൻസ്​ കമ്പനി (കെ.ഡി.എച്ച്.പി - ഇന്ത്യ) പ്രവർത്തിക്കുന്നത്.

ആധാരങ്ങളിലെ തമാശകൾ തീരുന്നില്ല. 1977 കഴിഞ്ഞ് 17 വർഷം പിന്നിട്ടപ്പോൾ 1994 ജൂലൈ 29ന് മറ്റൊരു ആധാരം ചമക്കുന്നു. വെറും 15 രൂപയുടെ മുദ്ര പത്രത്തിൽ. ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ് കമ്പനിയും ടാറ്റ ഫിൻലേയും തമ്മിലുള്ള 380/1977 ആധാരത്തിലെ പിശക് തിരുത്താൻ. അതിൽ പറയുന്നത് ഇങ്ങനെ: ‘‘ഇംഗ്ലണ്ടിലെ കമ്പനീസ്​ ആക്ട് പ്രകാരം രജിസ്​റ്റർ ചെയ്ത സ്​കോട്ട്​ലൻഡിലെ ഗ്ലസ്​ഗോവ് ജി രണ്ട് 282, 87 – 97 ബാത്ത് സ്​ട്രീറ്റ്, ഹെലനോ ഹൗസിൽ പ്രവർത്തിക്കുന്നതും മുമ്പ് ഇന്ത്യയിൽ കൽക്കട്ടയിലെ നേതാജി സുബാഷ്ചന്ദ്ര റോഡ് ആസ്​ഥാനമായി ബിസിനസ്​ നടത്തിയിരുന്നതുമായ ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ് കമ്പനി ഒന്നാം കക്ഷിയും 1956ലെ കമ്പനീസ്​ ആക്ട് പ്രകാരം രജിസ്​റ്റർ ചെയ്തതും കൽക്കട്ടയിൽ ബിഷപ്പ് ലെഫ്റോയി റോഡിൽ നമ്പർ ഒന്ന് രജിസ്​റ്റേർഡ് ഓഫീസായി പ്രവർത്തിക്കുന്ന ടാറ്റ ടീ ലിമിറ്റഡ് മറുകക്ഷിയുമായി തയാറാക്കുന്ന കരാർ. 1976 ഡിസംബർ 31ന് ഇതേ രണ്ട് കമ്പനികളും കക്ഷികളായി 4575.18 ഏക്കർ വരുന്ന പെരിയകുളം, പള്ളിവാസൽ, ദേവികുളം എസ്​റ്റേറ്റുകൾ ഭൂമി കൈമാറ്റം ചെയ്തുകൊണ്ട് രജിസ്​റ്റർ ചെയ്ത 380/1977 ആധാരത്തിൽ (മാതൃ ആധാരം) പറയുന്നതും അതേസമയം ഭൂമി വാങ്ങിയ ടാറ്റ ഫിൻലേ ലിമിറ്റഡ് 1983ൽ ​േപര് മാറ്റിയതുമായ കമ്പനിയാണ് ടാറ്റ ടീ ലിമിറ്റഡ്. ഇരു കമ്പനികളും തമ്മിൽ ചമച്ച മാതൃ ആധാരത്തിൽ ചില തെറ്റുകൾ കടന്നു കൂടി. മുകളിൽ പറഞ്ഞ മൂന്നു എസ്​​േറ്ററ്റുകളും കണ്ണൻദേവൻ ഹിൽസ്​, മൂന്നാർ പഞ്ചായത്ത്, ദേവികുളം താലൂക്ക് എന്നാണ് മാതൃ ആധാരത്തിൽ പറയുന്നത്. ഇതിൽ പെരിയകുളം ചിന്നക്കനാൽ പഞ്ചായത്തിൽ ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിലും പള്ളിവാസൽ എസ്​റ്റേറ്റ് പള്ളിവാസൽ പഞ്ചായത്തിൽ പള്ളിവാസൽ വില്ലേജിലും പെടുന്നവയാണ്. മാതൃ ആധാരത്തിൽ സംഭവിച്ച തെറ്റ് ഇവിടെ തിരുത്തുന്നു’’. അതായത്​ ഭൂമിയുടെ ആവാസ സ്​ഥാനം തന്നെ മൊത്തത്തിൽ തിരുത്തി.

ഈ തിരുത്ത് ആധാരത്തിൽ ഒപ്പു വച്ചിരിക്കുന്നത് എസ്​.പുരിയും എസ്​.കെ മെഹ്റയുമല്ല. പകരം കെ.പി സുദർശനനും ടി. ദാമുവുമാണ്. സുദർശനന് പവർ ഓഫ് അറ്റോർണി കൊടുത്തിരിക്കുന്നത് ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ് കമ്പനിയല്ല. കെ.ഡി.എച്ച്.പി കമ്പനിയാണ്. അതിന് എന്ത് നിയമസാധുതയെന്ന് ആരും ചോദിച്ചില്ല. 1994ലും ബ്രിട്ടീഷ് കമ്പനി സ്വതന്ത്ര ഇന്ത്യയിൽ ആധാരം ചമക്കലും ഭൂമി കൈമാറ്റവും നടത്തുന്നത് ഏത് നിയമത്തി​​​​െൻറ അടിസ്​ഥാനത്തിലാണ്. 1976ലെ ഭൂമി വിൽപ്പന, 1994ലെ തിരുത്ത് ആധാരം എന്നിവക്ക്​​ നിയമസാധുത ഉണ്ട് എങ്കിൽ ബ്രിട്ടീഷ് കമ്പനികൾക്ക് ഇനിയും ഇവിടെ ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും അവകാശമുണ്ടാകുമല്ലോ. ഇതൊന്നും കാണാൻ ജന നേതാക്കൾക്കും വീറോടെ വിപ്ലവം പറയുന്ന പാർട്ടികൾക്കും സാക്ഷാൽ സർക്കാറിനും കണ്ണില്ലാത്തതെന്ത്.


കണ്ണൺ ദേവൻ കുന്നുകൾ സർക്കാർ ഏറ്റെടുത്തത് അഞ്ചുതവണ എന്നിട്ടും...

കണ്ണൻ ദേവൻ കുന്നുകൾ 1971ൽ കണ്ണൻ ദേവൻ ഹിൽസ്​ (ലാൻഡ് റിസംപ്ഷൻ) ആക്ട് അനുസരിച്ച് സംസ്​ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. എന്നിട്ടും ഇന്നും മൂന്നാർ ഒട്ടാകെ വാഴുന്നത് ടാറ്റയാണ്. വൈദ്യുതി - കുടിവെള്ള വിതരണത്തിനുപോലും ടാറ്റയുടെ അനുമതി ആവശ്യമാണ്. 1971ലെ ഏറ്റെടുക്കലിനു മുമ്പ് മൂന്നുതവണ കണ്ണൻ ദേവൻ കുന്നുകൾ സർക്കാർ ഏറ്റെടുത്ത ചരിത്രമുണ്ട്. അതിങ്ങനെയാണ്. തിരുവിതാംകൂറിലെ നാട്ടു രാജ്യമായ പൂഞ്ഞാർ കോയിക്കലി​​​​െൻറ പക്കലായിരുന്നു കണ്ണൻ ദേവൻ കുന്നുകൾ. അവർ ബ്രിട്ടീഷുകാരനും മദ്രാസ്​ പ്രസിഡൻസി പോസ്​റ്റ്​ മാസ്​റ്റർ ജനറലുമായ ജോൺ ഡാനിയൽ മൺറോക്ക്​ കണ്ണൻ ദേവൻ കുന്നുകൾ അടങ്ങുന്ന 1,45,280 ഏക്കർ പാട്ടത്തിനു നൽകി. 

(1877 ജൂലൈ 11ലെ ഒന്നാം പൂഞ്ഞാർ കൺസഷൻ) ഈ ഒപ്പിടൽ നടക്കുമ്പോൾ കണ്ണൻ ദേവൻ മലനിരകളുടെ ഉടമസ്​ഥത തിരുവിതാംകൂർ സർക്കാറിനായിരുന്നു. തിരുവിതാംകൂർ രാജാവി​​​​െൻറ അനുമതി വാങ്ങാതെയാണ് പൂഞ്ഞാർ മുഖ്യൻ മൺറോയുമായി കരാർ ഒപ്പിട്ടത്. 1878 നവംബർ 28നാണ് തിരുവിതാംകൂർ രാജാവ് ഈ കരാറിന് അംഗീകാരം നൽകിയത്. ഈ അംഗീകാര പത്രത്തിൽ പൂഞ്ഞാർ മുഖ്യനും മൺറോയുമായി ഒപ്പിട്ടത് ഒരു പാട്ടക്കരാർ (lease deed) മാത്രമാണെന്നും അതനുസരിച്ച് വർഷംതോറും 3000 രൂപ മൺറോയിൽ നിന്ന് കൈപ്പറ്റാനുള്ള അവകാശം മാത്രമാണ് പൂഞ്ഞാർ മുഖ്യനുള്ളതെന്നും പറയുന്നു. കരാറനുസരിച്ച് കണ്ണൻ ദേവൻ മലനിരകൾ തലമുറകളായി അനുഭവിക്കുകയോ കൈമാറുകയോ ചെയ്യാവുന്ന പാട്ട ഭൂമി എന്ന നിലയിലാണ് മൺറോക്ക് നൽകുന്നത്. അല്ലാതെ ഭൂമി വിൽക്കുകയല്ല ചെയ്തത്. 

1879 ഡിസംബർ എട്ടിന്​ മൺറോ സായിപ്പ്​ ഇൗ ഭൂമിയിൽ തനിക്കുള്ള പാട്ട അവകാശം നോർത്ത്​ ട്രാവൻകൂർ ലാൻഡ്​ പ്ലാൻറിംഗ്​ അഗ്രികൾച്ചറൽ സൊസൈറ്റി ലിമിറ്റഡിന്​ കൈമാറി. ഇൗ കൈമാറ്റത്തിന്​ 1886 ആഗസ്​റ്റ്​ രണ്ടിന്​ തിരുവിതാംകൂർ സർക്കാർ അംഗീകാരം നൽകി. അവിടെ ഒരു നിയന്ത്രണവുമില്ലാതെ മരം വെട്ടും പ്രകൃതി ചൂഷണവും നടത്തുന്നുവെന്ന് ബോധ്യമായ തിരുവിതാംകൂർ ഭരണാധിപൻ ശ്രീമൂലം തിരുനാൾ കണ്ണൻ ദേവൻ കുന്നുകൾ ഏറ്റെടുത്ത് 1899 സെപ്​റ്റംബർ 24ന്​ രാജവിളംബരം ഇറക്കി. കണ്ണൻ ദേവൻ കുന്നുകൾ തിരുവിതാംകൂറി​​​​െൻറ ഭാഗമാണെന്നും ആ ഭൂമിയിൻമേലുള്ള എല്ലാ ഉടമസ്​ഥതയും അവകാശങ്ങളും സർക്കാറിൽ നിക്ഷിപ്തമായിരിക്കുന്നുവെന്നുമാണ് ആ വിളംബരത്തിൽ പറയുന്നത്. അതായിരുന്നു കണ്ണൻ ദേവൻ കുന്നുകളുടെ ആദ്യ ഏറ്റെടുക്കൽ. 


ഒൗദ്യോഗികമായി ഭൂമി സർക്കാർ ഏ​െറ്റടുത്തുവെങ്കിലും പാട്ടക്കരാർ അനുസരിച്ചുള്ള കൈവശാവകാശം നോർത്ത് ട്രാവൻകോർ ലാൻഡ് പ്ലാൻറിംങ് ആൻറ് അഗ്രികൾച്ചർ സൊസൈറ്റി ലിമിറ്റഡിനായിരുന്നു. അവർ ഇൗ ഭൂമി 1900 ജൂലൈ 16ന്​ കണ്ണൻ ദേവൻ ഹിൽസ്​ പ്ലാ​േൻറഷൻസ്​ കമ്പനി (കെ.ഡി.എച്ച്.പി)ക്ക്​ കൈമാറി. കെ.ഡി.എച്ച്.പി 1936 ഏപ്രിൽ ആറിന്​ തങ്ങളുടെ പക്കലുള്ളതിൽ പെടുന്ന ദേവികുളം എസ്​റ്റേറ്റ്​ ആംഗ്ലോ അമേരിക്കൻ ഡയറക്​ട്​ ടീ ട്രേഡിംങ്ങ്​ എന്ന ബ്രിട്ടീഷ് കമ്പനിക്ക്​ നൽകി. അവരിൽ നിന്നും ടാറ്റ ഫിൻലേയുടെ പക്കലും പിന്നീട്​ ഗ്ലോബൽ ബിവറേജസ്​ ലിമിറ്റഡി​​​​െൻറ പക്കലും എത്തി. പിന്നീട് അവരുടെ സബ്സിഡിയറി കമ്പനിയായ ഇന്നത്തെ കണ്ണൻദേവൻ ഹിൽസ്​ പ്ലാേൻറഷൻസി​​​​െൻറ (കെ.ഡി.എച്ച്.പി) പക്കലും എത്തുകയായിരുന്നു. 1955ൽ ഇടവക റൈറ്റ്സ്​ അക്വിസിഷൻ ആക്ട് പ്രകാരം തിരുകൊച്ചി സർക്കാർ എല്ലാ ഇടവകകളുടെയും കൈവശ ഭൂമി വിലയാധാരം വഴി പൊന്നുംവില നൽകി ഏറ്റെടുത്തു.

 1955 നവംബർ 18ന്​ പൂഞ്ഞാർ സബ്​ രജിസ്​ട്രാർ ഒാഫീസിൽ രജിസ്​റ്റർ ചെയ്​ത 2744/1955 നമ്പർ ആധാര പ്രകാരം പൂഞ്ഞാർ കോയിക്കൽ മഠത്തി​​​​െൻറ ഭൂമിയുടെ അവകാശം മുഴുവൻ ഒഴിഞ്ഞു നൽകിയതിന് മഠത്തിന് സർക്കാർ 5,47,864 രൂപയാണ് പൊന്നും വിലയായി അന്ന് നൽകിയത്. അതോടെ കണ്ണൻദേവൻ മലനിരകളുടെ മേൽ പൂഞ്ഞാർ ഇടവകക്ക് ഉണ്ടായിരുന്ന അവകാശം പൂർണമായും ഇല്ലാതായി. കണ്ണൻ ദേവൻ മലകൾ പൂർണമായും സർക്കാർ വകയുമായി. അതനുസരിച്ച് 1956 ജനുവരി ഒന്നിന് ഇടവക ഭൂമികൾ മുഴുവൻ സർക്കാറിന് കൈമാറി. അതായിരുന്നു രണ്ടാമത്തെ ഏറ്റെടുക്കൽ. സ്വാതന്ത്ര്യാനന്തരം കേരള സംസ്​ഥാനം രൂപവത്കരിക്കുന്നതിന് മുന്നോടിയായാണ് ഇടവക റൈറ്റ്സ്​ അക്വിസിഷൻ ആക്ട് കൊണ്ടുവന്നത്. നാട്ടു രാജ്യങ്ങൾ രാജ്യത്തോട് ലയിപ്പിച്ചെങ്കിലും ഇടവകകൾ വൻ ഭൂ ഉടമകളായും അവിടുത്തെ കരം പിരിവുകാരായും തുടരുന്നത് തടയാനായിരുന്നു ഇത്.

 ഇടവകകളുടെ അവകാശം എഴുതി വാങ്ങി രാജ്യത്തോട് ചേർക്കുന്ന ഒരു സാങ്കേതിക കാര്യം എന്ന നിലയിൽ കാര്യങ്ങൾ നീങ്ങിയതിനാൽ കെ.ഡി.എച്ച്.പി കമ്പനിയെ ആരും ഒഴിപ്പിച്ചില്ല. യഥാർത്ഥത്തിൽ സർക്കാർ വിലകൊടുത്തു വാങ്ങിയ ഭൂമി കൈവശം വയ്ക്കുന്നതിൽ നിന്ന് തോട്ടങ്ങൾ നടത്തുന്ന കമ്പനികളെ എല്ലാം അന്ന് ഒഴിപ്പിക്കേണ്ടതായിരുന്നു. പക്ഷേ അവർ കൃഷിയും വിളവെടുപ്പും തുടർന്നു, പുതിയ കരാറുകൾ ഒപ്പുവയ്ക്കുകപോലും ചെയ്യാതെ. 1963ലെ ഭൂപരിഷ്കരണ നിയമ പ്രകാരം സംസ്​ഥാനത്തെ എല്ലാ പാട്ടക്കരാറുകളും റദ്ദായി. പാട്ട ഭൂമികൾ മുഴുവൻ സർക്കാർ ഏറ്റെടുത്തു. പിന്നീട് തോട്ടം മേഖലയിലെ കൃഷിഭൂമികൾക്ക് കൈവശ ഭൂമിയുടെ പരിധിയിൽ ഇളവ് അനുവദിച്ച് വിട്ടു നൽകുകയായിരുന്നു. അതനുസരിച്ചും കണ്ണൻ ദേവൻ മലകൾ സാങ്കേതികമായി സർക്കാർ ഏറ്റെടുക്കുകയും വിട്ടു നൽകുകയുമായിരുന്നു. 


1971ൽ കണ്ണൻ ദേവൻ ഹിൽസ്​ (ലാൻഡ് റിസംപ്ഷൻ) ആക്ട് അനുസരിച്ച് 1,37,424 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. പൂഞ്ഞാർ മുഖ്യനിൽ നിന്ന് കെ.ഡി.എച്ച്.പി കമ്പനിക്ക് പാട്ടത്തിന് നൽകിയത് 1,45,280 ഏക്കറായിരുന്നു. ഇതിനകം 7,856 ഏക്കറോളം ഭൂമി തദ്ദേശവാസികൾ പട്ടയം വഴിയും മറ്റും സ്വന്തമാക്കിയിരുന്നു. അത് ഒഴിവാക്കിയാണ് കണ്ണൻ ദേവൻ ഹിൽസ്​ ഓർഡിനൻസ്​ ഇറക്കിയത്. അതായിരുന്നു നാലാമത്തെ ഏറ്റെടുക്കൽ. ആക്ടിലെ വ്യവസ്​ഥയനുസരിച്ച് ഏറ്റെടുത്ത ഭൂമിയിൽ നിന്ന് സംസ്​ഥാന ലാൻഡ് ബോർഡ് 57192.65 ഏക്കർ കൃഷി ആവശ്യത്തിനായി ടാറ്റക്ക് പിന്നീട് വിട്ടു നൽകി. പക്ഷേ ടാറ്റ അവകാശപ്പെടുന്നത് 1,04,169.65 ഏക്കർ തങ്ങൾക്കുണ്ടെന്നാണ്. അതിന് കാട്ടുന്നത് നേരത്തെ പറഞ്ഞ തരികിട ആധാരങ്ങളും. ടാറ്റയെ വർഗ ശത്ര​ുവായി കാണുന്ന സാക്ഷാൽ വി.എസ്​ അച്യുതാനന്ദൻ 2010ൽ കണ്ണൻദേവൻ ഹിൽസ്​ ( പുനരേറ്റെടുക്കൽ) ബിൽ കൊണ്ടു വന്നിരുന്നു. അതു വഴി ആകെ ഏറ്റെടുത്തത്​ 1000 ത്തോളം ഏക്കർ മാത്രമാണ്​. അപ്പോഴും ടാറ്റയെ തൊടാനായില്ല.

ഭൂമിയുടെ ഉടമസ്​ഥത ഒരിക്കലും ആരും കെ.ഡി.എച്ച്.പി കമ്പനിക്കോ, ടാറ്റക്കോ എഴുതി നൽകിയിട്ടില്ലെന്ന് മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് വ്യക്തമാണ്. അവയല്ലാതെ മറ്റ് കരാറുകളോ നിയമങ്ങളോ കണ്ണൻ ദേവൻ കുന്നുകളുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. ഉള്ളവ എല്ലാം പാട്ടക്കരാറുകൾ മാത്രമാണ്. 381/1976 നമ്പർ ആധാരത്തിൽ പറയുന്നത് വിൽപ്പനക്കാരനായ പഴയ കമ്പനിയുടെ അവകാശങ്ങളും ബിസിനസുകളും കൈമാറുന്നു എന്നും പഴയ കമ്പനിയുടെ പിന്തുടർച്ചക്കാരായി വാങ്ങൽ കാരനായ കമ്പനിയെ എല്ലാ ബിസിനസും തുടർന്ന് നടത്തുന്നതിനും ഉള്ള അവകാശം കൈമാറുന്നു എന്നുമാണ്. പഴയ കമ്പനിക്ക് ഭൂമിയിലുണ്ടായിരുന്നത് പാട്ട അവകാശം മാത്രമാണ്. അതി​​​​െൻറ കൈമാറ്റമെ നടന്നുള്ളൂ എന്നും ഇതിൽ നിന്ന് വ്യക്തമാണ്. എന്നിട്ടും ടാറ്റ അവകാശപ്പെടുന്നത് ഒരു ലക്ഷത്തിലേറെ ഏക്കർ ഭൂമിയുടെ ഉടമസ്​ഥതയാണ്. അത് ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അവകാശപ്പെടുന്നത് ഒരു ലക്ഷത്തിലേറെ ഏക്കർ ഭൂമിയുടെ ഉടമസ്​ഥതയാണെങ്കിലും കൈവശം ഒന്നരലക്ഷത്തിലേറെ ഏക്കർ ഭൂമിയുണ്ട് എന്നാണ്​ ആരോപണം.

തുടരും

Tags:    
News Summary - tata and harrisons malayalam plantations history in munnar -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.