ഈ കുറിപ്പിന്റെ തുടക്കത്തിൽതന്നെ ഒരു കാര്യം പറഞ്ഞുവെക്കാനുണ്ട്. യു.പിയിലെ തൃപ്ത ത്യാഗിയെപ്പോലുള്ള അധ്യാപികമാരെ സർവിസിൽനിന്ന് പിരിച്ചുവിടുകയല്ല, അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ് വേണ്ടത്. നമ്മുടെ പിഞ്ചുമക്കളുടെ മനസ്സിനെ മുറിപ്പെടുത്തി ഉടച്ചുകളയുകയാണ് അത്തരം അധ്യാപകർ. ഇത് ഒറ്റപ്പെട്ട ഒരു സംഭവമാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാനോ സമാധാനിക്കാനോ സാധിക്കില്ല. കഴിഞ്ഞയാഴ്ച ഡൽഹി സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലും ഇതുപോലെ ഒരു അധ്യാപിക കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. കുഞ്ഞുങ്ങളും രക്ഷിതാക്കളും പരാതിപ്പെട്ടെങ്കിലും എന്തെങ്കിലും കാര്യമായ നടപടികളുണ്ടായോ? ഇത്തരം സംഭവങ്ങൾ കുട്ടികളുടെ മനസ്സിനെ എത്രമാത്രം മുറിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുമെന്ന കാര്യം ആരെയെങ്കിലും അലട്ടുന്നുണ്ടോ? ഇതിനകം തന്നെ വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന രാജ്യത്തെ മുസ് ലിം സമൂഹത്തെ കൂടുതൽ പിന്നോട്ടടിപ്പിക്കുന്നതിലേക്കാണ് ഇത്തരം വർഗീയ പ്രേരിത ‘അധ്യാപനം’ വഴിവെക്കുക എന്നത് തിരിച്ചറിയുക തന്നെ വേണം.
ആ ദൃശ്യങ്ങൾ കണ്ടതിൽപിന്നെ മുസഫർ നഗറിലെ ക്ലാസ് മുറിയും സഹപാഠികളുടെ അടിയേറ്റ് വിതുമ്പുന്ന ആ കുഞ്ഞുമോനുമായിരുന്നു എന്റെ മനസ്സ് നിറയെ. ആ രാത്രി നേരെയൊന്നുറങ്ങാൻ എനിക്കായില്ല. ഇതുപോലുള്ള അധ്യാപകരാണ് വിദ്യാലയങ്ങളിലുള്ളതെങ്കിൽ ചെറുപ്രായം മുതൽ തന്നെ അതിഭയാനകമായ വർഗീയ വിഭാഗീയ ചിന്തകൾ കുഞ്ഞുങ്ങളുടെ മനസ്സിൽ വേരുപിടിക്കും. അക്ഷരമാലയും പാഠഭാഗങ്ങളും പഠിപ്പിക്കുന്നതിനു പകരംThese teachers warn the children that they are racist and fascism. Picking up
സംഘ്പരിവാർ ഭരണകൂടം നടപ്പാക്കുന്ന വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന്റെ പ്രത്യാഘാതങ്ങളിലൊന്ന് വിദ്യാലയങ്ങൾക്കുള്ളിലും പുറത്തും മുസ് ലിം വിദ്യാർഥികളുടെ ഇടങ്ങൾ ശുഷ്കിച്ചു പോകുമെന്നതാണ്.
വിഭ്യാഭ്യാസ വിദഗ്ധനും അലീഗഢ് മുസ്ലിം സർവകലാശാലയുടെ മുൻ വി.സിയുമായ സയ്യിദ് ഹാമിദ് ഹംദർദ് എജുക്കേഷൻ സൊസൈറ്റിക്ക് നേതൃത്വം വഹിക്കുന്ന വേളയിൽ (തൊണ്ണൂറുകളുടെ തുടക്കത്തിൽ) കണ്ടെത്തിയ ചില കാര്യങ്ങൾ ഈ ലേഖികയുമായി പങ്കുവെച്ചിരുന്നു. ഉത്തരേന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഒരു കാര്യമറിഞ്ഞ് താൻ സ്തംഭിച്ചു പോയി എന്നാണദ്ദേഹം പറഞ്ഞത്. ‘‘ബിഹാറിൽ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ സ്കൂളുകൾ തുടങ്ങാനായി അനുവദിക്കപ്പെട്ട ഭൂമികൾ പൊലീസ് സ്റ്റേഷനുകളും പോസ്റ്റുകളുമാക്കി മാറ്റിയിരിക്കുന്നു!’’.
മുസ്ലിം കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം പോകുന്നതിന് വഴിവെക്കുന്ന മറ്റു പല ഘടകങ്ങളും അദ്ദേഹം വിശദമാക്കി. ‘‘പ്രധാനപ്പെട്ട ഒരു കാരണം അടിക്കടിയുണ്ടാവുന്ന കലാപങ്ങളാണ്. അത് അവരെ മുഖ്യധാരയിൽനിന്ന് അകറ്റുകയും അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
സ്കൂൾ- കോളജ് പാഠ്യപദ്ധതികൾ നിശ്ചയിക്കാൻ നിയോഗിക്കപ്പെട്ട ആളുകൾ ഇസ്ലാമിനെ അവഹേളിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ കടത്തിവിടുക കൂടി ചെയ്യുന്നതോടെ യാഥാസ്ഥിതികരായ സമൂഹം ഔപചാരിക വിദ്യാഭ്യാസത്തോട് കൂടുതൽ വിമുഖരാവും. മുസ്ലിം താമസമേഖലകളിൽ സ്കൂളുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാറുകൾ ഒട്ടുംതന്നെ താൽപര്യം പുലർത്താറില്ല. കരകൗശല ജോലികൾ നടത്തുന്നവരോ ചെറുകച്ചവടക്കാരോ ആയ മുസ്ലിംകൾ അക്ഷരമാലക്ക് പകരം കൈത്തൊഴിലുകൾ അഭ്യസിപ്പിക്കാനായി മക്കളെ ചെറുപ്രായത്തിൽതന്നെ സ്കൂളുകളിൽനിന്ന് പിൻവലിക്കും. എന്നിരിക്കലും കലാപങ്ങളാണ് ഏറ്റവുമധികം പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നത്. അത് അവരെ വിവിധങ്ങളായ രീതിയിലാണ് ബാധിക്കുന്നത്’’.
മൂന്ന് പതിറ്റാണ്ട് മുമ്പുതന്നെ വിദ്യാഭ്യാസ മേഖലയിൽ വർഗീയ വിഷം കലർന്നിരുന്നുവെന്ന് വ്യക്തം. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പിറകെ അത് സ്കൂൾ തല വിദ്യാഭ്യാസത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് പരമ്പരകൾ തന്നെ ഞാൻ എഴുതിയിരുന്നു.
അധ്യാപകരും സഹപാഠികളും കുട്ടിയുടെ മേൽ വർഗീയ പരിഹാസങ്ങളും കുത്തുവാക്കുകളും ചൊരിയുകയും അധ്യാപനത്തിൽ വർഗീയ ചായ്വ് പ്രകടമാവുകയും ചെയ്യുമ്പോൾ മുസ്ലിം കുട്ടികളെ എവ്വിധത്തിലെല്ലാം ബാധിക്കുന്നു, അത് അവരെ ക്ലാസ് മുറിയിൽനിന്ന് എത്രമാത്രം അകറ്റുന്നു തുടങ്ങിയ കാര്യങ്ങൾ അതിൽ പഠനവിധേയമാക്കിയിരുന്നു.
സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഹിന്ദുത്വഭീകരർ ആക്രമിക്കുമെന്ന ഭയം കാരണം കുട്ടികളെ സ്കൂളിൽ അയക്കുന്നത് നിർത്തിയെന്ന് ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച പലരും എന്നോട് പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് നിരവധി കലാപബാധിത പ്രദേശങ്ങളിൽനിന്നും ഞാൻ കേട്ടിട്ടുണ്ട് സമാനമായ ആശങ്കകൾ. ചുരുക്കത്തിൽ കലാപത്തീയെ അതിജീവിച്ചാലും ആ കുഞ്ഞുങ്ങളുടെ പഠനമോഹങ്ങൾ അതോടെ കരിഞ്ഞുണങ്ങി ഇല്ലാതാവുന്നുവെന്ന് ചുരുക്കം.
കലാപങ്ങളെ തുടർന്ന് താമസിച്ച നാട്ടിൽനിന്ന് പിഴുതെറിയപ്പെടുകയും പ്രാണരക്ഷാർഥം കുടുംബങ്ങൾ പലായനത്തിന് നിർബന്ധിതമാക്കപ്പെടുകയും ചെയ്യുന്ന പ്രദേശങ്ങളിൽ സ്ഥിതി കൂടുതൽ പരിതാപകരമാണ്. 2013-ലെ മുസഫർനഗർ കലാപത്തിൽ, ഒറ്റരാത്രി കൊണ്ടാണ് നൂറുകണക്കിന് മുസ്ലിം കുടുംബങ്ങൾ അഭയാർഥികളായി ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ടി വന്നത്. മുസഫർനഗർ കലാപം ‘നടപ്പാക്കപ്പെടുന്നതു വരെ’ ഭൂരിഭാഗം മുസ്ലിം കുട്ടികളും അവരവരുടെ ഗ്രാമങ്ങളിലെ സ്കൂളുകളിൽ ചേർന്ന് പഠിക്കുന്നുണ്ടായിരുന്നു. എന്നാൽ കലാപം അവരെ നാട്ടിൽനിന്ന് കശക്കിയെറിഞ്ഞതോടെ വിദ്യാഭ്യാസവും വിദൂര സ്വപ്നമായി.
സമീപകാലത്തായി മക്കളെ സ്കൂളുകളിൽനിന്ന് മാറ്റേണ്ടി വന്ന ആളുകളുടെ വിവരണങ്ങൾ ഒരുപാട് എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. തലമുറകളായി താമസിച്ചുവന്ന തറവാട്ടു വീടുകളിൽനിന്നും ഗ്രാമങ്ങളിൽനിന്നും മൊഹല്ലകളിൽനിന്നും ഖസബകളിൽനിന്നും രാഷ്ട്രീയ-ഭൂമാഫിയകളുടെ ഭീഷണി വിളികളെ തുടർന്ന് ഒറ്റരാത്രികൊണ്ട് മാറിപ്പോവുകയും അജ്ഞാതമായ ഭൂപ്രദേശങ്ങളിൽ ചേക്കേറുകയും ചെയ്യുന്ന മനുഷ്യരുടെ അനുഭവങ്ങൾ.
നല്ല പേരുകേട്ട സ്കൂളുകളിൽ പഠിക്കാൻ ചേർത്താൽ അധ്യാപകരിൽനിന്ന് ഇത്തരം വിദ്വേഷ പ്രശ്നങ്ങളും പ്രയാസങ്ങളുമൊന്നും ഉണ്ടാവുകയേ ഇല്ല എന്നുപോലും ആശ്വസിക്കാൻ നിർവാഹമില്ലാത്ത അനുഭവ കഥകളാണ് നമ്മൾ കേൾക്കുന്നത്. കാൺപുരിൽ അർഷ് മുഹമ്മദ് എന്നു പേരായ ഒരു കൗമാരക്കാരൻ സ്വയം ഹത്യക്ക് ശ്രമിച്ച ഒരു സംഭവമുണ്ടായി. സഹപാഠികൾക്ക് മുന്നിലിട്ട് അവനെ അപമാനിക്കുകയും പരിഹസിക്കുകയും മാത്രമല്ല ടീച്ചർ ചെയ്തത് അവന്റെ സ്കൂൾ ബാഗിനുള്ളിൽ തോക്ക് ഉണ്ടോ എന്ന തിരച്ചിലും നടത്തി! അതിഗംഭീര വിദ്യാലയം എന്ന് പറയപ്പെടുന്ന ഡൽഹി പബ്ലിക് സ്കൂളിന്റെ കാൺപുർ ശാഖയിലാണ് ഈ സംഭവം അരങ്ങേറിയത്. വന്ദേമാതരവും ഗായത്രീ മന്ത്രവും ചൊല്ലാനോ സൂര്യനമസ്കാരം ചെയ്യാനോ അസൗകര്യം പറയുന്ന കുട്ടികളെ പരുഷമായി കൈകാര്യം ചെയ്യുന്നതാണ് പുതിയൊരു പീഡന വഴി.
സെപ്റ്റംബർ 5ന് ദേശീയ അധ്യാപകദിനം ആഘോഷിക്കുകയാണ് ഇന്ത്യ. ഒരു വിഭാഗം വിദ്യാർഥികളെ അപമാനിച്ചും മർദിച്ചും, സഹപാഠികളെക്കൊണ്ട് മർദിപ്പിച്ചും അതിൽ തനിക്ക് ലജ്ജയില്ലെന്ന് തുറന്നു പറഞ്ഞുമെല്ലാം മദിച്ചു വാഴുന്ന തൃപ്ത ത്യാഗിമാരും തങ്ങൾ അധ്യാപകർ എന്നാണ് അവകാശപ്പെടുന്നത്. അതോ സംഘ്പരിവാറിന്റെ പുതിയ ഇന്ത്യയിൽ ഇത്തരം ആളുകളെയാണോ ഗുരുശ്രേഷ്ഠരായി വാഴ്ത്തപ്പെടുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.