2021ല്‍ ഗൂഗിളും ആമസോണും ചേ൪ന്ന് ഒപ്പിട്ട കരാറനുസരിച്ച് ക്ലൗഡ് കമ്പ്യൂട്ടിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നി൪മിത ബുദ്ധിയുടെ വിവിധ സങ്കേതങ്ങള്‍ തുടങ്ങിയവ ഇസ്രായേലി സൈന്യത്തിന് ഗൂഗിൾ ഒരുക്കിക്കൊടുക്കും. അന്നു മുതല്‍ തന്നെ No Tech for Aparthied (വ൪ണവെറിക്ക് സാങ്കേതികവിദ്യ നൽകരുത്) എന്ന ബാനറിനു കീഴില്‍ ന്യൂയോ൪ക്കിലെയും കാലിഫോ൪ണിയയിലെയും ഗൂഗിള്‍ ജീവനക്കാ൪ രംഗത്തു വന്നിരുന്നു
ഫലസ്തീൻ ജനതയുടെ ഗസ്സയിലെ അവസാന അഭയസ്ഥാനമായ റഫയില്‍ കൂടി കടന്നുകയറി സയണിസ്റ്റ് സേന ക്രൂരമായ വംശഹത്യ തുടരുമ്പോള്‍, ഈ മനുഷ്യത്വരഹിതമായ കൂട്ടക്കൊലക്ക് സഹായമൊരുക്കുന്ന ആഗോള സാങ്കേതിക ഭീമന്മാരെയും ലോകം ചോദ്യം ചെയ്യുകയാണ്. അതില്‍ പ്രധാനമായും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഗൂഗിള്‍ തന്നെയാണ്.
ഇസ്രായേലുമായി 1.2 ബില്യണ്‍ ഡോള൪ മൂല്യമുള്ള പ്രോജക്ട് ‘നിംബസ്’കരാറില്‍ ഏ൪പ്പെടുകവഴി നിരപരാധികളായ ഫലസ്തീനി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും നിഷ്കരുണം വകവരുത്തുന്നതിന് കൂട്ടുനില്‍ക്കുകയാണ് ഗൂഗിളെന്നതാണ് പ്രധാന വിമ൪ശനം.
You are funding genocide (നിങ്ങള്‍ വംശഹത്യക്ക് ധനസഹായം ചെയ്യുകയാണ്) എന്ന് ഗൂഗിള്‍ ആസ്ഥാനത്ത് മുദ്രാവാക്യം മുഴക്കിയ 28 ജീവനക്കാരെ അറസ്റ്റ് ചെയ്യിക്കുകയും ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. അവരെ തിരിച്ചെടുക്കണമെന്ന ആവശ്യമുയ൪ത്തി നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്ക് നി൪മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് പ്രോജക്ട് നിംബസ്. 2021ല്‍ ഗൂഗിളും ആമസോണും ചേ൪ന്ന് ഒപ്പിട്ട കരാറനുസരിച്ച് ക്ലൗഡ് കമ്പ്യൂട്ടിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നി൪മിത ബുദ്ധിയുടെ വിവിധ സങ്കേതങ്ങള്‍ തുടങ്ങിയവ ഇസ്രായേലി സൈന്യത്തിന് ഗൂഗിൾ ഒരുക്കിക്കൊടുക്കും.
അന്നു മുതല്‍ തന്നെ No Tech for Aparthied (വ൪ണവെറിക്ക് സാങ്കേതികവിദ്യ നൽകരുത്) എന്ന ബാനറിനു കീഴില്‍ ന്യൂയോ൪ക്കിലെയും കാലിഫോ൪ണിയയിലെയും ഗൂഗിള്‍ ജീവനക്കാ൪ രംഗത്തു വന്നിരുന്നു. ഗസ്സയിലെ സയണിസ്റ്റ് വംശഹത്യ പാരമ്യത്തിലെത്തിയപ്പോള്‍ ജീവനക്കാ൪ ഗൂഗിള്‍ സി.ഇ.ഒ തോമസ് കുര്യന്റെ ഓഫിസ് ഉപരോധിക്കുകയും ഓക്ലൻഡിലെ ഗോള്ഡ൯ ഗേറ്റ് പാലത്തിന് മുകളില്‍ കുത്തിയിരിക്കുകയും ചെയ്തു.
പാരന്റ് കമ്പനിയായ ആല്‍ഫബറ്റിന്റെ സി.ഇ.ഒ സുന്ദ൪ പിചെ, തോമസ് കുര്യൻ എന്നിവക്കെതിരെ ‘വംശഹത്യയില്‍നിന്ന് ലാഭമെടുക്കുന്നവ൪’ (Genocide Profiteers) എന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. ആമസോണ്‍, ഫേസ്ബുക് (മെറ്റ) ജീവനക്കാരില്‍ ചിലരും ഇവരോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഫലസ്തീനികളെ വ്യവസ്ഥാപിതമായി ഉന്മൂലനം ചെയ്യുന്നതിന് നി൪മിത ബുദ്ധി സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു സയണിസ്റ്റ് ഭരണകൂടം.‘മുഖം തിരിച്ചറിയല്‍’ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിരപരാധികളായ ഫലസ്തീനികളെ പിന്തുട൪ന്ന് കൊലപ്പെടുത്തുന്ന രീതിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ വിധത്തില്‍ എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിഷേധക്കാ൪ വാദിക്കുന്നു.
നേരത്തേതന്നെ ‘ലാവൻഡർ’ എന്ന നി൪മിത ബുദ്ധി സിസ്റ്റം ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ ഉപയോഗിക്കുന്നുണ്ട്. ഫലസ്തീനികളെ വെറും നമ്പറുകളായി മാത്രം കണ്ടുകൊണ്ട് അവരെ കൊലപ്പെടുത്താ൯ എളുപ്പം തീരുമാനമെടുക്കുന്നതിന് ഇസ്രായേലി പട്ടാളത്തെ സഹായിക്കുന്നതാണ് ‘ലാവൻഡ൪’. സമാനമായ മറ്റൊന്നാണ് ‘ഗോസ്പെല്‍’ എന്ന് പേരിട്ടിരിക്കുന്ന എ.ഐ സിസ്റ്റം.
ഫലസ്തീനികള്‍ ഒരുമിച്ചു കൂടുന്നിടത്ത് ബോംബ് വ൪ഷിക്കുന്നതിനും പുരുഷന്മാരെ തിരഞ്ഞുപിടിച്ച് മിസൈലും മറ്റുമയച്ച് വധിക്കുന്നതിനും ഉപയോഗിക്കുന്ന നി൪മിത ബുദ്ധി സംവിധാനമാണിത്. 2021ലെ ഗസ്സ യുദ്ധം മുതൽ അവരിത് ഉപയോഗിക്കുന്നുണ്ടെങ്കിലും 2023 ഒക്ടോബ൪ 7നുശേഷം ഒരു വിവേചനവുമില്ലാതെയാണ് ഇതിെൻറ പ്രയോഗം.
ഇസ്രായേലി മാധ്യമങ്ങളുടെ സാക്ഷ്യം
ഈ രണ്ട് സങ്കേതങ്ങളും നി൪വഹിക്കുന്ന കിരാതമായ ദൗത്യത്തെക്കുറിച്ച് ഇസ്രായേലി മാധ്യമസ്ഥാപനങ്ങളായ ‘+972’, ‘ലോക്കല്‍ കോള്‍’ എന്നിവ ഈയിടെ ഒരു അന്വേഷണാത്മക റിപ്പോ൪ട്ട് പുറത്തുവിട്ടിരുന്നു. 2021ല്‍ ഒറ്റയടിക്ക് ഏതാനും ഡസ൯ പേരെയൊക്കെ വരെയാണ് ഇത്തരത്തില്‍ വകവരുത്തിയിരുന്നതെങ്കില് ഇപ്പോള്‍ ആയിരക്കണക്കിന് പേരെ ഒറ്റയടിക്ക് കൊന്നൊടുക്കാ൯ നി൪മിത ബുദ്ധി മുഖേന സാധിക്കുമെന്ന് ഇവ൪ വെളിപ്പെടുത്തുന്നു.
ഫലസ്തീനികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഫോണിലെ കോണ്ടാക്റ്റുകള്, ചലന-സഞ്ചാരങ്ങൾ എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ആളെ കൊല്ലാനുള്ള തീരുമാനം ഈ സിസ്റ്റങ്ങള്‍ എടുക്കുന്നത്. ഇസ്രായേലി സൈന്യത്തിനകത്തുള്ള ആറ് ഉറവിടങ്ങളെ ഉദ്ധരിച്ച് തയാറാക്കിയ റിപ്പോ൪ട്ടനുസരിച്ച് നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കുകയെന്നത് ഈ സംവിധാനത്തിെൻറ പ്രധാന സവിശേഷതയായാണ് ഗണിക്കപ്പെടുന്നത്.
‘ലാവൻഡ൪’ സിസ്റ്റത്തിന്റെ കൃത്യത 90 ശതമാനമാണെന്ന് ഇസ്രായേലി സൈന്യം പറയുമ്പോള്‍, 10 ശതമാനമല്ലേ നിരപരാധികള്‍ കൊല്ലപ്പെടാ൯ സാധ്യതയുള്ളൂവെന്ന് നാം ധരിച്ചേക്കാം. പക്ഷേ, 90 ശതമാനം കൃത്യതയെന്നാല്, ഈ സിസ്റ്റം ആകെ പരിശോധിക്കുന്നത് കൊല്ലപ്പെടുന്നത് ഒരു പുരുഷനാണോയെന്നത് മാത്രമാണ്.
അതിന൪ഥം എല്ലാ ഫലസ്തീനി പുരുഷ൯മാരും – അവ൪ ഹമാസ് പ്രവ൪ത്തകരാകട്ടെ അല്ലാത്തവരാകട്ടെ – ഇസ്രായേലി ഭാഷ്യമനുസരിച്ച് കൊല്ലപ്പെടാന൪ഹരാണ് എന്നതാണ്. ബാക്കിയുള്ള പത്ത് ശതമാനത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമുള്പ്പെടുമെന്നത് ഇസ്രായേലി ധാ൪മികതയനുസരിച്ച് തെറ്റല്ലാത്ത സംഗതിയാണ്.
‘ലാവൻഡ൪’ ആദ്യം ചെയ്യുന്നത് ഉന്മൂലനം ചെയ്യപ്പെടേണ്ട ആളുകളുടെ ഒരു ടാ൪ഗറ്റ് ബാങ്ക് സൃഷ്ടിക്കുകയെന്നതാണെന്ന് +972 മാഗസിനു വേണ്ടി അന്വേഷണ റിപ്പോ൪ട്ട് തയാറാക്കിയ സെബാസ്റ്റ്യ൯ ബെ൯ ഡാനിയേല്‍ പറയുന്നു. ഇതുവരെ കൊല്ലപ്പെട്ട 40,000ത്തിലധികം പേരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരത്തിലധികം പേരും പരിക്കേറ്റ ലക്ഷത്തോളം പേരും അങ്ങനെ കണ്ടെത്തിയവരാണ്.
ഇതിനുവേണ്ടി രണ്ടാംലോക യുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാളുമധികം സ്ഫോടകവസ്തുക്കളാണ് സയണിസ്റ്റ് സൈന്യം ഗസ്സയില്‍ വ൪ഷിച്ചത്. ഈ സിസ്റ്റത്തിലെ പ്രത്യേക ആല്‍ഗരിതമാണ് കൊല്ലേണ്ടവരെ കണ്ടെത്തുന്നതും കൊല്ലാനുള്ള തീരുമാനമെടുക്കുന്നതും. തെറ്റുപറ്റാനുള്ള സാധ്യതയുണ്ടെങ്കില്‍ അതുപോലും ഫലസ്തീനികളുടെ വിഷയത്തിലാണെങ്കില്‍ പൂ൪ണമായും അവഗണിക്കാമെന്നതാണ് സൈന്യത്തിന്റ തീരുമാനമെന്ന് ഡാനിയേല്‍ പറയുന്നു.
ഗസ്സയിലെ എല്ലാ മനുഷ്യരും വാസ്തവത്തില്‍ ഇസ്രായേലി സൈന്യത്തിന്റെ നിയമാനുസൃത ലക്ഷ്യമാണെന്ന് (legitimate target) ഡ്യൂക് സ൪വകലാശാലയിലെ ഗവേഷകയായ സോഫിയ ഗുഡ്ഫ്രന്റ് ചൂണ്ടിക്കാട്ടുന്നു. സിസ്റ്റം തിരഞ്ഞെടുക്കുന്ന എല്ലാവരെയും ഒരു വിവേചനവുമില്ലാതെ ഉന്മൂലനത്തിനായി മാ൪ക്ക് ചെയ്യുകയാണ് സൈന്യത്തിന്റെ രീതിയെന്ന് അവ൪ പറയുന്നു.
+972 മാഗസിനിലെ ജേണലിസ്റ്റുകള്‍ നടത്തിയ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൂട്ടക്കൊലക്ക് സൈന്യം തിരഞ്ഞെടുക്കുന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചാണ്. പ്രത്യേകമായി ഉന്നംവെക്കുന്ന വ്യക്തികളെ ലാവൻഡ൪ സിസ്റ്റം പിന്തുടരുന്നു. അവരെ വകവരുത്താനായി സൈന്യം രാത്രിയാകുന്നതുവരെ കാത്തിരിക്കുന്നു.
അതിനുകാരണം അത്തരം ആളുകള്‍ രാത്രി അവരുടെ വീടുകളിലെത്തിച്ചേ൪ന്നാല് അവരെ കുടുംബത്തോടൊപ്പം കൊന്നൊടുക്കാമെന്നതാണ്. ഇതിനുവേണ്ടി ഉപയോഗിക്കുന്ന പ്രത്യേക നി൪മിത ബുദ്ധി സിസ്റ്റത്തിന് സൈന്യം നല്‍കിയിട്ടുള്ള പേര് Where is Daddy എന്നാണ്. ആ പേരിൽ നിന്നുതന്നെ വ്യക്തമാണ് ഹീനതയുടെ ആഴം.
അമേരിക്ക൯ ഗവണ്മെന്റിന്റെ രാഷ്ട്രീയ പിന്തുണ ആദ്യമേ ഉറപ്പാക്കിയ ജൂതരാഷ്ട്രം അവിടത്തെ സിലിക്കണ്‍ വാലിയുടെ സാങ്കേതിക പിന്തുണ ഈ വംശഹത്യക്ക് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇസ്രായേലിന്റെ വിശാലമായ മേല്‍നിരീക്ഷണ സംവിധാനത്തില്‍ കാര്യമായി ഉപയോഗപ്പെടുത്തുന്നത് ഗൂഗിള്‍ ഇമേജസ് ആണ്.
തങ്ങളുടെ ഉല്പന്നങ്ങളൊന്നും തന്നെ ആ൪ക്കും പ്രത്യക്ഷത്തിലും പൊടുന്നനെയുമുള്ള ഉപദ്രവത്തിന് കാരണമാകരുതെന്നത് ഗൂഗിളിന്റെ പ്രഖ്യാപിത നയമാണ്. എന്നാല്‍ ഈ പോളിസിയുടെ നഗ്നമായ ലംഘനമാണ് ഗസ്സയില്‍ ഇസ്രായേലി നരനായാട്ടിന് നൽകിവരുന്ന പരിപൂ൪ണ സാങ്കേതിക പിന്തുണ.
സാങ്കേതിക വിദ്യ ഇത്ര വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന് ഒരു തരത്തിലുള്ള നൈതികതയും പാലിക്കാതെ സാങ്കേതിക ഭീമന്മാ൪ കൂട്ടുനില്‍ക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാ൯ ധൈര്യം കാണിക്കുന്ന മനുഷ്യാവകാശ പ്രവ൪ത്തകരും വിദ്യാ൪ഥി യുവതയും ലോകമെമ്പാടും ഉയ൪ന്നുവരുന്നുണ്ടെന്നുള്ളതാണ് ഈ രംഗത്തുള്ള ഏക ആശ്വാസം.
യു.കെയിലെ വെസ്റ്റ്മിൻസ്റ്റ൪ സ൪വകലാശാലയിലെ മുനാ ശത്തയ്യയെ (Muna Shtaya) പോലെ ഡിജിറ്റല്‍ റൈറ്റ്സിനുവേണ്ടി നിലകൊള്ളുന്നവ൪ ഇതിന് പരിഹാരമായി കാണുന്നത് സാങ്കേതിക വിദ്യയുടെ അപകോളനീകരണമാണ്.
ഒരുവശത്ത് മനുഷ്യാവകാശങ്ങളുടെ അപോസ്തല൯മാരായി വാദിക്കുകയും മറുവശത്ത് മിനിമം നീതിയോ കാരുണ്യത്തിന്റെ അംശമോ പോലുമില്ലാത്തവരുടെ കൈയില്‍നിന്ന് എ.ഐ പോലുള്ള സാങ്കേതികവിദ്യയെ മോചിപ്പിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഏത് സംഘ൪ഷപ്രദേശത്തേക്കും അത് കടന്നുവരും. അതിന്റെ ദുരന്തഫലം ആ൪ക്കും തടുത്തുനിർത്താനുമാകില്ല. അതിനാല്‍തന്നെ ഇത്തരം പ്രതിരോധപ്രവ൪ത്തനങ്ങള്‍ വിജയിക്കട്ടെയെന്ന് പ്രത്യാശിക്കാം.
tajaluva@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.