സങ്കീർണമായ നിരവധി പാലങ്ങളുടെയും ഏറെ പ്രശസ്തമായ ഡൽഹി മെട്രോ സംവിധാനത്തിെൻറയും നിർമാണത്തിന് പേരുകേട്ട മുൻ റെയിൽവേ ഉദ്യോഗസ്ഥനായ 'മെട്രോമാൻ' ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നിരിക്കുന്നു. 88 ആണിപ്പോൾ അദ്ദേഹത്തിന് പ്രായം. പുതിയ രാഷ്ട്രീയ ഇന്നിങ്സിന് അത് തടസ്സമായിട്ടില്ല. ധീരമാണ് അദ്ദേഹത്തിെൻറ നടപടി. അതുകൊണ്ടുതന്നെ, പ്രശംസാർഹവും. കേരളത്തിൽ ഇപ്പോഴും ഒരു എം.എൽ.എ മാത്രമേ ബി.ജെ.പിക്കുള്ളൂ എന്നതും അതിനാൽ തന്നെ അധികാരത്തിലേക്ക് വഴി ഇനിയുമേറെ അകലെയാണെന്നതും പരിഗണിച്ചാൽ വിശേഷിച്ചും. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി നാന്ദി കുറിച്ച 'അശ്വേമധം' യജ്ഞപ്രകാരം കേരളവും പാർട്ടിക്ക് പിടിച്ചേ മതിയാകൂ. സംസ്ഥാനമാകട്ടെ, എല്ലായിടത്തും പിടിയുറപ്പിച്ച മോദി പടയോട് ഇപ്പോഴും മുഖംതിരിഞ്ഞു നിൽക്കുന്ന ദുർഗങ്ങളിൽ അവസാനത്തേതും. കേരളം പിടിക്കുകയെന്ന ദൗത്യം നിർവഹിക്കുന്ന സൈനിക മേധാവിയുടെ റോളാണിപ്പോൾ ശ്രീധരൻ ഏറ്റെടുത്തിരിക്കുന്നത്. വലിയ പദവികളിൽ താൽപര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയം പിടിച്ചാൽ മുഖ്യമന്ത്രി പദം വേണ്ടെന്ന് വെക്കില്ലെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഇത്രയും പറഞ്ഞത് നന്നായി, പ്രായമെന്തിന് വലിയ മോഹങ്ങൾക്ക് തടസ്സം നിൽക്കുന്നു?
അതിൽ പക്ഷേ, ഒരു കളിയുണ്ട്. 2014ൽ മോദി പ്രധാനമന്ത്രിയാകും മുമ്പ്, പ്രായം 75 കഴിഞ്ഞവരെ തീർച്ചയായും വരാനിരിക്കുന്ന പുതിയ മന്ത്രിസഭയിൽ മന്ത്രിയാകാൻ പരിഗണിക്കില്ലെന്ന ഒരു പ്രചാരണം ബോധപൂർവം രംഗം പിടിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ പക്ഷേ, മത്സരിക്കാൻ നിയന്ത്രണം ഉണ്ടായതുമില്ല. അതിനാൽ തന്നെ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർക്ക് മത്സരിക്കാൻ അവസരം നൽകി- മന്ത്രി പദവി ചോദിച്ച് വരരുതെന്നു മാത്രമായിരുന്നു നിബന്ധന. മണ്ഡലം അനായാസം പിടിച്ച ഇരുവരും സഭയിൽ വെറുതെ കാലംകഴിച്ച് 2019ൽ പടിയിറങ്ങി. 'മാർഗദർശക് മണ്ഡൽ' അംഗങ്ങളായി ഇരുവരെയും പിന്നീടും തെരഞ്ഞെടുത്തു- അതുപക്ഷേ, ഒരിക്കൽ പോലും സമ്മേളിച്ചില്ലെന്നത് സ്വാഭാവികം. അങ്ങെന, വത്സല ശിഷ്യൻ സഹായിച്ച്, അതിപ്രശസ്തമായ രാഷ്ട്രീയ കരിയറിന് ആരോരുമറിയാതെ തിരശ്ശീലയായി. അക്ബർ/ബൈറംഖാൻ കഥ ഒരിക്കലൂടെ രംഗം നിറഞ്ഞാടി. ഇവിടെ പക്ഷേ, ബൈറംഖാനെ പോലെ ഇരുവരെയും ഡൽഹിയിൽനിന്ന് നാടുകടത്തിയില്ല. രണ്ടുപേർക്കും സർക്കാർ ചെലവിൽ പൂർണ സൗകര്യങ്ങളോടെ, അതിലേറെ സുരക്ഷയോടെ ഇനിയുമിനിയും അവിടെ തുടരാം. ഇരുവരെ കുറിച്ചും അടുത്തൊന്നും ഞാൻ കേട്ടിട്ടില്ല. കണ്ടിട്ടുമില്ല. അവർ സുഖദസന്തുഷ്ടരായി കഴിയുന്നുവെന്ന് വിശ്വസിക്കാം.
ഇനി ശ്രീധരനിലേക്ക് തിരിച്ചുവരാം. പ്രഫഷനൽ എന്ന നിലക്ക് അപാര ശേഷി പ്രകടിപ്പിച്ചയാളാണ് അദ്ദേഹം, ഇപ്പോൾ തുടക്കമിടുന്നത് രാഷ്ട്രീയ കരിയറാണെങ്കിലും. ശ്രീധരന് അറിയുമോ എന്നറിയില്ല, അദ്ദേഹം തന്നെ ആണെങ്കിലും ബി.ജെ.പിയിൽ ഈ 75െൻറ കളി ഇപ്പോഴുമുണ്ട്. ചില അപവാദങ്ങൾ സംഭവിച്ചേക്കാം. അങ്ങനെ പറഞ്ഞുകേൾക്കുകയെങ്കിലും ചെയ്തിട്ടുണ്ട്. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കിയപ്പോൾ ആ നിയമം പാലിക്കപ്പെട്ടിരുന്നില്ല. 75 കഴിഞ്ഞയാളാണ് അദ്ദേഹം. പക്ഷേ, പകരം മറ്റൊരു വഴി ഇല്ലായിരുന്നു. ആ പദവിയിൽ വേറൊരാൾ ചേരില്ലാത്ത സമയം. നിയമം കേന്ദ്രത്തിനു മാത്രം ബാധകമാണെന്നും സംസ്ഥാനങ്ങളിൽ ഇല്ലെന്നും പറയുന്ന ഒരു കൂട്ടരുമുണ്ട്.
വർഷങ്ങൾക്ക് മുമ്പ്, മോദി പാർട്ടിയിൽ എല്ലാമെല്ലാമായി ഉയരാത്ത സമയത്ത്, രാജ്യസഭയിൽ പാർട്ടി അംഗങ്ങൾക്ക് രണ്ട് ഊഴത്തിൽ കൂടുതൽ പാടില്ലെന്ന് ബി.ജെ.പി തീരുമാനമെടുത്തിരുന്നു. അരുൺ ഷൂറി, ശത്രുഘ്നൻ സിൻഹ തുടങ്ങിയവർക്ക് പദവി നിഷേധിക്കാൻ കണ്ടെത്തിയ ഉപായം. സാഹചര്യങ്ങൾ മാറിമറിയുകയും നിയമം നിർമിച്ചവരുടെ ഊഴമെത്തുകയും ചെയ്തതോടെ നിയമം സ്വാഭാവികമായും മാറി. മൂന്നല്ല, നാലാം തവണ വരെ ചിലർ അംഗങ്ങളായി. അടുത്തിടെ വിടപറഞ്ഞ അരുൺ ജെയ്റ്റ്ലി വരെ നീളും ഈ പട്ടിക. നിയമം ഒരുവഴി, നടപ്പ് മറ്റൊരു വഴി എന്നർഥം. എന്നുവെച്ചാൽ, ശ്രീധരനും ഒരു അവസരം കാത്തുനിൽപുണ്ട്. പ്രായം അദ്ദേഹത്തിന് തടസ്സമാകില്ലായിരിക്കും. പക്ഷേ, ശ്രദ്ധേയമായ ഒരു വസ്തുത ഇടതുപാർട്ടികൾ ഈ നിയമം കൃത്യമായി പാലിച്ചുപോന്നിട്ടുണ്ട്. ഉന്നത സഭക്ക് മഹത്തായ സംഭാവന അർപിച്ച പല നേതാക്കളെയും എനിക്കറിയാം, പക്ഷേ, രണ്ട് ഊഴമെന്ന പരിധി തൊട്ടതോടെ അവർ പിന്മടങ്ങി. ആ വലിയ നിരയിൽ അവസാന കണ്ണിയാണ് സീതാറാം യെച്ചൂരി. ഈ നിയമം ഉണ്ടാക്കിയതിനു മാത്രമല്ല, കണിശമായി പാലിക്കുന്നതിനും ഇടതുപക്ഷത്തോട് ആദരം തോന്നുന്നു. ബി.ജെ.പിയിൽ പക്ഷേ, ''നിങ്ങൾ മുഖം കാണിച്ചുതരൂ, നിയമം എന്താണെന്ന് എന്നിട്ട് പറയാം'' എന്നാണ് നയം.
സംഘടന പ്രക്രിയകളിലൂടെയൊന്നുമായിരുന്നില്ല ബി.ജെ.പിയിൽ 75വർഷമെന്ന നിയമം നിലവിൽ വന്നത്. ഒറ്റയാൾ സാഹസത്തിലൂടെയായിരുന്നു. അന്ന്, മുതിർന്ന നേതാക്കളിൽ പലരും വിരമിച്ച് മാറിനിൽക്കാൻ അതു മാത്രമായിരുന്നു ഏറ്റവും ലളിതമായ വഴി. പുതിയ നേതാക്കളുടെ അധികാര വഴികളിയിലെ കല്ലും മുള്ളുമാകാൻ പോന്ന നേതാക്കളായിരുന്നു ഇവർ. ചുരുങ്ങിയ പക്ഷം അസൗകര്യം സൃഷ്ടിക്കാനെങ്കിലും ഇവർക്കാകും. ഈ നിയമം ഇനി വേണേൽ എളുപ്പം മാറ്റാം. കാരണം, ലക്ഷ്യം എന്നേ സഫലമായതാണല്ലോ. അതുമല്ല, നിയമങ്ങൾ ഉണ്ടാകുന്നത് മനുഷ്യർക്കുവേണ്ടിയാണ്. മനുഷ്യരെ നിയമങ്ങൾക്കുവേണ്ടിയല്ല.
യു.എസിൽ ഒരു പ്രസിഡൻറ് മൂന്നാം ഊഴത്തിന് അർഹനല്ല. അതുകൊണ്ടുതന്നെ, അവിടെ ചെറുപ്പക്കാരായ കുറെ പ്രസിഡൻറുമാരെ കാണാൻ നമുക്കായി. പുതിയ പ്രസിഡൻറിന് 78 ആകാം പ്രായം. ഇന്ത്യയിൽ പക്ഷേ, ഊഴം നിർണയിക്കുന്നതിൽ പ്രായം ഒരു തടസ്സമല്ല. അതിനാൽ, പ്രായവും അധികാരവും ഒരുപോലെ എത്ര േവണേലും ഒന്നിച്ച് മുന്നോട്ടുപോകട്ടെ. നമുക്ക് അങ്ങനെ വല്ല പരിധിയുമുണ്ടോ? എനിക്കുറപ്പില്ല. എന്നല്ല, ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങളിൽ വരെ തീരുമാനം ജനത്തിന് വിട്ടുകൊടുക്കുന്നതാകും നല്ലത്. പാർട്ടികൾക്കാണ് ഈ വിഷയത്തിലും നിയമനിർമാണത്തിന് അവസരമെങ്കിൽ മറികടക്കാൻ പാകത്തിലേ അവർ നിർമിക്കൂ. ശ്രീധരനെ കുറിച്ചാണെങ്കിൽ അദ്ദേഹം പിടിച്ചുനിർത്തുന്ന ഒന്നുമില്ല, പ്രായം പോലും. കേരളത്തിലെ ജനത്തിന് വേണമെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി പദമേറട്ടെ. പക്ഷേ, അതിന് ബി.ജെ.പിയെ അവർ തെരഞ്ഞെടുക്കണം. ബി.ജെ.പിയുടെ ചൂതാട്ടം വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണാം...
(ബി.ജെ.പി മുൻ നേതാവും മുൻകേന്ദ്രമന്ത്രിയുമാണ് ലേഖകൻ)
(കടപ്പാട്: ndtv.com, മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.