നമ്മുടെ നാട് എത്തിപ്പെട്ടിരിക്കുന്ന സമ്പൂർണ ജീർണതയുടെയും അധഃപതനത്തിന്റെയും വ്യാപ്തി വ്യക്തമാക്കുന്നു പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ദക്ഷിണ ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗം രമേഷ് ബിധുരി നടത്തിയ പരാമർശങ്ങൾ. ആ വർത്തമാനത്തെ വർഗീയം എന്നുമാത്രം പറഞ്ഞാൽ മതിയാവുകയില്ല, ഉചിതമായ രീതിയിൽ നിയമനടപടികൾ എടുത്തു നേരിടേണ്ടത്ര പരുഷവും അപരിഷ്കൃതവുമാണ് അയാളുടെ പരാമർശങ്ങൾ.
ബഹുജൻ സമാജ് പാർട്ടിയുടെ പാർലമെന്റംഗമായ ഡാനിഷ് അലിക്കുനേരെയാണ് ഒന്നിനു പിറകെ ഒന്നായി അയാൾ വർഗീയ വിഷം ചൊരിഞ്ഞത്. ഇതെല്ലാം നടന്നത് പാർലമെന്റിനുള്ളിലാണ്! അങ്ങനെയെങ്കിൽ തന്റെ മണ്ഡലത്തിലെ തെരുവുകളിൽ അയാൾ സംസാരിക്കുന്നത് എത്ര ഹീനമായ രീതിയിലായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ! എന്തായിരിക്കും അവിടത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ അവസ്ഥ?.
ബിധുരി ഈ വിഷഭാഷണം നടത്തവെ അധ്യക്ഷക്കസേരയിലിരുന്ന എം.പി തടയുകയോ താക്കീത് ചെയ്യുകയോ ഉണ്ടായില്ല. ലോക്സഭാ സ്പീക്കറാവട്ടെ ഇനി ആവർത്തിച്ചാൽ നടപടിയെടുക്കുമെന്ന് ഒഴുക്കൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആ പ്രസംഗത്തിനും സഭാനാഥരുടെ കുറ്റകരമായ നിസ്സംഗതക്കും സാക്ഷിയായ പാർലമെന്റിലെ കൽത്തൂണുകൾപോലും നാണക്കേടുകൊണ്ട് തലകുനിച്ചിട്ടുണ്ടാവും, നടുക്കത്തോടെ കണ്ണു തുടച്ചിട്ടുണ്ടാവും.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ മുസ്ലിംകൾക്കെതിരെ ഒരു പാർലമെന്റേറിയൻ ഇത്തരം നികൃഷ്ട പരാമർശങ്ങൾ അഴിച്ചുവിടുന്നത് ഇതാദ്യമായല്ല എന്നതാണ് അതിലേറെ ഭീകരമായ വസ്തുത. ഓരോ തവണയും ഈ വർഗീയ രാഷ്ട്രീയക്കാർ ശിക്ഷിക്കപ്പെടാതെ, പിടിച്ചുകെട്ടപ്പെടാതെ പോകുന്നത് വീണ്ടുമൊരാൾക്ക് ഈ നിയമവിരുദ്ധ/മനുഷ്യത്വ വിരുദ്ധ/രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്താനുള്ള വഴിയൊരുക്കൽ കൂടിയായി മാറുന്നു.
മുസ്ലിംകൾക്കുനേരെ ഇത്തരം വർഗീയ അധിക്ഷേപങ്ങൾ ചൊരിയുന്നവരെ അശിക്ഷിതരായി നിർത്തുക എന്നത് വലതുപക്ഷ ഭരണ തന്ത്രത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുക. ഈ നഗ്നമായ വർഗീയ ആക്രമണങ്ങൾ ന്യൂനപക്ഷ സമുദായത്തിന്റെ മനസ്സിൽ സൃഷ്ടിക്കുന്ന ഭയവും ആശങ്കകളുമാണ് അവർ ലക്ഷ്യമിടുന്നത്.
2015 ലെ വസന്തകാലത്ത്, എഴുത്തുകാരുടെ സംഗമത്തിൽ പങ്കെടുക്കാനായി ഞാൻ ആഗ്ര സന്ദർശിച്ചിരുന്നു. അന്ന് ഫത്തേപുർ സിക്രിയിൽ ഒരു മുഴുദിവസം ചെലവിട്ടു. കോട്ടയുടെ പ്രൗഢിയും, സലീം ചിശ്തിയുടെ ദർഗയിലെ ശാന്തതയും, പരന്നുകിടക്കുന്ന പച്ചപ്പിനുമിടയിൽ സ്വദേശി, വിദേശി സന്ദർശകർക്ക് പ്രാദേശിക കൗതുക-കരകൗശല വസ്തുക്കളും സുവനീറുകളും വിൽക്കുന്ന കടകളുമെല്ലാമായി മനസ്സിന് ഏറെ ശാന്തതയും ഭാരക്കുറവും നൽകുന്ന സാഹചര്യമായിരുന്നു അന്നവിടെ.
ആ ഓർമവെച്ച് അടുത്ത വർഷത്തെ വസന്തകാലത്ത് വീണ്ടും അവിടേക്ക് പോയപ്പോൾ കണ്ടത് തീർത്തും വ്യത്യസ്തമായ അന്തരീക്ഷമാണ്. ആ ചരിത്ര നഗരിയിലാകമാനം ഒരുതരം നൈരാശ്യം പടർന്നുപിടിച്ചതുപോലെയുണ്ടായിരുന്നു. എങ്ങനെ സംഭവിക്കാതിരിക്കും?
ആ മണ്ഡലത്തെ പ്രതിനിധാനംചെയ്ത എം.പി ബാബുലാലിന്റെയും ആഗ്രയിൽനിന്നുള്ള എം.പിയും അന്ന് മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രിയുമായിരുന്ന രാം ശങ്കർ കതേരിയയുടെയും വർഗീയവിഷം നിറഞ്ഞ പ്രസംഗങ്ങളാണ് അനുദിനം അവിടെ നിന്നിറങ്ങുന്ന പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
നാട്ടിൽ നിയമവും നീതിനിർവഹണ സംവിധാനവുമെല്ലാം ഉണ്ടായിട്ടും ‘പിശാചുക്കൾ, രാവണന്റെ സന്തതികൾ എന്നെല്ലാം വിളിച്ച് പൊതു പ്രസംഗങ്ങളിൽ അപമാനിക്കുന്ന രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കുന്നില്ല എന്നതാണ് മുസ്ലിംകളെ കൂടുതൽ വിഹ്വലരാക്കുന്നത്.
2020ന്റെ തുടക്കത്തിൽ കപിൽ മിശ്ര, പർവേശ് വർമ തുടങ്ങിയവർ ഓരോ പ്രസംഗങ്ങളിലും അക്കാലമത്രയും നമ്മൾ ആലോചിക്കുകപോലും ചെയ്യാത്തത്ര വിധത്തിലെ വിദ്വേഷങ്ങൾ വിളമ്പാൻ ഒരുമ്പെട്ടിറങ്ങി. മറച്ചു വെപ്പോ മയത്തിൽപറയലോ ദ്യോതിപ്പിച്ച് പറയലോ ഒന്നുമല്ല, വെട്ടിത്തുറന്നാണ് അവർ പ്രസംഗിച്ചത്.
ഇസ്ലാം ലോകത്തുള്ളിടത്തോളം ഭീകരവാദത്തിന് അവസാനമില്ല എന്ന പ്രകോപന പ്രസംഗം നടത്തിയ അനന്ദ് കുമാർ ഹെഗ്ഡെ ഹിന്ദു പെൺകുട്ടികളെ സ്പർശിക്കുന്ന കൈകളെ വെട്ടിവീഴ്ത്തണമെന്ന പ്രസംഗവുമായി രംഗത്തെത്തി. ബാബരി മസ്ജിദ് ധ്വംസനത്തിൽ കുപ്രസിദ്ധമായ പങ്കുവഹിച്ച വിനയ് കത്യാർ പച്ചക്ക് പറഞ്ഞത് മുസ്ലിംകൾ പാകിസ്താനിലേക്ക് പോയേ തീരൂ എന്നാണ്.
മുസ്ലിം പുരുഷന്മാർ നാല് വിവാഹം ചെയ്യുന്നു, നാൽപത് കുട്ടികളെ ഉൽപാദിപ്പിക്കുന്നു എന്ന് പ്രസംഗിച്ച ഹിന്ദുത്വക്കൂട്ടങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഒരു എം.പിയുമുണ്ടായിരുന്നു- സാക്ഷി മഹാരാജ്. മുസ്ലിം സമുദായം ‘ഹറാം സാദ’കൾ (അവിഹിത സന്തതികൾ) ആണെന്ന അസഭ്യം പറഞ്ഞത് സ്വാധ്വി നിരഞ്ജൻ ജ്യോതി ഇപ്പോഴും ഫത്തേപുർ മണ്ഡലത്തിൽനിന്നുള്ള പാർലമെന്റംഗമാണ്.
പാർലമെന്റംഗങ്ങൾക്ക് പുറമെ സംഗീത് സോമിനെപ്പോലെയുള്ള സംസ്ഥാനതല നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ വേറെയുമുണ്ട്. 2013ലെ മുസഫർ നഗർ വർഗീയ കലാപങ്ങളിൽ കുറ്റാരോപിതനായ സോം ദാദ്രിയിലെ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്കിനെ മർദിച്ചുകൊന്ന വേളയിൽ വർഗീയ സംഘർഷം ആളിക്കത്തിക്കാനും മുന്നിലുണ്ടായിരുന്നു.
രാമക്ഷേത്ര നിർമാണം തടയുമെന്നുപറയാൻ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നുവെന്നും അങ്ങനെയാരെങ്കിലും വന്നാൽ തലകാണില്ലെന്നും പ്രസംഗിച്ചു ഹൈദരാബാദ് ഗോഷാമഹൽ എം.എൽ.എ ടി. രാജ സിങ്. 2024ൽ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന് പ്രഖ്യാപിച്ച യു.പിയിലെ എം.എൽ.എ സുരേന്ദ്രസിങ് മറ്റൊരു ഭീഷണി കൂടി മുഴക്കി- ഭാരത് മാത കി ജയ് എന്നു വിളിക്കാൻ മടിയുള്ളവരെല്ലാം പാകിസ്താനികളാണെന്ന്.
ഈ പട്ടിക വളരെ വലുതാണ്, എഴുതിയാൽ തീരാത്തത്ര നീളമുണ്ട്. ഒന്നു മാത്രം പറയാം ഈ വിഷ ഭാഷണങ്ങൾ മുഴക്കുന്നവരെല്ലാം ചോദ്യം ചെയ്യുന്നത് ഈ രാജ്യത്തെ മുസ്ലിംകളുടെ നിലനിൽപിനെ മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനയെയും മൂല്യങ്ങളേയും തന്നെയാണ്.
ഈ അടിസ്ഥാന യാഥാർഥ്യം ചർച്ച ചെയ്യാൻപോലും നാം ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം! ഇതൊന്നും പൊടുന്നനെ സംഭവിച്ച കാര്യങ്ങളല്ല. ദുർബല വിഭാഗങ്ങൾക്കുനേരെ ഇത്ര ഹീനമായ പരാമർശങ്ങൾ നടത്തുന്ന അതേ വേദിയിൽ തന്നെ ഞങ്ങളുടെ ഭരണത്തിനുകീഴിൽ എല്ലാം നന്നായി നടക്കുന്നുവെന്ന് ഭരണാധികാരികൾ അവകാശവാദം മുഴക്കുമ്പോൾ അവരുടെ ആത്മവിശ്വാസത്തിന്റെ അളവ് എത്രമാത്രം ഉയരത്തിലായിരിക്കുമെന്ന് നോക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.