ഐതിഹാസികമായ ശാഹീൻബാഗ് പ്രക്ഷോഭത്തിന് മൂന്നുവർഷമാവുന്നു ഈ ഡിസംബറിൽ. അന്യായമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയ സ്ത്രീകൾ തങ്ങളുടെ കർതൃത്വവും കരുത്തും തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നും അനീതികൾക്കെതിരെ ഉയർത്തുന്ന ചൂണ്ടുവിരലുകളിലൂടെ അവർ ശാഹീൻബാഗിനെ വീണ്ടെടുക്കുന്നു
കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ സംഘടിപ്പിച്ച സമരത്തിൽ പങ്കുചേരാൻ 25 സ്ത്രീകൾ പുറത്തുനിന്ന് വരുന്നുവെന്നറിഞ്ഞ് കനത്ത ബന്തവസ്സാണ് പൊലീസ് ഒരുക്കിയത്. സമരക്കാരുടെ മൂന്നിരട്ടിയുണ്ടായിരുന്നു പൊലീസ് സാന്നിധ്യം, എന്തെന്നാൽ ആ സ്ത്രീകൾ വന്നത് ശാഹീൻബാഗിൽ നിന്നായിരുന്നു.
ശാഹീൻബാഗിലെ ഐതിഹാസിക സി.എ.എ വിരുദ്ധ പ്രക്ഷോഭം അടങ്ങിയിട്ട് ഏതാണ്ട് മൂന്നു വർഷമാവുന്നു. എന്നാൽ, ആ സമരം പകർന്ന ഊർജം മുസ്ലിം യുവതികളെ ഓരോ ദിവസവും പുതുപുതു പോരാട്ടങ്ങൾക്ക് പ്രാപ്തരാക്കിയിരിക്കുന്നു. ബുൾഡോസർ രാജിനെ പ്രതിരോധിക്കാനും ആർത്തവ അവകാശങ്ങൾക്കുവേണ്ടിയും ഹിജാബ് നിരോധനത്തിനെതിരെയും അവർ ശബ്ദമുയർത്തുന്നു.
‘ശാഹീൻബാഗ് ഇപ്പോഴും ഞങ്ങളുടെ ഉള്ളിൽ സജീവമാണ്’- അരുതായ്മകൾക്കെതിരെ ശബ്ദമുയർത്തലാണ് ശാഹീൻബാഗ്- പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഡോ. ത്വയ്യിബ റാസിഖ് (30) അഭിമാനത്തോടെ പറയുന്നു.
പൗരജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ ശാഹീൻബാഗിൽ ഒരു പെൺകൂട്ടായ്മയുണ്ടാക്കി പ്രവർത്തനം തുടരുകയാണവർ. ആർത്തവ ശുചിത്വത്തെക്കുറിച്ച് പെൺകുട്ടികൾക്കിടയിൽ ബോധവത്കരണം, യുവജനങ്ങൾക്കായി നൈപുണ്യ വികസന ശിൽപശാലകൾ എന്നിവ നടത്തുന്നതിനൊപ്പം ഹിജാബ് ഉൾപ്പെടെ വിവിധ ദേശീയ വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവകാശങ്ങൾക്കായി അണിനിരക്കുന്നു ഈ കൂട്ടായ്മ.
ശാഹീൻബാഗ് പ്രക്ഷോഭത്തിൽ പങ്കുചേർന്ന സ്ത്രീകളും അവരുടെ കുടുംബങ്ങളും പലവിധ വെല്ലുവിളികളാണ് നേരിടുന്നത്. മിക്കവർക്കും തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നു; സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവരുന്നു. അതിനുപുറമെ സദാ പൊലീസ് നിരീക്ഷണവും.
‘ഇരുന്നാൽ ഞങ്ങൾ എഴുന്നേൽക്കില്ലെന്നാണ് ഭരണകൂടത്തിന്റെ വിചാര’മെന്നുപറഞ്ഞ് ഷഗുഫ്ത (47) എന്ന മുൻ അധ്യാപിക പൊട്ടിച്ചിരിച്ചു. ഡോ. ത്വയ്യിബയുടെ ജോലിസ്ഥലത്തിനടുത്ത് 2015ൽ ആരംഭിച്ച സലൂണിലിരുന്ന് ഒരു യുവ വധുവിനെ അണിയിച്ചൊരുക്കുന്നതിനിടെ ഹേന അഹമ്മദ് (50) എന്ന മേക്കപ് ആർട്ടിസ്റ്റ് ശാഹീൻബാഗ് സമരക്കാർക്കിടയിലെ സൗഹൃദം, അവർ പരസ്പരം പങ്കുവെച്ച ഭക്ഷണം, വീട്ടിലെ വേവലാതികൾ എന്നിവയെല്ലാം സരസമായി വിവരിച്ചു.
എന്നാൽ, ശാഹീൻബാഗ് പ്രതിഷേധത്താൽ നേടിയെടുത്ത കർതൃത്വത്തിന് കനത്ത വില നൽകേണ്ടിവരുന്നുവെന്ന് പറയുമ്പോൾ പൊടുന്നനെ അവരുടെ വാക്കുകളിൽ ദേഷ്യവും നിരാശയും- ‘‘ഞങ്ങൾ ഏതെങ്കിലും പ്രകടനത്തിൽ പങ്കെടുക്കാനോ ഒത്തുകൂടാനോ തീരുമാനിച്ചാലുടൻ പൊലീസ് ഈ പ്രദേശത്തെ ഒരു കന്റോൺമെന്റാക്കി മാറ്റുന്നു’’- ഹേന പറഞ്ഞു.
2019 ഡിസംബർ 15ന് ജാമിഅ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് ക്രൂരതക്ക് പിന്നാലെയാണ് ശാഹീൻബാഗിലെ സ്ത്രീകൾ സംഘടിച്ച് സി.എ.എ-എൻ.ആർ.സി വിരുദ്ധ സമരം തുടങ്ങുന്നത്. നേതാക്കളില്ലാതെ, സത്യഗ്രഹ മാതൃകയിൽ നടന്ന സമരപ്പന്തലിൽ 2020 മാർച്ച് 24 വരെ സ്ത്രീ പോരാളികൾ ഒരുമിച്ചുചേർന്നിരുന്നു.
ശാഹീൻബാഗിലേക്കാണ് പോകേണ്ടത് എന്നറിയുമ്പോൾ ഓട്ടോ-ടാക്സിക്കാർ വരാൻ മടിക്കുന്ന സാഹചര്യമുണ്ടെന്ന് സ്ത്രീകൾ പറയുന്നു. ഷെഫ് ആകാൻ പഠിക്കുന്ന ഹേനയുടെ മകൾ ഹിബക്ക് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഇന്റേൺഷിപ് ഒഴിവാക്കേണ്ടിവന്നതിന്റെ കാരണം മറ്റൊന്നല്ല.
മിനി പാകിസ്താനിൽനിന്ന് വരുന്നവൾ എന്ന് ആളുകൾ മുനവെച്ച് സംസാരിക്കുന്നത് അസഹനീയമായപ്പോൾ മാനേജ്മെന്റിനെ ധരിപ്പിച്ചു. പക്ഷേ, മനോഭാവത്തിൽ മാറ്റം വരില്ലെന്നുകണ്ടപ്പോൾ അവിടം വിടേണ്ടിവന്നു- ഹേന പറയുന്നു. മുൻകാലങ്ങളിൽ മാസം 50തിനും 60തിനും ഇടയിൽ ഉപഭോക്താക്കളാണ് ഹേനയുടെ സലൂണിൽ എത്തിയിരുന്നത്.
അതിപ്പോൾ പതിനഞ്ചായി കുറഞ്ഞു. അഡ്വാൻസ് തന്നവർ പോലും ശാഹീൻബാഗുകാരിയാണെന്നറിഞ്ഞ് ബുക്കിങ് ഒഴിവാക്കി. ഇപ്പോൾ പ്രദേശവാസികൾ മാത്രമാണ് സേവനം തേടിയെത്തുന്നത്. ഓൺലൈനിലെ മോശം റിവ്യൂ ഒഴിവാക്കാൻ സലൂണിന്റെ വിലാസത്തിൽനിന്ന് ശാഹീൻബാഗ് എന്നത് മാറ്റുകപോലും ചെയ്യേണ്ടിവന്നു.
മൂന്നുവർഷംമുമ്പ് കൈവന്ന കർതൃത്വവും കാര്യബോധവും കൈമോശപ്പെടുത്താൻ ഇനി തയാറല്ല ഇവിടത്തെ പെൺകൂട്ടം. താഴ്ന്ന വരുമാനക്കാരായ പെൺകുട്ടികൾക്കുവേണ്ടി തൊഴിൽ പരിശീലനവും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ട്യൂഷനും നൽകുന്നു ഇവരിപ്പോൾ.
എല്ലാ പെൺകുട്ടികളും സ്കൂളിലെത്തുന്നുവെന്നും ഏറ്റവും കുറഞ്ഞത് അവർ പത്താം ക്ലാസ് പൂർത്തിയാക്കുന്നുവെന്നും ഉറപ്പുവരുത്താനാണ് ഞങ്ങളുടെ ശ്രമം-ഷഗുഫ്ത പറയുന്നു. 2020ൽ ആരംഭിച്ച കേന്ദ്രത്തിൽ പെൺകുട്ടികളെ ബ്യൂട്ടീഷ്യൻ, തയ്യൽ കോഴ്സുകൾ പരിശീലിപ്പിക്കുന്നു. ഡോ. ത്വയ്യിബയുടെ നേതൃത്വത്തിൽ ആരോഗ്യ-ശുചിത്വ ശിൽപശാലകളും നടത്തുന്നു.
മൂന്നുവർഷമായി പല സന്നദ്ധ സംഘടനകളോടും ഞാൻ പറയുന്നു, ഇവിടെ ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ നടത്താൻ. പല പെൺകുട്ടികളും വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടിവിടെ-ഡോ. ത്വയ്യിബ പറയുന്നു. ഈ കേന്ദ്രം നടത്തിപ്പിന് പ്രതിമാസം 40,000 രൂപയോളം ചെലവുവരുന്നുണ്ട്.
ആ പണം സ്വയം കണ്ടെത്തുകയാണ് ഈ കൂട്ടായ്മ. ചിലർ തയ്യൽ മെഷീനുകൾ നൽകിയും പണം വാങ്ങാതെ മെഷീൻ അറ്റകുറ്റപ്പണി ചെയ്തുകൊടുത്തും സഹായിക്കുന്നതൊഴിച്ചാൽ പുറമെനിന്ന് ആരിൽ നിന്നും സംഭാവനകൾപോലും സ്വീകരിക്കുന്നില്ല ഇവർ.
ഏതുനേരവും ഒരു ബുൾഡോസർ നിരങ്ങിയെത്താമെന്ന ഭയം അവിടങ്ങളിലുണ്ട്. ഈ വർഷം മേയിൽ വൻ പൊലീസ് സന്നാഹങ്ങളോടെ, കൈയേറ്റം ഒഴിപ്പിക്കലെന്ന പേരിൽ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ ബുൾഡോസറുകളുമായി വന്നിരുന്നു ഇവിടെ. ഉടൻ നൂറുകണക്കിന് കച്ചവടക്കാരും പ്രദേശവാസികളും പ്രതിഷേധവുമായി തെരുവിലിറങ്ങി.
കോൺഗ്രസ് പ്രവർത്തകരും അവർക്ക് പിന്തുണ നൽകാനെത്തി. ഗത്യന്തരമില്ലാതെ പൊളിനീക്കം നിർത്തിവെക്കേണ്ടിവന്നു അധികൃതർക്ക്. ഞങ്ങൾ ഭരണകൂടത്തിനെതിരല്ല, പക്ഷേ അനീതി കാണിച്ചാൽ ഞങ്ങൾ ശബ്ദമുയർത്തുകതന്നെ ചെയ്യുമെന്ന് തീർത്തുപറയുന്നു ഷഗുഫ്ത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.