കർഷരുടെ പോരാട്ടങ്ങൾ അവസാനിപ്പിക്കാനുള്ളതല്ല

ദില്ലി ചലോ സമാനതകളില്ലാത്ത ചെറുത്തു നിൽപ്പിന്റെ ഒരു മാതൃകയാണെന്നും അമിതധികാരം കൊണ്ട് അന്ധമായ ഒരു ഭരണകൂടത്തോടാണ് ഏറ്റുമുട്ടിയതെങ്കിലും ആ ചെറുത്തു നിൽപ്പിന് ആഗോള തലത്തിൽ സ്വാധീനം വളർത്താൻ കഴിഞ്ഞെന്നും എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെ സമ്മതിക്കുന്നു. കർഷക വിരുദ്ധമായ മൂന്നു നിയമങ്ങൾ പാർലമെന്റ് പാസ്സാക്കിയതും പിൻവലിച്ചതും ഒരു ചർച്ചയും ഇല്ലാതെയാണെന്നത് ചെറുത്തുനിൽപ്പ് മുഖാമുഖം നേരിട്ടത് ഏതു തരം ശക്തിയോടായിരുന്നു എന്നതും വ്യക്​തമാക്കിത്തരുന്നു.

ഫലപ്രദമായ എതിർപ്പില്ലാതെ നോട്ടു നിരോധനം നടപ്പാക്കുകയും പൗരത്വ ഭേദഗ തി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധങ്ങളെ ഉരുക്കു മുഷ്ടി കൊണ്ട് അടിച്ചമർത്തുകയും ചെയ്ത, മനുഷ്യാവകാശങ്ങളെ തുടർച്ചയായി ചവിട്ടി അരച്ചുപോരുന്ന ഒരു സർക്കാരാണ് കർഷക പ്രക്ഷോഭത്തിനു മുന്നിൽ കീഴടങ്ങിയതെന്നത് പ്രക്ഷോഭത്തിന്റെ ശോഭ വർദ്ധിപ്പിക്കുന്നു.

മൂന്നു നിയമങ്ങൾ പിൻവലിക്കാൻ സർക്കാറിനെ നിർബന്ധിതമാക്കിക്കൊണ്ടാണ്​ കർഷക പ്രക്ഷോഭം അവസാനിച്ചതെന്നത് സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെ വിലയിരുത്തുന്നതിനു ബാധകമായ സത്യസന്ധതയോടെ ആ പ്രക്ഷോഭത്തെ വിലയിരുത്താനുള്ള ബാധ്യത സൃഷ്ടിക്കുന്നു.

സർക്കാർ സൃഷ്ടിച്ച പ്രതിരോധം മാറ്റി നിറുത്തിയാൽ ദില്ലി ചലോക്ക് ഡൽഹിക്ക് പുറത്തു ലഭിച്ച പിന്തുണ സമാന രീതിയിലായിരുന്നു എന്ന് പറയുന്നത് സത്യ സന്ധമായിരിക്കില്ല.പിന്നണിയിൽ ഉണ്ടായിരുന്ന വ്യത്യസ്തതകളെയും വൈരു ദ്ധ്യങ്ങളെയും അതിജീവിച്ചാണ് പ്രക്ഷോഭം മുമ്പോട്ട് പോയതും വിജയം വരിച്ചതും എന്നത് അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. പ്രക്ഷോഭം വിജയിച്ചെങ്കിലും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും മുമ്പത്തേത് പോലെ തുടരുന്നു എന്ന കാര്യം അതീവ പ്രാധാന്യത്തോടെ പരിഗണിക്കണം.

ഇന്ത്യയിലെ കർഷക സമൂഹങ്ങളെ ഭരിക്കുന്ന പ്രധാന പ്രവണതകളാണ് ജാതിയും മറ്റു വ്യത്യസ്തകളും. ഇന്ത്യൻ ജനസംഖ്യയിൽ 70ശതമാനം ഇപ്പോഴും ജീവസന്ധാരണത്തിന്​ ആശ്രയിക്കുന്നത് കൃഷിയെ ആണെന്ന് ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്യുന്നു. അതിൽ 82ശതമാനം പാർശ്വവൽകൃതരും ദരിദ്രരുമായ കർഷകരാണ്.

ഭക്ഷ്യ സ്വയം പര്യാപ്തത നേടാൻ കഴിഞ്ഞെങ്കിലും ഇന്ത്യ യുടെ ജി. ഡി. പി. യിൽ കൃഷിയുടെ സംഭാവന 1951 ന് ശേഷം നാൾക്ക് നാൾ കുറഞ്ഞു വരികയാണെന്നും കാണേണ്ടതുണ്ട്. ഇതിന്റെ അർത്ഥം ഇന്ത്യയുടെ സമ്പദ്​ വ്യവസ്ഥയും ജി.ഡി.പി. യും വളർന്നുവെങ്കിലും കർഷകർ കൂടുതൽ ദരിദ്രരായി എന്നാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ പദാവലി ഉദ്ധരിക്കുന്നതിനപ്പുറം കാർഷിക സമ്പദ്​ വ്യവസ്ഥിതിയും പൊതുവായ സാമ്പത്തിക സ്ഥിതിയും ദില്ലി ചലോ വിജയത്തിനൊപ്പം വച്ചു പരിശോധിക്കണം.2017 ലെ അശോക് ദൽവായി റിപ്പോർട്ടിൽ പറയുന്നത് 1951 ലെ സെൻസസ് പ്രകാരം ഭൂ രഹിത കർഷകരുടെ എണ്ണം 27.2 ദശലക്ഷം ആയിരുന്നത് 144.3 ദശ ലക്ഷമായി ഉയർന്നു എന്നാണ്. അതേ കാലഘട്ടത്തിൽ ഭൂമിയുള്ള കർഷകരുടെ എണ്ണം 69.9 ദശലക്ഷത്തിൽ നിന്ന് 118.8ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ഇതിന്റെ അർത്ഥം കർഷകരിൽ 55ശതമാനം ഭൂമി ഇല്ലാത്തവരാണെന്നാണ്. ഭൂമി ഉള്ളവരിൽ മൂന്നിൽ രണ്ടും ഒരു ഹെക്റ്ററിൽ താഴെ മാത്രം ഭൂമി ഉള്ളവരാണെന്ന് 2014 ലെ സെൻസെസ് വ്യക്തമാക്കുന്നു. ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ഭൂമി ഉള്ള കർഷകരുടെ ശതമാനം താഴ്ന്നു കൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ ഭൂ ഉടമസ്ഥതയും ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തീർണവും ജാതി ഘടനയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഓരോ മേഖലയിലെയും ജാതി ഘടനക്കനുസരിച്ചാണ് അവിടത്തെ ഭൂ ഉടമസ്ഥതയുടെ അവസ്ഥ. ഉദാഹരണത്തിന്, ആന്ധ്രയിലും തെലുങ്കാനയിലും ഭൂമിയുള്ള കർഷകരിൽ അധികവും റെഡ്ഡി-ഖമ്മ വിഭാഗത്തിൽ പ്പെട്ടവരാണ്. കർണാടകയിൽ വോക്ക ലികക്കാരും ലിംഗായത്തുക്കളുമാണ്. മഹാരാഷ്ട്രയിൽ മറാത്തരും തമിഴ്നാട്ടിൽ ഗൗണ്ടർമാരും തേവർമാരുമാണ്. ഭൂരഹിതരിൽ ഭൂരിഭാഗവും ദലിതരും ആദിവാസികളും ആണെന്നതാണ് മാറ്റമില്ലാത്ത അവസ്ഥ. ദലിതരിൽ 71ശതമാനവും ഭൂരഹിതരാണ്.ബീഹാറിലും ഹരിയാനയിലും പഞ്ചാബിലും ആന്ധ്രയിലും തെലുങ്കാനയിലും തമിഴ്നാട്ടിലും കേരളത്തിലും ദലിതുകളും മുഖ്യമായും കർഷക തൊഴിലാളികളാണ്. ഇന്ത്യയിലെ എല്ലാ ജില്ലകളും കണക്കിലെടുത്താൽ 90ശതമാനം കർഷകത്തൊഴിലാളികളും ദലിതരോ ആദിവാസികളോ ആണ്. ഇതിനു കാരണം ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞതു പോലെ സാമൂഹികപരവും ചരിത്ര പരവുമാണ്. അംബേദ്കറെ ഉദ്ധരിക്കാം. ''ഒരു കാർഷിക രാജ്യത്ത് മുഖ്യ ജീവസന്ധാരണ മാർഗം കൃഷിയാണ്. എന്നാൽ അസ്​പർസ്യരായവർക്ക് ഈ ജീവിതസന്ധാരണ മാർഗം ലഭിക്കുന്നില്ല. ഇതിന് നിരവധി കാരണങ്ങൾ ഉണ്ട്. ഒന്നാമത്, അവർക്ക് ഭൂമി വാങ്ങാൻ ശേഷിയില്ല. അഥവാ, അവർ പണം സമാഹരിച്ചു ഭൂമി വാങ്ങാൻ ശ്രമിച്ചാൽ ഹിന്ദുക്കൾ അവരെ അതിനു അനുവദിക്കില്ല. അസ്പർസ്യർ ഭൂമി വാങ്ങി തങ്ങൾക്കൊപ്പമെത്തുന്നത് അവർക്ക് അംഗീകരിക്കാനോ സഹിക്കാനോ ആവതില്ല.ആരെങ്കിലും ഭൂമി വാങ്ങിയാൽ അവർക്ക് ശിക്ഷ ലഭിക്കും ചിലയിടങ്ങളിൽ അസ്പർസ്യർ ഭൂമി വാങ്ങുന്നത് തടയുന്ന നിയമങ്ങൾ വരെയുണ്ട്. ഉദാഹരണത്തിന് പഞ്ചാബിൽ ഭൂമി വാങ്ങുന്നത് തടയുന്ന നിയമമുണ്ട്. ഭൂമി വാങ്ങാവുന്ന ജനവിഭാഗങ്ങൾ ഏതൊക്കെയെന്നു ആ നിയമം നിഷ്കർഷിക്കുന്നു. ആ പട്ടികയിൽ അസ്പർസ്യരെ ഉൾപ്പെടുത്തിയിട്ടില്ല. ഇതു മൂലം ആ വിഭാഗത്തിൽ പെട്ടവർ ഭൂരഹിതരായിരിക്കാൻ നിയമം മൂലം വിധിക്കപ്പെട്ടിരിക്കുന്നു. ജാതിയെ അടിസ്ഥാനമാക്കിയുള്ള കാർഷിക ബന്ധങ്ങളും ഭൂമി നിഷേധവുമാണ് അക്രമങ്ങളുടെ മുഖ്യ ഹേതു.

രാജ്യത്തിന്റെ എല്ലാ മേഖലകളിലും കർഷകർ വിവിധ തലങ്ങളിൽ വിഭജിക്കപ്പെട്ടാണ് നിലകൊള്ളുന്നത്. ഇതിനു പുറമെ, കൃഷി രീതികളുടെ വ്യത്യസ്തതകൾ കൊണ്ടും വിളകളുടെ വ്യത്യാസങ്ങൾ കൊണ്ടും കൂടി കർഷകർ വിഭജിക്കപ്പെട്ടിട്ടുണ്ട്. നെല്ല്, ഗോതമ്പ്, കരിമ്പ്, കാപ്പി, തേയില എന്നിവക്കൊക്കെ ബാധകമായ തൊഴിൽ ബന്ധങ്ങൾ വിഭിന്നമാണ്. അത് കൃഷി രീതിയിലും ജാതിയിലും അധിഷ്ഠിതമാണ്.

ദില്ലി ചലോക്ക് മുമ്പും പ്രക്ഷോഭം നടക്കുമ്പോഴും ഇപ്പോഴും ശരാശരി കർഷക കുടുംബത്തിന്റെ മാസവരുമാനം ജീവസന്ധാരണത്തിനു തികയാത്തതാണ്. കണക്കുകൾ പ്രകാരം അത് കേവലം 10000രൂപയാണ്. കട ബാധ്യതകൾ കൊണ്ട് ഓരോ കുടുംബവും ഞെരുങ്ങിയാണ് നീങ്ങുന്നത്. വാർഷിക വരുമാനത്തിന്റെ 60ശതമാനത്തിലധികം കടങ്ങളാണ്. ദേശീയ സാമ്പിൾ സർവ്വേ റിപ്പോർട്ട് പ്രകാരം 2018 ജൂലൈക്കും 2019 ജൂലൈക്കും ഇടയിൽ കർഷക കുടുംബങ്ങളുടെ ശരാശരി വാർഷിക വരുമാനം 123000 രൂപയും വാർഷിക കടബാധ്യത 74,100രൂപയുമാണ്. ഇത് ശരാശരി ആണെന്നോർക്കണം. സമ്പന്ന-ഇടത്തരം കുടുംബങ്ങളുടെ ഉയർന്ന വരുമാനവും ഇതിൽ ഉൾപ്പെടുന്നു. 2019 ൽ മാത്രം 10281 കർഷകർ ആത്മഹത്യ ചെയ്തു. കോവിഡ് പകർച്ചവ്യാധി കഴിഞ്ഞ വർഷം ഇത് വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ടാകും. സർക്കാർ നൽകിയ സാമ്പത്തിക സഹായങ്ങളും ആശ്വാസപാക്കേജുകളും പ്രയോജനപ്പെടുന്നത് ഭൂമി ഉള്ളവർക്ക് മാത്രമാണ്. 55ശതമാനം ഭൂരഹിതരായ കർഷകർ അഗതികളെപ്പോലെ കഴിയുകയാണ്. ഇത് വെളിവാക്കുന്നത്, ദില്ലി ചലോക്ക് ശേഷവും കാർഷിക മേഖലയിലെ ദുരവസ്ഥ പഴയതു പോലെ തന്നെ തുടരുന്നു എന്നാണ്.

സാമ്പത്തിക വളർച്ചയെക്കുറിച്ചും വികസനത്തെക്കുറിച്ചും വലിയ വലിയ കാര്യങ്ങൾ തട്ടി മൂളിക്കുമ്പോഴും കാർഷിക മേഖലയിലെ ദുസ്ഥിതി ജാതി അധിഷ്ഠിതമായും ഉത്പാദന രീതികളുമായി ബന്ധപ്പെട്ടും തന്നെ തുടരുകയാണ്. ഒരു ചതുരശ്ര മൈലിനുള്ളിലെ ജനസാന്ദ്രത 1098 ആയിരിക്കുന്ന ഇന്ത്യയിൽ ഭൂമിക്കു വേണ്ടി മത്സരിക്കുന്നത് അത്രയധികം ആളുകളാണ്. അതുകൊണ്ട്, ജാതിപ്പരിഗണനയിൽ ധാരാളം പേർ പിന്തള്ളപ്പെട്ടു പോകുന്നു.

ഡോക്ടർ അംബേദ്കർ ഇത് മുൻകൂട്ടി കാണുകയും ഇതിനു പരിഹാരമായി ദലിതർക്കിടയിൽ കൂട്ടുകൃഷി സമ്പ്രദായം ആവിഷ്കരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഒരിക്കൽ കൂടി അദ്ദേഹത്തെ ഉദ്ധരിക്കാം.

''സർക്കാരിന്റെ ശ്രദ്ധ ഒന്നാമതായി പതിയേണ്ടത് പട്ടിക ജാതിക്കാർക്ക് ഭൂമി കണ്ടെത്തി കൊടുക്കാൻ ആയിരിക്കണമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അവരെ ഭൂമിയിൽ കുടി പാർപ്പിച്ചുകൊണ്ട് സ്വന്തമായും സ്വതന്ത്രമായും കൃഷി ചെയ്യാൻ അവരെ പ്രാപ്തരാക്കണം. അതു വഴി അവർ ആരെയും ഭയപ്പെടാതെ തല ഉയർത്തിപ്പിടിച്ചു അന്തസ്സോടെയും ഉർജ്ജസ്വലരാ യും ജീവിക്കാൻ പ്രാപ്തി ഉള്ളവരായി മാറണം''

ഇന്ത്യയിൽ ഭൂ പരിഷ്കരണത്തിന്റെ ലാഞ്ചനയെങ്കിലും ഉള്ളത് കേരളത്തിലും ജമ്മു കാശ്മീരിലും ആണ്. കേരളത്തിൽ പൊതുവായ പുരോഗതിക്ക് ഭൂപരിഷ്കരണം പ്രയോജനപ്പെട്ടെങ്കിലും ദലിതർക്കും ആദിവാസികൾക്കും അത് ഗുണപ്പെട്ടിട്ടില്ല. കേരളത്തിൽ കാർഷിക ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ കൃഷി ഭൂമി ലഭിച്ചത് പാട്ടകൃഷിക്കാർക്കാണ്. കർഷകത്തൊഴിലാളികളായ ദലിതർക്കും ആദിവാസികൾക്കും കൃഷിഭൂമി ലഭിച്ചില്ല. അവരിപ്പോഴും മറ്റിടങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന കോളനികളിലും ഊരുകളിലുമാണ് കഴിയുന്നത്. ആദിവാസികൾ പുറത്തായത് തോട്ടങ്ങൾ ഭൂപരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കിയത് മൂലമാണ്. തോട്ടങ്ങളെല്ലാം ഉള്ളത് ആദിവാസി മേഖലകളിലാണ്. തോട്ടമുടമകളും അവരുടെ ആശ്രിതരും സവർണർ ആയതുകൊണ്ട് ആദിവാസികൾ അവരുടെ മേഖലകളിൽ ഇന്ന് ന്യൂനപക്ഷമായിരിക്കുന്നു.

എല്ലാത്തരം വ്യത്യസ്തതകളും വൈരുദ്ധ്യങ്ങളും മറികടന്നാണ് ദില്ലി ചലോ രൂപപ്പെട്ടതും വിജയിച്ചതും എന്നത് അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. കൂട്ടായ നേതൃത്വവും കൃത്യമായ ലക്ഷ്യബോധവും നിശ്ചയദാർഢ്യവും അക്രമ രാഹിത്യവുമാണ് അത് സാധ്യമാക്കിയത്. ഇന്ത്യ ഇത് വരെ കണ്ടതിൽ ഏറ്റവും അധികാര പ്രമത്തത നിറഞ്ഞ ഭരണകൂടത്തിന്റെ എല്ലാ അടിച്ചമർത്തൽ തന്ത്രങ്ങളെയും മറികടക്കാൻ അതിനു കഴിഞ്ഞു എന്നത് ഒരു തരത്തിൽ അത്ഭുത കരമാണ്. ആ ജനകീയ മുന്നേറ്റത്തിന്റെ ഊർജം കെടാതെ സൂക്ഷിച്ചു ജനാധിപത്യത്തെ സമ്പുഷ്ഠമാക്കി മുമ്പോട്ട് പോകാനും ഏറ്റവും ഒടുവിലത്തെ ആളിന്റെയും മോചനം വരെ അത് തുടരാനും ശ്രമം ഉണ്ടാകേണ്ടതുണ്ട്. അതിന് ഉപകരിക്കണം എന്ന ചിന്തയോടെ, ഇന്ത്യൻ കാർഷിക മേഖലയിലെ എല്ലാ വ്യത്യസ്തകളെയും വൈരുദ്ധ്യങ്ങളെയും ഉൾക്കൊള്ളുകയും ചേർത്തു പിടിക്കുകയും ചെയ്യുന്ന വയനാട്ടിൽ ദില്ലി ചലോക്ക് ഒരു സമൂചിത സ്മാരകം ഉണ്ടാക്കാൻ ദില്ലി ചലോ കേരള ഘടകം 40സെന്റ് സ്ഥലം ലോക കർഷക ദിനമായ ഡിസംബർ 23ന് സമർപ്പിക്കുന്നു. അത് വൈത്തിരി താലൂക്കിൽ പൊഴുത ന പഞ്ചായത്തിൽ കുറിച്യ മലയിലാണ്.

(കേരള ഹൈകോടതിയിൽ അഭിഭാഷകനാണ്​ ലേഖകൻ)

Tags:    
News Summary - the fights of farmers are not meant to end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.