ജനം ഏറക്കുറെ പരസ്യ പ്രതികരണങ്ങളിൽനിന്ന് വിട്ടുനിന്നപ്പോൾ മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ എതിരഭിപ്രായങ്ങൾ മറച്ചുവെച്ചില്ല. വിധി വന്ന ദിവസം അവരിൽ മിക്കപേരും ‘വീട്ടുതടങ്കലിൽ’ ആയിരുന്നു. എന്നാൽ, ഇത്തരമൊരു നിയന്ത്രണം ഉണ്ടായിരുന്നുവെന്നത് തള്ളിക്കളയുന്നു ജമ്മു- കശ്മീർ ഭരണകൂടം
ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദ് ചെയ്ത തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധി വന്ന അന്ന് കശ്മീരിൽ ഒരു സാധാരണ ദിവസമായിരുന്നു. ശ്രീനഗറിലും മറ്റു പ്രധാന നഗരങ്ങളിലും കടകമ്പോളങ്ങളെല്ലാം തുറന്നുകിടന്നു, ഗതാഗതം സാധാരണ നിലയിലായിരുന്നു, ഇൻറർനെറ്റ് സേവനത്തിന് തടസ്സമേതുമില്ലായിരുന്നു.
370ാം വകുപ്പ് പ്രകാരമുള്ള ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയും സംസ്ഥാന പദവി എടുത്തുകളഞ്ഞും 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിന്റെ തീരുമാനം വന്ന ദിവസത്തിൽനിന്ന് നേർവിപരീതമായിരുന്നു ഈ അനുഭവം. നാലുവർഷം മുമ്പുണ്ടായ ഈ തീരുമാനത്തിന് അകമ്പടിയായി അതികഠിനമായ നിയന്ത്രണങ്ങളുണ്ടായിരുന്നു, നിരവധി മാസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. സുപ്രീംകോടതി തീരുമാനത്തോട് മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും ഒരു കശ്മീരി വിഘടനവാദി നേതാവും മാത്രമേ പ്രതികരിച്ചതു പോലുമുള്ളൂ. കേന്ദ്രസർക്കാറിൽ നിന്ന് വിഭിന്നമായി പരമോന്നത നീതിപീഠത്തിൽ കശ്മീരിലെ ജനങ്ങളിൽ പലരും പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. എന്നാൽ, അതൊരു പൊതുനിലപാടാണെന്ന് പറഞ്ഞുകൂടാ.
‘‘മുൻകാല ചരിത്രം വെച്ചുനോക്കിയാൽ ബി.ജെ.പി സർക്കാറിന്റെ തീരുമാനങ്ങളെ കോടതി മറികടക്കുന്ന പതിവില്ലെന്ന് കാണാം. അഫ്സൽ ഗുരുവിനെ ‘സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനായി’ തൂക്കിക്കൊല്ലാൻ വിധിച്ച അനുഭവം നമുക്ക് മുന്നിലുണ്ട്’’-സർവകലാശാല വിദ്യാർഥികളിലൊരാൾ പറയുന്നു. ജനങ്ങൾ വിധിയിൽ നിരാശരാണെങ്കിലും പരസ്യമായ അഭിപ്രായ പ്രകടനങ്ങളുമായി മുന്നോട്ടുവരാത്തതാണ് എന്നാണ് ഈ വിദ്യാർഥിയുടെ അഭിപ്രായം.
പ്രകടമായ നിയന്ത്രണങ്ങൾ ഇക്കുറി ഉണ്ടായിരുന്നില്ലെന്നത് ശരി തന്നെ. എന്നാൽ, ഓൺലൈനിൽ നിരീക്ഷണം കർശനമായിരുന്നു. വിധിക്ക് മുന്നോടിയായി പോസ്റ്റ് ചെയ്ത കമൻറുകളുടെ പേരിൽ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കശ്മീരി ജനതക്കുനേരെ നിരന്തരം സംഭവിക്കാറുള്ള ‘ചതിപ്രയോഗ’ങ്ങളിൽ മറ്റൊന്നു മാത്രമാണ് ഈ കോടതി വിധിയെന്ന് പലരും തുറന്നുപറയുന്നുണ്ട്. ‘‘ഈ വഞ്ചന കശ്മീരി ജനതയെ കൂടുതൽ അന്യവത്കരിക്കാനേ വഴിവെക്കൂ എന്നാണ് ശ്രീനഗറിലെ വ്യാപാരികളിലൊരാൾ പറഞ്ഞത്. 370ാം വകുപ്പ് എടുത്തുകളഞ്ഞ തീരുമാനത്തിന്റെയും അതു ശരിവെച്ച കോടതിവിധിയുടെയും പ്രഭാവം എന്താണെന്ന് കാലത്തിന് മാത്രമേ പറയാനാവൂ. എന്നാൽ, തങ്ങൾക്കുനേരെ നടന്ന കാര്യങ്ങളെച്ചൊല്ലി ജനം തികഞ്ഞ നിരാശയിലാണ്-അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കശ്മീരിൽ സംഭവിച്ചേക്കാവുന്ന ജനസംഖ്യാപരമായ മാറ്റത്തെക്കുറിച്ചുള്ള ഭയങ്ങളെ ഈ വിധി തുറന്നുവിടുന്നു. ജനങ്ങൾക്ക് അവരുടെ ഭാവിയെ സംബന്ധിച്ച കടുത്ത അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ് ജനത.
ജനങ്ങൾ ഏറക്കുറെ പരസ്യ പ്രതികരണങ്ങളിൽനിന്ന് വിട്ടുനിന്നപ്പോൾ മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ എതിരഭിപ്രായങ്ങൾ മറച്ചുവെച്ചില്ല. വിധി വന്ന ദിവസം അവരിൽ മിക്കപേരും ‘വീട്ടുതടങ്കലിൽ’ ആയിരുന്നു. എന്നാൽ, ഇത്തരമൊരു നിയന്ത്രണം ഉണ്ടായിരുന്നുവെന്നത് തള്ളിക്കളയുന്നു ജമ്മു- കശ്മീർ ഭരണകൂടം.
നീതിയും അവകാശവും ഉറപ്പാക്കാനുള്ള കൂടുതൽ പരിശ്രമങ്ങൾക്ക് തങ്ങൾ തയാറാണെന്നാണ് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല പറഞ്ഞത്. ‘‘നീതി ലഭ്യമാകും എന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ സുപ്രീംകോടതിയുടെ വാതിൽക്കൽ മുട്ടിയത്. ജമ്മു- കശ്മീരിലെയും ലഡാക്കിലെയും ജനതക്ക് സുപ്രീംകോടതിയിൽനിന്ന് നീതി നേടിക്കൊടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന കാര്യം ഞങ്ങൾ സമ്മതിക്കുന്നു, പക്ഷേ, ഞങ്ങൾ പരിശ്രമങ്ങൾ അവസാനിപ്പിക്കുകയില്ല. ഇന്നല്ലെങ്കിൽ മറ്റൊരുനാൾ, 2019 ആഗസ്റ്റ് അഞ്ചിന് ഞങ്ങളിൽനിന്ന് തട്ടിയെടുക്കപ്പെട്ട ആദരവും വ്യക്തിത്വവും വീണ്ടെടുക്കുന്നതിനുതകുന്ന അന്തരീക്ഷം രാജ്യത്ത് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’’- വിധി വന്ന ദിവസം പുറത്തുവിട്ട ഒരു വിഡിയോ സന്ദേശത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ എന്ന ആശയത്തിനേറ്റ പരാജയമാണീ കോടതി വിധി എന്നായിരുന്നു പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ‘‘370ാം വകുപ്പ് ഒരു താൽക്കാലിക വ്യവസ്ഥയായിരുന്നുവെന്ന സുപ്രീംകോടതി വിധി ഞങ്ങളുടെ പരാജയമല്ല, മറിച്ച് ഇന്ത്യ എന്ന ആശയത്തിന്റെ പരാജയമാണ്, നാം വഞ്ചിക്കപ്പെട്ടിരിക്കുന്നു’’- ഒരു വിഡിയോ സന്ദേശം മുഖേന മെഹ്ബൂബ ചൂണ്ടിക്കാട്ടി.
ജമ്മു-കശ്മീർ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒരാഴ്ചത്തെ പരിപാടികൾ നിർത്തിവെച്ചിരിക്കുകയാണ് മെഹ്ബൂബയുടെ പാർട്ടി.
വിധി നിരാശാജനകമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും തന്നെ അപ്രതീക്ഷിതമായിരുന്നില്ലെന്ന് പറഞ്ഞു ഹുർറിയത്ത് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ്.
‘‘370ാം വകുപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധി കശ്മീരികളുടെ വിശ്വാസങ്ങളിൽ മാറ്റം വരുത്തില്ല. 2019 ആഗസ്റ്റ് അഞ്ചുമുതൽ തന്നെ കശ്മീരികളുടെ അന്യവത്കരണം പൂർണമാണ്. അവരെ ഒപ്പം നിർത്തുന്നതിൽ നാം പരാജയപ്പെട്ടു. പ്രതീക്ഷ വെച്ചുപുലർത്തിയ അവരെ നാം വഞ്ചിച്ചു!’’-പ്രതിരോധ നിരീക്ഷകൻ പ്രവീൺ സാഹ്നി പറയുന്നു.
കേന്ദ്രസർക്കാർ കശ്മീർ നയം കൂടുതൽ കടുപ്പിക്കുമെന്ന സാധ്യത നിലനിൽക്കെ കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ മുഴുവനും അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.