അവർ ജിഗ്നേഷ് മേവാനിയെ ഭയക്കുന്നു

ഉഴുതുകൊണ്ടിരിക്കുന്ന പാടത്തിന്റെ യജമാനൻ താനാണെന്ന് ധരിച്ചുപോയ കാളയെപ്പോലെയാണ് ഭാരതീയ ജനതപാർട്ടിയുടെ അവസ്ഥ. മൂക്കുകയറിൽ പിടിച്ചിരിക്കുന്നയാളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് അതിനറിയില്ലല്ലോ. ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയുടെ യജമാനർ ഭരണഘടന മൂല്യങ്ങളെയും അവകാശാധിഷ്ഠിതമായ റിപ്പബ്ലിക്കിനെയും വിലമതിക്കുന്ന ഇവിടത്തെ പൗരസമൂഹമാണ്. വിമർശനങ്ങളും ഇടപെടലുകളും ഈ ഫെഡറൽ രാജ്യത്തിന്റെ നിലനിൽപിന് ആവശ്യവുമാണ്.

സർക്കാർ കരുതുന്നുണ്ടാവും ജനങ്ങളുടെ ഓർമ ചെറുതാണെന്നും അവർ രാഷ്ട്രീയ ദലിത് അധികാർ മഞ്ച് കൺവീനറും ഗുജറാത്തിലെ എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ, അല്ലെങ്കിൽ അദ്ദേഹത്തെപ്പോലെ അന്യായമായി ജയിലിലടച്ച അനേകരെ മറന്നുപൊയ്ക്കോളുമെന്നും. എന്നാൽ, അടിച്ചമർത്തലുകൾക്കെതിരെ പൊരുതാനുറച്ച ജനതയുടെ മനസ്സിൽ അത്തരം പ്രവൃത്തികൾ തറഞ്ഞു നിൽക്കുമെന്ന് സർക്കാർ മറന്നുപോയിരിക്കുന്നു. ഗുജറാത്ത് നിയമസഭാംഗമായ മേവാനിയെ ബി.ജെ.പി ഭരിക്കുന്ന അസമിൽ നിന്നെത്തിയ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ബി.ജെ.പിയുടെ വർധിച്ചുവരുന്ന അടിച്ചമർത്തൽ നയത്തെയും ദലിതുകളെക്കുറിച്ചുള്ള അവരുടെ ഭയത്തെയും കാണിക്കുന്നു.

മേവാനി പ്രതിനിധാനംചെയ്യുന്നത് സാധാരണ ജനങ്ങളുടെ അവസ്ഥയെയാണ്, അവർ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന നായകനായി അദ്ദേഹത്തെ കാണുന്നു. ഒരു സ്വതന്ത്ര നിയമസഭാംഗമാണെങ്കിലും, അദ്ദേഹത്തിന് രാജ്യവ്യാപകമായി സ്വീകാര്യതയുണ്ട്. ഞാൻ ഈ കുറിപ്പ് ന്യൂയോർക്കിൽനിന്ന് എഴുതവെ, മേവാനിക്കുവേണ്ടി ഒരു കാമ്പയിൻ നടത്താൻ പ്രവാസികളും അന്താരാഷ്ട്ര സമൂഹവും നീക്കം നടത്തിവരുകയാണ്.

മേവാനിയെക്കുറിച്ചറിയാൻ അദ്ദേഹത്തിന്റെ ഭൂതകാലത്തിലേക്ക് നാം സഞ്ചരിക്കേണ്ടതുണ്ട്. കുറഞ്ഞ ശേഷിയുള്ള കുടുംബത്തിലാണ് മേവാനി വളർന്നത്. അടിച്ചമർത്തപ്പെട്ട ജാതികൾ ബ്രാഹ്മണിസത്തിന്റെ മടിത്തട്ടിലേക്ക് വീണുപോകാൻ പാകത്തിലുള്ള ഒരു സ്ഥലത്ത്, മുസ്‌ലിംകൾക്കുനേരെ ഓങ്ങുന്ന ത്രിശൂലം കൈയാളുന്ന ദലിതനാകാൻ മേവാനിക്ക് കഴിയും. പക്ഷേ, സമൂഹത്തിൽ നടമാടുന്ന ഉച്ഛനീചത്വങ്ങൾ വ്യക്തമായി തിരിച്ചറിയുന്ന ദലിത് പാരമ്പര്യത്തിന്റെ ഉൽപന്നമായിരുന്നു അദ്ദേഹം. ജനാധിപത്യ സമരരംഗത്താണ് മേവാനി പരിശീലനം നേടിയത്.

പരിചയസമ്പന്നനായ ആ പത്രപ്രവർത്തകൻ, അവഗണിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ഇടങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരു ഗ്രാംഷിയൻ ബുദ്ധിജീവിയായി പക്വത പ്രാപിച്ചു. ചിന്തനീയമായ ഉപന്യാസങ്ങൾ എഴുതി, ഭാവിയിലേക്കുള്ള അജണ്ട രൂപപ്പെടുത്തുന്നതിനാവശ്യമായ ഗൗരവമേറിയ പണ്ഡിതോചിത സംരംഭങ്ങളുമായി പങ്കുചേർന്നു. ഗുജറാത്തി ഭാഷയുടെയും കവിതയുടെയും ഗസലുകളുടെയും നിലവിലെ അന്തസ്സുകെട്ട ഇരുൾക്കാലത്തിന് മുമ്പുള്ള ഗുജറാത്തി പൈതൃകത്തിന്റെയും ഇഷ്ടക്കാരനാണ് മേവാനി.

ആധുനിക ഗുജറാത്തിന്റെ കഥ പ്രചാരണതന്ത്രങ്ങളിലൂടെ പടച്ചെടുത്ത വൈബ്രന്റ് ഗുജറാത്തിന്റേതല്ല, വിട്ടുവീഴ്ചയില്ലാത്ത ദലിത് പാന്തേഴ്സ് പ്രസ്ഥാനത്തിന്റെ, ആദിവാസി ഇടങ്ങൾ നടത്തിയ തുറന്നുപറച്ചിലിന്റെ, പാക് അതിർത്തിയിലുള്ള സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയ തൊഴിലാളി യൂനിയനുകളുടെയുമെല്ലാമാണ്.

എന്നാൽ, ഈ സംസ്ഥാനം ദാരുണമായ ഹിന്ദു-മുസ്ലിം ദ്വന്ദ്വത്തിനും തൊട്ടുകൂടായ്മയുടെ വ്യാപനത്തിനും, ഭൂമിക്ക് പട്ടയമില്ലാത്തതിന്റെ പേരിൽ ആദിവാസികളെ അനാഥരാക്കി പെരുവഴിയിലിറക്കിയതിനും നിർഭാഗ്യവശാൽ സാക്ഷ്യംവഹിച്ചിട്ടുണ്ട്. വിഷാദാത്മകവും നിറംകെട്ടതുമായി മാറുമായിരുന്ന അവസ്ഥയിൽ ഇന്ത്യൻ ജനാധിപത്യ ആഘോഷത്തിന്റെ ഒരു കാരണം കൂടിയാണ് മേവാനി. നോക്കൂ, അദ്ദേഹത്തിന്റെ അറസ്റ്റിൽപോലും അതു കാണാനാവും.

ഏകദേശം 2,800 കിലോമീറ്റർ അകലെ രാജ്യത്തിന്റെ മറ്റൊരു അറ്റത്ത്, താമസിക്കുന്ന ഒരു എം‌.എൽ‌.എയെ അറസ്റ്റ് ചെയ്യുന്നതിനുവേണ്ടി ഒരു ഭരണകൂട സംവിധാനം മുഴുവനായി ഇടപെടുന്നതിലേക്ക് അത് ശ്രദ്ധക്ഷണിക്കുന്നു. ഭരണകൂടത്തിന്റെ മുൻഗണനകളും ഭയങ്ങളും എന്താണെന്ന് ഇത് ലളിതമായി കാണിക്കുന്നു. മേവാനിയെ ബി.ജെ.പി ഭയക്കുന്നുണ്ടെന്ന് ഇപ്പോൾ വ്യക്തമാണ്. മേവാനിയും അനുയായികളും അത് ഇഷ്ടപ്പെടുന്നു. രാജ്യം ആശ്ലേഷിക്കാൻ ആഗ്രഹിക്കുന്ന ഒരു അനിഷേധ്യ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം അത് കൂടുതൽ ദൃഢപ്പെടുത്തുന്നു.

തൊഴിലാളികളെ സംഘടിപ്പിക്കാനും ഒരുമിപ്പിക്കാനും ഗുജറാത്തിൽ എത്തിയവരാണ് മേവാനിയുടെ ഗുരുനാഥർ. സാമൂഹിക പ്രവർത്തനത്തിൽനിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ടവരിൽ ജാതി അക്രമവും ഭൂമിയും തമ്മിലെ ബന്ധത്തെ അടുത്തറിയുന്ന അപൂർവ ജനുസ്സിൽപ്പെട്ടയാളാണ് അദ്ദേഹം. ദലിത് ഭൂ അവകാശത്തിനു വേണ്ടി ഡോ. അംബേദ്കറും ദാദാസാഹേബ് ഗെയ്ക്‍വാദും ദേശീയതലത്തിൽ തുടങ്ങിയ പോരാട്ടപാത പിന്തുടരുന്ന മേവാനി മിച്ചഭൂമിയിൽനിന്ന് അഞ്ചേക്കർ വീതം ദലിതർക്ക് നൽകണമെന്ന നിയമത്തിന്റെ ലംഘനത്തിനെതിരെ ഗുജറാത്തിൽ സമരം നടത്തി.

മേവാനിയുടെ അറസ്റ്റ് വരുത്തിവെക്കുന്ന പ്രത്യാഘാതം മനസ്സിലാക്കുന്നതിൽ ഭരണകൂടത്തിന് പിഴച്ചുപോയെന്ന് തോന്നുന്നു. ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിന്റെ മുൻനിര നായകനായി മേവാനിയെ അവർ അംഗീകരിച്ചിരിക്കുന്നു. ഈ അറസ്റ്റ് ഇതിനകം മേവാനിയുടെ രാഷ്ട്രീയ യോഗ്യതയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് പോലൊരു പാർട്ടിയിൽ രാഷ്ട്രീയ തടവുകാരനാകുക എന്നത് ഉയർന്ന പദവികളിലേക്കുള്ള പാസ്‌പോർട്ടാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ, വർഗീയ-ജാതിവാദത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കുന്ന ശക്തികൾക്കെതിരെ അദ്ദേഹം പാർട്ടിയിൽ ഉയർന്നുവരും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷം വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഗുജറാത്തിന്റെ മുഖവും മേവാനിയായിരിക്കാം.

തെരുവു സമരങ്ങളും സർക്കാറുകളുമായുള്ള പോരാട്ടങ്ങളും മേവാനിക്ക് പുത്തരിയല്ല. ദലിത് വിഷയത്തിൽ ആത്മാർഥമായ ഉത്കണ്ഠയുള്ള നേതാവായി താൻ കാണുന്ന രാഹുൽ ഗാന്ധിയിൽ അദ്ദേഹം വിശ്വാസം അർപ്പിച്ചിരിക്കുന്നു. ബി.ജെ.പിയും കോൺഗ്രസും - മേവാനിക്ക് രണ്ട് ആക്രമണങ്ങളെ അതിജീവിക്കേണ്ടതുണ്ട്-ബി.ജെ.പിയും കോൺഗ്രസും. അതിലദ്ദേഹം വിജയിച്ചാൽ, പതിറ്റാണ്ടുകൾ ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യക്ക് ഒരു നേതാവുണ്ടാകും.

(ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 25 ചെറുപ്പക്കാരിലൊരാൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിന്തകനും കാസ്റ്റ് മാറ്റേഴ്സ് എന്ന ശ്രദ്ധേയ കൃതിയുടെ രചയിതാവുമായ ലേഖകൻ ഹാർവാഡ് കെന്നഡി സ്കൂളിൽ സീനിയർ ഫെലോയാണ്)

Tags:    
News Summary - They are afraid of Jignesh Mewani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT