അഖിലേന്ത്യ സമാധാന, ഐക്യദാർഢ്യ സമിതി (എ.ഐ.പി.എസ്.ഒ) എറണാകുളത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പ്രഭാഷണത്തിൽ നിന്ന്
ചരിത്രാതീത കാലം മുതൽ മനുഷ്യരാശിയുടെ വലിയൊരു ശാപമാണ് യുദ്ധം. യുദ്ധത്തിന്റെ ലക്ഷ്യം നാശമാണ്. സമാധാനത്തിന്റെ ലക്ഷ്യം നിലനിൽപ്പും സഹവർത്തിത്വവുമാണ്. അതുകൊണ്ടാണ് ഏറ്റവും മഹത്തായത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വലിയ സാഹിത്യകൃതികളുടെയൊക്കെ വിഷയം യുദ്ധമാകുന്നത്.
ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് മുതലായ കൃതികളിലും നമ്മുടെ ഇതിഹാസങ്ങളിലും യുദ്ധവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ദുരന്തങ്ങളുമെല്ലാം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. യുദ്ധവും സമാധാനവും രാഷ്ട്രീയ വിഷയം മാത്രമല്ല, സാഹിത്യത്തിന്റെ വിഷയവുമാണ്. അതുകൊണ്ടാണ് 19ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരനായ ടോൾസ്റ്റോയിയുടെ മഹത്തായ കൃതിയുടെ തലക്കെട്ടുതന്നെ ‘യുദ്ധവും സമാധാനവും’ എന്നായത്.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ ഘട്ടത്തിൽ ഫലസ്തീൻ പ്രശ്നത്തെക്കുറിച്ച് പലതരം വ്യാഖ്യാനങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ക്രിസ്തുവിന് 1000 വർഷംമുമ്പുള്ള ചരിത്രം പരിശോധിക്കപ്പെടുന്നുണ്ട്. പക്ഷേ, അതിൽ സുപ്രധാനമായ കാര്യം നമ്മൾ ജീവിച്ചിരിക്കുന്ന ഈ നിമിഷമാണ്.
ആയിരം കൊല്ലം മുമ്പ് എന്ത്നടന്നു എന്നത് മാത്രമല്ല ഈ നിമിഷത്തിൽ, നമ്മൾ ജീവിക്കുന്ന ചരിത്രസന്ദർഭത്തിൽ എന്ത് സംഭവിക്കുന്നു എന്നതുകൂടി വളരെ പ്രധാനമാണ്. ഭൂതകാല ചരിത്രത്തെക്കുറിച്ച അറിവുകൾ നമ്മുടെ ചരിത്ര സന്ദർഭത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയോജനപ്പെടണം.
അല്ലെങ്കിൽ ആ ചരിത്രവിജ്ഞാനം കൊണ്ട് മനുഷ്യരാശിക്ക് ഗുണമില്ല. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ആരാണ് ഫലസ്തീൻ ജനത എന്ന് നമ്മൾ അറിഞ്ഞിരിക്കണം.
അമേരിക്കൻ ജനത, ഇന്ത്യൻ ജനത, ബ്രിട്ടീഷ് ജനത എന്നൊക്കെ വിളിക്കുന്നതുപോലെ ഒന്നാണോ ഫലസ്തീൻ ജനത. അങ്ങനെയല്ല; കാരണം ഫലസ്തീനികൾ യഥാർഥത്തിൽ സ്വന്തം രാജ്യമില്ലാത്ത, അഭയാർഥി ജനതയാണ്. 75 വർഷമായി തുടരുന്ന ഫലസ്തീൻ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം അവർക്ക് പൂർണസ്വാതന്ത്ര്യമുള്ള ഒരു രാജ്യം ഇല്ല എന്നതാണ്. സ്വന്തം രാജ്യത്തുനിന്ന് ബഹിഷ്കരിക്കപ്പെട്ട ജനതയാണ് അവർ. അങ്ങനെയുള്ള ജനതകൾ ധാരാളമുണ്ട്. യഹൂദർതന്നെ അങ്ങനെയൊരു ജനതയായിരുന്നു. ഭൂതകാലത്ത് റോമക്കാർ യഹൂദരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്.
കുരിശുയുദ്ധ കാലത്ത് ക്രിസ്ത്യാനികളും അവരെ കൂട്ടക്കൊല ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിൽ സ്പെയിനിൽ ഫെർഡിനാൻഡ് -ഇസബെല്ല ഭരണകാലത്ത് ലക്ഷക്കണക്കിന് യഹൂദർ കൂട്ടക്കൊലക്കിരയായി. അവസാനം ജർമനിയിൽ ഹിറ്റ്ലർ 60 ലക്ഷത്തോളം യഹൂദരെ കൊന്നു.
അനേകം തവണ യഹൂദർക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തേക്കും അഭയാർഥികളായി അവർ ഓടിപ്പോയി. അതുകൊണ്ട് പലായനത്തിന്റെയും രാജ്യം ഇല്ലായ്മയുടെയും പീഡനത്തിന്റെയും വേദനകളും യാതനകളുമൊക്കെ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത് യഹൂദ ജനതയാണ്. നിർഭാഗ്യവശാൽ, അവർക്ക് ഒരു രാജ്യം ഉണ്ടായപ്പോൾ അവർ ഫലസ്തീൻകാരോട് നീതി ചെയ്തില്ല എന്നതാണ് ഇന്നത്തെ ഫലസ്തീൻപ്രശ്നത്തിന്റെ അടിസ്ഥാന കാരണം.
1948ൽ ഇസ്രായേലിന്റെ ജനനം മുതൽ അഭയാർഥികളാകേണ്ടിവന്നവരാണ് ഫലസ്തീൻ ജനത. അവർക്ക് സ്വന്തം ജന്മഭൂമിയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. വീടും കുടിയുമൊക്കെ വിട്ട് ഓടിപ്പോകേണ്ടിവന്നു. ഇസ്രായേൽ എന്ന രാജ്യം രൂപവത്കരിക്കപ്പെടുമ്പോൾതന്നെ ഏഴര ലക്ഷത്തോളം ഫലസ്തീനികൾ അഭയാർഥികളായി. ഇത് മുൻകൂട്ടിക്കണ്ടാണ് ബലപ്രയോഗത്തിലൂടെ ഇസ്രായേൽ രാജ്യം സ്ഥാപിക്കരുതെന്ന് 20ാം നൂറ്റാണ്ടിലെ സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അഹിംസയുടെയും പ്രവാചകനായ ഗാന്ധിജി പറഞ്ഞത്. ഫ്രാൻസ് ഫ്രഞ്ചുകാർക്കെന്നപോലെ, ബ്രിട്ടൻ ബ്രിട്ടീഷുകാർക്കെന്ന പോലെ, ഫലസ്തീൻ ഫലസ്തീനികൾക്ക് അവകാശപ്പെട്ടതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ഇസ്രായേൽ രാജ്യം സ്ഥാപിക്കപ്പെടുന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും താൽപര്യങ്ങൾ മധ്യേഷ്യയിൽ സംരക്ഷിക്കാനുള്ള താവളം എന്നനിലയിൽ കൂടിയാണ്. അതിനുപിന്നിലെ ഘടകം യഹൂദരോടുള്ള സ്നേഹമായിരുന്നില്ല; യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് യഹൂദരെ ഒഴിവാക്കുക എന്നതായിരുന്നു. ലോക യുദ്ധങ്ങൾ കഴിഞ്ഞപ്പോൾ തിരിച്ചുവന്ന യഹൂദർക്ക് സ്വന്തം വീടും സ്ഥലവുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഹംഗറി, പോളണ്ട്, ജർമനി എന്നിവയടക്കമുള്ള രാജ്യങ്ങളിൽനിന്നും പഴയ സോവിയറ്റ് യൂനിയൻ പ്രദേശങ്ങളിൽനിന്നും അനേകം യഹൂദർ പുറത്താക്കപ്പെട്ടു. ഒട്ടേറെ യഹൂദർ അമേരിക്കയിൽ അഭയം തേടിയിരുന്നു. യഹൂദരുടെ തിരിച്ചുവരവിനെ ഭയന്ന യൂറോപ്യൻരാജ്യങ്ങൾ അവർക്ക് ഒരു രാജ്യം ഉണ്ടാകുന്നതിനെ പിന്തുണച്ചതിൽ അത്ഭുതപ്പെടാനില്ല.
യഹൂദർക്ക് ഒരു രാജ്യം എന്നആശയം ഹംഗറിക്കാരനായ തിയോഡോർ ഹെർസൽ മുന്നോട്ടുവെക്കുകയും അതിന് ‘വാഗ്ദത്ത ഭൂമി’ എന്ന ന്യായം കണ്ടെത്തി രാഷ്ട്രീയ ആയുധമാക്കി സയണിസ്റ്റ് പ്രസ്ഥാനം രൂപംകൊള്ളുകയും ചെയ്തപ്പോൾ അമേരിക്കയടക്കം രാജ്യങ്ങൾ പിന്തുണച്ചു.
രണ്ടാം ലോക യുദ്ധത്തിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ഓട്ടോമൻ തുർക്കികളുടെ പതനത്തിനുശേഷം ആ പ്രദേശം മുഴുവൻ ബ്രിട്ടന്റെ നിയന്ത്രണത്തിലാകുകയും ബ്രിട്ടനും അമേരിക്കയും ലോകത്തിലെ നിർണായക ശക്തികളാകുകയും ചെയ്തപ്പോൾ യഹൂദർക്ക് ഒരു രാജ്യം വേണ്ടതാണ് എന്ന് ഐക്യരാഷ്ട്രസഭയിൽ തീരുമാനിക്കപ്പെടുകയായിരുന്നു.
ഇസ്രായേൽ പിറവിയെടുത്തപ്പോൾ ചുറ്റുമുള്ള അറബ് രാജ്യങ്ങളെല്ലാം ഭയന്നു. ക്രിസ്തു ജനിക്കുന്നതിനുമുമ്പേ, പ്രവാചകൻ മുഹമ്മദ് നബി ജനിക്കുന്നതിനുമുമ്പേ ഫലസ്തീൻ പ്രദേശത്ത് യഹൂദരും അറബികളുമുണ്ട്. ഇവരെല്ലം ഉൾപ്പെടുന്ന പല വംശങ്ങളും ഗോത്രങ്ങളുമുണ്ടായിരുന്നു. സ്വാഭാവികമായും അവർക്കിടയിൽ ഐക്യവും കലഹവും ചിലപ്പോൾ യുദ്ധവുമുണ്ടായിരുന്നു. എങ്കിലും അവരെല്ലാം ഒരുമിച്ചു ജീവിച്ചുപോന്നു.
പക്ഷേ, ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ ഓരോ ഭൂവിഭാഗവും പങ്കിട്ടെടുക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ അത് സ്വീകരിക്കാൻ അറബികൾ തയാറായില്ല. ബ്രിട്ടനും അമേരിക്കക്കും മുൻതൂക്കമുള്ള ഐക്യരാഷ്ട്രസഭ 33 ശതമാനം വരുന്ന യഹൂദർക്ക് 55ശതമാനം ഭൂമിയും ഫലസ്തീനികൾക്ക് 45ശതമാനം ഭൂമിയുമാണ് വീതിച്ചത്. ഈ അസന്തുലിതാവസ്ഥ അംഗീകരിക്കാൻ ഫലസ്തീനികൾ തയാറായില്ല.
ഇസ്രായേൽ രാജ്യത്തിലൂടെ അമേരിക്കക്കും ബ്രിട്ടനും ആ പ്രദേശത്ത് ആധിപത്യം ലഭിക്കുമെന്ന് ആശങ്കപ്പെട്ട അറബികൾ അസ്വസ്ഥരായി. ഈ അസ്വസ്ഥതയിൽനിന്നാണ് ഇസ്രായേലിനുനേരെ ആദ്യത്തെ അറബ് യുദ്ധമുണ്ടാകുന്നത്. തങ്ങൾക്കുകൂടി സ്വീകാര്യമായ ഒരു രാഷ്ട്രരൂപവത്കരണം നടക്കാതെവന്നപ്പോൾ ഉടലെടുത്ത സംഘർഷത്തിന് നടുവിൽനിന്ന് ഫലസ്തീനികൾക്ക് തങ്ങളുടെ ജന്മസ്ഥലം വിട്ട് ഓടിപ്പോകേണ്ടിവന്നു.
രണ്ടു തരം അഭയാർഥികളാണ് ഇത്തരത്തിൽ ഉണ്ടായത്. ഒന്ന്, ഇസ്രായേലിനായി നിശ്ചയിക്കപ്പെട്ട രാജ്യാതിർത്തിക്കുള്ളിലുള്ള കാൽ ലക്ഷത്തോളം പേർ വഴിയാധാരമായി. ഇസ്രായേലിനായി നിശ്ചയിച്ച ഭൂമിയിൽനിന്ന് ഓടിപ്പോകേണ്ടിവന്ന ഏഴു ലക്ഷത്തിലധികം പേരാണ് രണ്ടാമത്തെ കൂട്ടർ. ഇവർക്ക് ഇസ്രായേലിന്റെ നിയമമനുസരിച്ച് തിരിച്ചുവരാൻ അവകാശമില്ല. അവർ എന്നന്നേക്കുമായി അഭയാർഥികളായി.
‘ആബ്സന്റീസ് പ്രോപ്പർട്ടീസ് ലോ’ എന്നൊരു നിയമംതന്നെ പാസാക്കപ്പെട്ടു. ജീവിക്കുന്ന പ്രദേശം വിട്ട് ഓടിപ്പോകേണ്ടിവന്ന ഫലസ്തീൻകാരുടെ സ്വത്തുക്കൾ ഈ നിയമപ്രകാരം ഇസ്രായേൽ പിടിച്ചെടുത്തു. ജോർഡനിലേക്കും സിറിയയിലേക്കും ഈജിപ്തിലേക്കും ലബനാനിലേക്കും ഫലസ്തീനികൾ കുടിയേറിയതോടെ അവിടത്തെ ജനങ്ങളുടെ വിഭവശേഷികൂടി ഈ അഭയാർഥികൾക്ക് പങ്കിടേണ്ട അവസ്ഥ വന്നു. തുടർന്ന്, ആ രാജ്യങ്ങളും ഇസ്രായേലിനെതിരെ ആയുധമെടുത്തു.
ഇതിനിടയിൽപ്പെട്ട ഫലസ്തീനികളാകട്ടെ നിത്യമായി അഭയാർഥികളുമായി. 1967ൽ ഈജിപ്തും സിറിയയും ജോർഡനും ചേർന്ന് ഇസ്രായേലിനെ ആക്രമിച്ച ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയും ആ രാജ്യങ്ങളുടെ ഭൂവിഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, ഫലസ്തീന്റെ 80 ശതമാനം പ്രദേശങ്ങളും ഇസ്രായേൽ തങ്ങളുടെ കൈപ്പിടിയിലൊതുക്കി. കഴിഞ്ഞ 75 വർഷത്തിനിടെ പലതരം യുദ്ധങ്ങൾക്ക് സാക്ഷിയായ ഫലസ്തീന് ഒന്നും നേടാനായില്ല. എല്ലാം നിസ്സഹായരായി സഹിച്ച് അവർ അഭയാർഥികളായി.
വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും മറ്റ് അറബ് രാഷ്ട്രങ്ങളിലെയും യു.എൻ അഭയാർഥി ക്യാമ്പുകളിൽ വെള്ളത്തിനും ഭക്ഷണത്തിനും വൈദ്യസഹായത്തിനും യാചിച്ച് തലമുറകളായി അവർ നരകയാതന അനുഭവിക്കുന്നു. ഗസ്സയും വെസ്റ്റ് ബാങ്കുമെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അഭയാർഥി ക്യാമ്പുകളാണ്. മുഴുവൻ ഫലസ്തീനും ഒരുതരത്തിൽ അഭയാർഥി ക്യാമ്പാണ്.
ഫലസ്തീൻ പ്രശ്നം പരിഹരിക്കാൻ ഇക്കാലമത്രയും നയതന്ത്രപരമായും സൈനികമായും രാഷ്ട്രീയമായും നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇതോടെ 59 ലക്ഷം ഫലസ്തീൻകാരാണ് ഇന്നുവരെ അഭയാർഥികളായത്. ഫലസ്തീൻ ജനതയിൽ പകുതിയിലധികവും അന്യരാജ്യങ്ങളിൽ കിടക്കുന്നു. അവിടെനിന്നും ചിലപ്പോൾ അവർ ആട്ടിയോടിക്കപ്പെട്ടേക്കാം.
ഏഴരപ്പതിറ്റാണ്ടിലധികമായി മറ്റു രാജ്യങ്ങളിലും സ്വന്തം ഭൂമിയിലും രണ്ടാംതരം പൗരന്മാരായി, അഭയാർഥികളായിക്കഴിയുന്ന ഫലസ്തീൻ ജനതക്കാണ് നമ്മൾ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത്. അവർ ഇന്ത്യൻ ജനതയെ പോലെയല്ല. അവർക്ക് ശരിക്കും ഒരു രാജ്യമില്ല.
പുതിയ സംഭവവികാസങ്ങൾ അവരുടെ ദുരിതം വളരെ വർധിപ്പിച്ചു. ഫലസ്തീൻ ജനതക്കായി ഇസ്രായേലിനോട് ഏറ്റുമുട്ടാൻ ആരും തയാറാകുന്നില്ല. അമേരിക്ക ഇസ്രായേലിനെ പിന്തുണക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു. എത്രയോ കോടി ഡോളറാണ് ഈ യുദ്ധത്തിൽ ചെലവഴിക്കപ്പെടുന്നത്. അഭയാർഥി ക്യാമ്പുകൾക്കുനേരെ പോലും ഇസ്രായേൽ ബോംബിടുന്നു. അഭയാർഥി ക്യാമ്പിൽപോലും ഉറങ്ങാൻകഴിയാത്ത ഫലസ്തീൻ ജനതയാണ് ഇന്ന് ലോകത്ത് ഏറ്റവും ദുരിതം അനുഭവിക്കുന്ന മനുഷ്യർ.
ഒരുപക്ഷേ, മനുഷ്യരാശി ഇത്രക്ക് ദയനീയമായ അവസ്ഥയിൽ കഴിയുന്ന ഒരു ജനതയെ കണ്ടിട്ടുണ്ടാകില്ല.
ഇതിന് പിന്നിലെ സാമ്പത്തിക താൽപര്യങ്ങൾകൂടി അറിയണം. യുനൈറ്റ് നേഷൻസ് കോൺഫറൻസ് ഫോർ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (UNCTAD) എന്നൊരു ഏജൻസിയുണ്ട്. അവരുടെ റിപ്പോർട്ട് പ്രകാരം ഫലസ്തീൻ ഭാഗം അടങ്ങുന്ന ഭൂപ്രദേശത്ത് 122 ട്രില്യൺ ക്യുബിക് അടി പ്രകൃതിവാതക നിക്ഷേപം ഉണ്ട്.
1700 കോടി ബാരൽ എണ്ണയും. ഇത് ഫലസ്തീൻ ജനതക്ക് എടുക്കാൻ അവകാശമില്ല. കാരണം, അവരുടെ 80 ശതമാനം ഭൂമിയും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഈ യുദ്ധത്തിലടക്കം കോടിക്കണക്കിന് രൂപ ഇസ്രായേലിനുവേണ്ടി മുടക്കാൻ എന്ത് സ്നേഹമാണ് ഇസ്രായേലിനോട് അമേരിക്കക്കുള്ളത്. യഥാർഥ താൽപര്യം ആ ഭൂപ്രദേശത്തിനടിയിലുള്ള പ്രകൃതിവാതകവും എണ്ണയുമടങ്ങുന്ന പ്രകൃതി വിഭവങ്ങളിലാണ്.
മനുഷ്യചരിത്രത്തിൽ എല്ലാ കാലത്തും ഉണ്ടായിട്ടുള്ള യുദ്ധം പ്രകൃതി വിഭവങ്ങൾക്കും ഭൂവിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ്. യൂറോപ്യൻ രാജ്യങ്ങൾക്ക് പൊതുവെയും അമേരിക്കക്ക് പ്രത്യേകിച്ചും ഇസ്രായേലിനോടുള്ള ‘അമിത’ സ്നേഹത്തിനു പിന്നിൽ ഈ സാമ്പത്തിക താൽപര്യമാണ്.
നമ്മൾ എത്ര ഐക്യദാർഢ്യം പ്രഖ്യാപിച്ചാലും വൈകാരികമായി പിന്തുണച്ചാലും ഫലസ്തീൻ ജനതയുടെ ദുരിതം പെട്ടെന്നൊന്നും അവസാനിക്കില്ല. മറ്റു മനുഷ്യരെപ്പോലെത്തന്നെ അവരുടെ രാജ്യം അവർക്ക് അവകാശപ്പെട്ടതാണ്. അവർക്കും അവിടെ സമാധാനപൂർവം സഹവർത്തിക്കാനും മാനുഷികമായ അന്തസ്സോടെ ജീവിക്കാനും കഴിയണം.
പാർപ്പിടം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടണം. അവർ അഭയാർഥികളായി ജോർഡനിലും സിറിയയിലും ഈജിപ്തിലും ലബനാനിലും ദുരിതത്തിൽ അവഗണിക്കപ്പെട്ട് കഴിയേണ്ടവരല്ല. അവരും മനുഷ്യരാണ്.
45 ശതമാനം ഫലസ്തീൻകാർക്ക് തൊഴിലില്ലെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. 70 ശതമാനം പേർക്ക് പോഷകാഹാരമില്ല. ഇത്രമാത്രം ദുരവസ്ഥയിൽ ജീവിക്കുന്ന ഈ ജനതയോടല്ലാതെ ആരോടാണ് നമ്മൾ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത്. ഇതിനെ യഹൂദരും മുസ്ലിംകളും തമ്മിലുള്ള യുദ്ധമായി ചുരുക്കിക്കാണാൻ ശ്രമിക്കരുത്.
ഇത് മനുഷ്യദുരന്തമാണ്. ഫലസ്തീൻ രാജ്യം എന്ന അവരുടെ അവകാശത്തോടൊപ്പമാണ് ഇന്ത്യ നിൽക്കേണ്ടത്. സർക്കാറുകൾ നിന്നില്ലെങ്കിലും ഈ രാജ്യത്തെ ജനങ്ങൾ ആ നിർഭാഗ്യ ജനതയോടൊപ്പം നിൽക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ ഇച്ഛാശക്തികൊണ്ട് അവരെ പിന്തുണക്കുക.
(കേട്ടെഴുത്ത്: പി.പി. കബീർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.