'അധിനിവേശം ഒഴിഞ്ഞു: സ്വതന്ത്ര അഫ്ഗാൻ' എന്ന സെപ്റ്റംബർ ഒന്നിലെ പത്ര തലക്കെട്ടിനെ മറയാക്കി 'മാധ്യമം' പത്രവും പ്രസിദ്ധീകരണങ്ങളും ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഒരാഴ്ചയായി സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. കേരളത്തിലെ ലെഫ്റ്റ്-ഹിന്ദുത്വ-ലിബറൽ ബുദ്ധിജീവികളാണ് ഈ കാമ്പയിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആമുഖമായി രണ്ടുകാര്യങ്ങൾ സൂചിപ്പിക്കട്ടെ. ഒന്നാമതായി, താലിബാനെ സംബന്ധിച്ചും അഫ്ഗാനിൽ നടന്ന അധികാരകൈമാറ്റത്തെ സംബന്ധിച്ചും വ്യത്യസ്ത വിലയിരുത്തലുകൾ നിലവിലുണ്ട്. ശീതയുദ്ധാനന്തര നവലിബറൽ അജണ്ടക്കനുസൃതമായി, അമേരിക്കൻ കാർമികത്വത്തിൽ ഗോത്രഭീകരതയും മത തീവ്രവാദവും സംശ്ലേഷിപ്പിച്ചുണ്ടാക്കിയതും വിജ്ഞാനവിരോധവും സ്ത്രീവിരുദ്ധതയും പ്രതിലോമപരതയും പിൻപറ്റുന്നതുമായ ഒരു സാമ്രാജ്യത്വ സൃഷ്ടിയാണ് താലിബാൻ എന്ന അഭിപ്രായമാണ് ഈ ലേഖകനുള്ളത്. എന്നിരിക്കിലും ഇപ്പോഴും ലോകജനതയുടെ ഒന്നാം നമ്പർ ശത്രു അമേരിക്കൻ സാമ്രാജ്യത്വവും അത് നയിക്കുന്ന അധിനിവേശ വ്യവസ്ഥയുമാണ്. രണ്ട്, മർദിത- പാർശ്വവത്കൃത പക്ഷത്തുനിന്നുള്ള രചനകൾക്ക് പ്രാമുഖ്യംകൊടുക്കുന്ന 'മാധ്യമ'ത്തിെൻറ സമീപനം ശ്ലാഘനീയമായിരിക്കുമ്പോൾതന്നെ, പ്രത്യയ ശാസ്ത്രപരമായി അത് വെച്ചുപുലർത്തുന്ന മാർക്സിസ്റ്റ് വിരുദ്ധ നിലപാടുകളോടുള്ള, പ്രത്യേകിച്ച് 19ാം നൂറ്റാണ്ടിൽ ജീവിച്ച മാർക്സിനെ പോലും ചരിത്രസാഹചര്യങ്ങളിൽ നിന്നടർത്തിമാറ്റി വ്യാഖ്യാനിക്കുന്നതിനോടുള്ള വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. രാജ്യം കോർപറേറ്റ്-കാവി ഫാഷിസത്തെ അഭിമുഖീകരിക്കുന്ന ഈ സന്ദർഭത്തിൽ, പണിയെടുക്കുന്നവരും മർദിതരുമടക്കം ഉയർന്നുവരേണ്ട വിപുലമായ ജനപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കുന്ന സമീപനം രാജ്യത്തിെൻറ മുഖ്യശത്രുവായ കാവി ഫാഷിസത്തിനും അതിെൻറ ഗുണഭോക്താവായ സാമ്രാജ്യത്വ മൂലധനത്തിനുമാണ് നേട്ടമുണ്ടാക്കുക എന്നും തിരിച്ചറിയേണ്ടതുണ്ട്.
ഇനി വിഷയത്തിലേക്ക് കടക്കാം. രണ്ടേകാൽ ലക്ഷം കോടി ഡോളർ മുടക്കി രണ്ടു ദശാബ്ദക്കാലം അഫ്ഗാൻ ജനതയുടെമേൽ നടത്തിയ കൂട്ടക്കൊലകൾക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരായ അതിക്രമങ്ങൾക്കും ആഗോള കറുപ്പ് കച്ചവടത്തിെൻറ പ്രഭവകേന്ദ്രമായി അഫ്ഗാനെ മാറ്റിയതുമടക്കം കൊടിയ വിനാശം വരുത്തിയശേഷം, വിയറ്റ്നാമിലേതിന് സമാനമായി, അതും പ്രഖ്യാപിത തീയതിക്കുമുമ്പേ, അങ്ങേയറ്റം അപമാനകരമായി അമേരിക്ക പിൻവാങ്ങിയ സന്ദർഭത്തിലാണ് പ്രസ്തുത തലക്കെട്ട്. ഐക്യരാഷ്്ട്രസഭ കൂടി അംഗീകരിച്ച 2020 ഫെബ്രുവരിയിലെ ദോഹ കരാർപ്രകാരം, സ്വന്തം പാവയായ ഗനി ഭരണത്തെ കൈയൊഴിഞ്ഞും രണ്ടു ദശാബ്ദക്കാലത്തെ പ്രത്യക്ഷ അധിനിവേശം അവസാനിപ്പിച്ച് ഭരണം താലിബാന് കൈമാറി അമേരിക്ക സ്ഥലംവിട്ട ദിവസം ഇപ്രകാരമൊരു തലക്കെട്ട് കൊടുത്തത് മറയാക്കി, പത്ര ബഹിഷ്കരണാഹ്വാനം പുറപ്പെടുവിക്കുന്നതിന് പിന്നിൽ നിഷ്കളങ്കമായ താലിബാൻ വിരുദ്ധത മാത്രമാണെന്ന് കരുതുകവയ്യ.
ചർച്ച കേന്ദ്രീകരിക്കേണ്ടിയിരുന്നത് അഫ്ഗാൻ സ്വാതന്ത്ര്യത്തിെൻറ രാഷ്്ട്രീയ- സാമ്പത്തിക വിവക്ഷകളെ സംബന്ധിച്ചായിരുന്നു. അപ്രകാരമൊരു സംവാദം അഫ്ഗാനിസ്താനൊപ്പം സാമ്രാജ്യത്വത്തിെൻറ പുത്തൻ അധിനിവേശ നുകത്തിനുകീഴിൽ കൊള്ളയടിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന ആഫ്രോ-ഏഷ്യൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ യഥാർഥ സ്ഥിതി പുറത്തുകൊണ്ടുവരുമായിരുന്നു. അമേരിക്കൻ അധിനിവേശ ശേഷം, ലോകാധിപത്യത്തിനുവേണ്ടി അവരുമായി മത്സരിക്കുന്ന ചൈനയുടെ കൂടുതൽ സങ്കീർണവും സവിശേഷവുമായ അഫ്ഗാൻ ആധിപത്യത്തിന് താലിബാൻ രാജപാത ഒരുക്കുന്നതും ചർച്ച ചെയ്യപ്പെടുമായിരുന്നു.
അമേരിക്കൻ ചവിട്ടടിയിൽ കഴിയുന്ന പസഫിക്കിലെയും ലാറ്റിനമേരിക്കയിലെയും 'ബനാന റിപ്പബ്ലിക്കുകൾ' പോലും അറിയപ്പെടുന്നത് 'സ്വതന്ത്ര പരമാധികാര' രാജ്യങ്ങളെന്നുതന്നെയാണ്. വാസ്തവത്തിൽ, അധിനിവേശ ശക്തികളിൽനിന്ന് പ്രാദേശിക ഭരണവർഗങ്ങൾക്ക് അധികാരകൈമാറ്റം നടന്നുകിട്ടിയ രാജ്യങ്ങളെയെല്ലാം വസ്തുനിഷ്ഠമായ ഒരു പരിശോധനക്ക് വിധേയമാക്കാതെ, 'സ്വതന്ത്ര' ഗണത്തിൽ പെടുത്തുന്നത് പൊതുവെ പിന്തുടർന്നുവരുന്ന ഒരു രീതിയാണ്. ഭൂപരമായ ആധിപത്യമില്ലാതെതന്നെ ഈ രാജ്യങ്ങളുടെ ആഭ്യന്തര- വിദേശ നയരൂപവത്കരണം വരുതിയിലാക്കുന്നതിന് ലോക മൂലധന ശക്തികൾക്ക് അനായാസം കഴിയുന്ന സാഹചര്യത്തെയാണ് പുത്തൻ അധിനിവേശം (neocolonialism) എന്ന് വിളിക്കുന്നത്. അധികാരകൈമാറ്റം നടന്ന രാജ്യങ്ങളിൽ പാർശ്വവത്കൃതർക്കും അപരവത്കരിക്കപ്പെട്ടവർക്കും 'സ്വാതന്ത്ര്യ'ത്തിെൻറ ഗുണമൊന്നും കിട്ടിയതുമില്ല.
ഉദാഹരണത്തിന്, ബ്രിട്ടൻ അധികാരം കൈമാറിയതുകൊണ്ട് പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മർദിത ജനകോടികൾക്കുമേലുള്ള അടിച്ചമർത്തലുകൾ ഇല്ലാതാകില്ലെന്ന് ഭരണഘടനാശിൽപി ഡോ. അംബേദ്കർ അന്നുതന്നെ ചൂണ്ടിക്കാട്ടിയതാണ്.
ഇന്നിപ്പോൾ പൗരത്വംപോലും നിഷേധിക്കപ്പെടുന്ന മുസ്ലിംകളുടെ സ്ഥിതിയാകട്ടെ, കൂടുതൽ പ്രതിസന്ധിയിലുമാണ്. അതേസമയം, സ്ത്രീകൾക്കും ദലിതർക്കും മനുഷ്യപരിഗണന നൽകാത്ത മനുസ്മൃതി ഭരണഘടനയാക്കണമെന്ന് അന്നാവശ്യപ്പെട്ടവരുടെ നേരവകാശികൾ ഇന്ന് രാജ്യഭരണം നിയന്ത്രിക്കുമ്പോൾ, എണ്ണമറ്റ സ്ത്രീകൾ നടതള്ളപ്പെടുന്നു, അയിത്തജാതിയിൽപെട്ടവർ മലം ചുമട്ടുകാരായി തുടരുന്നു. രാജ്യത്തിെൻറ നയരൂപവത്കരണമാകട്ടെ, അമേരിക്ക നിയന്ത്രിക്കുന്ന പുത്തൻ അധിനിവേശ ഏജൻസികളും കോർപറേറ്റ് മൂലധനകേന്ദ്രങ്ങളും നിർണയിക്കുന്നു. ഏറ്റവുമൊടുവിലത്തെ കർഷക മാരണ നിയമങ്ങൾപോലും ലോക വ്യാപാര സംഘടനയുടെ തീട്ടൂര പ്രകാരമാണെന്ന് വ്യക്തമായിരിക്കുന്നു.
'സ്വതന്ത്ര അഫ്ഗാൻ' പ്രയോഗവുമായി ബന്ധപ്പെട്ട് വിമർശകർ ഈ ദിശയിലുള്ള ഒരു ചർച്ചക്ക് തയാറായിരുന്നെങ്കിൽ, വർത്തമാന ലോകസാഹചര്യത്തിൽ, മൂലധനവ്യവസ്ഥയെ മറികടക്കാവുന്ന ഒരു പദ്ധതിയുടെ അഭാവത്തിൽ, അഫ്ഗാനിസ്താന് ഏതെങ്കിലുമൊരു സാമ്രാജ്യത്വ ശക്തിയുടേയോ സാമ്രാജ്യത്വ ബ്ലോക്കിെൻറയോ ആശ്രിതരാജ്യമായി തുടരാനേ കഴിയൂ എന്ന് ബോധ്യപ്പെടുത്താൻ ആകുമായിരുന്നു. അതോടൊപ്പം, സമൂഹത്തിെൻറ അടിസ്ഥാന ജനാധിപത്യവത്കരണത്തിനുള്ള ഒരു പരിപാടിയില്ലാതെ അഫ്ഗാൻ ജനതക്ക് മോചനമുണ്ടാകില്ലെന്നും വ്യക്തമാകുമായിരുന്നു. ആ ദിശയിലുള്ള ചർച്ചകൾക്കൊന്നും തയാറാകാതെ, വിഷലിപ്തമായ ഒരു സത്യാനന്തര (post-truth) കാമ്പയിൻ വഴി മാധ്യമത്തിനെതിരെ നടക്കുന്ന ബഹിഷ്കരണാഹ്വാനം അതിെൻറ മുസ്ലിം ഐഡൻറിറ്റിയെ തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.
താലിബാനെ ഉപയോഗിച്ചുള്ള ഈ മുസ്ലിം അപരത്വവത്കരണവും ഇസ്ലാമോഫോബിയയും സുഗമമാകുന്നതും ലെഫ്ട് ലിബറലുകൾ വരെ അതിൽ ആകൃഷ്ടരാകുന്നതും ഇവിടത്തെ സ്വയംപ്രഖ്യാപിത ഇടതുഭരണത്തിലൂടെ സംജാതമായ അരാഷ്ട്രീയവത്കരണത്തിെൻറയും അതിെൻറ ചുവടുപിടിച്ച് അടിഞ്ഞുകൂടിയ ഹിന്ദുത്വ പൊതുബോധത്തിെൻറയും പശ്ചാത്തലത്തിലാണ്.
മുസ്ലിം നാമധാരികൾ ദേശസ്നേഹത്തിെൻറ സർട്ടിഫിക്കറ്റ് എപ്പോഴും പ്രദർശിപ്പിച്ചിരിക്കണമെന്ന ആർ.എസ്.എസിെൻറ 'സാംസ്കാരിക ദേശീയത' (cultural nationalism) കേരളത്തിെൻറ തനത് സാഹചര്യത്തിൽ മറനീക്കി പുറത്തുവരുന്നതിെൻറയും ബൗദ്ധിക-സാംസ്കാരിക മണ്ഡലങ്ങളെ അത് സ്വാധീനിക്കുന്നതിെൻറയും സൂചനയാണിത്.
ഒന്നുകൂടി വിശദമാക്കിയാൽ, ശീതയുദ്ധാനന്തര നവലിബറൽ ഘട്ടത്തിൽ ആഗോളതലത്തിൽ ഇടതുപക്ഷത്തിനേറ്റ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ തിരിച്ചടികളെ ഉപയോഗപ്പെടുത്തി, പ്രത്യയ ശാസ്ത്രത്തിെൻറയും ചരിത്രത്തിെൻറയും അന്ത്യം ('End of Ideology' and 'End of History') കുറിക്കലിെൻറയും ഭാവിചരിത്രത്തെ നയിക്കുന്നത് 'സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ' ('Clash of Civilizations') ആണെന്ന പ്രഖ്യാപനത്തിെൻറയുമൊക്കെ പശ്ചാത്തലത്തിലാണ് ഇസ്ലാമിനെ മുഖ്യ ശത്രുവായി പ്രതിഷ്ഠിക്കുന്ന 'ഭീകരതാവിരുദ്ധ യുദ്ധവും' (Global War on Terror) ഇസ്ലാമോഫോബിയയും അമേരിക്ക ആവിഷ്കരിക്കുന്നത്. അഫ്ഗാനിസ്താനിൽനിന്ന് തുടങ്ങി ഇറാഖിലും യമനിലും സോമാലിയയിലും പാകിസ്താനിലും മറ്റുമായി 10 ലക്ഷത്തോളം മനുഷ്യരെ നേരിട്ട് കൊലപ്പെടുത്തിയ ഈ 'ഭീകരതാവിരുദ്ധ യുദ്ധ'ത്തിന് മാത്രമായി ഏകദേശം എട്ടു ലക്ഷം കോടി ഡോളർ (ഇന്ത്യയുടെ ദേശീയ വരുമാനത്തിെൻറ ഏകദേശം നാലിരട്ടിക്ക് തുല്യം) ചെലവായെന്ന് കണക്കാക്കിയിരിക്കുന്നു. ആ പ്രക്രിയയിൽ, അമേരിക്കയുടെ അഫ്ഗാനിലെ ഉപകരണം മാത്രമാണ് താലിബാൻ.
ഇപ്രകാരം, അമേരിക്ക ആവിഷ്കരിച്ച ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയ സാമ്പത്തിക അജണ്ട അവഗണിച്ച് അതേപടി അതേറ്റുപിടിക്കുന്ന കേരളത്തിലെ ഈ ബഹിഷ്കരണാഹ്വാനം വാസ്തവത്തിൽ സേവിക്കുന്നത് മുഖ്യശത്രുവായ അമേരിക്കൻ സാമ്രാജ്യത്വത്തെയും അതിെൻറ ജൂനിയർ പങ്കാളിയായ കേന്ദ്രത്തിലെ കോർപറേറ്റ്-കാവി ഭരണത്തെയുമാണ്. അതോടൊപ്പം, ഇതേ നയങ്ങൾ പിന്തുടരുന്ന കേരളത്തിലെ ഭരണക്കാർക്കും ആഗോള മൂലധന കേന്ദ്രങ്ങളുമായുള്ള അവരുടെ ബാന്ധവവും സംഘിസേവയും മറച്ചുപിടിക്കുന്നതിനുള്ള പുകമറയായും ഇതുപയോഗപ്പെടുന്നു. ഹീനമായ ഈ ഹിന്ദുത്വ-കോർപറേറ്റ് സേവയെ തിരിച്ചറിഞ്ഞ് മറികടക്കാൻ ജനപക്ഷത്തു നിൽക്കുന്നവർ പ്രാപ്തമാകേണ്ടത് കേരളത്തിെൻറ ജനാധിപത്യവത്കരണത്തിന് അനുപേക്ഷണീയമാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.