കൊളംബിയ സർവകലാശാല അധ്യാപകനായ പ്രഫ. ജെഫ്രി സാഷ് ചൂണ്ടിക്കാട്ടിയതുപോലെ ലോകം ഭരിക്കുന്നതും നിലനിർത്തുന്നതും അവരാണെന്നാണ് വാഷിങ്ടണിന്റെ വിശ്വാസം
സമാധാന ചര്ച്ചകൾക്കിടയിലും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ബോംബുവർഷം തുടരുകയാണ്. യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുന്നു. 2024 മാർച്ച് 24ന് ഐക്യരാഷ്ട്രസഭ പാസാക്കിയ 2728 നമ്പർ പ്രമേയം ഉടൻ വെടിനിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് ചെവിക്കൊള്ളാൻ ഇസ്രായേൽ സന്നദ്ധമായില്ല. വാഷിങ്ടണും തെൽഅവീവും അത് തങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞു.
ഇത് ലോകത്തിന് നല്കുന്ന സന്ദേശം മാവോസേതൂങ്ങിന്റെ വാക്കുകളിൽ കുറിച്ചാൽ, ‘രാഷ്ട്രീയശക്തി തോക്കിന്റെ കുഴലിലൂടെ’ എന്നതാണ്. വ്യത്യസ്ത ഒഴികഴിവ് വ്യാഖ്യാനങ്ങൾ നല്കപ്പെടുമ്പോഴും നിത്യവും ഗസ്സയിലും ലബനാൻ- ഇസ്രായേൽ അതിർത്തികളിലും ചെങ്കടൽ തീരങ്ങളിലും ബോംബുകളും മിസൈലുകളും പതിക്കുന്നതിന്റെ ഘോരശബ്ദവും വിലാപങ്ങളും അവസാനിക്കുന്നില്ല.
ലോകം മുഴുക്കെയും- പ്രത്യേകിച്ച് ദക്ഷിണ മേഖലയിലെ രാഷ്ട്രങ്ങൾ- പാശ്ചാത്യ ശക്തികളുടെ വിഴുപ്പുപേറാനും ആജ്ഞകൾ അനുസരിക്കാനും വിധിക്കപ്പെട്ടവരാണെന്ന ധാരണയാണുള്ളത്. സൈനിക-സാമ്പത്തിക- രാഷ്ട്രീയ-രഹസ്യാന്വേഷണ മേഖലകളിലെല്ലാം ഈ രാഷ്ട്രങ്ങളെ വൻശക്തികൾ ചൊൽപടിക്ക് നിർത്തുന്നു.
തൊണ്ണൂറുകളിൽ, സോവിയറ്റ് യൂനിയൻ തകര്ന്നതോടെയാണ് ഇതിന് ആക്കം കൂടിയത്. കമ്യൂണിസ്റ്റ്-കാപ്പിറ്റലിസ്റ്റ് ശക്തികൾക്കിടയിൽ മധ്യമമാർഗം സ്വീകരിച്ചിരുന്ന ചേരിചേരാ പ്രസ്ഥാനവും അതോടെ അപ്രത്യക്ഷമായി.
2024 മാർച്ചിൽ, ബെയ്ജിങ്ങിൽ ചൈന ഡെവലപ്മെന്റ് ഫോറം യോഗത്തിനിടെ, അമേരിക്കൻ രാഷ്ട്രീയ-സാമൂഹിക വിദഗ്ധൻ പ്രഫ. ജെഫ്രി സാഷ് ചൂണ്ടിക്കാട്ടിയതുപോലെ ലോകം ഭരിക്കുന്നതും നിലനിർത്തുന്നതും അവരാണെന്നാണ് വാഷിങ്ടണിന്റെ വിശ്വാസം.
കൊളംബിയ സർവകലാശാല അധ്യാപകനായ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമേരിക്ക റഷ്യയുമായും ചൈനയുമായും സൗഹൃദം സ്ഥാപിക്കുകയും ഇതര രാഷ്ട്രങ്ങളുമായി ഇണങ്ങി ഇടപഴകാൻ തയാറാവുകയും ചെയ്താലേ ലോകത്ത് സമാധാനം കൈവരുകയുള്ളൂ. ചൈനയെ വാണിജ്യരംഗത്ത് പരാജയപ്പെടുത്താനും പകരം അമേരിക്കയുടെ മേൽകോയ്മ സ്ഥാപിക്കാനുമുള്ള മുതലാളിത്ത മനോഭാവമാണ് ഇന്നത്തെ മിക്ക പ്രശ്നങ്ങളുടെയും കാതൽ.
ഇന്നു മുഖ്യമായും രണ്ട് യുദ്ധങ്ങൾ നടക്കുകയാണ്, മറ്റൊന്ന് ഏതു സമയവും ആരംഭിച്ചേക്കാം. അവയിൽ ഓരോന്നും പ്രാദേശികമെന്നതിലുപരി അന്തർദേശീയ പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണെന്ന് കാണാം. ഗസ്സയിൽ യഥാർഥത്തിൽ യുദ്ധം നയിക്കുന്നത് അമേരിക്കയാണ്.
ബ്രിട്ടനും ഫ്രാൻസും ജർമനിയും അമേരിക്കയുടെ കൂട്ടിനുണ്ട്. ഇസ്രായേലിനെ മുന്നിൽ നിർത്തി, ഇന്ധന സമൃദ്ധമായ അറബ് ലോകത്തെ കീഴൊതുക്കി നിർത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിനുള്ള കാരണവും അമേരിക്കയാണ്. അവർ ‘നാറ്റോ’ വിപുലീകരിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണത് സംഭവിച്ചത്.
സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന രാഷ്ട്രത്തെ നാറ്റോവിൽ ചേർക്കാൻ ശ്രമിച്ചാൽ റഷ്യ സമ്മതിക്കില്ലെന്നത് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ദക്ഷിണ ചൈനയുടെ സമുദ്രം ഇന്നൊരു മഹായുദ്ധത്തിന് വേദിയായേക്കുമോ എന്ന സംശയത്തിലാണ്. കാരണം ലളിതമാണ്. വാണിജ്യ രംഗത്തുണ്ടായ ചൈനയുടെ കുതിപ്പിന് അമേരിക്ക തടയിടാനാഗ്രഹിക്കുന്നു. ഇതിനുള്ള വഴി യുദ്ധമല്ല.
പക്ഷേ, സൈനികശക്തി മാത്രമാണ് അമേരിക്കയെ തുണക്കുന്നത്. പിന്നെ, എന്തു ചെയ്യും! ഒരു സുപ്രഭാതത്തിൽ ചൈനയുടെയും അമേരിക്കയുടെയും കപ്പലുകൾ കൂട്ടിയിടിച്ചുവെന്ന് കേട്ടാൽ ഞെട്ടരുത്. അബദ്ധവശാൽ അങ്ങനെ സംഭവിക്കുന്നതിന് എല്ലാവിധ സാധ്യതയുമുണ്ട്.
യുദ്ധങ്ങളെല്ലാം നയിക്കുന്നത് ലോകസമാധാനത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ചുമതലക്കാരായ അമേരിക്കയാണെന്നിരിക്കെ, അവരെ നിയന്ത്രിക്കാൻ ആർക്കും സാധ്യമല്ല. അവരുടെ ആശീർവാദത്തോടെയാണ് യുദ്ധം വംശഹത്യയായി മാറിയിരിക്കുന്നത്. ഇസ്രായേലിന്റെ അതിക്രമങ്ങളെ എപ്പോഴും തങ്ങളുടെ ‘വീറ്റോ’ ശക്തിയുപയോഗിച്ച് ന്യായീകരിക്കുന്ന അമേരിക്കതന്നെ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നതാണ് രസകരം.
ഇതിനുള്ള പരിഹാരം രാഷ്ട്രീയ- നയതന്ത്ര -സൈനിക രംഗങ്ങളിൽ ഒരു ബദൽശക്തിയെ വളർത്തിയെടുക്കുക എന്നത് തന്നെയാണ്. ഇത് ഗസ്സ നല്കുന്ന ഒന്നാമത്തെ പാഠമാണ്. സാമ്രാജ്യത്വ ശക്തികൾ തങ്ങളുടെ താൽപര്യാർഥം പടച്ചുവിടുന്ന യുദ്ധങ്ങൾക്കെതിരെ ശബ്ദമുയർത്താൻ പൊതുജനം സന്നദ്ധമാകുമ്പോൾ അതിനെ പിന്തുണക്കാൻ മനസ്സാക്ഷിയുള്ളവർ രംഗത്തുവന്നേ മതിയാവുള്ളൂ.
ബൈഡൻ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് അവരുണ്ടാക്കിയ ആയുധ കയറ്റുമതിയിൽ വ്യക്തമാണ്. തൊള്ളായിരം കിലോഗ്രാം വീതം ഭാരമുള്ള ആയിരത്തെണ്ണൂറ് ബോംബുകൾ തെൽഅവീവിലേക്ക് കയറ്റിയയക്കാൻ ഉത്തരവ് പാസാക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം സമാധാനത്തെക്കുറിച്ചു ഗീർവാണം മുഴക്കിയത്.
നിരർഥകമായ സാമ്രാജ്യത്വ വാദങ്ങൾ മുഖവിലക്കെടുക്കരുതെന്നാണ് ഗസ്സ ലോകത്തോട് പറയുന്നത്. എല്ലാം കൊന്നൊടുക്കിയശേഷം സമാധാനത്തെക്കുറിച്ച് പറയുമ്പോൾ അവരുദ്ദേശിക്കുന്നത് ശ്മശാന മൂകതയെക്കുറിച്ചാണ്.
ഏപ്രിൽ 28ന് സൗദി അറേബ്യയിൽ നടന്ന സാമ്പത്തിക കോൺഫറൻസിനിടെ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പങ്കുവെച്ചതാണ് യഥാർഥ സമാധാന ഫോർമുല: ‘ഫലസ്തീന് അവരുടെ ന്യായമായ അവകാശം വകവെച്ചു കൊടുത്താൽ തീരുന്നതേയുള്ളൂ ഈ യുദ്ധം. അതോടെ ഇസ്രായേലിലും മേഖലയിലൊന്നടങ്കവും സമാധാനം കൈവരും’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.