ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും

ഇതെല്ലാമാണ് മാക്രോൺ രഹസ്യമായി പറഞ്ഞത്

2022 ആഗസ്റ്റിൽ അടച്ചിട്ട മുറിക്കുള്ളിൽ നടന്ന ഒരു യോഗത്തിൽഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജ്യത്തെ ഉന്നത നയതന്ത്രജ്ഞരോട് 'മാറിവരുന്ന ലോകക്രമ'ത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ടി.വി കാമറകൾക്കുമുന്നിലെ പരസ്യ പ്രസ്താവന ആയിരുന്നെങ്കിൽ, യുക്രെയ്നിലെ പാശ്ചാത്യ ഐക്യം പാടോ തകർന്നുപോയേനെ.

'പാശ്ചാത്യ മേധാവിത്വം അവസാനിക്കുകയാണ് എന്ന് ഞാൻ തുറന്നുപറഞ്ഞേ മതിയാവൂ' യുക്രെയ്ൻ യുദ്ധശേഷമുള്ള പാശ്ചാത്യ രാജ്യങ്ങളുടെഅവസ്ഥയെക്കുറിച്ച് മാക്രോൺ നടത്തിയ പ്രസ്താവനകളിലെ ഒരുവരി മാത്രമാണിത്. അവിടെ നടന്ന പ്രസ്താവനകളുടെയും ചർച്ചകളുടെയും പദാനുപദ റിപ്പോർട്ട് രഹസ്യമായി ഞങ്ങളിൽ ചിലരിലേക്ക് എത്തിച്ചേരുകയുണ്ടായി.

'ഇളക്കാൻ കഴിയാത്ത' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പാശ്ചാത്യ സഖ്യത്തിലെ പ്രധാന അംഗത്തിന്റെ ഈ പ്രസ്താവനയുടെ ഉള്ളടക്കം പ്രസിദ്ധീകരിച്ചപ്പോൾ, ചീത്തവിളികൾ ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ മാധ്യമങ്ങൾ ഒന്നാകെ യുക്രെയ്ൻ യുദ്ധം സംബന്ധിച്ച പാശ്ചാത്യ പ്രചാരണമാണ് മുഖവിലക്കെടുത്തിരുന്നത് എന്നതിനാൽ ഈ വിശേഷം കാര്യമായ ചർച്ചയായില്ല.

പുടിന്റെ ഉപദേഷ്ടാവ് വലേരി ഫദിയേവുമായി ഏതാനും മാസം മുമ്പ് നടത്തിയ അഭിമുഖത്തെ (അഭിമുഖം 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു) യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ ക്രെംലിൻ എന്താണ് ചിന്തിക്കുന്നത് എന്ന സംശയത്തിനുള്ള ഉത്തരമായല്ല, മറിച്ച് 'യുക്രെയ്ൻ വിരുദ്ധ പ്രചാരണം' നടത്തുന്നുവോ എന്ന സംശയമായാണ് ചിലർ കണ്ടത്.

ഫദിയേവുമായി നടത്തിയ അഭിമുഖം 'മോശം മാധ്യമ പ്രവർത്തന'മായിപ്പോയി എന്നാണ് ഒരു പ്രമുഖ പത്രാധിപർ വിലയിരുത്തിയത്. റഷ്യൻ സൈന്യം ബുക്കയിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങളൊന്നും ചോദിച്ചില്ല എന്നാണ് ആ നിരീക്ഷണത്തിന് കാരണമായി പറഞ്ഞത്.

എന്നാൽ, 'ബുക്ക സംഭവം' യുക്രെയ്നിയൻ പ്രചാരണ വിഭാഗം പടച്ചുവിട്ടതാണെന്ന് കാലം വെളിപ്പെടുത്തി. ഇന്ത്യാ ചരിത്രത്തെപ്പറ്റി അൽപജ്ഞാനിയായ ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ, റഷ്യയുടെ കടന്നുകയറ്റത്തെ രജപുത്രർക്കെതിരായ 'മുഗൾ ക്രൂരത'യോടാണ് ഉപമിച്ചത്. പിന്നീട് ചില സമ്മർദങ്ങളുടെ ഫലമായി അദ്ദേഹം തന്റെ അതിഭാവുകത്വത്തിൽ കുറവുവരുത്തുകയുണ്ടായി.

യുക്രെയ്ൻ യുദ്ധത്തിലും അഫ്ഗാനിസ്താൻ, ഇറാഖ് എന്നിവിടങ്ങളിൽ യു.എസ് അധിനിവേശത്തിലും ലിബിയയിലെയും സിറിയയിലെയും യുദ്ധത്തിലുമെല്ലാം ഇല്ലാതെ പോകുന്നത് ഒരു ഇന്ത്യൻ കാഴ്ചപ്പാടാണ്. നേപ്പാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം ഇന്ത്യക്കും ചൈനക്കും ഒരുപോലെ താൽപര്യമുള്ളതാണ്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ ന്യൂസ് ബ്യൂറോകൾ ഹിമാലയൻ മലമടക്കുകളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിൽ എനിക്കതിൽ അത്ഭുതമില്ല, എന്തായാലും ഒരു ഇന്ത്യൻ ചാനലും വാർത്ത നേർമുഖത്തുനിന്നറിയാൻ അവിടേക്ക് പുറപ്പെട്ടതായി അറിവില്ല.

നമ്മൾ ആത്മനിർഭർ (സ്വയം പര്യാപ്തം) ആണെന്ന് പുരപ്പുറത്ത് കയറിനിന്ന് ഉച്ചൈസ്തരം വിളിച്ചുപറയുമ്പോഴും വാർത്തയുടെ കാര്യത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ ഒന്നാകെ ആശ്രയിക്കുന്നത് പാശ്ചാത്യ വിവര സ്രോതസ്സുകളെ മാത്രമാണ്. സോവിയറ്റ് യൂനിയൻ തകരുകയും ലോകം ഏക വൻശക്തിക്ക് കീഴിലാവുകയും ഇന്ത്യൻ വിദേശനയം പാശ്ചാത്യ നിലപാടുകളിലേക്ക് ചായുകയും ചെയ്തതു മുതൽ വർധിച്ചതാണ് ആ വിവര സ്രോതസ്സുകളിലെ ആശ്രിതത്വം.

ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് കാര്യമായ പ്രതികരണമൊന്നും കാണാതെ വന്നപ്പോൾ ഒരുവേള ഞാൻ എന്റെ സ്രോതസ്സുകളെപ്പോലും സംശയിച്ചിരുന്നു. സംഘർഷത്തിന്റെ ആദ്യഘട്ടം മുതൽ ഞാൻ സ്വീകരിച്ചുപോരുന്ന സ്വതന്ത്ര നിലപാടിനെ പൊളിക്കാൻ ഒരു വ്യാജകഥ പ്ലാൻ ചെയ്തതാകുമോ എന്ന്.

എന്നാൽ, ഞാൻ ആ വിവരരേഖകൾ രണ്ടാംവട്ടവും പുറത്തുവിടുന്നു. മറ്റ് രാജ്യങ്ങളിലെ അംബാസഡർമാരെപ്പോലെ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈനും ആ യോഗത്തിലുണ്ടായിരുന്നു എന്നെനിക്കറിയാം. ഈ രേഖകൾ പൂർണമായും ആധികാരികമാണ് എന്ന ഉത്തമബോധ്യം ഇന്നെനിക്കുണ്ട്.

മാക്രോണിന്റെ പ്രസ്‌താവനയിൽനിന്നുള്ള ചില നുറുങ്ങുകൾ ഇവിടെ എടുത്തെഴുതാം: നാറ്റോ നിലവിലുള്ളതിനാൽ യൂറോപ്പിന് സ്വന്തമായി മറ്റൊരു സൈന്യത്തിന് രൂപം നൽകാനാവില്ല. 'യൂറോപ്യൻ സൈന്യം' നിലവിൽ വരാത്തിടത്തോളം അമേരിക്കയുടെ രാഷ്ട്രീയ നിർദേശങ്ങളാൽ നിയന്ത്രിതമായിരിക്കും യൂറോപ്.

അതേ അമേരിക്ക ഒരു സഖ്യരാഷ്ട്രമാണ്, നമ്മുടെ ദീർഘകാല സഖ്യരാഷ്ട്രം. അതേസമയം നമ്മെ ദീർഘകാലമായി തട്ടിക്കൊണ്ടുപോയി തടവിൽ വെച്ചിരിക്കുകയാണ് ഈ സഖ്യകക്ഷി. റഷ്യയെ യൂറോപ്പിൽനിന്ന് പുറത്താക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന അബദ്ധ തന്ത്രമായേക്കും.

പാശ്ചാത്യ രാജ്യങ്ങൾ ഇവ്വിധം മുന്നോട്ടുപോവുകയാണെങ്കിൽ, വൈകാതെ റഷ്യയും ചൈനയും സഖ്യമുണ്ടാക്കില്ലെന്ന് പറയാനാകുമോ? നമ്മുടെ സുഹൃത്തിന്റെ ശത്രുവിനെ നമ്മളും ശത്രുവായി കാണണമെന്ന് നിർബന്ധമുണ്ടോ? അതായത്, റഷ്യ അമേരിക്കയുടെ ശത്രുവാണെന്നുവെച്ച് അവർ യൂറോപ്പിന്റെ ശത്രുവാകണമെന്നുണ്ടോ?

യൂറോപ്പിന് സ്വന്തമായൊരു സുരക്ഷാ വാസ്തുവിദ്യക്ക് നാം രൂപം നൽകേണ്ടതുണ്ട്, റഷ്യയുമായുള്ള ബന്ധം നമ്മൾ സുഗമമാക്കിയില്ലെങ്കിൽ, ഭൂഖണ്ഡത്തിൽ സമാധാനം ഉണ്ടാകില്ല. ആത്യന്തികമായി, ലോകം രണ്ട് ധ്രുവങ്ങളിൽ വലയം ചെയ്യും: അമേരിക്കയും ചൈനയും, യൂറോപ് ഇവരിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ടിവരും. യൂറോപ്യൻ നാഗരികതയെ വീണ്ടെടുക്കാൻ ഫ്രാൻസിന് മാത്രമേ കഴിയൂ.

പാശ്ചാത്യ ആധിപത്യം ലോകക്രമമായി നിലകൊള്ളുന്ന ഒരു യുദ്ധത്തിനിടയിൽ, മാക്രോണിന്റെ ആശയങ്ങൾ പുറത്തുപോകുന്നത് അത്യന്തം വിനാശകരമായിരിക്കാം. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാക്രോൺ മുന്നോട്ടുവെച്ച ആശയങ്ങളുടെ ധാരയിലേക്കാണ് ഏറക്കുറെ നീങ്ങുന്നത്.

യു.എസിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പുകൾ ബൈഡനെ മുറിവേറ്റ മാനിനെപ്പോലെയാക്കിയില്ല, നിറഞ്ഞുകവിയുന്ന ആത്മവിശ്വാസവും പകർന്നില്ല. വോട്ടർമാർ അദ്ദേഹത്തെ ഒരിടത്ത് കൃത്യമായി ഇരുത്തി. ഇനി 2024 നവംബർ വരെ, അലങ്കോലപ്പെട്ട ആഭ്യന്തര അജണ്ട അദ്ദേഹത്തിന് നൽകിയിട്ടുണ്ട് ജനത.

ജനവിധിയുടെ പ്രതികരണമെന്നോണം റഷ്യയുമായുള്ള ചർച്ചകളെ ബൈഡൻ പ്രോത്സാഹിപ്പിക്കാനാണിട. അമേരിക്കൻ ആഭ്യന്തര സെക്രട്ടറി അന്തോണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ഈ മാസം 15,16 തീയതികളിൽ ബാലിയിൽ ജി 20 ഉച്ചകോടിയിലുണ്ടാവും. യുക്രെയ്ൻ വിഷയത്തിലെ നീക്കുപോക്ക് ചർച്ചകളുമായി റഷ്യയും അമേരിക്കയും എത്രമാത്രം മുന്നോട്ടുപോകുമെന്ന് അവരുടെ ശരീരഭാഷ വെളിപ്പെടുത്തും. 

Tags:    
News Summary - This is what Macron said in secret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.