ഈ വിധി ചരിത്രമാണ്!

124എ വകുപ്പ് സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ ബുധനാഴ്ചത്തെ ഇടപെടലിനെ താങ്കൾ എന്തു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക?

ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഐതിഹാസിക വിധി എന്നുതന്നെ വിളിക്കാമെന്നു തോന്നുന്നു. ഒരു ആശയക്കുഴപ്പവും അവ്യക്തതകളുമില്ലാത്ത അതിശക്തമായ ഉത്തരവാണിത്. ഇത് കേവലം ഒരു സ്റ്റേ ഓർഡർ അല്ല. സ്റ്റേ ചെയ്യുകയായിരുന്നുവെങ്കിൽ അതിന് പരിമിതികളുണ്ടാകുമായിരുന്നു. എന്നാലിപ്പോൾ കേസ് ചുമത്തലും വിചാരണയും തുടർനടപടികളുമുൾപ്പെടെ എക്സിക്യൂട്ടിവ് മെഷിനറി ഈ നിയമത്തെ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ് സുപ്രീംകോടതി.

നേരത്തേ വിവാഹേതര ബന്ധം, സ്വവർഗരതി തുടങ്ങിയവ സംബന്ധിച്ച ക്രിമിനൽ വകുപ്പുകൾ സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, ഇത്രമാത്രം ദൂരവ്യാപക പ്രഭാവമുണ്ടാക്കുന്ന ഒരു കോടതി ഇടപെടൽ സമീപകാല ഇന്ത്യൻ ചരിത്രത്തിൽ കാണാനാവില്ല.

എന്തുകൊണ്ടാണ് ഇത്തരമൊരു ഇടപെടൽ സാധ്യമായത്?

പുതിയ കാലത്ത് നീതിന്യായ സമീപനം മാറിയിരിക്കുന്നു എന്നാണ് ഇതിൽനിന്ന് വ്യക്തമാവുന്ന സന്ദേശം. ജനങ്ങളുടെ, ആക്ടിവിസ്റ്റുകളുടെ, പൗരാവകാശ കൂട്ടായ്മകളുടെയെല്ലാം വികാരം ഈ വിധിയിൽ പ്രതിഫലിക്കുന്നുണ്ട്. നോക്കൂ, 1962ലെ കേദാർനാഥ് സിങ് കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ശരിവെച്ച വകുപ്പിനെയാണ് ഇന്ന് മൂന്നംഗ ബെഞ്ച് മരവിപ്പിച്ചിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അതീവ ഗുണകരമായ പരിവർത്തനം നമുക്കിതിൽ കാണാനാവും.

വിധിയുടെ പെട്ടെന്നുള്ള പരിണാമങ്ങൾ എന്തൊക്കെയാവും എന്നാണ് താങ്കൾ കരുതുന്നത്, നിലവിൽ ഇത്തരം കേസുകളിൽ ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കുമോ, അതോ മറ്റേതെങ്കിലും നൂലാമാലകൾ പറഞ്ഞ് തടയപ്പെടുമോ?

ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ സുപ്രീംകോടതി മുമ്പാകെ ഒരു പട്ടിക സമർപ്പിച്ചിരുന്നു, ചെറുതല്ല, ഒരു നീണ്ട പട്ടികയായിരുന്നു അത്. അരുന്ധതി റോയ്, ഡോ. ബിനായക് സെൻ മുതൽ സിദ്ദീഖ് കാപ്പൻ വരെ രാജ്യദ്രോഹവകുപ്പിന്റെ ദുരുപയോഗത്തിനിരയായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു അതിൽ. പലതും അത്യന്തം വിചിത്രവും അമ്പരപ്പിക്കുന്നതുമായിരുന്നുവെന്ന് ആ കേസുകൾ ഒറ്റനോട്ടം നടത്തിയാൽതന്നെ ബോധ്യമാവും. ജയിലിൽ കഴിയുന്നവർക്കു മേൽ രാജ്യദ്രോഹ വകുപ്പ് മാത്രമാണ് ചുമത്തപ്പെട്ടിരിക്കുന്നതെങ്കിൽ ഇന്നത്തെ സുപ്രീംകോടതി ഇടപെടലോടുകൂടി അത് മരവിപ്പിക്കപ്പെട്ടിരിക്കുന്നു. അവരുടെ മോചനത്തിന് കാലവിളംബംപോലും വേണ്ടതില്ല. എന്നാൽ, വകുപ്പിനൊപ്പം യു.എ.പി.എയോ അതല്ലെങ്കിൽ രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ എന്ന മട്ടിലുള്ള അനുബന്ധ കുറ്റങ്ങളെന്തെങ്കിലും ചുമത്തപ്പെട്ടിട്ടുണ്ടെങ്കിൽ അവ നിലനിൽക്കും. എങ്കിൽപോലും രാജ്യദ്രോഹ വകുപ്പ് നീക്കപ്പെടുന്നത് കേസിൽ പ്രഭാവമുണ്ടാക്കും. കേസുകൾ ദുർബലപ്പെടാനും ഇടയുണ്ട്.

കേന്ദ്ര സർക്കാറിന്റെ ഈ വിഷയത്തിലെ നിലപാടിനെ എങ്ങനെയാണ് കാണുന്നത്?

അതിന് രണ്ടു വശങ്ങളുണ്ട്. കേസിന്റെ ആദ്യ ഘട്ടം മുതൽതന്നെ കോടതി ശക്തമായ ജനപക്ഷ നിലപാടാണ് സ്വീകരിച്ചുപോന്നത്. അത് കേന്ദ്രസർക്കാറിനെ സ്വാധീനിച്ചിട്ടുണ്ടാവണം; വകുപ്പ് പുനഃപരിശോധിക്കാമെന്ന് കോടതിയിൽ പ്രഖ്യാപിച്ചു, കോടതി അതിനെ സ്വാഗതം ചെയ്ത് പുനഃപരിശോധനക്കുള്ള സാവകാശം നൽകി. എന്നാൽ, വകുപ്പ് മരവിപ്പിക്കുന്ന ഘട്ടം വന്നപ്പോൾ കേന്ദ്രത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കപ്പെടേണ്ട സാഹചര്യമാണുണ്ടായത്. സ്റ്റേയുടെ കാര്യത്തിൽ തികച്ചും ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശവിരുദ്ധവുമായ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്.

എന്നാൽ, ഈ വകുപ്പിന്റെ ഭരണഘടനാ സാധുതയിൽ കോടതിയും സർക്കാറുംതന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്നു. അതേസമയം, ഈ വകുപ്പ് ഉപയോഗിച്ച് ആയിരക്കണക്കിനാളുകൾ പീഡിപ്പിക്കപ്പെടുന്നു. അത് തടയണം എന്ന ഞങ്ങളുടെ വാദമാണ് കോടതി സ്വീകരിച്ചത്. അത് സർക്കാറിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. ഒരുപക്ഷേ പൗരസ്വാതന്ത്ര്യവും അവകാശങ്ങളും സംബന്ധിച്ച് പെഗസസ് കേസിൽ നൽകിയതിനേക്കാൾ ശക്തമായ ഒരു സന്ദേശമാണ് കോടതി ഇന്നത്തെ വിധിയിലൂടെ നൽകിയിരിക്കുന്നത്.

കോടതി ലക്ഷ്മണരേഖ മറികടക്കരുത്എന്നാണല്ലോ നിയമമന്ത്രി കിരൺ റിജിജു പ്രതികരിച്ചിരിക്കുന്നത്...

ഞാൻ പറഞ്ഞല്ലോ, കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ് ഈ വിധി. അതുകൊണ്ടുതന്നെ ആ പ്രതികരണത്തിൽ അതിശയമൊന്നും എനിക്കു തോന്നുന്നില്ല. കേസ് രജിസ്റ്റർ ചെയ്യലും പ്രോസിക്യൂഷനും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ തുടരാൻ അനുവദിക്കണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. വകുപ്പ് കോടതി മരവിപ്പിക്കുന്നത് മറികടക്കുന്നതിനായി കേന്ദ്ര സർക്കാർ തന്നെ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശക തത്ത്വം നൽകാമെന്നടക്കമുള്ള നിലപാട് മുന്നോട്ടുവെച്ചു. പക്ഷേ, അതിലൊതുക്കാതെ വകുപ്പ് മരവിപ്പിച്ച് വ്യക്തമായ ഇടക്കാല ഉത്തരവുമായി മുന്നോട്ടുപോവുകയായിരുന്നു കോടതി.

കേന്ദ്രം ഇത്തരമൊരു സംശയാസ്പദ നിലപാട് സ്വീകരിക്കുമ്പോൾ കോടതി ഉത്തരവിനെ മറികടക്കാൻ ശ്രമങ്ങളുണ്ടാവില്ല എന്ന്ഉറപ്പിക്കാൻ കഴിയുമോ?

അക്കാര്യത്തിൽ തികഞ്ഞ ജാഗ്രത ആവശ്യമാണ്. ജനങ്ങൾ, പൗരാവകാശ പ്രവർത്തകർ, മാധ്യമങ്ങൾ എന്നിവക്കു പുറമെ കോടതിതന്നെ തികഞ്ഞ ജാഗ്രത തുടർന്നാൽ മാത്രമേ അത്തരം അനാശാസ്യ നീക്കങ്ങൾ തടയാനാവൂ. പുനഃപരിശോധിക്കാമെന്ന് കോടതിയിൽ സമ്മതിച്ച കേന്ദ്രസർക്കാർ അത് എന്ന് പൂർത്തിയാക്കുമെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല, ഇന്നത്തെ വിധിക്കുശേഷവും എത്ര കാലത്തേക്ക് ഈ വ്യായാമം നീട്ടിക്കൊണ്ടുപോകുമെന്നും ആർക്കും പ്രവചിക്കാനാവില്ല. 2014നുശേഷമുള്ള കേന്ദ്ര സർക്കാറിന്റെ നിയമനിർമാണ ചരിത്രം നോക്കുമ്പോൾ ഒന്നുംതന്നെ ജനതാൽപര്യത്തിന് ഉതകുന്നതായിരുന്നില്ല എന്ന് കാണാനാവും. അവസാനമായി കൊണ്ടുവന്ന ക്രിമിനൽ പ്രൊസീജ്യർ (ഐഡന്റിഫിക്കേഷൻ) നിയമം എത്രമാത്രം അപകടകരമാണെന്ന് നോക്കൂ. നൂറുശതമാനം കരുതലോടുകൂടിയുള്ള ശുഭാപ്തിവിശ്വാസമാണ് ഈ വിഷയത്തിൽ നമ്മൾ പുലർത്തേണ്ടത്.


Tags:    
News Summary - This verdict is history!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.