തുടർച്ചയായ മൂന്നാം വിജയത്തിലേക്കുള്ള മുന്നേറ്റത്തിൽനിന്ന് ബി.ജെ.പിയെ തടഞ്ഞുനിർത്താനാകുമോ? ഭൂരിപക്ഷം ആർജിക്കുന്നതിൽനിന്ന് നിലവിലെ ഭരണകക്ഷിയെ തടയാൻ തക്ക തന്ത്രങ്ങൾ കൈയിലുണ്ടോ? ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും സ്വതന്ത്ര വിശകലന വിദഗ്ധരും ഇക്കാര്യം ഉപേക്ഷിച്ചതായി തോന്നുന്നു. അതുപോലെ നിരവധി പ്രതിപക്ഷ നേതാക്കളും. എന്നാൽ, ഞാനതിനോട് വിയോജിക്കുന്നു. എന്തെങ്കിലും അവസാന നിമിഷ അത്ഭുതങ്ങളുണ്ടാവുമെന്ന പ്രതീക്ഷയിലല്ല.
ഇൻഡ്യ സഖ്യം ഭൂരിപക്ഷം നേടുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുള്ളതുകൊണ്ടുമല്ല. മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിൽ ഈയിടെ ബി.ജെ.പി കൈവരിച്ച വിജയത്തെയും ഞാൻ കുറച്ചുകാണുന്നില്ല. നരേന്ദ്ര മോദി സർക്കാറിനെ സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായം എന്തു തന്നെയാണെങ്കിലും പ്രധാനമന്ത്രിയുടെ ജനസമ്മതി സംബന്ധിച്ച അഭിപ്രായ സർവേ ഫലങ്ങളെയും തള്ളിക്കളയാൻ എനിക്കാവില്ല.ഇങ്ങനെയൊക്കെയാണെങ്കിലും 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ‘കാര്യം തീരുമാനമായി’ എന്ന കാഴ്ചപ്പാടിനോട് എനിക്ക് വിയോജിപ്പാണ്.
ശരിയാണ്, സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങളും സർവേ തെളിവുകളും കാണിക്കുന്നത് -2004ൽ സംഭവിച്ചതുപോലെ ബി.ജെ.പിക്ക് വലിയ മാർജിനിലെ ഞെട്ടിക്കുന്ന ഒരു തോൽവി അസംഭവ്യമാണ്. അതേസമയം, ഇൻഡ്യ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽപോലും ബി.ജെ.പി കേവലഭൂരിപക്ഷത്തിനുള്ള സംഖ്യയായ 273ൽ താഴെ വീഴാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പ്രതിപക്ഷത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയും ക്രിയാത്മകവുമായ ഒരു തന്ത്രമുണ്ടെങ്കിൽ, അത്തരമൊരു ഫലത്തിന് ഇപ്പോഴും സാധ്യതയുണ്ട്. പ്രതിപക്ഷ പാർട്ടികൾക്കുള്ള തന്ത്രത്തിന്റെ രൂപരേഖ ഇപ്രകാരമാണ്. 2024ലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ മൂന്ന് മേഖലയായി തിരിക്കുക: ഇവിടങ്ങളിലെ പോരാട്ടങ്ങൾക്കായി വ്യത്യസ്ത തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നതാണ് അടിസ്ഥാന ആശയം.
ബി.ജെ.പി വെറുമൊരു നാമമാത്ര തെരഞ്ഞെടുപ്പ് ശക്തിയായ മൂന്നാം മേഖലയിൽനിന്ന് തുടങ്ങാം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ബി.ജെ.പി പ്രധാന രണ്ട് മത്സരാർഥികളിൽ ഒന്നല്ല. പഞ്ചാബ്, കശ്മീർ, മിസോറം, നാഗാലാൻഡ്, ലക്ഷദ്വീപ് എന്നിവകൂടി കൂട്ടുമ്പോൾ ഇവിടങ്ങളിൽ 120 ലോക്സഭ സീറ്റുകളുണ്ട്. കഴിഞ്ഞ തവണ ഇവിടങ്ങളിൽനിന്നായി ആറ് സീറ്റുകൾ മാത്രമാണ് ബി.ജെ.പി വിജയിച്ചത് - തെലങ്കാനയിൽ നാലും പഞ്ചാബിൽ രണ്ടും സീറ്റുകൾ.
കഴിഞ്ഞ അഞ്ച് വർഷമായി ഈ മേഖലകളിൽ ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ബംഗാൾ ആവർത്തിക്കാമെന്ന അവരുടെ പ്രതീക്ഷ തെലങ്കാനയിൽ ഫലവത്തായില്ല. സാധാരണഗതിയിൽ, പഞ്ചാബിലെ അകാലിദളുമായും തെലങ്കാനയിലെ ബി.ആർ.എസുമായും പ്രത്യക്ഷമായോ രഹസ്യമായോ സഖ്യമുണ്ടാക്കിയില്ലെങ്കിൽ, ഈ മേഖലയിലെ ആറ് സീറ്റുകൾ നിലനിർത്തുന്നതുതന്നെ ബുദ്ധിമുട്ടായിരിക്കും.
‘തടയുകയും ഒതുക്കുകയും ചെയ്യുക’ എന്നതാവണം ഇവിടെ ഇൻഡ്യ സഖ്യത്തിന് കരണീയം. ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ ആവശ്യം പോലുമില്ല. കേരളത്തിലെ തിരുവനന്തപുരവും തമിഴ്നാട്ടിലെ കന്യാകുമാരിയും കോയമ്പത്തൂരും പോലെ ബി.ജെ.പി കടന്നുകൂടാൻ ശ്രമിക്കുന്ന മണ്ഡലങ്ങളിൽ ശ്രദ്ധവേണം. പ്രതിപക്ഷ പാർട്ടികളുടെയും പൗരസമൂഹത്തിന്റെയും കേന്ദ്രീകൃത പ്രചാരണങ്ങളിലൂടെയും വേണ്ടിവന്നാൽ ഇൻഡ്യ സഖ്യ പങ്കാളികൾ തമ്മിലെ ചെറിയ വോട്ട് ധാരണയിലൂടെയും ബി.ജെ.പിയെ ഇവിടെ തടയാനാകും. അതിനൊപ്പം ബി.ജെ.പിയുമായി നിലവിൽ സഖ്യമുള്ളതും സഖ്യസാധ്യതയുള്ളതുമായ കക്ഷികളുടെ കാര്യത്തിലും ശ്രദ്ധവേണം. ഈ മേഖലയിൽ ബി.ജെ.പിയെ തൽസ്ഥിതിയിൽ നിർത്താൻ കാര്യമായ ബുദ്ധിമുട്ടില്ല.
ഇനി രണ്ടാം പോർമുഖമെടുക്കുക. ബി.ജെ.പി ഒരു മേധാശക്തിയായി നിലകൊള്ളുന്ന ഈ മേഖലയിലെ 223 സീറ്റുകളിൽ മൂന്നുമാസം കൊണ്ട് അവരെ മാറ്റുകയെന്നത് ദുഷ്കരമാണ്. മുഖ്യമായും യു.പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, രാജസ്ഥാൻ, ഡൽഹി എന്നിവയുൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിലാണ് ഈ സീറ്റുകൾ. ഗുജറാത്ത്, അസം, ജമ്മു മേഖല, ത്രിപുര, അരുണാചൽ പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും.
കഴിഞ്ഞതവണ ബി.ജെ.പി 85 ശതമാനം ആധിപത്യം നേടിയത് ഈ മേഖലയിലാണ്. കൃത്യമായി പറഞ്ഞാൽ 223ൽ 190 സീറ്റുകൾ. 2019ന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളും അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നത് ഈ മേഖലയിൽ ഇപ്പോഴും ബി.ജെ.പിതന്നെയാണ് പ്രബലമായ പാർട്ടി എന്നാണ്. നിലവിലെ 85 ശതമാനം ആധിപത്യം 75 ശതമാനമായി കുറക്കാനായെങ്കിൽപോലും അത് ഭരണകക്ഷിയുടെ കണക്കുകൂട്ടലുകളെ തകിടംമറിച്ചേക്കാം. അത് പ്രതിപക്ഷത്തിന് തക്കതായ അവസരമാണ്.
മുഴുവൻ ഊർജവും മുൻകൂട്ടി നിശ്ചയിച്ച ഏതാനും ചില നിയോജകമണ്ഡലങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നത് ഉൾപ്പെടെ പ്രതിപക്ഷത്തിന് ഇവിടെ ‘അടർത്തിയെടുക്കൽ’ സമീപനം സ്വീകരിക്കാം. ഉദാഹരണത്തിന്, ഗുജറാത്ത് ബി.ജെ.പിയുടെ നെടുംകോട്ടയാണ്. എന്നാൽ, കോൺഗ്രസിന് അവിടെ നാല് സീറ്റുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കാം, പ്രധാനമായും ഗോത്രമേഖലയിൽ. രാജസ്ഥാന്റെ വടക്കുകിഴക്കൻ മേഖലയിൽ അരഡസൻ സീറ്റുകളിലും ഭാരതീയ ആദിവാസി പാർട്ടിയുമായി സഖ്യമുണ്ടാക്കിയാൽ ദക്ഷിണമേഖലയിൽ രണ്ട് ഗോത്രവർഗ സീറ്റുകളിലും കോൺഗ്രസിന് മികച്ച സാധ്യതയുണ്ട്. ഉത്തർപ്രദേശിൽ കാര്യം അൽപം കഠിനമാണെങ്കിലും സമാജ്വാദി പാർട്ടി-ആർ.എൽ.ഡി-കോൺഗ്രസ് സഖ്യത്തിന് സംസ്ഥാനത്ത് രണ്ട് ഡസൻ സീറ്റുകളിലെങ്കിലും ഉന്നംവെച്ച് പ്രവർത്തിക്കാനാവും. ഈ സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിന് ബി.ജെ.പിയുടെ വോട്ടുകൾ പിടിച്ചെടുക്കേണ്ട ആവശ്യം പോലുമില്ല; ഈയിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച സ്വന്തം വോട്ടർമാരെ നിലനിർത്തുകയാണ് വേണ്ടത്.
ഇവിടെയുമതെ, ഉത്തർപ്രദേശിലൊഴികെ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യമൊന്നും വേണമെന്നില്ല. ഒരൽപം ശ്രദ്ധാപൂർവം ചില പ്രാദേശിക സഖ്യങ്ങൾ രൂപപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആവശ്യം. പ്രതിപക്ഷം ഇത്തരത്തിൽ അമ്പത് നിയോജകമണ്ഡലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ ഈ മേഖലയിൽ ബി.ജെ.പിയിൽനിന്ന് 20-25 സീറ്റുകളെങ്കിലും പിടിച്ചെടുക്കാൻ സാധിക്കും.
ശേഷിക്കുന്ന 200 സീറ്റുകളിൽ കഴിഞ്ഞതവണ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചവയാണെങ്കിലും പല കാരണങ്ങളാൽ അവർ അവിടെ ദുർബലമായിട്ടുണ്ടാവാം. മഹാരാഷ്ട്രയിലും ബിഹാറിലും രാഷ്ട്രീയസഖ്യങ്ങളിൽ സംഭവിച്ച അടിമുടി മാറ്റം ഇൻഡ്യ സഖ്യത്തിന് വഴി തുറന്നുകൊടുക്കുന്നു. 2019ന് ശേഷം പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടു. കർഷക മുന്നേറ്റം ഹരിയാനയിലെ രാഷ്ട്രീയ അന്തരീക്ഷംതന്നെ മാറ്റി.
ഒഡിഷയിൽ, 2019 ലേതുപോലെ ലോക്സഭ സീറ്റുകൾ ബി.ജെ.പിക്ക് സമ്മാനിക്കാൻ ബി.ജെ.ഡി തയാറാകണമെന്നില്ല. സിക്കിം, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളെയും ലഡാക്ക്, ചണ്ഡിഗഡ്, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളെയും ഈ പട്ടികയിൽ ചേർക്കാം. ഇവിടങ്ങളിൽനിന്ന് കഴിഞ്ഞകുറി 107 സീറ്റുകൾ ബി.ജെ.പി നേടിയിരുന്നു - 2019ലെ സഖ്യകക്ഷികളെകൂടി ഉൾപ്പെടുത്തിയാൽ 147 സീറ്റുകൾ.
ഇവിടങ്ങളിൽ പ്രതിപക്ഷം അതിശക്തമായ ഒരു മുന്നേറ്റം സാധ്യമാക്കേണ്ടതുണ്ട്, ഭരണകക്ഷിക്ക് കാര്യമായ തിരിച്ചടികൾ സൃഷ്ടിക്കുന്ന ഒരു സംഘടിത ആക്രമണം. സീറ്റ് പങ്കുവെപ്പിലൊതുങ്ങാത്ത, തീർത്തും പ്രവർത്തനക്ഷമമായ ഒരു സഖ്യമായി ഇൻഡ്യ പ്രവർത്തിക്കേണ്ടതുണ്ട്. ബിഹാറിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും ശക്തമായ സഖ്യം രൂപപ്പെടുത്തേണ്ടത് (മഹാരാഷ്ട്രയിൽ വഞ്ചിത് ബഹുജൻ അഘാഡിയും ബിഹാറിലെ സി.പി.ഐ-എം.എല്ലും ഉൾപ്പെടെ). ബംഗാളിൽ കോൺഗ്രസ്-ടി.എം.സി സംഘർഷം അവസാനിപ്പിക്കുന്നതും സി.പി.എമ്മുമായുള്ള അനൗപചാരിക ധാരണയുണ്ടാക്കലും ഇതിൽ ഉൾപ്പെടും. കർണാടക, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് പുതിയ ശക്തികളുമായി (ഉദാഹരണത്തിന്, ജെ.ഡി.എസിൽനിന്ന് പിളർന്ന വിഭാഗവുമായി) ചെറിയ സഖ്യങ്ങളോ ക്രമീകരണങ്ങളോ രൂപപ്പെടുത്തണം.
ഒഡിഷയിലെ പ്രതിപക്ഷ ഇടം വീണ്ടെടുക്കുകയും വേണം. ഇൻഡ്യ സഖ്യത്തിലെ എല്ലാ നേതാക്കളും ഉൾക്കൊള്ളുന്ന ഊർജസ്വലമായ ഒരു സംയുക്ത കാമ്പയിൻ ഇതിന് പിന്നാലെ ആവിഷ്കരിക്കണം. ഇൻഡ്യ സഖ്യത്തിന് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽതന്നെ ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഇപ്പോഴുള്ള 30-40 സീറ്റുകൾ നഷ്ടപ്പെടും. ഇത്തരത്തിൽ സംഭവിച്ചാൽ 50 (0+20+30) സീറ്റുകൾ നഷ്ടമായി ബി.ജെ.പിയെ കേവല ഭൂരിപക്ഷത്തിൽനിന്ന് 20 കുറവായ 253 സീറ്റുകളിൽ കൊണ്ടെത്തിക്കും. ഇത് ഏറ്റവും സാധ്യതയുള്ള കാര്യമാവണമെന്നില്ല, പക്ഷേ ഈ ഘട്ടത്തിൽ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.
നിലവിലെ സാഹചര്യം വിലയിരുത്തിയാണ് ഈ സാധ്യതകൾ മുന്നോട്ടുവെക്കുന്നത്. പ്രതിപക്ഷം ഒരു വാക്കോവർ നൽകിയില്ലെങ്കിൽ, അനുയോജ്യവും പ്രായോഗികവുമായ ഒരു ബദലായി ഇൻഡ്യ സഖ്യത്തിന് സ്വയം അവതരിപ്പിക്കാൻ സാധിച്ചാൽ, രാജ്യത്തിന് ആകർഷകവും വിശ്വസനീയവുമായ ഒരു അജണ്ട വാഗ്ദാനം ചെയ്താൽ മാത്രമേ ഈ അനുമാനത്തിന് നിലനിൽപുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.