മുത്തലാഖ്​ എന്ന കൊടുവാൾ

ശരിയാണ്, മുത്തലാഖ് ഫാഷിസ്ററ് സര്‍ക്കാറി​​​​​​​​​​​െൻറ കൈയിലെ ഇരുതലമൂര്‍ച്ചയുള്ള ആയുധം തന്നെയാണ്. പക്ഷേ, ആരാണ് അവര്‍ക്ക് അത് കൈയിൽ വെച്ചുകൊടുത്തതെന്ന് ആ വാദം ശക്തമായി ഉന്നയിക്കുന്നവര്‍ തന്നെ പറയാനും കേള്‍ക്കാനും ബാധ്യസ്ഥരാണ്. ആ പാതകം ഏതാനും മുസ്​ലിം സ്ത്രീകളുടെ തോളിൽ വെച്ചുകെട്ടി കണ്ണിൽ പൊടിയിടാനുള്ള വേലകള്‍ തല്‍ക്കാലം മാറ്റിവെക്കുക. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഷാബാനു എന്ന മുസ്​ലിം സ്ത്രീ നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത വിധിക്കെതിരെ ഉറഞ്ഞു തുള്ളിയവര്‍, യഥാര്‍ഥത്തില്‍ അന്നു തന്നെ  രാജ്യത്തെ മുസ്​ലിംകളുടെ ഇനിയങ്ങോട്ടുള്ള മനോഭാവത്തി​​​​​​​​​​​െൻറ ദിശ കൃത്യമായി വെളിവാക്കുകയായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും ശത്രുപാളയത്തില്‍ നില്‍ക്കുന്നവര്‍ക്ക് കൃത്യമായി അളന്നെടുക്കാന്‍ പാകത്തില്‍ തന്നെ. പിന്നീടതൊരിക്കലും തെറ്റിയിട്ടുമില്ല.

​ഇന്ത്യന്‍ ഭരണഘടന വിശാലാര്‍ഥത്തില്‍ വിഭാവനം ചെയ്ത സമൂഹ്യനീതിയിലേക്ക് ഇസ്​ലാമിക ഗ്രന്ഥത്തി​​​​​​​​​​​െൻറ വെളിച്ചത്തിൽ മുസ്​ലിം സ്ത്രീ കൈപിടിച്ച് ഉയര്‍ത്തപ്പെട്ടപ്പോള്‍ അതിനോടുള്ള സമീപനത്തിലും പ്രയോഗത്തിലും തുടങ്ങിയ പിഴവ് തിരിച്ചറിയാനോ തിരുത്താനോ ഉള്ള  ചെറിയ ശ്രമം പോലും അവിടുന്നിങ്ങോട്ട്  ഈ രാജ്യത്തെ മുസ്​ലിം ആണധിധികാര കേന്ദ്രങ്ങളുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നിടത്തു തന്നെയാണ് പ്രശ്നത്തി​​​​​​​​​​​െൻറ മര്‍മം കിടക്കുന്നത്.






സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പല ദിശകളിലേക്ക് തുറക്കുന്ന സംവാദങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അത് എന്തൊക്കെ തന്നെയായാലും ഏറ്റവും അടിസ്ഥാനപരമായ ചോദ്യം തറഞ്ഞു നില്‍ക്കുന്നത് മുസ്ലിംവ്യക്തിനിയമ ബോര്‍ഡ് എന്ന സംവിധാനത്തി​​​​​​​​​​​െൻറ മുഖത്തിനുനേര്‍ക്ക് തന്നെയാണ്.

മുത്തലാഖ് കേസിൽ നിയമപോരാട്ടം നടത്തിയ ഷെയറാ ബാനു, ഇശ്രത് ജഹാൻ, ഗുൽഷൻ പർവീൻ, അഫ്രീൻ റഹ്മാൻ, ആതിയ സബ്രി
 


മുസ്​ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട ഏതു വിഷയം ഉയര്‍ന്നുവരുമ്പോഴും/ ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴും ‘ഏകസിവില്‍കോഡ് വരുന്നേ’ എന്ന് ആര്‍ത്തു കരയുന്ന ഈ വിഭാഗം എതിരാളികളുടെ ധാരണകളെയും ലക്ഷ്യങ്ങളെയും അടിക്കടി ഊട്ടിയുറപ്പിച്ചുകൊണ്ടിരുന്നു. ഷാബാനു കേസിനുശേഷം എത്രയോ തവണ ‘മുസ്​ലിം സ്ത്രീ’ വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടംപിടിച്ചു. പതിറ്റാണ്ടുകള്‍ ആയി നിലനില്‍ക്കുന്ന ഈ നീതിനിഷേധം പുറംസമൂഹം ചര്‍ച്ച ചെയ്യുമ്പോഴെല്ലാം അത് ഇസ്​ലാമിനെ കരിവാരിത്തേക്കാനെന്നു പറഞ്ഞ് പുറംതിരിഞ്ഞു നില്‍ക്കുകയും യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്ത ചരിത്രമാണ് മുസ് ലിം സംഘടനകളുടേത്. ഏതെങ്കിലും കാലത്ത് തങ്ങള്‍ക്ക് തന്നെ ഇത് തിരിച്ചടിയാകും എന്ന തിരിച്ചറിവില്ലാത്തവരായിരുന്നോ ഇത്രയും കാലം ഇന്ത്യാ മഹാരാജ്യത്തെ മുസ്​ലിംകളെ നയിച്ചുപോന്നത്? 

സമ്മതിച്ചാലും ഇല്ലെങ്കിലും മുത്തലാഖ്​ അടക്കമുള്ള വിഷയങ്ങള്‍ എടുത്തിട്ടലക്കാനും അതുവഴി പ്രതിഛായാ നിര്‍മാണം നടത്താനും സംഘപരിവാര്‍ ഭരണകൂടത്തിന് പരവതാനി വിരിച്ചത് ഇക്കൂട്ടര്‍ തന്നെയാണെന്നതില്‍ സംശയമില്ല. നമ്മുടെ ഉള്ളിലുള്ള ദൗര്‍ബല്യങ്ങളുടെ ആഴം ഏവരാലും തിരിച്ചറിയപ്പെടുന്ന കാലത്ത്, അവ പരസ്യമായി വിചാരണ ചെയ്യപ്പെടുന്ന കാലത്ത് വീണ്ടും വീണ്ടും അതിന്മേൽ അടയിരുന്ന് തല്‍പര കക്ഷികളുടെ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതില്‍ നിന്ന് പിന്‍മാറാന്‍ എന്നിട്ടും ഇവര്‍ തയ്യാറാവുന്നില്ല എന്നതാണ് വേദനാജനകം. പരസ്പര സഹായ സഹകരണ സംഘങ്ങള്‍ എന്ന  നിലയില്‍ ഇരുകൂട്ടരും ഇനിയുമൊരുപാട് കാലം മുന്നോട്ട് പോവും എന്നു തന്നെയാണ് മുത്തലാഖ്​ സംബന്ധിച്ച പുതിയ കോടതി വിധിയുടെ പ്രതികരണങ്ങളും നല്‍കുന്ന സൂചന.


ഇനി ഏകസിവില്‍കോഡല്ല, പുതിയ നിയമ നിര്‍മാണം
മോദി സര്‍ക്കാറി​​​​​​​​​​​െൻറ  പ്രത്യക്ഷ അധികാരത്തിലേക്കുള്ള വഴിയില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച ഒന്നായിരുന്നു ഏകസിവില്‍കോഡ്. ഇങ്ങനെ ഒരു കോഡ് ഇവിടെ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. അതിന് ഏറ്റവും വിഘാതം നില്‍ക്കുക ഇവിടെയുള്ള ഹൈന്ദവ സമൂഹം തന്നെയായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ അടക്കം നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുണ്ട്​. അതിനുള്ള എണ്ണമറ്റ ഉദാഹരണങ്ങളും നമുക്ക്മുന്നിലുണ്ട്.

ജാതികളാലും ഉപജാതികളാലും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ഘടനയില്‍ ഹൈന്ദവ ആചാരങ്ങളെയും അവകാശങ്ങളെയും ഒരൊറ്റ ചരടിലേക്ക് കോര്‍ത്തുകെട്ടുക എന്നത് ഒരിക്കലും നടപ്പിലാക്കാനാവാത്ത ഒന്നാണ്.  ഇനി ഏകസിവില്‍കോഡ് വാദം അതിന്‍െറ കാമ്പിനോട് അല്‍പമെങ്കിലും അടുത്തുവെന്ന് തന്നെ വെക്കുക. ഹൈന്ദവ സമൂഹമായിരിക്കും അപ്പോള്‍ അതിനെതിരെ ഉറഞ്ഞു തുള്ളുക എന്നതില്‍ ഒരു സംശയവുമില്ല.



എന്നാല്‍, വ്യക്തി നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട എന്തു വാദം വരുമ്പോഴും ഒരു നേര്‍ച്ച പോലെ മുസ്​ലിം സംഘടനകൾ ആദ്യമേ തന്നെ സ്വന്തം നെഞ്ചിനുനേര്‍ക്കുള്ള ഉണ്ടയായി വ്യാഖ്യാനിക്കും. എന്നിട്ട് കുത്തിയിളക്കലുകള്‍ നടത്തും. ഇതു തന്നെയാണ് യഥാര്‍ഥത്തില്‍ ഭണകൂടത്തിന് വേണ്ടിയിരുന്നതും. കഴിഞ്ഞ പാര്‍ലമ​​​​​​​​​​െൻറ്​ തെരഞ്ഞെടുപ്പിലൂടെ നരേന്ദ്ര മോദിയും അതുകഴിഞ്ഞ് യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥും കൊയ്തത് ഈ ഒച്ചപ്പാടിന്‍െറ ഫലം കൂടിയാണെന്ന് അറിയാത്തവര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല എന്നതാണ് നേര്. 


എന്നാല്‍, ഇനി ഇവര്‍ പേടി ഉൽപാദിപ്പിക്കുന്നത്​ ഏക സിവില്‍ കോഡ് ഉയര്‍ത്തിക്കാണിച്ചായിരിക്കില്ല. പുതിയ നിയമ നിര്‍മാണമായിരിക്കും അവരുടെ തുരുപ്പ് ചീട്ടെന്ന് നിയമം പഠിച്ചവര്‍ മുന്നയിപ്പ് നല്‍കുന്നു. അത് എത്രയും കാലം വരെയും അവര്‍ക്ക് ഓടിക്കാനാവും. ആറു മാസം വരെയാണ് മുത്തലാഖിന് നിലവിലുള്ള വിലക്ക്. അതിനകം പുതിയ നിയമ നിര്‍മാണം നടത്താന്‍ ഭരണഘടനാ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് ഭൂരിപക്ഷ ബെഞ്ചി​​​​​​​​​​​െൻറ വിധിയല്ലെന്നും നിയമ നിര്‍മാണം ഇപ്പോള്‍ തങ്ങളുടെ അജണ്ടയില്‍ ഇല്ലെന്നുമാണ്​ മോദി സര്‍ക്കാര്‍ പറയുന്നത്. ഇതാണ് അവര്‍ മുത്തലാഖ്​ വിധിക്കുശേഷം ആദ്യം പുറത്തിറക്കിയ ആയുധം. അതായത്​, ഒരിക്കലും ആറു മാസം കൊണ്ട് കേന്ദ്രം കൊണ്ടു വരില്ല. കഴിയില്ലെന്നല്ല, കൊണ്ടു വരില്ല. അങ്ങനെ ചെയ്യുന്നപക്ഷം അടുത്ത പാര്‍ലമ​​​​​​​​​​െൻറ്​ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഇത് കാണിച്ച് വോട്ട് വാരാനാവില്ല എന്നതു തന്നെ. എത്രകാലം വരെയും മുത്തലാഖിന​ുള്ള വിലക്ക് നീട്ടിക്കൊണ്ടു പോവാനാവും.
ഭാവിയില്‍ മുസ്​ലിംകള്‍ക്ക് പുതിയ നിയമ നിര്‍മാണം ആവശ്യമായി വന്നാല്‍ അതാലോചിക്കുമെന്നാണ് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.  ഈ പുതിയ നിയമ നിര്‍മാണമാണ് ഇനി ഇന്ത്യയിലെ മുസ്​ലിംകളുടെ തലക്കു മുകളില്‍ ഇവര്‍ തൂക്കിയിടുന്ന വാള്‍. എപ്പോഴൊക്കെ ഈ വാളിനെക്കുറിച്ച് സംഘ്പരിവാർ സര്‍ക്കാര്‍ ഓര്‍മപ്പെടുത്തുന്നുവോ അപ്പോഴെല്ലാം മുസ്​ലിംകള്‍ തൊണ്ടകീറി കരയാന്‍ തുടങ്ങും.


അങ്ങനെ ആ കരച്ചിലില്‍ നിന്ന് ഊറ്റാന്‍ പറ്റുന്നിടത്തോളം അവര്‍ ഊറ്റിക്കൊണ്ടിരിക്കും. മാധ്യമങ്ങളെയടക്കമുള്ള പ്രചാരണ വൃന്ദങ്ങളെ ഈയവസരങ്ങളില്‍  പതിവുപോലെ അവർക്ക്​ ഉപയോഗിക്കാനുമാവും.
ഷബാനു
 

മുത്തലാഖ്​ ചരിത്രപരം തന്നെ
പ്രായോഗികതയില്‍ ചില അവ്യക്തതകള്‍ അവശേഷിപ്പിച്ചാണെങ്കില്‍ കൂടി മുത്തലാഖ് വിധി ഇന്ത്യയിലെ മുസ്​ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചരിത്രപരം തന്നെയാണ്. മറ്റേത് ജനവിഭാഗത്തിലെ സ്ത്രീകളെക്കാളും, മതത്തി​​​​​​​​​​​െൻറ അടിസ്ഥാന പ്രമാണമായ ഖുര്‍ആനില്‍ അങ്ങേയറ്റം പരിഗണിക്കപ്പെട്ട ഒരു വിഭാഗമാണ് അവര്‍. എന്നാല്‍, പതിറ്റാണ്ടുകളായി തുല്യനീതിയിലും അവകാശങ്ങളിലും എല്ലാവര്‍ക്കും പിന്നില്‍ മുഖം കുനിച്ചു നടക്കേണ്ട ദൗര്‍ഭാഗ്യകരമായ സ്ഥിതി വിശേഷമാണ് ഉള്ളത്.  
രാജ്യത്തെ ഇതര സ്ത്രീജനങ്ങള്‍ക്ക് തുല്യ നീതിയും അവകാശവും ലഭിക്കുന്നുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ് എല്ലായ്പോഴും മുസ്​ലിം സ്ത്രീകളുടെ അവകാശബോധത്തെ ഇതിനകത്തുള്ളവര്‍ തന്നെ വിചാരണ ചെയ്യാറുള്ളത്. ഇതര വിഭാഗങ്ങളില്‍ ഉണ്ടായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ അവരിലെ മറുപാതിയെ നല്ലൊരളവിൽ സ്വാധീനിച്ചപ്പോള്‍ തന്നെയും മുസ്​ലിം സമുദായത്തിനകത്ത് നീതിനിഷേധം സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയായിരുന്നു.



മറ്റുള്ളവരെപോലെ കടലാസില്‍ പോലും അവകാശങ്ങള്‍ക്ക് വിലയില്ലാത്തവരാണ് ഇവര്‍. അങ്ങനെ ഒരു പതിതാവസ്ഥയിലേക്ക് അവരെ തള്ളിയിട്ടവര്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിന്ന് കിട്ടിയ ശക്തമായ പ്രഹരമാണ് ഈ വിധി. അതിന് മൂന്നു പതിറ്റാണ്ടുകളുടെ ഇടവേളയുണ്ടായി എന്നതും ഫാഷിസ്റ്റ് ഭരണകൂടത്തിന്‍െറ തണലില്‍ ആയി എന്നതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് എങ്കില്‍ കൂടി ഇത് ചരിത്രപരമല്ലാതാവുന്നില്ല.  ഖുര്‍ആന്‍ പറയുന്നത് ‘വിശ്വാസികള്‍ അല്ലാത്ത’ ജഡ്ജിയേമ്മാന്‍മാരില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞപ്പോള്‍ ഖുര്‍ആന്‍ വിരുദ്ധമായതുകൊണ്ട് അതിനെ പ്രതിരോധിക്കാനാണ് ബഹുഭൂരിപക്ഷം വരുന്ന ‘വിശ്വാസികള്‍’ വ്യഗ്രത കാണിക്കുന്നത്. പെണ്ണിനെ ഒരു വ്യക്തിയായി പോലും അംഗീകരിക്കാത്ത, ഭര്‍ത്താക്കന്‍മാരാല്‍ വലിച്ചെറിയപ്പെടുമ്പോള്‍ ഒരു തുണ്ടി​​​​​​​​​​​െൻറ വില പോലും ഇല്ലാതിരുന്നിടത്താണ് ഇനി കടലാസില്‍ ആണെങ്കില്‍ പോലും ഈ വിധി ചരിത്രമാവുന്നത്.
 

വിവാഹത്തിന്‍െറയും വിവാഹ മോചനത്തിന്‍െറയും അധികാരം മഹല്ലുകളിലും മറ്റു മതാധികാര സംവിധാനങ്ങളില​ും ഒതുങ്ങിനില്‍ക്കുന്നിടത്തോളം കാലം ഈ വിധി കൊണ്ട് കൊട്ടിഘോഷിക്കുന്നതുപോലെയുള്ള എന്ത് ഗുണമാണെന്ന് ചോദിക്കുന്നവരുണ്ട്. അവരോട് പറയാനുള്ളത്.

ഒരു നിയമവും ഒരു സമൂഹത്തിന്‍െറയും ലക്ഷ്യമല്ല. ലക്ഷ്യത്തിലേക്കുള്ള വഴികളിലെ ശക്തമായ സാന്നിധ്യമാണ്. ഉണര്‍ന്നു തുടങ്ങിയ ഒരു ജനതക്ക് ആ സാന്നിധ്യം നല്‍കുന്ന ചങ്കുറപ്പ് അത്ര ചെറുതായിരിക്കില്ല. അനിവാര്യമായ ആ ഉണര്‍വിലേക്ക് ഇന്ത്യയിലെ മുസ്​ലിം സ്ത്രീകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.



നിര്‍വചനങ്ങളാലും  വിശേഷണങ്ങളാലും പലകൂട്ടരുടെ പിടിവലികള്‍ക്കും അജണ്ടകള്‍ക്കുമിടിയില്‍ ജീവിതം കൊരുത്തുപോയ ഈ വിഭാഗത്തിനുവേണ്ടി അതിനകത്തു നിന്നു തന്നെ അവഗണിക്കാനാവാത്ത ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അത് ഏറ്റെടുക്കാന്‍ തയ്യാറാവാത്തപക്ഷം ഷായിറ ബാനുവിന്‍െറ മുത്വലാഖ് ഹരജിയെ പോലെ ഇനിയും ഇത് ഉപയോഗിക്കുക മുസ്​ലിംകളുടെ ശത്രുക്കള്‍ തന്നെയായിരിക്കും എന്ന കാര്യം മറക്കാതിരിക്കുക. രാജ്യത്തിന്‍െറ വിശാലമായ ഭൂമികയില്‍ ഏറ്റവും അധസ്ഥിത വിഭാഗങ്ങളിലൊന്നായി നിലകൊള്ളുന്ന മുസ്​ലിംകളുടെ ഇടയില്‍ അതിനേക്കാള്‍ പതിതരായി ജീവിതം തള്ളിനീക്കുന്ന ഒട്ടൊരുപാട് പെണ്‍ ജന്മങ്ങളുണ്ട്.



അത് വിദ്യാസമ്പന്നരും താരതമ്യേന സാമ്പത്തികമായി ഉയര്‍ന്ന നിലവാരവുമുള്ള നമ്മള്‍ മലയാളികള്‍ ഇവിടെയിരുന്ന് ചിന്തിക്കുന്നതുപോലെയല്ല. കൂലിപ്പണിക്കാരും തൊഴില്‍രഹിതരും വിദ്യാരഹിതരുമായ ഭൂരിപക്ഷ ദരിദ്ര മുസ്​ലിം കുടുംബ ജീവിതങ്ങളിലേക്ക് കണ്ണും കാതും അയച്ചെങ്കില്‍ മാത്രമേ അത് മനസ്സിലാവൂ. കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ മുംബൈയില്‍ മുസ്​ലിം സ്ത്രീകള്‍ നടത്തിയ ഒരു പരിപാടിയില്‍ സംബന്ധിക്കാനിടയായി. അവിടെ കണ്ടത് രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്​ലിം സ്ത്രീകളുടെ പ്രതിനിധികളെയാണ്​. അവര്‍ പങ്കുവെച്ച അനുഭവങ്ങള്‍ പലതും ഞെട്ടിക്കുന്നതായിരുന്നു.

അതില്‍ പശ്ചിമ ബംഗാളില്‍ നിന്നുമുള്ള മുതിര്‍ന്ന സ്ത്രീ പറഞ്ഞത്, അവര്‍ വരുന്ന മുര്‍ഷിദാബാദ് ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം മുത്തലാഖിന്‍െറ ഇരകള്‍ ഉണ്ടെന്നാണ്! വര്‍ഷങ്ങളായി ആ സ്ത്രീകളുടെ  ഇടയില്‍ പ്രവര്‍ത്തിച്ച തഴക്കത്തില്‍ നിന്നായിരുന്നു അവരുടെ വാക്കുകള്‍.



വരും ദിവസങ്ങളിലൊന്നില്‍ സുപ്രീംകോടതി മുത്തലാഖ് നിരോധനം ശരിവെച്ചില്ലെങ്കിൽ ഇനിയെന്ത് എന്ന ആശങ്കയുടെ കരിനിഴല്‍ അവരുടെ വാക്കുകളെ പൊതിഞ്ഞിരുന്നു. എന്നിട്ടും രാജ്യത്ത് ന്യൂനാല്‍ ന്യൂനപക്ഷം മാത്രമാണ്​ മുത്തലാഖിന്​ ഇരകളാകുന്നുള്ളു എന്ന ചിലരുടെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ തമാശയാണ് തോന്നുന്നത്. അനുഭവങ്ങളുടെ ചുട്ടുതിളയ്ക്കുന്ന മണ്ണില്‍ കാലൂന്നി നിന്നു സംസാരിക്കുന്ന പെണ്‍ ജീവിതങ്ങളെ ആകാശത്തു നിന്നുകൊണ്ട് തൊഴിച്ചുവീഴ്ത്തുന്ന അധരവ്യായാമമാണിത്​.


മുന്നിലെന്തുണ്ട് വഴി...?
രാജ്യത്തിന്‍െറ നാനാ ഭാഗങ്ങളിലേക്ക് വനിതാ പ്രതിനിധികളെ തന്നെ അയച്ച് പെണ്ണുങ്ങളെ  ചെന്നുകണ്ട് മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരാക്കി മുത്തലാഖിന് അനുകൂലമായി ഒപ്പുശേഖരണം നടത്തിയ  വ്യക്തിനിയമ ബോര്‍ഡ് ഇതില്‍കൂടുതല്‍ ഒന്നും ഇനി പരിഹാസ്യരാവാനില്ല. മുസ്​ലിംകളുടെ മൊത്തം ഉടമാവകാശം ഏറ്റെടുത്ത ഈ ബോർഡിന്​ കേവലം ഒരു എന്‍.ജി.ഒ യുടെ വിലയല്ലാതെ മറ്റൊന്നുമില്ല എന്നുകൂടി തെളിഞ്ഞിരിക്കുകയാണ്. മുത്തലാഖ് നിരോധനത്തിലൂടെ സംഘികള്‍ മൈലേജ് ഉണ്ടാക്കാന്‍ നോക്കുന്നു എന്ന് സമുദായത്തെക്കൊണ്ട് ഇപ്പോള്‍ കരയിക്കുകയാണ് ഇളിഭ്യരായ ബോര്‍ഡ്.  മറ്റൊരത്ഥത്തിൽ പറഞ്ഞാല്‍, മോദി സര്‍ക്കാര്‍ അടിച്ചെടുത്തുവെന്ന് പറയുന്ന ഇതേ  പ്രതിഛായ നേരെ ബോര്‍ഡില്‍ ചെന്നു നില്‍ക്കുമായിരുന്നു. ഒപ്പുശേഖരണ നാടകത്തിനു പകരം മുസ്​ലിം സ്ത്രീകളുടെ ഇടയില്‍ സത്യസന്ധമായ ഒരു ഹിത പരിശോധന നടത്തിയിരുന്നുവെങ്കില്‍.

അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് മുത്തലാഖ്​ അനിസ്​ലാമികമാണെന്നും അത് നിരോധിക്കണമെന്നോ കര്‍ശനമായി നിയന്ത്രിക്കണമെന്നോ ഉള്ള ആവശ്യം നേരെ മുന്നോട്ടുവെച്ചിരുന്നുവെങ്കില്‍. അടിയുറഞ്ഞ ആണധികാരണ ഘടനയില്‍ അങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നതുതന്നെ മൂഢത്വമാണ് എന്നറിയാഞ്ഞിട്ടല്ല​. എങ്കില്‍പോലും അത്​ചെയ്തിരുന്നുവെങ്കില്‍ നാളെ സംഭവിക്കാനിരിക്കുന്ന വലിയൊരു അപായത്തെക്കുറിച്ചോര്‍ത്ത് രാജ്യത്തെ മുസ്​ലിംകള്‍ക്ക് ഇങ്ങനെ വേവലാതിപ്പെടേണ്ടി വരുമായിരുന്നില്ല. അതിനേക്കാള്‍ ഉപരി ഫാഷിസ്റ്റുകള്‍ ഇത്രകാലം കൊണ്ട് നടന്ന മൂര്‍ച്ചയേറിയ ആയുധത്തിന്‍െറ മുന സമര്‍ഥമായി ഒടിക്കലുമാകുമായിരുന്നു അത്.

മുത്തലാഖ് കേസിൽ വിധി പറഞ്ഞ സുപ്രിംകോടതി ജഡ്ജിമാർ
 


എന്നാല്‍, ഇനിയും സമയം വൈകിയിട്ടില്ല. എതിരാളിയുടെ ഉള്ളിലെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്താണ് ഫാഷിസം എല്ലാകാലത്തും വളര്‍ന്നിട്ടുള്ളത്. ഈ ദൗര്‍ബല്യങ്ങളെ കെട്ടിപ്പൊതിഞ്ഞുവെക്കുന്നിടത്തോളം കാലം അവര്‍ ദംഷ്ട്രകള്‍ പ്രയോഗിച്ചു കൊണ്ടിരിക്കും. ഇത്രമൊരു വിപല്‍സന്ധിയില്‍ മുസ്​ലിം വ്യക്തി നിയമ ബോര്‍ഡ്  ചെയ്യേണ്ടത് മുസ്​ലിം സ്ത്രീകളുടെ ഇടയില്‍ അടിയന്തിരമായും നീതിപൂര്‍വകമായും ഹിത പരിശോധന നടത്താന്‍ തയ്യാറാവുക എന്നതാണ്. മുത്തലാഖ്​ അടക്കം മുസ്​ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പരിശോധനാ വിധേയമാക്കാനുള്ള സമിതിയെ നിയോഗിക്കണം. നിയമജ്ഞരും മുസ്​ലിം വനിതാ പ്രതിനിധികളും ഇസ്​ലാമിക പണ്ഡിതന്‍മാരും പണ്ഡിതകളും സാമൂഹ്യ ശാസ്ത്രജ്ഞരും പൊതു ജനപ്രതിനിധികളും അടക്കം പല വ്യക്തിത്വങ്ങളെ ഉള്‍കൊള്ളുന്നതാവണം ആ സംവിധാനം. നിലവില്‍ നിരവധി വനിതാ സംഘടനകൾ പലതരത്തിലുള്ള ആവശ്യങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്. വ്യക്തിനിയമ പരിഷ്കരണവും ജൻഡർ ജസ്​റ്റിസ്​ കോഡുമടക്കം. മുന്‍വിധികളും പക്ഷപാതിത്വങ്ങളും സങ്കുചിതത്വങ്ങള​ും മാറ്റിവെച്ച് എന്താണ് അവര്‍ പറയുന്നതെന്നും  അതില്‍ നിന്ന് സ്വീകാര്യമായവ എന്താണെന്നും പരിശോധിക്കാൻ തയാറാവണം. എടുത്തും  കൊടുത്തും കൊണ്ടല്ലാതെ നിയമത്തിന് വളരാനാവില്ല. നിയമം എന്നത് ഒരു കാലത്തില്‍ നിശ്ചലമായി നില്‍ക്കേണ്ടതുമല്ല. അതു മുന്നോട്ടു പോവുന്ന സമൂഹത്തെ പിന്നോട്ടു വലിക്കാനുള്ളതുമല്ല. ആ അര്‍ഥത്തില്‍ ചില ഖുര്‍ആനിക നിയമങ്ങളില്‍ ‘ഇജ്തിഹാദ്’ (ഗവേഷണം) അടക്കം ആവശ്യമായി വരും. 


വ്യക്തിനിയമങ്ങള്‍ പരിഷ്കരിച്ച നിരവധി മുസ്​ലിം രാഷ്ട്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അത് പഠിച്ചവരെ പ്രധാനമായും സമിതിയില്‍ നിയോഗിക്കണം. കൂടുതല്‍ പഠിക്കേണ്ടതുണ്ടെങ്കില്‍ അതും വേണ്ടിവരും. പരിശോധനാവിധേയമാക്കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് വ്യക്തി നിയമം ഖുര്‍ആനി​​​​​​​​​​​െൻറ ലിംഗ നീതിയില്‍ അധിഷ്ഠിതമായി പരിഷ്കരിക്കണമെന്ന് അവര്‍ക്ക് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കഴിയണം. അതിനു മുന്നില്‍ ഏതു സര്‍ക്കാറിനും വഴങ്ങാതിരിക്കാനാവില്ല. കുറച്ച് ദൈര്‍ഘ്യമേറിയ പ്രക്രിയ ആയിരിക്കാമതെങ്കില്‍ കൂടി അതിനുള്ള അധികാരവും വിഭവശേഷിയും വിനിയോഗിക്കാന്‍ ബോര്‍ഡ് മനസ്സുവെക്കണം. ഈ വിഷയത്തില്‍ ഇന്ത്യയിലെ മത സംഘടനകളെ ഒപ്പം നിര്‍ത്താന്‍ വേണ്ട എല്ലാ പരിശ്രമങ്ങളും ബോർഡി​​​​​​​​​​​െൻറ ഭാഗത്തു നിന്നുണ്ടാവണം.

ഇതിനെല്ലാം മുന്നോടിയായി ചെയ്യേണ്ടത് മുസ്​ലിം വ്യക്തി നിയമ ബോര്‍ഡ് തന്നെ അഴിച്ചു പണിയുക എന്നതാണ്. സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം അതിനുണ്ടായിരിക്കണം. കേവല മതാധികാര ബോഡി എന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ മുസ്​ലിംകളെ ഏറ്റവും പുരോഗമനപരമായ വഴിയില്‍ നയിക്കുക എന്ന ചുമതല ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ മുസ്​ലിംകള്‍ക്ക് ഇനിയും ഭാവിയുണ്ട്. അതിനു തയ്യാറായില്ലെങ്കിൽ ഫാഷിസ്റ്റ് ഭരണകൂടത്തിനു മുന്നില്‍ കഴുത്ത് നീട്ടിക്കൊടുത്ത്​ കാത്തിരിക്കാം.
Tags:    
News Summary - triple talaq verdict -Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.