ത്രിപുരയെ ചതിച്ചു വീഴ്ത്തിയതാണ്...

ബംഗാളിന് പിന്നാലെ ത്രിപുരയിലും സി.പി.എം തകർന്നുവീണത് ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതേതര ജനാധിപത്യകക്ഷികൾക്കെല്ലാം അവിശ്വസീനമായ രാഷ്ട്രീയ മാറ്റമായിരുന്നു. കാൽനൂറ്റാണ്ട് കാലത്തെ തുടർഭരണത്തിനു ശേഷമാണ് ബി.ജെ.പിക്ക് മുന്നിൽ ത്രിപുരയിൽ സി.പി.എം കുത്തക തകർന്നത്. ആ തകർച്ചക്കു പിന്നിൽ സംഭവിച്ചത് എന്തെന്ന് പറയുകയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും 1998 മുതൽ 2018 വരെ മുഖ്യമന്ത്രിയുമായിരുന്ന മണിക് സർക്കാർ. മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനിന്ന്..

ത്രിപുരയിൽ പാർട്ടിക്ക് പിഴച്ചത് എവിടെയാണ്?

സി.പി.എമ്മിനോ ഇടതുസർക്കാറിനോ പിഴച്ചുവെന്ന് പറയാനാകില്ല. ത്രിപുരയിൽ തുടർച്ചയായ ഭരണത്തിനുശേഷവും വലിയ പരാതി ഉണ്ടായിരുന്നില്ല. ജനങ്ങൾ പൊതുവിൽ സംതൃപ്തരായിരുന്നു. സർക്കാറിനെതിരെയോ നേതാക്കൾക്കെതിരെയോ അഴിമതി ആരോപണം ഉണ്ടായിരുന്നില്ല. പ്രതിപക്ഷത്തിന് സർക്കാറിനുനേരെ കാര്യമായി ഒന്നും പറയാനും ഉണ്ടായിരുന്നില്ല. ഞങ്ങളെ ചതിച്ചുവീഴ്ത്തുകയാണ് ബി.ജെ.പി ചെയ്തത്. രാഷ്ട്രീയമായി ഇടതുപക്ഷത്തെ തോൽപിക്കാൻ ത്രിപുരയിൽ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.

ചതിച്ചുവീഴ്ത്തിയെന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത്...

രാഷ്ട്രീയമായ മത്സരമായിരുന്നില്ല സംഭവിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുകൾ നേടുകയാണ് ചെയ്തത്. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളാണ് ത്രിപുര ജനതക്കു മുന്നിൽ വാഗ്ദാനങ്ങളായി ബി.ജെ.പി മുന്നോട്ടുവെച്ചത്. നടപ്പാക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ജനങ്ങളെ അവർ പറ്റിക്കുകയായിരുന്നു. കാര്യമറിയാതെ ജനങ്ങളിൽ വലിയൊരു വിഭാഗം ബി.ജെ.പിക്ക് വോട്ടുചെയ്യുകയായിരുന്നു.

എന്തൊക്കെയായിരുന്നു ബി.ജെ.പി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ?

അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ തന്ത്രമായിരുന്നു അത്. അന്ന് അദ്ദേഹം രോഗാവസ്ഥയിലായിരുന്നു. എങ്കിലും ധാരാളം സമയം അദ്ദേഹം ത്രിപുര കാര്യങ്ങൾക്കുവേണ്ടി ചെലവഴിച്ചു. അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുണ്ടാക്കിയ 'വിഷൻ ഡോക്യൂമെന്‍റി'‍െൻറ പ്രധാന ഭാഗം അതു മുന്നോട്ടുവെച്ച വാഗ്ദാനങ്ങളാണ്. എല്ലാ വീട്ടിലും ഒരാൾക്ക് ജോലി നൽകും, ജോലി വേണ്ടവർ മിസ്ഡ് കോൾ ചെയ്താൽ മതി, താൽക്കാലിക ജോലിക്കാരെ മുഴുവൻ സ്ഥിരപ്പെടുത്തും എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ.

സർക്കാർ ജോലിയിലെ ഒഴിവു കണക്ക് പെരുപ്പിച്ചുകാട്ടി. അത്രയും ഒഴിവുകളിലേക്ക് ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ നിയമനം നടത്തുമെന്ന് പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമീഷൻ നിരക്കിൽ ശമ്പളം ഉറപ്പുനൽകി. ഏഴാം ശമ്പള കമീഷൻ കേന്ദ്രം പോലും വേഗത്തിൽ നടപ്പാക്കിയിട്ടില്ല.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ മാത്രം വിശ്വസിച്ച് ജനം വോട്ടുചെയ്യുമെന്ന് കരുതാനാകുമോ?

ത്രിപുരയിൽ 2018ൽ അത്തരത്തിലുള്ള ഒരു പ്രചാരണ തന്ത്രമാണ് ബി.ജെ.പി സ്വീകരിച്ചത്. ഇരട്ട എൻജിൻ സർക്കാർ എന്നതായിരുന്നു പ്രധാന പ്രയോഗം. കേന്ദ്രത്തിലെ മോദി സർക്കാറിനൊപ്പം ത്രിപുരയിൽ ബി.ജെ.പിയുടെ സർക്കാർ വരണം. അങ്ങനെ വന്നാൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേകക്ഷിയുടെ ഇരട്ട എൻജിൻ ശക്തിയിലുള്ള കുതിപ്പുനേടാം എന്നൊക്കെ കാടിളക്കി പ്രചാരണം നടത്തി. അതിൽ ജനങ്ങൾക്ക് പ്രതീക്ഷ തോന്നിയിരിക്കാം. അതാണ് 2008ൽ ബി.ജെ.പിക്ക് അനുകൂലമായ ഫലം ത്രിപുരയിൽ ഉണ്ടായത്. ഇപ്പോൾ ത്രിപുരയിലെ ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ബി.ജെ.പിയുടെ ഇരട്ട എൻജിൻ വാഗ്ദാനം ഒരു പൊയ്വെടിയാണ്. വർഗീയതകൊണ്ട് വോട്ടുനേടാൻ കഴിയാത്ത ഇടങ്ങളിൽ ജനങ്ങൾക്ക് സ്വപ്നം വിറ്റ് വോട്ടുനേടാനുള്ള തന്ത്രം മാത്രമാണത്. ത്രിപുരയിലെ അനുഭവം അതാണ്. കേരളത്തിലും ബി.ജെ.പി ഇരട്ട എൻജിൻ പ്രതീക്ഷയും വാഗ്ദാനങ്ങളും നൽകിയേക്കാം. അതൊന്നും ഒരിക്കലും വിശ്വസിക്കരുതെന്നു മാത്രമാണ് മലയാളികളോട് എനിക്കു പറയാനുള്ളത്. ത്രിപുരയുടെ അനുഭവത്തിൽനിന്നുള്ള ഉപദേശമാണിത്.

ഭരണം നഷ്ടമായ ശേഷം ത്രിപുരയിൽ സി.പി.എം പാർട്ടി അംഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടില്ലേ?

ചതിച്ചുവീഴ്ത്തിയശേഷം പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. പ്രതിപക്ഷത്തിന് ഇടമില്ല. സത്യപ്രതിജ്ഞ ചെയ്തതി‍െൻറ പിറ്റേന്നു മുതൽ ഫാഷിസ്റ്റ് അക്രമം തുടങ്ങി. തുടർന്നു നടന്ന പഞ്ചായത്ത്, നഗരസഭ, പാർലമെന്‍റ് തെരഞ്ഞെടുപ്പുകളെല്ലാം അട്ടിമറിക്കപ്പെട്ടു. ബൂത്ത് കൈയേറ്റവും പോളിങ് ദിവസത്തെ അക്രമവും വ്യാപകമാണ്. എല്ലാം പരസ്യമായി നടത്തിയത്. മുഖ്യപ്രതിപക്ഷമായ സി.പി.എമ്മിനു നേരെയാണ് കാര്യമായ ആക്രമണം. ത്രിപുരയിൽ ബി.ജെ.പി ഭരണത്തിൽ വന്നതിനുശേഷം ജനാധിപത്യവും ഭരണഘടനയുമൊന്നും നിലവിലില്ലാത്ത അവസ്ഥയാണ്. 40-45 മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു. മീഡിയ സ്ഥാപനങ്ങൾപോലും അക്രമണത്തിന് ഇരയായി.

2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മി‍െൻറ തിരിച്ചുവരവ് പ്രതീക്ഷ എത്രത്തോളമാണ്?

ത്രിപുരയിൽ സി.പി.എം തിരിച്ചുവരുമെന്നതിൽ തർക്കമില്ല. അതിന് ഞങ്ങൾക്ക് പ്രവർത്തിക്കാനുള്ള അവസരം ലഭിക്കണം. അക്രമം അതിജീവിച്ച് മുന്നോട്ടുവരാനുള്ള പോരാട്ടത്തിലാണ് പാർട്ടി.

Tags:    
News Summary - Tripura has been deceived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.