കാലാവസ്ഥാവ്യതിയാനം, വ്യാപാരം, ആണവ വ്യാപനം, റഷ്യ, യൂറോപ്പ്, മിഡിലീസ്റ്റ് എന്നിങ്ങനെ പല വിഷയങ്ങളിൽ തന്റെ മുൻഗാമിയായിരുന്ന പ്രസിഡന്റ് ബരാക് ഒബാമ ആഗോളതലത്തിൽ കൈവരിച്ച പല നേട്ടങ്ങളും അട്ടിമറിച്ചതുപോലെ, ഈ വിഷയങ്ങളിലും മറ്റ് നയങ്ങളിലും ബൈഡൻ കൈവരിച്ച പുരോഗതികളെ മായ്ച്ചുകളയാനും ട്രംപ് ശ്രമിക്കും
അയാളുടെ പ്രഹസനരാഷ്ട്രീയം സൃഷ്ടിക്കുന്ന മടുപ്പ് ആലോചിക്കുമ്പോൾ ഡോണൾഡ് ട്രംപിനെക്കുറിച്ച് എന്തെങ്കിലും എഴുതാൻ എനിക്ക് വല്ലാത്ത മടിയായിരുന്നു. പക്ഷേ, ഈ മുൻ പ്രസിഡന്റിന്റെ തട്ടിപ്പുകൾ വീണ്ടുമൊരിക്കൽ കൂടി അമേരിക്കൻ തെരഞ്ഞെടുപ്പ് ചക്രത്തിന്റെ കേന്ദ്രസ്ഥാനം കൈയടക്കിയതോടെ ഇനി അത് ശ്രദ്ധിക്കുകയല്ലാതെ വേറെ വഴിയില്ല.
മൂന്ന് കുറ്റാരോപണങ്ങൾ നേരിടുമ്പോഴും അദ്ദേഹം ജനപ്രിയനായി തുടരുന്നു. ഈ ആഴ്ചയിലെ ആദ്യത്തെ പ്രസിഡൻഷ്യൽ സംവാദത്തിന്റെ തലേന്ന് റിപ്പബ്ലിക്കൻ എതിരാളികൾക്കുമേൽ ആധിപത്യം നേടുകയും അമേരിക്കക്കും ലോകത്തിനും വേണ്ടിയുള്ള മറ്റൊരു തെരഞ്ഞെടുപ്പിലേക്കുള്ള തന്റെ സാധ്യത ഉയർത്തുകയും ചെയ്തിരിക്കുന്നു ട്രംപ്.
പുതിയ സർവേഫലങ്ങൾ പ്രകാരം പാർട്ടി അനുഭാവികളായ ഏതാണ്ടെല്ലാ ജനവിഭാഗങ്ങൾക്കിടയിലും പ്രദേശങ്ങളിലും പ്രത്യയശാസ്ത്ര വിഭാഗങ്ങളിലും അദ്ദേഹത്തിന് നിർണായക മേൽക്കൈയുണ്ട്. റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിലെ ജനപ്രീതി ജനുവരിയിൽ 43 ശതമാനമായിരുന്നെങ്കിൽ ഈ മാസം അത് 53 ശതമാനമായി വർധിച്ചിരിക്കുന്നു.
ഭൂരിഭാഗവും വെള്ളക്കാരായ അദ്ദേഹത്തിന്റെ യാഥാസ്ഥിതിക അനുഭാവികളെ നയിക്കുന്നത് ഡെമോക്രാറ്റുകളോടും അവരുടെ സാമൂഹിക ഉദാരതയോടും അന്തർദേശീയ ഉദാരതയോടുമുള്ള ആഴത്തിലുള്ള ദേഷ്യവും സംശയവും നീരസവുമാണ്.
ട്രംപിന്റെ രാഷ്ട്രീയവിഡ്ഢിത്തങ്ങളോ നിയമക്കുരുക്കുകളോ അവരെ ബാധിച്ചതായി തോന്നുന്നില്ല. 2020ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ യു.എസ് ഗവൺമെന്റിനെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള കുറ്റാരോപണങ്ങൾപോലും ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ഡീപ് സ്റ്റേറ്റിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അവർ കരുതുന്നത്.
അടുത്തവർഷം പകുതിയോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം ഉറപ്പാക്കാനും വർഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനെ നേരിടാനും ട്രംപ് നിശ്ചയിച്ചുറപ്പിച്ചുകഴിഞ്ഞു.
അധികാരത്തിലിരിക്കുന്നവർക്ക് നഷ്ടംവരുത്തുന്നതാണ് തെരഞ്ഞെടുപ്പ്. ദേശീയതലത്തിൽ ലീഡ് ചെയ്യുന്നതിനു പുറമേ, 2020ൽ നേട്ടമുണ്ടാക്കിയ ജോർജിയ, അരിസോണ തുടങ്ങിയ സ്റ്റേറ്റുകളിൽ മികച്ച റേറ്റിങ് കാണിക്കുന്നു; നോർത്ത് കരോലൈന പോലെ നഷ്ടപ്പെട്ട സ്റ്റേറ്റുകളിൽ മാറിമറച്ചിലുണ്ടാക്കാനാകുമെന്നും ട്രംപിന് പ്രതീക്ഷിക്കാം.
അതേസമയം, തന്നെ പ്രായാധിക്യം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ബൈഡന് പ്രതികൂലമാവുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആവർത്തിച്ച് ചോദ്യങ്ങളുയർന്നിരുന്നു.
നേരുപറഞ്ഞാൽ, ലോക മഹാശക്തിയുടെ അമരക്കാരനായി ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത ഒരു യാഥാർഥ്യമാണ്. അത് ആഴത്തിലുള്ള ഉത്കണ്ഠയും സംഭ്രാന്തിയും സൃഷ്ടിക്കുന്നുണ്ട്, പ്രത്യേകിച്ച് യു.എസിലെയും യൂറോപ്പിലെയും ലിബറലുകൾക്കിടയിൽ.
കൂടുതൽ കഠോരനായ, പ്രതികാരബുദ്ധിയുള്ള ട്രംപ്, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയെത്തന്നെ നിഷേധിച്ചുകൊണ്ട്, അമേരിക്കൻ പ്രസിഡൻസിയുടെ അവിശ്വസനീയമായ അധികാരങ്ങൾ ഉപയോഗിച്ച് എന്തും ചെയ്യാൻ മടിക്കില്ലെന്ന് അവർ ഭയപ്പെടുന്നു.
ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തിയശേഷം, കോടതിയിൽ തനിക്കെതിരായ കുറ്റപത്രം ഇല്ലാതാക്കാനടക്കം അധികാരം നൽകുംവിധം കൊണ്ടുവന്ന ‘ജുഡീഷ്യൽ പരിഷ്കാരങ്ങൾ’ ട്രംപ് തീർച്ചയായും നോക്കിവെച്ചിട്ടുണ്ടാവും. ഫെഡറൽ ഏജൻസികളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക, ആഭ്യന്തരമായി സൈന്യത്തെ വിന്യസിക്കുക, വിമര്ശകരെ അടിച്ചമർത്തുക എന്നിങ്ങനെ, വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ അധികാരം ഉറപ്പിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ മുൻ പ്രസിഡന്റ് പദ്ധതിയിടുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നെതന്യാഹു ഇസ്രായേലിൽ ചെയ്യുന്നതുപോലെ, അമേരിക്കയുടെ ഉദാരനിലപാടുകൾ വളരെ കുറച്ച്, സ്വേച്ഛാധിപത്യം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്ന് തോന്നുന്നു. അമേരിക്കൻ ഭരണഘടന ജനാധിപത്യത്തിന്റെ ശക്തമായ പരിശോധനകളും സന്തുലിതാവസ്ഥയും കൊണ്ട് ട്രംപും അദ്ദേഹത്തിന്റെ ദേശീയവാദി-ഇവാഞ്ചലിക്കൽ-യാഥാസ്ഥിതിക സഖ്യകക്ഷികളും നടത്തുന്ന ഹീനമായ ആക്രമണത്തെ ചെറുക്കാനാവണമെന്നില്ല.
യാഥാസ്ഥിതികർക്ക് ആധിപത്യമുള്ള യു.എസ് സുപ്രീംകോടതി അദ്ദേഹത്തെ സഹാനുഭൂതിയോടെ കേൾക്കാനുമിടയുണ്ട്, ജഡ്ജിമാരിൽ മൂന്നുപേരെ നിയമിച്ചതും അദ്ദേഹമാണ്. പറഞ്ഞുവരുന്നത്, ട്രംപ് 2.0ന്റെ അന്തർദേശീയ അനന്തരഫലം ആഭ്യന്തര സംഭവവികാസങ്ങളേക്കാൾ നാടകീയമായിരിക്കാം. അമേരിക്കയെ തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റുന്നതിനേക്കാളേറെ ഒരു മഹാശക്തിയുടെ നേതാവെന്നനിലയിൽ സ്വാഭാവികമായും ലോകത്തെ മോശമാക്കിത്തീർക്കാൻ അദ്ദേഹത്തിന് വലിയ അധികാരം ഉണ്ടായിരിക്കും.
കാലാവസ്ഥാവ്യതിയാനം, വ്യാപാരം, ആണവ വ്യാപനം, റഷ്യ, യൂറോപ്പ്, മിഡിലീസ്റ്റ് എന്നിങ്ങനെ പല വിഷയങ്ങളിൽ തന്റെ മുൻഗാമിയായിരുന്ന പ്രസിഡന്റ് ബരാക് ഒബാമ ആഗോളതലത്തിൽ കൈവരിച്ച പല നേട്ടങ്ങളും അട്ടിമറിച്ചതുപോലെ, ഈ വിഷയങ്ങളിലും മറ്റ് നയങ്ങളിലും ബൈഡൻ കൈവരിച്ച പുരോഗതികളെ മായ്ച്ചുകളയാനും ട്രംപ് ശ്രമിക്കും.
ട്രംപിന്റെ രണ്ടാമത്തെ പ്രസിഡൻസിക്ക് കീഴിൽ, ഇറാനുമായി മറ്റൊരു ആണവക്കരാറുണ്ടാക്കലോ, അതിലേറെ അടിയന്തരപ്രാധാന്യമുള്ള കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഉടമ്പടിയിലെത്തലോ ഒക്കെ അസാധ്യമാണ്. സാമൂഹിക സംരക്ഷണത്തിനും പുനരുപയോഗ ഊർജ വിപുലീകരണത്തിനുമുള്ള പൊതുചെലവുകളിൽ വലിയ വെട്ടിക്കുറവും ഉണ്ടായേക്കാം.
പ്രസിഡന്റായാൽ, റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ട്രംപ് അതിവേഗം ഇടപെടും. ‘24 മണിക്കൂറിനുള്ളിൽ’ ആ തർക്കം തനിക്ക് പരിഹരിക്കാനാകുമെന്ന് അദ്ദേഹം ഇതിനകം അവകാശപ്പെട്ടുകഴിഞ്ഞു. റഷ്യക്ക് അനുകൂലമായി യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനായി യുക്രെയ്നുള്ള യു.എസ് സൈനികസഹായം വെട്ടിക്കുറച്ചേക്കുമെന്ന് ചിലർ അനുമാനിക്കുന്നു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരായ യു.എസ് ശ്രമങ്ങളെ കാര്യമായി പിന്തുണച്ച യൂറോപ്യൻ സഖ്യകക്ഷികളെ ഈ സാഹചര്യത്തിന്റെ സാധ്യത ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്. റഷ്യയെ തൃപ്തിപ്പെടുത്തുന്നത് നാറ്റോയെ ദുർബലപ്പെടുത്തുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് വീര്യംകൂട്ടുമെന്നും അമേരിക്കയുടെ തന്ത്രപ്രധാനമായ പ്ലാറ്റ്ഫോമിന് പകരമായി മൗലികവും ചെലവേറിയതുമായ യൂറോപ്യൻ ബദൽ തിരയാൻ നിർബന്ധിതമാകുമെന്നും അവർ ഭയപ്പെടുന്നു.
2024ൽ ട്രംപ് വിജയിച്ചാൽ പാശ്ചാത്യലോകത്തെമ്പാടും ഒരു ഡൊമിനോ ഇഫക്ട് സൃഷ്ടിക്കുമെന്നും പോളണ്ട്, ഇറ്റലി എന്നിവിടങ്ങളിലെ വലതുപക്ഷ നേതാക്കളെ ശക്തിപ്പെടുത്തുമെന്നും ഫ്രാൻസിലും ജർമനിയിലും കൂടുതൽ തീവ്ര വലതുപക്ഷ വിജയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും യൂറോപ്യൻ മധ്യവാദികൾക്കും ലിബറലുകൾക്കും ആശങ്കയുണ്ട്.
ഇതെല്ലാം സംഭവിക്കുകയാണെങ്കിൽ, അത് അമേരിക്കയുടെ സ്വന്തം വിദേശനയ മുന്നേറ്റത്തെത്തന്നെ ദുർബലപ്പെടുത്തും. പ്രത്യേകിച്ച്, ചൈനക്ക് നൽകുന്ന മറുപടികളെ. ഇസ്രായേലിനെ മാറ്റിനിർത്തിയാൽ ഒരുപക്ഷേ, ട്രംപും ബൈഡനും സമ്മതിക്കുന്ന ഒരേയൊരു പ്രധാന വിദേശനയ പ്രശ്നമാണിത്.
ചൈനയുടെ സാമ്പത്തികവും തന്ത്രപരവുമായ സ്വാധീനം തടയുന്നതിനുള്ള ട്രംപിന്റെ ഗർവിഷ്ടമായ ശ്രമങ്ങളെ റഷ്യയും ദുർബലമായ നാറ്റോയും വിഭജിക്കപ്പെട്ട പടിഞ്ഞാറും പിന്തുണക്കില്ല.
ട്രംപ് വൈറ്റ് ഹൗസിൽ മടങ്ങിയെത്തുന്നത് ബെയ്ജിങ് ഒരു പ്രശ്നമായി കാണില്ല. കാരണം, ഒട്ടും ലിബറലല്ലാത്ത ആ നേതാവ് യു.എസിന്റെ ആഗോള ഉത്തരവാദിത്തങ്ങൾ ഉപേക്ഷിച്ച് അതിന്റെ ഉറച്ച നേതൃത്വത്തെ ആഡംബരപൂർണമായ വാചകമടി ഉപയോഗിച്ച് മാറ്റിപ്പണിയാൻ തയാറാണ്. മാത്രമല്ല, കൂടുതൽ സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ മേൽ യു.എസ് താൽപര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം ജനാധിപത്യകാരണം ഉപയോഗിക്കില്ല. അഥവാ ഉപയോഗിക്കാൻ സാധിക്കില്ല.
വീണ്ടും പ്രസിഡന്റായാൽ ക്യൂബയിലെ ചാരകേന്ദ്രം ഒഴിവാക്കാൻ ചൈനീസ് സർക്കാറിന് 48 മണിക്കൂർ സമയം നൽകുമെന്നും അല്ലാത്തപക്ഷം കടുത്ത സാമ്പത്തിക ഉപരോധം നേരിടേണ്ടിവരുമെന്നുമാണ് ട്രംപിന്റെ ഭീഷണി. പക്ഷേ, ഇത്തരം വാചകമടികളൊന്നും ഫലിക്കാൻപോകുന്നില്ല.
ട്രംപിന്റെ കാലത്ത് സൈനികമായും തന്ത്രപരമായും കൂടുതൽ ശക്തമായി വളർന്ന ചൈനക്കെതിരെയോ തങ്ങളുടെ ആണവപരിപാടികൾ വിപുലീകരിച്ച ഉത്തരകൊറിയ, ഇറാൻ തുടങ്ങിയ ചെറുശക്തികൾക്കെതിരെയോ മുമ്പും ഇത്തരം ഭീഷണികൾ ഫലിച്ചിട്ടില്ല. എന്തിനേറെ, ബശർ അൽ അസ്സദിന്റെ സിറിയക്കെതിരെ പോലും ട്രംപിന്റെ വീരസ്യം പൊളിഞ്ഞുപോയിരുന്നു.
ബൈഡന്റെ വിദേശനയം കൃത്യതയുള്ളതോ വിജയകരമോ ഉത്തരവാദിത്ത പൂർണമോ ആയിരുന്നില്ല എന്നു മാത്രമല്ല, അവ സാമ്രാജ്യത്വമുഷ്ക് നിറഞ്ഞതും കാപട്യംമുറ്റിയതുമായിരുന്നു. പക്ഷേ, ട്രംപിന്റെ വഴികൾ ബൈഡന്റെ ആഗോള സവിശേഷാധികാരങ്ങളേക്കാൾ മോശമാണ്.
അത് അതിരുവിട്ട അമേരിക്കൻ അതിദേശീയതാവാദം, അശ്ലീലമായ വംശീയത, പരിസ്ഥിതിയോടും കാലാവസ്ഥാ പ്രതിസന്ധിയോടുമുള്ള നിസ്സംഗത, ബഹുമുഖത്വത്തോടും സാർവദേശീയ മൂല്യങ്ങളോടുമുള്ള പൂർണ അവഗണന എന്നിങ്ങനെ ആകപ്പാടെ ലോകത്തെക്കുറിച്ചുള്ള ഇരുണ്ട കാഴ്ചപ്പാടാണ്. വിശേഷബുദ്ധിയുള്ള മനുഷ്യരാരും തന്നെ ജീവിക്കാൻ ആഗ്രഹിക്കാത്ത ഒന്നാണ് ട്രംപിയൻ ലോകം!
(യു.എസ് വിദേശനയ വിദഗ്ധനും പാരിസിലെ അമേരിക്കൻ യൂനിവേഴ്സിറ്റി യിലെ മുൻ പ്രഫസറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.