ജനം നേരിടുന്ന കോവിഡാനന്തര ഞെരുക്കങ്ങൾക്കിടയിലും നികുതി വരുമാനം പ്രതീക്ഷകളെ കവച്ചുവെച്ചുവെന്നാണ് കഴിഞ്ഞദിവസത്തെ സാമ്പത്തിക സർവേ നൽകിയ കണക്ക്. നവംബർ അവസാനമായപ്പോഴേക്കും നികുതി വരുമാനം ബജറ്റ് ലക്ഷ്യത്തിന്റെ മൂന്നിൽ രണ്ടായ 17.81 ലക്ഷം കോടി രൂപയിലെത്തി.
വരുമാനം കോവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് എത്തി. അതേസമയം തന്നെയാണ് തൊഴിലുറപ്പ് പദ്ധതി വിഹിതം 33 ശതമാനം കണ്ട് പുതിയ ബജറ്റിൽ വെട്ടിക്കുറച്ചത്. പ്രകടമായത് സർക്കാറിന്റെ മനോഭാവം.
വാക്കിൽ വാനോളമാണെങ്കിലും അനുഭാവത്തിൽ കമ്മി ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. യുക്രെയ്ൻ പ്രതിസന്ധിക്കിടയിൽ അസംസ്കൃത എണ്ണ ഇറക്കുമതിയിലൂടെ കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം ഇന്ത്യയാണ്.
അതിന്റെ ആശ്വാസം പെട്രോൾ, ഡീസൽ, പാചകവാതക വിലകളിൽ പ്രതിഫലിച്ചില്ല. ജി.എസ്.ടി വരുമാനവും ഇന്ധന നികുതിയും എണ്ണക്കച്ചവട ലാഭവുമെല്ലാം സർക്കാറിലേക്ക് ഒഴുകിയെത്തി. പക്ഷേ, വിലക്കയറ്റം, നാണ്യപ്പെരുപ്പം, വിപണി മാന്ദ്യം എന്നിവ പരിഹരിക്കാൻ ബജറ്റിൽ നടപടികളില്ല.
കഴിഞ്ഞ ബജറ്റുകളിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ ബജറ്റ്. മൂന്നുവർഷമായി കോവിഡ് പ്രതിസന്ധിക്കിടയിലാണ് ബജറ്റ് അവതരിപ്പിച്ചത് എന്നതുകൊണ്ട് വിഭവ പരിമിതിയുടെ പേരു പറയാമായിരുന്നു. എന്നാൽ, ഇത്തവണ
സ്ഥിതി അതല്ല. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ വിശേഷിപ്പിക്കുന്ന രണ്ടാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റിലേക്ക് പ്രതീക്ഷാപൂർവമാണ് ജനം നോക്കിയിരുന്നത്. എന്നാൽ, തൊഴിലില്ലായ്മ, രൂപയുടെ വിലത്തകർച്ച അടക്കമുള്ള സാമ്പത്തികമാന്ദ്യം തുടങ്ങിയ സാഹചര്യങ്ങളോട് ബജറ്റ് മുഖം തിരിച്ചു.
ഭക്ഷ്യ സബ്സിഡി 90,000 കോടിയാണ് വെട്ടിക്കുറച്ചത്. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന പ്രഖ്യാപനങ്ങൾ ബാക്കിനിൽക്കേ, പി.എം കിസാൻ ഫണ്ടിലും 8,000 കോടി കുറവുവന്നു. രാജ്യത്തിന്റെ 40 ശതമാനം സമ്പത്ത് ഒരു ശതമാനം ധനികരിൽ കേന്ദ്രീകരിച്ചുനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ തന്നെയാണ്, ധനക്കമ്മി കുറക്കാനുള്ള ശ്രമവും അതിസമ്പന്നർക്കുള്ള ഇളവുകളുമൊക്കെയായി സാധാരണക്കാരുടെ പ്രശ്നങ്ങളിൽനിന്ന് ബജറ്റ് അകന്നുനിൽക്കുന്നത്.
ഗുജറാത്തിനും കർണാടകത്തിനും അവിടത്തെ വ്യവസായങ്ങൾക്കുമൊക്കെ പ്രത്യേക പരിഗണന നൽകാൻ ബജറ്റ് ശ്രദ്ധിച്ചിരിക്കുന്നതും കാണാം. വോട്ട്-പാർട്ടി പരിഗണനകളാണ് അതെങ്കിൽ, കേരളം പോലുള്ള സംസ്ഥാനങ്ങളോട് മറ്റൊരു നയം. പലിശയിനം കുറച്ചാൽ സർക്കാറിന്റെ ചെലവിലുള്ള വർധന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ആറു ശതമാനത്തിൽ താഴെയാണ്.
ജി.ഡി.പി വർധന 10 ശതമാനത്തിൽ കൂടുതലാണെന്ന് സർക്കാർ പറയുമ്പോൾ തന്നെയാണിത്. ആനുപാതികമായി വിഹിതം വർധിപ്പിക്കുകയല്ല, കുറക്കുകയാണ് ഫലത്തിൽ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് വിഹിതം കുറഞ്ഞു. കഴിഞ്ഞ ബജറ്റിലെ വിഹിതം മുഴുവൻ ചെലവാക്കിയതുമില്ല.
പി.എം പ്രണാം, ഗോവർധൻ, ഗ്രീൻ ഗ്രോത്ത് എന്നിങ്ങനെ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നതും ഹൈടെക് എന്ന് തോന്നിക്കുന്നതുമായ നിരവധി പുതിയ പദ്ധതികൾ തങ്ങളുടെ വോട്ടു ബാങ്കിന് ആകർഷകമായ രീതിയിൽ ബജറ്റ് പ്രഖ്യാപിക്കുന്നുണ്ട്.
പ്രായോഗികതലത്തിൽ, ഫലപ്രാപ്തിയെക്കുറിച്ച സംശയങ്ങളാണ് ഈ പദ്ധതികൾ ബാക്കി വെക്കുന്നത്. ബജറ്റിൽ പ്രഖ്യാപിക്കുകയും നീക്കിവെക്കുകയും ചെയ്യുന്ന തുക, വാഗ്ദാനങ്ങൾ എന്നിവ വളരെ ഉയർന്നതാണെങ്കിലും ചെലവാക്കുന്ന തുക അതിനേക്കാൾ താഴെയാണെന്ന യാഥാർഥ്യം ഇതിന് അടിവരയിടുകയും ചെയ്യുന്നു.
ഗുജറാത്തിലെ വജ്ര വ്യവസായത്തിന് കേന്ദ്ര ബജറ്റിൽ പ്രത്യേക തലോടൽ. ലബോറട്ടറികളിൽ വളർത്തിയെടുക്കുന്ന വജ്രത്തിന്റെ മുള ഇറക്കുമതിക്ക് തീരുവ ഇളവ്. ആഗോള തലത്തിൽ വജ്രാഭരണ രംഗത്ത് നാലിൽ മൂന്ന് കുത്തകയും ഇന്ത്യക്കാണ്.
സ്വാഭാവിക വജ്രശേഖരം കുറഞ്ഞു വരുന്നതിനാൽ ലബോറട്ടറികളിൽ വജ്രം വളർത്തിയെടുക്കുന്നതിലേക്ക് ഈ മേഖലയിലെ വ്യവസായികൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു.
പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്ന തുക എത്രയെന്ന് ബജറ്റിൽ വ്യക്തമാക്കാതെ കേന്ദ്രസർക്കാർ. മുൻകാല ബജറ്റുകളിൽ ഇത് പ്രത്യേകമായി കാണിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷത്തെ ലക്ഷ്യം 65,000 കോടി രൂപയായിരുന്നു. എന്നാൽ, 31,000 കോടിയാണ് നേടിയത്.
പ്രതിരോധ മന്ത്രാലയത്തിനുള്ള വിഹിതം 5.25 ലക്ഷം കോടി രൂപയിൽനിന്ന് 5.94 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. 69,000 കോടി രൂപയുടെ വർധനവാണ് വരുത്തിയത്. ഇതിൽ 1.62 ലക്ഷം കോടി മൂലധന ചെലവാണ്. ആയുധങ്ങൾ, വിമാനങ്ങൾ, കപ്പലുകൾ തുടങ്ങിയവ വാങ്ങാനാണ് ഈ തുക. നടപ്പു വർഷം ചെലവിട്ടത് ഒന്നര ലക്ഷം കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.