മനുഷ്യനെ ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനയക്കുന്നതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യം നിർമാണത്തിനിടെ ഒരു തുരങ്കമിടിഞ്ഞുവീണ് കേവലം 60 മീറ്റർ അപ്പുറത്ത് കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ പുറത്തേക്ക് എത്തിക്കാൻ 17 ദിവസമായിട്ടും കഴിയാത്ത നിസ്സഹായാവസ്ഥയിലായത് എന്തുകൊണ്ടാണ്?
ഹിമാലയൻ മലനിരകളിലെ അതീവ പരിസ്ഥിതി ലോലമായ ഭാഗത്ത് നാലര കിലോമീറ്റർ നീളത്തിൽ മല തുരക്കുമ്പോൾ മുൻകൂട്ടി തയാറാക്കേണ്ടിയിരുന്ന ദുരന്ത നിവാരണ പദ്ധതിയോ രക്ഷപ്പെടാനുള്ള വഴിയോ ഇല്ലാതെ പോയതെന്തു കൊണ്ടാണ്? ഇതിനു മുമ്പ് മൂന്നു തവണയെങ്കിലും ഇടിഞ്ഞുവീണ ഇതേ തുരങ്കത്തിൽ വീണ്ടുമൊരു ദുരന്തമുണ്ടായേക്കാമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിട്ടും രക്ഷാപ്രവർത്തന സാമഗ്രികൾ അപകടം കഴിഞ്ഞ് ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് ഇൻഡോറിൽനിന്നും ഹൈദരാബാദിൽനിന്നുമൊക്കെ എത്തിക്കേണ്ടി വന്നതെന്തുകൊണ്ടാണ്?
ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽനിന്ന് 41 മനുഷ്യരെ രണ്ടര ആഴ്ചക്ക് ശേഷം പുറത്തെത്തിക്കുമ്പോഴും ഇതുപോലുള്ള ഒരുപാടു ചോദ്യങ്ങളാണ് ബാക്കിയാകുന്നത്. മരണത്തെ മുഖാമുഖം കണ്ട തൊഴിലാളികളെ വീണ്ടെടുക്കാനായി ശുഷ്കാന്തിയോടെയുള്ള പരിശ്രമം തുടങ്ങുന്നതുപോലും ഒരാഴ്ച കഴിഞ്ഞാണ്. അതുതന്നെ ഉള്ളിൽ കുടുങ്ങിയവർക്കൊപ്പം തുരങ്കം പണിതുകൊണ്ടിരുന്ന തൊഴിലാളികൾ മുഷ്ടി ചുരുട്ടി പ്രതിഷേധ സമരം തുടങ്ങിയപ്പോൾ മാത്രം.
കേന്ദ്ര സർക്കാറും ദേശീയപാത അതോറിറ്റിയും അഭിമാനപൂർവം ഉയർത്തിക്കാണിക്കാറുള്ള നിർമാണമാണ് 41 തൊഴിലാളികൾ കുടുങ്ങിയ സിൽക്യാര ബെൻഡ്-ബാർകോട്ട് തുരങ്കം. ദേശീയ പാതയുടെ ദൈർഘ്യം 28 കിലോമീറ്ററോളം കുറക്കാൻ ഇരുഭാഗത്തേക്കും ഗതാഗതത്തിനുതകുന്ന വീതിയിൽ 4.531 കിലോമീറ്റർ നീളത്തിലാണ് ഇതിന്റെ നിർമാണം.
14 മീറ്ററാണ് തുരങ്കത്തിന്റെ വ്യാസം. നിയമവും ചട്ടവും ബാധകമല്ലാത്ത പശ്ചാത്തല വികസന പദ്ധതികളുടെയും വിഭവശേഷിയും ഏകോപനവും ഇല്ലാത്ത ദുരന്ത നിവാരണ ദൗത്യങ്ങളുടെയും കൃത്യമായ ചിത്രമാണ് സിൽക്യാര തുരങ്ക ദുരന്തം നൽകുന്നത്.
നാലു തവണ ഇതിനകം ഇടിഞ്ഞുവീണ ഇതേ തുരങ്കത്തിൽ കുടുങ്ങിയത് ഏതെങ്കിലും രാഷ്ട്രീയ ഉന്നതരോ വ്യവസായ പ്രമുഖരോ ആയിരുന്നുവെങ്കിൽ പുറത്തെത്തിക്കാൻ ഇത്രയും സമയം എടുക്കുമായിരുന്നോ എന്നാണ് ഇതിനു മുമ്പ് തുരങ്കമിടിഞ്ഞത് റിപ്പോർട്ട് ചെയ്ത ഉത്തരകാശിയിലെ മാധ്യമ പ്രവർത്തകൻ ദിഘ്ബീർ സിങ് ബിഷ്ട് ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.