വർഗീയ ധ്രുവീകരണം ആളിക്കത്തിക്കാൻ സംഘ്പരിവാറും അനുബന്ധ സംഘടനകളും കെട്ടിച്ചമച്ച ലവ്ജിഹാദ് വ്യാജപ്രചാരണത്തിെൻറ ചുവടുപിടിച്ച് നിയമവിരുദ്ധ മതംമാറ്റം തടയൽ ഓഡിനൻസ് ഉത്തർപ്രദേശിൽ നടപ്പിലാക്കിയിട്ട് വർഷം ഒന്ന് പിന്നിടുന്നു. നൂറുകണക്കിന് മുസ്ലിം ചെറുപ്പക്കാരെ കേസിൽകുടുക്കി അവരുടെ ജീവിതം വഴിമുട്ടിച്ചുവെന്നല്ലാതെ നിയമനടപടികൾ മുന്നോട്ടുപോകുന്നില്ല. കേസ് കോടതിയിലെത്തിയാൽ സർക്കാറിെൻറയും പൊലീസിെൻറയും കള്ളക്കളികൾ പുറത്തുവരുമെന്നതുതന്നെ കാരണം. ആദ്യ കേസിെൻറ അവസ്ഥയെക്കുറിച്ച് പ്രമുഖ നിയമ വിശകലന മാധ്യമമായ ലീഫ്ലെറ്റ് നടത്തിയ അന്വേഷണം വായിക്കാം
ചെറുപ്രായം മുതൽ ഉവൈസ് അഹ്മദിനൊരു മോഹമുണ്ടായിരുന്നു, ഇന്ത്യൻ സേനയിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്ന്. ഉത്തർപ്രദേശ് ബറേലി ശരീഫ് നഗറിെല പത്തു മക്കളുള്ള വീട്ടിൽ കോളജ് വിദ്യാഭ്യാസം നേടിയ ഏക ആൺതരിയാണ് ഈ 22കാരൻ. പട്ടാളമോഹം പോയിട്ട് സാധാരണ ജീവിതം പോലുമിപ്പോൾ താളംതെറ്റിയിരിക്കുന്നു. യു.പി സർക്കാർ 2020 നവംബറിൽ കൊണ്ടുവന്ന നിയമവിരുദ്ധ മതംമാറ്റം തടയൽ ഓഡിനൻസ് 2020 പ്രകാരം കുരുക്കിലാക്കപ്പെട്ട ആദ്യ വ്യക്തിയാണ് ഉവൈസ്. നവംബർ 28ന് ഈ ഓഡിനൻസ് നിലവിൽവന്ന് 12 മണിക്കൂർ തികയും മുമ്പാണ് തനിക്കെതിരായ എഫ്.ഐ.ആർ കിട്ടുന്നതെന്ന് ഈ ചെറുപ്പക്കാരൻ ഓർമിക്കുന്നു.
അതേ ഗ്രാമവാസിയായ ടികാറാം റാത്തോഡ്, ഡിയോറാനിയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ പേരിലായിരുന്നു നടപടി. സ്കൂളിലും കോളജിലും ഒപ്പം പഠിച്ചിരുന്ന, അദ്ദേഹത്തിെൻറ വിവാഹിതയായ മകൾ ആശയെ ഉവൈസ് നിർബന്ധിച്ചും വശീകരിച്ചും പ്രലോഭിപ്പിച്ചും മതംമാറ്റി വിവാഹം ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആരോപണം. മതംമാറ്റം തടയൽ നിയമത്തിെൻറ മൂന്ന്, അഞ്ച് വകുപ്പുകൾ ചുമത്തി യുവാവിനെ പിടിച്ചുകൊണ്ടുപോയി. ഡിസംബർ 24ന് ജാമ്യം കിട്ടുംവരെ 22 ദിവസം ബറേലി ജയിലിൽ കഴിഞ്ഞു. ഇതിന് ഒരുവർഷവും ഒരുമാസവും മുമ്പ് ആശ വീടുവിട്ട് ഓടിപ്പോയിരുന്നു. അന്ന് പിതാവ് നൽകിയ പരാതിയിൽ, തട്ടിക്കൊണ്ടുപോവൽ മുതൽ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിക്കൽ വരെയുള്ള വകുപ്പുകൾ ചുമത്തി ഉവൈസിനെ പിടികൂടി പത്തുദിവസം കസ്റ്റഡിയിൽ വെച്ചിരുന്നു. യുവതി തന്നെ മജിസ്ട്രേറ്റിനു മുന്നിലെത്തി, താൻ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടുപോയതാണെന്നും ഉവൈസ് അഹ്മദിന് ഇതിലൊന്നും ഒരു പങ്കുമില്ലെന്നും അറിയിച്ചതിനെ തുടർന്ന് കേസ് പിൻവലിക്കുകയും പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
അങ്ങനെ അവസാനിച്ച ഒരു കേസ്, പുതിയൊരു നിയമം പാസാക്കിയ മറവിൽ കുത്തിപ്പൊക്കി വീണ്ടും അറസ്റ്റ് ചെയ്തതിെൻറ പിന്നിലെ വികാരം അഹ്മദിനും കുടുംബത്തിനും പിടികിട്ടുന്നില്ല. ഞങ്ങൾ സ്കൂളിലും കോളജിലും ഒരുമിച്ച് പഠിച്ചിരുന്നു. അവർ വീടുവിട്ടുപോയ സംഭവശേഷം വിവാഹിതയാവുകയും ചെയ്തു. പിന്നെ ഇപ്പോഴെന്തിനാണ് ഈ ലവ്ജിഹാദ് കേസ് എെൻറ മേൽ ചുമത്തിയിരിക്കുന്നത്? ഞാനൊരു മുസ്ലിം ആയതുകൊണ്ടാണോ- ഉവൈസ് ചോദിക്കുന്നു.
ഈ ലേഖിക അവരുടെ വീട് സന്ദർശിച്ചെങ്കിലും ആശയെയോ പിതാവിനെയോ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. ഇതേക്കുറിച്ച് തങ്ങൾക്ക് ഒന്നും പറയാനില്ലെന്നും വിവാഹശേഷം മറ്റൊരു നാട്ടിൽ താമസിക്കുന്ന സഹോദരി ഒരാളോടും ഈ സംഭവത്തെപ്പറ്റി പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് മൂത്ത ജ്യേഷ്ഠൻ കാമേഷ് രാത്തോഡ് അറിയിച്ചത്.
മറ്റു പിന്നാക്ക വിഭാഗങ്ങൾ കൂടുതലായി പാർക്കുന്ന ഗ്രാമമാണ് ശരീഫ് നഗർ. ജനസംഖ്യയുടെ പത്തുശതമാനമാണ് മുസ്ലിംകളുള്ളത്.
വലതുപക്ഷ സംഘടനകൾ കൊണ്ടുപിടിച്ചുനടത്തിയ പ്രചാരവേലകൾക്കും 'ലൗവ്ജിഹാദ്' പ്രശ്നത്തിന് അറുതിവരുത്തുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രഖ്യാപനങ്ങൾക്കും പിന്നാലെയാണ് വിവാദമായ മതംമാറ്റം തടയൽ നിയമം യു.പിയിൽ നിലവിൽവരുന്നത്. ഇത്തരം കടുപ്പമേറിയ മതംമാറ്റം തടയൽ നിയമങ്ങൾ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ പ്രയോഗത്തിൽ വന്നുകഴിഞ്ഞു.
നിയമം നിലവിൽവന്ന് ഒമ്പതുമാസംകൊണ്ട് 108 എഫ്.ഐ.ആറുകൾ ചുമത്തപ്പെടുകയും 340 പേരെ പ്രതിചേർക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. 189 പേരെ അറസ്റ്റ് ചെയ്തു, 72 കേസുകളിൽ കുറ്റപത്രവും നൽകി. എന്നാൽ, ആദ്യമായി ചുമത്തപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ഉവൈസ് ഇപ്പോഴും കുറ്റപത്രത്തിനായി കാത്തിരിക്കുകയാണ്. കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് വിചാരണ ആരംഭിച്ചാൽ കേസിെൻറ യാഥാർഥ്യം വെളിച്ചത്തുവരുമെന്നുകണ്ടാണ് പൊലീസ് മനഃപൂർവം വെച്ചുതാമസിപ്പിക്കുന്നതെന്ന് ഉവൈസിെൻറ അഭിഭാഷകൻ മുഹമ്മദ് ആരിഫ് ചൂണ്ടിക്കാട്ടുന്നു.
ഈ നിയമത്തിനുകീഴിൽ ചുമത്തപ്പെട്ട കേസുകളിൽ ഒന്നിൽപോലും പ്രതികൾ കുറ്റക്കാരാണെന്ന് കോടതികൾ വിധിച്ച സംഭവം ഉണ്ടായിട്ടില്ലെന്ന് അലഹബാദ് ൈഹകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. രമേശ് കുമാർ വ്യക്തമാക്കുന്നു. ഓഡിനൻസിനെ കോടതിയിൽ ചോദ്യം ചെയ്ത അഡ്വ. രമേശ് സമാനമായ നിരവധി കേസുകളിൽ പ്രതികൾക്ക് ജാമ്യം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച, ലവ്ജിഹാദ് നിയമ പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെയാൾ എന്നുപറഞ്ഞ് ഒരു കാൺപുർ സ്വദേശിയെക്കുറിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാലത് വ്യാജവാർത്തയാണെന്ന് മനസ്സിലായി. ഈ നിയമം വരുന്നതിനും വർഷങ്ങൾക്കുമുമ്പ്- കൃത്യമായി പറഞ്ഞാൽ 2017ൽ രജിസ്റ്റർ ചെയ്ത കേസാണത്.
ഉവൈസിനെതിരെ നിർബന്ധിത മതംമാറ്റ കുറ്റം ചുമത്തിയ പൊലീസ് അയാൾ കീഴടങ്ങുന്നത് ഉറപ്പുവരുത്താൻവേണ്ടി 70 വയസ്സുള്ള പിതാവിനെയും സഹോദരിയെയും സ്റ്റേഷനിൽ പിടിച്ചുവെച്ചിരുന്നു. ഡിയോറാനിയ സ്റ്റേഷനിൽ കീഴടങ്ങാൻ ഭയമുള്ളതുകൊണ്ട് അടുത്തുള്ള ബഹേരി പൊലീസ് സ്റ്റേഷനിലാണ് ഉവൈസ് ഹാജരായത്. എന്നാൽ, രേഖകളിൽ ഡിയോറാനിയ എന്നുതന്നെയാണ് േചർത്തിരിക്കുന്നത്. കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയില്ല. പകരം, നിയമം നിലവിൽ വരുന്നതിനുമുമ്പുള്ള 2019ലെ കേസിലെ രേഖകളും മൊഴികളും പുനരുപയോഗിക്കുകയായിരുന്നു -അഭിഭാഷകൻ മുഹമ്മദ് ആരിഫ് വിശദീകരിക്കുന്നു.
ഇൗ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അജയ് കുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കേസും കൂട്ടവും വന്നുപെട്ടതോടെ, ബി.എസ്സി ബയോളജിക്ക് പഠിച്ചിരുന്ന ഉവൈസ് അഹ്മദിെൻറ പഠനം മുടങ്ങി. ഝാൻസിയിൽപോയി പാട്ട-കുപ്പി തുടങ്ങിയ പഴയ സാധനങ്ങളുടെ ഇടപാടും തയ്യൽപ്പണിയുമുൾപ്പെടെ ദിവസക്കൂലിക്ക് ജോലി ചെയ്ത് കുടുംബത്തെ സഹായിക്കാനുള്ള പെടാപ്പാടിലാണ് ഈ ചെറുപ്പക്കാരനിപ്പോൾ.
കരസേനയിൽ ചേരണം എന്ന മോഹം ഇപ്പോഴുമവൻ നെഞ്ചിൽ സൂക്ഷിക്കുന്നു. 'ഇനിയാകെ രണ്ട് അവസരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജാമ്യം ലഭിച്ചെങ്കിലും കേസ് പൂർണമായി തീരാതെ സൈന്യത്തിൽ ചേരാൻ ശ്രമിക്കാനാവില്ല. വിചാരണയില്ലാതെ ഇതിനകം ഒരു വർഷം പാഴായിപ്പോവുകയും ചെയ്തിരിക്കുന്നു- ഉവൈസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.