സംഘ്പരിവാറിനുള്ളിലും പുറത്തുമുള്ളവർക്ക് എന്നും വ്യവഛേദിക്കാൻ കഴിയാത്ത മിശ്രണം ആയിരുന്നു അടൽ ബിഹാരി വാജ്പേയി-ലാൽകൃഷ്ണ അദ്വാനി എന്ന ദ്വന്ദം. പുറത്തുള്ളവരെക്കാൾ അത് ഏറ്റവും സൂക്ഷ്മവും സശ്രദ്ധവും ആയി പ്രയോഗിച്ചത് ആർ.എസ്.എസ് ആയിരുന്നു. സംഘ്പരിവാറിെൻറ ഇന്ത്യൻ ഭരണകൂടത്തിലേക്കുള്ള വളർച്ചക്ക് മൃദൃ ഹിന്ദുത്വം തീവ്ര ഹിന്ദുത്വം എന്ന ദ്വന്ദം ഇന്ത്യയിലെ സങ്കീർണ രാഷ്ട്രീയ സാഹചര്യത്തിൽ എത്രയേറെ സഹായിച്ചുവെന്നത് ചരിത്രമാണ്. പക്ഷേ, അതിനും അപ്പുറമായിരുന്നു ഇരുവരും തമ്മിലുള്ള വ്യക്തിബന്ധം.
2008ൽ പ്രസിദ്ധീകരിച്ച എൽ.കെ. അദ്വാനിയുടെ ‘എെൻറ രാജ്യം എെൻറ ജീവിതം, (മൈ കൺട്രി മൈ ലൈഫ്) എന്ന ആത്മകഥക്ക് ആമുഖം എഴുതിയത് എ.ബി. വാജ്പേയി ആയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തിൽ രണ്ട് രാഷ്ട്രീയ വ്യക്തിത്വങ്ങൾ ഇത്ര അധികം കാലം സഹവർത്തിത്വത്തിെൻറ സത്ത ഉൾക്കൊണ്ട് ഒരുമിച്ച് പ്രവർത്തിച്ചത് അപൂർവമായിരിക്കുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
50 വർഷം മുമ്പ് ഭാരതീയ ജനസംഘത്തിനു വേണ്ടി താൻ പ്രവർത്തിച്ചു തുടങ്ങിയതു മുതൽ അദ്വാനി സുഹൃത്തും സന്തതസഹചാരിയും ആയിരുന്നുവെന്നാണ് ആമുഖത്തിൽ വാജ്പേയി രേഖപ്പെടുത്തുന്നത്. ‘‘ഒരു സംഘടനയിൽ അരനൂറ്റാണ്ടിലേറെ ഒരുമിച്ച് പ്രവർത്തിക്കുന്ന രണ്ട് വ്യക്തികൾക്ക് എന്നും ഒരേ പ്രതികരണം സാധ്യമല്ല എന്നതുപോലെ ഇൗ നീണ്ട കാലയളവിൽ താനും അദ്വാനിയും തമ്മിൽ പ്രശ്നങ്ങളിലും സമീപനങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ, ആ അഭിപ്രായവ്യത്യാസമല്ല, പ്രവർത്തനത്തിലും ലക്ഷ്യത്തിലുമുള്ള െഎക്യമാണ് തങ്ങളുടെ ബന്ധത്തെ അടയാളപ്പെടുത്തിയത്’’ - വാജ്പേയി കുറിച്ചു.
‘‘തെൻറ രാഷ്ട്രീയ ജീവിതം ആരംഭിച്ചതു മുതൽ ഇന്നുവരെ അവിഭാജ്യഘടകമായിരുന്ന ഒരാളെ ഞാൻ തെരഞ്ഞെടുക്കുമെങ്കിൽ, അരനൂറ്റാണ്ടിലേറെ ഒരാളുടെ നേതൃത്വം ഒരു മടിയും ഇല്ലാതെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് വാജപേയി ആണ്’’ എന്നാണ് അദ്വാനി വാജ്പേയിയെ അടയാളപ്പെടുത്തുന്നത്. 1952ലാണ് അദ്വാനിയും വാജ്േപയിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. രാജസ്ഥാനിലെ കോട്ടയിൽ അദ്വാനി ആർ.എസ്.എസ് പ്രചാരക് ആയി പ്രവർത്തിക്കുേമ്പാൾ അന്ന് 27-28 വയസ്സ്് മാത്രമുള്ള വാജ്പേയി ശ്യാമപ്രസാദ് മുഖർജിക്കൊപ്പം എത്തി. ഭാരതീയ ജനസംഘത്തിെൻറ പ്രചാരണയാത്രക്കിടെ കോട്ടയിലൂടെ ട്രെയിനിൽ കടന്നുപോവുകയായിരുന്നു. മുഖർജിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന വാജ്പേയിക്കുള്ളിൽ എന്തോ പുകയുന്നുണ്ടായിരുന്നു, ആ വയറ്റിലെ തീ മുഖത്തെ തിളക്കമുള്ളതാക്കി തീർത്തുവെന്നാണ് അദ്വാനി ഒാർക്കുന്നത്.
1996ൽ ആദ്യമായി ബി.ജെ.പി അധികാരത്തിൽ എത്തുന്നതിലും 13 ദിവസം പ്രധാനമന്ത്രിയാവുന്നതിലും പിന്നീട് 1998ൽ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിലും മുഖ്യപങ്കു വഹിച്ചത് വാജ്പേയിയുടെ ജനകീയതയാണെന്നതിൽ അദ്വാനിക്ക് ഒരു സംശയവുമില്ലായിരുന്നു. ആ കാലത്തെ അദ്വാനി ഒാർക്കുന്നത് ഇങ്ങനെയാണ്: ‘‘1990കളിലെ രഥയാത്രക്ക് ശേഷം അടൽജിയെ ലിബറലും എന്നെ ഹിന്ദു തീവ്രവാദിയും എന്ന് എല്ലാവരും വിശേഷിപ്പിച്ചു. എനിക്ക് വിഷമം ഉണ്ടായെങ്കിലും ഇൗ രണ്ട് മുഖം പാർട്ടിക്ക് ഗുണകരമാവുമെന്ന് പറഞ്ഞ് നേതാക്കൾ ആശ്വസിപ്പിച്ചു.’’ ഹവാല കേസിൽ ആരോപണ വിധേയനായി ലോക്സഭ അംഗത്വം രാജിവെച്ചേപ്പാൾ അദ്വാനിയുടെ ഗാന്ധിനഗർ മണ്ഡലം നിലനിർത്താൻ മുന്നിട്ടിറങ്ങിയത് വാജ്പേയി ആയിരുന്നു. പരമ്പരാഗതമായി മത്സരിക്കുന്ന ലഖ്നോവിന് ഒപ്പം ഗാന്ധിനഗറിൽനിന്നും വാജ്പേയി മത്സരിച്ചു. അതു വഴി പാർട്ടിക്ക് പുറത്ത് ഒരുമയുടെ സന്ദേശം നൽകാനായി. 1995ൽ താൻ പാർട്ടി പ്രസിഡൻറായിരിക്കെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിലേക്ക് വാജ്പേയിയുടെ പേര് നിർദേശിച്ചതിനെയാണ് അതിന് സമാനമായി അദ്വാനി ആത്മകഥയിൽ രേഖപ്പെടുത്തുന്നത്. എന്തിനാണ് താൻ അങ്ങനെ ചെയ്തത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘‘ആർ.എസ്.എസിലും ബി.ജെ.പിയിലുമുള്ള നേതാക്കളിൽ ചിലർ പാർട്ടിക്ക് സർക്കാർ രൂപവത്കരിക്കാൻ അവസരം ലഭിച്ചാൽ അതിനെ നയിക്കാൻ ഞാനാണ് കൂടുതൽ ഉത്തമം എന്ന് അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ, ജനങ്ങളുടെ കണ്ണിൽ ഞാൻ ജനകീയ നേതാവിനെക്കാൾ പ്രത്യയശാസ്ത്രകാരനാണ്. അയോധ്യ പ്രസ്ഥാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ എെൻറ സ്ഥാനം തിരുത്തിക്കുറിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, അടൽജിയാണ് നമ്മുടെ നേതാവ്, അദ്ദേഹത്തിന് ജനങ്ങളുടെ ഇടയിൽ കൂടുതൽ സമ്മതിയും സ്വാധീനവുമുണ്ട്. സഖ്യകക്ഷികൾക്ക് മാത്രമല്ല, ജനങ്ങൾക്ക് സമ്മതിയുണ്ടാവും. ഞാൻ വലിയ ത്യാഗം ചെയ്തുവെന്ന് പറഞ്ഞവരോടും പറഞ്ഞത് യുക്തപൂർവകമായ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലുള്ള തീരുമാനം ആയിരുന്നു അതെന്നാണ്’’.
ചില അഭിപ്രായവ്യത്യാസങ്ങൾ
അയോധ്യപ്രസ്ഥാനവും ഗുജറാത്ത് വംശഹത്യയും ആയിരുന്നു ഇരുവർക്കും ഇടയിൽ അഭിപ്രായവ്യത്യാസം സൃഷ്ടിച്ച അവസരങ്ങൾ. ഇക്കാര്യം ആത്മകഥയിൽ വിവരിക്കുന്നു. ‘‘അയോധ്യ വിഷയത്തിൽ ബി.ജെ.പി നേരിട്ട് ഇടപെടുന്നതിനോട് വാജ്പേയിക്ക് യോജിപ്പില്ലായിരുന്നു. പക്ഷേ, ഉറച്ച ജനാധിപത്യവാദിയും സഹപ്രവർത്തകരുടെ സമവായം അംഗീകരിക്കുകയും ചെയ്യുന്ന അടൽജി പാർട്ടിയുെട കൂട്ടായ തീരുമാനം അംഗീകരിച്ചു’’.
2002 ഫെബ്രുവരിയിലെ ഗുജറാത്തിലെ വംശഹത്യ കൈകാര്യം ചെയ്തതിലും അഭിപ്രായ വ്യത്യാസം ഉണ്ടായി. കൂട്ടക്കൊലക്ക് എതിരെ വ്യാപകവിമർശം ഉണ്ടായതോടെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടെ രാജിക്കായുള്ള പ്രതിപക്ഷത്തിെൻറ ആവശ്യം ഉച്ചസ്ഥായിയിൽ എത്തി. ഗുജറാത്തിൽ അരേങ്ങറിയ സംഭവങ്ങളിൽ വാജ്പേയി അങ്ങേയറ്റം ദുഃഖിതനായിരുന്നു. എന്തെങ്കിലും ഉറച്ച തീരുമാനം എടുത്തേ പറ്റൂവെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. മോദിയുടെ രാജി എന്നത് പരസ്യമായി പറഞ്ഞിരുന്നില്ലെങ്കിലും അതായിരുന്നു അഭിപ്രായമെന്നും എന്നാൽ, താൻ അത് അംഗീകരിക്കുന്നില്ലെന്ന് വാജ്പേയിക്ക് അറിയാമായിരുന്നുവെന്നും അദ്വാനി പറയുന്നു.
2002 ഏപ്രിലിൽ ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ മാധ്യമ-രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ മുഴുവൻ ഇൗ വിഷയത്തിലായി. ഗോവയിലേക്കുള്ള വിമാനയാത്രയിൽ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്, വാർത്തവിനിമയകാര്യ മന്ത്രി അരുൺ ഷൂരി എന്നിവർക്കൊപ്പം പ്രധാനമന്ത്രിയുടെ പ്രത്യേക കാബിനിൽ ആയിരുന്നു യാത്ര. മോദി കുറഞ്ഞപക്ഷം രാജിവെക്കാനുള്ള താൽപര്യമെങ്കിലും പ്രകടിപ്പിക്കണമായിരുന്നു എന്ന അഭിപ്രായം വാജ്പേയി ജസ്വന്തിനോട് പറഞ്ഞു. എന്നാൽ, മോദിയുടെ രാജികൊണ്ട് ഗുജറാത്തിലെ സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ഞാൻ അദ്ദേഹത്തോടെ അതു ചെയ്യാൻ പറയാം. പക്ഷേ, രാജി സഹായകമാവില്ലെന്നാണ് എെൻറ പക്ഷം. പാർട്ടി ദേശീയ നിർവാഹക സമിതിേയാ കൗൺസിലോ അത് അംഗീകരിക്കുമെന്ന് ഉറപ്പില്ല’’- അദ്വാനി പറഞ്ഞു. മോദിയുടെ സ്ഥാനം രക്ഷിക്കാൻ ബി.ജെ.പിക്കുള്ളിൽ നടന്ന ഗോവയിലെ അന്തർനാടകങ്ങൾ പിന്നീട് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.