പതിനൊന്നും ഒമ്പതും വയസ്സുള്ള കുട്ടികൾക്ക് ആത്മഹത്യ ചെയ്യാനാവുമോ? ഈയൊരൊറ്റ ചോദ്യം കൊണ്ടുതന്നെ വാളയാറിൽ പെ ൺകുട്ടികൾ കൊലചെയ്യപ്പെട്ടതാണെന്ന് ഏതു സാധാരണ മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. അതാരു ചെയ്തു, എന്തിനു ചെയ്തു എ ന്ന് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുന്നതിനുപകരം, തെളിവില്ല എന്ന ുപറഞ്ഞ് കൈകഴുകിപ്പോകുന്ന ഉദ്യോഗസ്ഥർ മനുഷ്യരാണോ? കൊലപാതകം എന്ന വാക്ക് ഉപയോഗിക്കാതെ ആത്മഹത്യ എന്ന വാക്കിനാൽ ഈ പെൺകുട്ടികളുടെ മരണത്തെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ കണ്ണടച്ചിരുട്ടാക്കുകയാണോ? ഇത് സ്വാഭാവികമരണമാണോ, ആത്മ ഹത്യയാണോ, കൊലപാതകമാണോ എന്നൊക്കെയുള്ള ചർച്ച രണ്ടുവർഷം മുമ്പ് 2017ൽ ഇത് നടന്നപ്പോഴും ഉണ്ടായില്ല.
ജാതീയമായും സ ാമ്പത്തികമായും താഴേക്കിടയിലുള്ളവർക്കുപറ്റിയ അപകടം അന്വേഷിക്കുന്നതുതന്നെ നാണക്കേടാണ് എന്ന മട്ടായിരുന്നു പ ൊലീസിന്. പ്രത്യേകിച്ചും ചെറിയ പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്ത കേസെന്ന നിലക്ക് അരുതാത്തതെന്തിലോ ഇടപെടുന്ന ഭ ാവം പൊലീസിൽ കണ്ടു. വാതിലുള്ള വീടുപോയിട്ടു ചായ്ച്ചുമറക്കാൻപോലും സൗകര്യമില്ലാത്ത കൂരയിൽ കഴിയുന്ന കുഞ്ഞു പെൺകുട്ടികളെ നിരന്തരം കയറിയിറങ്ങി പീഡിപ്പിച്ച് കൊന്നുകളഞ്ഞ പുരുഷന്മാരെ, കുട്ടികളുടെ അമ്മയും അച്ഛനും നിസ്സഹായതയോടെ കാണിച്ചുകൊടുത്തിട്ടും എന്ത് തെളിവാണ് പൊലീസുകാർ തപ്പിനടന്നത്? ലൈംഗിക ദുരുപയോഗങ്ങൾ ആരെങ്കിലും മറ്റുള്ളവർ കാണവേ ചെയ്യുമോ? ഇല്ലെന്നെല്ലാവർക്കുമറിയാം. അത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് അമ്മ കരഞ്ഞാലും ആരും വിശ്വസിക്കില്ല എന്നതാണ് നമ്മുടെ പുരുഷാധിപത്യ സമൂഹത്തിെൻറ അടിത്തറ എന്ന ഖേദകരമായ വസ്തുത വാളയാർ കേസിെൻറ വിധി അടിവരയിട്ടുറപ്പിക്കുന്നു.
നിസ്സഹായരായി പുരുഷാധിപത്യ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്ന എത്രയോ അമ്മമാരും സഹോദരിമാരുമായ സ്ത്രീകൾ പെൺകുട്ടികളെ വീട്ടിൽതന്നെയോ പുറത്തോ ഉള്ള പുരുഷന്മാർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതറിഞ്ഞാൽതന്നെയും അറിയാത്തപോലെ നടക്കുന്ന നമ്മുടെ സമൂഹത്തിൽ അഗമ്യഗമനം (incest) അംഗീകരിക്കപ്പെട്ട രഹസ്യമായി നിലനിൽക്കുകയാണ്. ആ നിലക്ക് ഒരു മകൾ മരിച്ച സാഹചര്യത്തിലെങ്കിലും ഈ പ്രശ്നം വിളിച്ചുപറയാൻ മുന്നോട്ടുവന്ന ആ അമ്മക്ക് അതിനുള്ള ധൈര്യം കിട്ടിയതുതന്നെ കാര്യമാത്ര പ്രസക്തമാണ്. പക്ഷേ, അവർക്ക് ആ ധൈര്യത്തിന് കിട്ടിയ ശിക്ഷ രണ്ടുമാസത്തിനുള്ളിൽ രണ്ടാമത്തെ മകളുടെയും മരണമാണ്. ഇത്ര നീചമായ കൃത്യം ചെയ്യാൻ കൂട്ടുനിന്ന എല്ലാവരെയും സമൂഹത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് നീതിപാലകർക്ക് തോന്നാത്തതിെൻറ കാര്യം അവർ ഈ പെൺകുട്ടികളുടെ ജീവനും മാനത്തിനുമൊന്നും വിലകൽപിക്കുന്നില്ല എന്ന് തെളിയിക്കുന്നു. ഈ തെളിവുവെച്ച് ഇത്തരം പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടേണ്ടതാണ്.
‘പോക്‌സോ’ നിയമപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പെരുകിവരുന്നുണ്ട്. 2012ൽ നിയമം പ്രചാരത്തിൽ വന്നശേഷം ഇന്ത്യയിലുടനീളം ഇതേക്കുറിച്ചു സ്ത്രീപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ബോധവത്കരണം നടന്നു. കേരളത്തിലും ഇൗ ബോധവത്കരണ പരിപാടി നടന്നിട്ടുണ്ട്. എങ്കിലും പലപ്പോഴായി പൊലിപ്പിച്ചുകാണിച്ചിരുന്ന വാർത്തകൾ, പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത് കേസുകൊടുക്കുന്നു എന്നതാണ്. സ്ത്രീധന നിരോധന നിയമം വന്നപ്പോഴും ഇങ്ങനെതന്നെയായിരുന്നു. സ്ത്രീകളെ രക്ഷിക്കുന്ന ഏതു നിയമത്തിലും തിരിച്ചുള്ള വാദങ്ങൾ ഉന്നയിക്കുന്ന പ്രവണത കാണാം. അതിനാൽതന്നെ ഇത്തരം കേസുകൾ പ്രശ്നമാകുന്നത് പലപ്പോഴും സഹിക്കാൻ കഴിയാത്ത പീഡനമാകുമ്പോൾ മാത്രമാണ്; പിന്നെ ഇതുപോലെ പെൺകുട്ടികൾ മരിക്കുേമ്പാഴും. പീഡനരൂപത്തിലല്ലാതെ സ്നേഹപൂർവം ചെറിയ പെൺകുട്ടികളെ ശാരീരികമായി സുഖിപ്പിച്ച് സ്വന്തം സുഖം നേടിയെടുക്കാൻ മിടുക്കുള്ളവരുടെ ഭാഗത്തുനിന്നുള്ള ‘ഇൻസെസ്റ്റ്’ പലപ്പോഴും തിരിച്ചറിയപ്പെടുന്നതു പോലുമില്ല. ഇത് ലൈംഗികതയാണ്, ചൂഷണമാണ് എന്നൊക്കെ അറിയാൻ പ്രായമായിട്ടില്ലാത്ത കുട്ടികളെ സുഖിപ്പിക്കുകയും അവരിലൂടെ സുഖം കണ്ടെത്തുകയും ചെയ്യുന്നവർ നൈതികതയുടെയും പരസ്പര വിശ്വാസത്തിെൻറയും മാന്യതയുടെയും ജീർണിച്ച മുഖമാണ് കാണിക്കുന്നത്. ഈ വിഷയം ഇന്ത്യൻ സമൂഹത്തിൽ തുറന്ന ചർച്ചക്ക് വരുംവിധം അവതരിപ്പിച്ച ‘മൺസൂൺ വെഡ്ഡിങ്’ എന്ന സിനിമ (2001) ഒരു സാമൂഹിക ധർമം വഹിച്ചു.
പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതരം മാനസികാവസ്ഥയുള്ള പുരുഷന്മാരുടെ എണ്ണം പെരുകിവരുന്നതിെൻറ കാരണങ്ങൾ ചിന്തിച്ച് പരിഹരിക്കേണ്ടതുണ്ട്. ഇത് പലപ്പോഴും ആരോഗ്യകരമായ പ്രണയബന്ധങ്ങളും ഭാര്യ-ഭർതൃബന്ധവും സാധ്യമല്ലാത്ത സാമൂഹികാവസ്ഥയുടെ ഉപോൽപന്നമാണ് എന്നു കാണാം. ഇന്ത്യയിൽ വിവാഹങ്ങളും കുടുംബങ്ങളും പ്രണയപരമായ സ്ത്രീപുരുഷ ബന്ധത്തിെൻറ അടിസ്ഥാനത്തിലല്ല നടക്കുന്നതെന്നതും ലൈംഗികതക്ക് കുറഞ്ഞ പ്രാധാന്യം മാത്രമേ കൊടുക്കുന്നുള്ളൂ എന്നതും ലൈംഗിക വൈകൃതങ്ങൾക്ക് വഴിയൊരുക്കുന്നതായി വിശകലനം ചെയ്യാം. വൈകൃതങ്ങൾ വൈകൃതങ്ങളായി തിരിച്ചറിഞ്ഞ് പരിഹരിക്കാതെ മൂടിവെച്ച് മൗനം പാലിക്കുന്നതിലൂടെ രോഗാവസ്ഥയിലുള്ള സമൂഹമാണ് നമുക്കുള്ളത്. മലയാളിയുടെ ഹിപ്പോക്രസി പ്രശസ്തമാകുന്നത് ഇപ്പോൾ ‘ഇൻസെസ്റ്റി’ലൂടെയാണ് എന്ന അവസ്ഥ ഉണ്ടാകാതിരിക്കണമെങ്കിൽ ഇത്തരം കേസുകളിൽ നടപടികളെടുത്ത് കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുകതന്നെ വേണം.
തങ്ങൾ ചെയ്യുന്ന ജോലിയോട് തെല്ലും നീതി പുലർത്താത്ത ഏത് ഉദ്യോഗസ്ഥനെയും ശിക്ഷിക്കുന്ന നിയമം കേരളത്തിൽ ബലപ്പെടുത്തേണ്ടതുണ്ട്. ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രത്യേകിച്ച്, നീതിന്യായ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവരെ ലിംഗപദവിപ്രശ്നങ്ങളെയും പുരുഷാധിപത്യ ചിന്തയോടെയുള്ള സ്ത്രീപക്ഷസമീപനത്തെയുമൊക്കെക്കുറിച്ചുള്ള പരിശീലനത്തിന് സർക്കാർ വിധേയമാക്കണം. കൂടാതെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം പാഠഭാഗമായി നടത്തണം. അതിെൻറ അഭാവംമൂലം പെൺകുട്ടികൾക്ക് മോശം സ്പർശനങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ ഏഴു വയസ്സ് മുതൽതന്നെ നിർബന്ധമായും ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളിൽ പാഠഭാഗമാക്കുന്നുണ്ട്.
ഇന്ത്യയിൽ ‘ഇൻസെസ്റ്റ്’ അതിജീവിച്ചു വന്ന സ്ത്രീകൾക്കായി 1996ൽ ഡൽഹി ആസ്ഥാനമായി നിലവിൽവന്ന സംഘടനയായ റാഹി (RAHI) ഫൗണ്ടേഷൻ വിശദ പഠനങ്ങളും പരിഹാര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സർക്കാറിെൻറ ഭാഗത്തുനിന്ന് കാര്യമായ ശ്രമമുണ്ടായാൽ മാത്രമേ സമൂഹത്തിലെ ഇങ്ങനെയുള്ള അധമപ്രവൃത്തികൾക്ക് കാരണമായ ചിന്താഗതികൾക്ക് മാറ്റമുണ്ടാകൂ. പണവും സ്ഥാനമാനങ്ങളുമുള്ളവരെ വണങ്ങിനിൽക്കാനും അവർ ചെയ്യുന്ന തെറ്റുകൾക്കും കുറ്റങ്ങൾക്കും കൂട്ടുനിൽക്കാനും പാടില്ലെന്നും പാവങ്ങളുടെയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് വേണ്ടത് എന്നുമൊക്കെയുള്ള ബോധമാണ് ഇത്തരം പരിശീലനങ്ങളിലൂടെ ലഭ്യമാക്കേണ്ടത്. അല്ലെങ്കിൽ, ചെറിയ പെൺകുട്ടികളെപ്പോലും നിഷ്കരുണം ലൈംഗികവൃത്തിക്ക് ഉപയോഗിക്കുന്ന രീതികൾ നിലനിൽക്കുന്ന, അത്തരം ക്രൂര മനഃസ്ഥിതിക്കാരെ വെറുതെവിടുന്ന സമൂഹത്തിൽ പെൺകുട്ടികളെ പ്രസവിക്കേണ്ട എന്ന് സ്ത്രീകൾ തീരുമാനിക്കേണ്ടിവരും.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.