ഒരു വാഹനാപകടം, ഒരു ഹോളി ആഘോഷം, ഒരു മതപ്രസംഗ വിഡിയോ -കേരളത്തിെൻറ ചാനൽ-പത്രമാധ്യമങ്ങളിലേക്ക് ഫാറൂഖ് കോളജ് വീണ്ടും കടന്നുവരുകയാണ്. സോ ഷ്യൽ മീഡിയയും വിദ്യാർഥി സംഘടനകളും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളും ആദ്യത്തെ രണ്ടു വിഷയങ്ങളും മാറ്റിനിർത്തി വിഷയം മതപ്രസംഗകനു ചുറ്റും മാത്രമായി ഒതുക്കിനിർത്തിയിരിക്കുന്നത് കാണാം. മതപ്രഭാഷകനായ, ഫാറൂഖ് കോളജ് എന്ന് പൊതുജനം പറയുന്ന സ്ഥാപനത്തിെൻറ ഭാഗമല്ലാത്ത അധ്യാപകൻ കോള ജിലെ പെൺകുട്ടികളെ ചൂണ്ടിക്കാട്ടി നടത്തിയ തികച്ചും സ്ത്രീവിരുദ്ധമായ പ്രസംഗമാണ് ഇപ്പോൾ തർക്കവിഷയം. ഇൗ വിഷയം ഏറ്റെടുത്ത്, ഫാറൂഖ് കോളജിെന അപരവത്കരിക്കാനും കേരള മോഡേണിറ്റിയുടെ ശത്രുപക്ഷത്ത് നിലനിൽക്കുന്ന ‘മുസ്ലിം ഇടം’ എന്ന ആഖ്യാനം കണ്ടെത്താനുമുള്ള ശക്തമായ പ്രവർത്തനങ്ങൾ നടക്കുന്നതു കാണാം.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനപ്പുറം തെളിച്ചമുള്ള മതേതര വെളിച്ചവും തീക്ഷ്ണമായ ചിന്താബോധവും വെച്ചുപുലർത്തിയ ഒരു കാമ്പസ് തന്നെയായിരുന്നു ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്ന് അതിെൻറ 2000 വരെയുള്ള ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. മലബാറിലെ വിദ്യാഭ്യാസവും സാമൂഹികവുമായ വളർച്ചയിൽ ഇൗ സ്ഥാപനത്തിെൻറ പങ്കും അത് വിശിഷ്യാ മുസ്ലിം സമൂഹത്തിനുള്ളിൽ നടത്തിയ മാറ്റങ്ങളും സത്യത്തിൽ ആഴത്തിലുള്ള അക്കാദമിക ഗവേഷണ വിഷയംതന്നെയാണ്. മതേതരവും പുരോഗമനപരവുമായ കാഴ്ചപ്പാടുകളോടുകൂടി ഇന്ത്യയിലെയും യൂറോപ്പിലെയും വിദ്യാഭ്യാസ സംവിധാനങ്ങളെയും സേങ്കതങ്ങളെയും ആഴത്തിലുള്ള പഠനങ്ങൾക്ക് വിധേയമാക്കിയാണ് അബുസ്സബാഹ് മൗലവി ഇൗ സ്ഥാപനത്തെ 1948ൽ കേരളത്തിന് സമർപ്പിക്കുന്നത്.
ഇതിെൻറ സ്ഥാപക നേതാക്കളുടെ വിശാല കാഴ്ചപ്പാട് ഇതിെൻറ ലോഗോയിൽ കാണുന്ന ‘Ora at Labaro’ (പ്രാർഥിക്കുക, പ്രവർത്തിക്കുക) എന്ന വാക്യത്തിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ക്രിസ്ത്യൻ ദിവ്യപുരുഷനായ സെൻറ് ബെനഡിക്ടിെൻറ പ്രശസ്തമായ ഒരു പ്രസ്താവനയെ ഇതിലേക്ക് കൊണ്ടുവരുക വഴി, ദേശീയ പ്രസ്ഥാനങ്ങളാൽ സ്വാധീനിക്കപ്പെട്ട മൗലവി, ഒരു പുതിയ ചിന്തക്ക് തുടക്കമിടുകയായിരുന്നു. തുടർന്ന് സ്ഥാപിക്കപ്പെട്ട സ്കൂളിൽ, ബൃഹദാരണ്യക ഉപനിഷത്തിലെ ‘തമസോമ ജ്യോ തിർഗമയ’യും അതിെൻറ ഖുർആനിക ഭാഷ്യമായ ‘അറിവ് വെളിച്ചമാണ്’ എന്ന സത്യവും സേമ്മളിക്കുന്ന ഒരു ലോഗോയാണ് അദ്ദേഹം വിഭാവനം ചെയ്തത്.
അബുസ്സബാഹ് മൗലവിയും കൂട്ടുകാരും തിരഞ്ഞെടുത്ത മൂല്യങ്ങളിൽ ഉൗന്നിതന്നെയാണ് ഇൗ സ്ഥാപനം മുന്നോട്ടുപോയത് എന്ന് അതിെൻറ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. അത് സംഭാവന ചെയ്ത പണ്ഡിതരും സാഹിത്യകാരന്മാരും പത്രപ്രവർത്തകരും കലാകാരന്മാരും ഉദ്യോഗസ്ഥരും ഇത് സാക്ഷ്യം വഹിക്കുന്നത് കാണാം. എം.ജി.എസ്. നാരായണൻ, വി.വി. ദക്ഷിണാമൂർത്തി (ദേശാഭിമാനി എഡിറ്റർ), യു. കലാനാഥൻ (യുക്തിവാദി സംഘം), ഹമീദ് ചേന്ദമംഗലൂർ, കെ.എം. നരേന്ദ്രൻ (കോഴിക്കോട് ആകാശവാണി, ബഹദൂർ (സിനിമാനടൻ), എൻ.എ. കരീം (വിദ്യാഭ്യാസ ചിന്തകൻ) തുടങ്ങിയവർ തങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഫാറൂഖ് പഠനകാലം വഹിച്ച പങ്കിനെപ്പറ്റി ഒാർമക്കുറിപ്പുകൾ രേഖപ്പെടുത്തിയത് കാണാം. പി.കെ. പാറക്കടവും അക്ബർ കക്കട്ടിലും സിതാരയും ഇന്ദു മേനോനും ഇൗ സ്ഥാപനത്തെ തള്ളിപ്പറയുന്നില്ല. വി.സി. ഹാരിസിനെപ്പോലെയുള്ള ‘നിഷേധി’കളായ അധ്യാപകരും മാർക്സിസ്റ്റ് ചിന്തകരായ കെ.ഇ.എന്നും ഫാറൂഖിൽ തന്നെ ഉണ്ടായിരുന്നു. ഇവരെല്ലാം തങ്ങളുടെ തീക്ഷ്ണചിന്തകളെ തുറന്നുവിടുന്നത്, പൊതുബോധത്തിൽ ഇപ്പോഴും ‘മദ്റസയുടെ’ പരിവേഷമുള്ള ഇൗ സ്ഥാപനത്തിലാണ്. 1980കളുടെ തുടക്കത്തിൽ, ‘സ്വർഗം, നരകം, പരലോകം’ എന്ന, ഒരു സാമാന്യ മുസ്ലിം വിശ്വാസിയുടെ വിശ്വാസത്തെ തുലച്ചുകളയുന്ന കൃതി എഴുതിയ കെ.ഇ.എൻ പിന്നെയും അവിടെതന്നെ അധ്യാപകനായി തുടർന്നത് മേൽപറഞ്ഞ സ്ഥാപക നേതാക്കളുടെ വിശാല കാഴ്ചപ്പാട് അപ്പോഴും കൈമോശം വന്നിട്ടില്ലാത്തതുകൊണ്ടുതന്നെയാണ്. ജോൺ എബ്രഹാമിെനപ്പോലെയുള്ള, കേരളത്തിലെ സവർണ ബോധം ‘നിഷേധികൾ’ എന്ന് മുദ്രകുത്തിയ കലാകാരന്മാരുടെയും മുഖ്യ ഇടത്താവളമായിരുന്നു ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജ്.
രണ്ടു തരം ആക്രമണങ്ങൾ
ഇൗ ചരിത്രത്തിന് മറ്റൊരു വശമുണ്ട്. തുടക്കത്തിൽതന്നെ രണ്ടു തരത്തിലുള്ള ആക്രമണങ്ങളെ നിരന്തരമായി നേരിട്ടിട്ടുണ്ട് ഫാറൂഖ് കോളജ്. അതിൽ ഒന്ന് കേരളത്തിലെ സവർണ പൊതുബോധത്തിൽനിന്ന് ഉത്ഭവിച്ച ആക്രമണംതന്നെയായിരുന്നു. ഗുരുവായൂരപ്പൻ കോളജ്, മലബാർ ക്രിസ്ത്യൻ കോളജ് എന്നീ സ്ഥാപനങ്ങൾ മേധാശക്തിയോടെ നിലനിൽക്കുേമ്പാൾ രൂപപ്പെട്ടു വന്ന ഫാറൂഖ് കോളജ് ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കപ്പെടുന്ന അവസ്ഥ 1950കളിൽതന്നെ കാണാം. ‘കല്ലായിക്ക് തെക്കോട്ട് ഒരു കോളജ്’ ഉണ്ട് എന്ന് സമ്മതിക്കാൻ ഇൗ ബോധത്തിന് പ്രയാസമായിരുന്നു. രണ്ടാമത്തെ ആക്രമണം, യാഥാസ്ഥിതിക മുസ്ലിം പണ്ഡിതരിൽനിന്നുതന്നെ. സ്ത്രീ വിദ്യാഭ്യാസം, ആധുനിക ബോധനരീതി, ഇംഗ്ലീഷ് പഠനം തുടങ്ങിയവയോട് വിയോജിപ്പുണ്ടായിരുന്ന മുസ്ലിം യാഥാസ്ഥിതിക വിഭാഗം ഇൗ സ്ഥാപനത്തെ നിരന്തരം ആക്ഷേപിച്ചിരുന്നതായി ഇതിെൻറ വളർച്ചക്ക് ചുക്കാൻപിടിച്ചവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇത്തരത്തിലുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചുതന്നെ അബുസ്സബാഹിെൻറ മനസ്സിലുണ്ടായിരുന്ന ആധുനികതയെ പ്രായോഗികതലത്തിൽ കൊണ്ടുവരാനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും നിരന്തരമായി പങ്കാളികളാകുന്നത് കാണാം. മണ്ഡൽ കമീഷനോടെ, ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഉപരിപഠനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരിൽ ഇൗ സ്ഥാപനത്തിൽനിന്നുള്ള നിരവധി വിദ്യാർഥികൾ ഉൾപ്പെടുന്നു. ഇവിടെയുള്ള മുസ്ലിം^അമുസ്ലിം അധ്യാപകർ ഒരുക്കിയെടുക്കുന്ന വിദ്യാർഥികൾ തുടർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സവർണ മേധാവിത്വത്തെ അട്ടിമറിക്കുന്നതായി കാണാം.
ഹൈദരാബാദ് യൂനിവേഴ്സിറ്റി, ജെ.എൻ.യു, ഡൽഹി യൂനിവേഴ്സിറ്റി തുടങ്ങിയവയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലബാറിലെ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇൗ സ്ഥാപനത്തിൽ പഠിച്ചിറങ്ങുന്നവരാകുേമ്പാൾ, ഉലച്ചിൽ തട്ടിയിരുന്നത് പല ബോധങ്ങൾക്കുമായിരുന്നു. ‘‘നിങ്ങളും ഫാറൂഖ് കോളജിൽനിന്നാണോ?’’ എന്ന അത്ര നിഷ്കളങ്കമല്ലാത്ത ചോദ്യം, കേരളത്തിലെ സവർണ ബോധത്തിെൻറ ആകുലതകൾ, അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും, അവർ മലബാറിൽനിന്നാണെങ്കിൽ.
വിദ്യാഭ്യാസം നൽകുന്ന കരുത്തും അത് ഉളവാക്കുന്ന സ്ത്രീശാക്തീകരണവും തിരഞ്ഞെടുപ്പുകളും സവർണ ബോധത്തിനെന്നതുപോലെ, കേരളത്തിലെ നവ^സലഫീ പ്രബോധകർക്കും ആശങ്കകൾ ഉണ്ടാക്കുന്നത് കാണാം. ഒരു സംഘടനാസദസ്സിൽ നടത്തിയ പ്രസംഗത്തിൽ, താൻ പഠിപ്പിക്കാത്ത പെൺകുട്ടികളുടെ ഉടൽവർണന നടത്തുന്ന ‘പ്രബോധകെൻറ’ ആകുലതകളും മുസ്ലിംസ്ത്രീയുടെ പുതിയ തിരഞ്ഞെടുപ്പുരീതികൾ സൃഷ്ടിക്കുന്ന ആകുലതയാണ്.
ഇത്തരത്തിലുള്ള മനോഭാവം പേറുന്ന ഒരു ചെറിയ ന്യൂനപക്ഷം ഫാറൂഖിലെ പല സ്ഥാപനങ്ങളിലുമുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. മതവിശ്വാസത്തെക്കാളുപരി അറിവിലും ബോധത്തിലും കാര്യക്ഷമതയിലും മാത്രം ഉൗന്നി അധ്യാപകരെ തിരഞ്ഞെടുത്ത അബുസ്സബാഹിെൻറയും മാതൃ സ്ഥാപനത്തിെൻറയും സൂക്ഷ്മത തുടർന്നുവന്ന സ്ഥാപനങ്ങൾ പുലർത്തിയിട്ടില്ല എന്നുതന്നെ പറയേണ്ടിവരും.
തങ്ങളുടെ മേധാവിത്വത്തെ ചോദ്യംചെയ്യുന്ന ഫാറൂഖ് വിദ്യാർഥികളോടുള്ള സവർണ വിദ്വേഷവും നവയാഥാസ്ഥിതികതയുടെ പുരുഷാധികാരത്തിൽനിന്ന് വഴുതിമാറുന്ന മുസ്ലിം സ്ത്രീയുടെ തിരഞ്ഞെടുപ്പുകളെ ഭയക്കുന്ന പ്രബോധകരും ചെയ്യുന്നത് ഒരു കാര്യംതന്നെയാണ്. ഒരു സ്ഥാപനത്തിെൻറ ഒരു വലിയ ചരിത്രത്തിെൻറ പൂർണ നിരാസം.
‘ചെകുത്താൻ വണ്ടി’യും ‘ഹോളി വണ്ടി’യും
ഇന്ന് നടക്കുന്ന ചർച്ചകളിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ് പുതിയ വിവാദങ്ങളിലേക്ക് നയിച്ച പ്രധാനപ്പെട്ട വിഷയം. കേരളത്തിലെ പല കാമ്പസുകളിലും ഇന്ന് കണ്ടുവരുന്ന അക്രമാസക്തമായ ഗ്യാങ്ങുകൾ പല സാമുദായിക സ്വാശ്രയ കോളജുകളുടെയും ബാധ്യതയായി മാറിയിരിക്കുകയാണെന്ന വസ്തുത ഇവിടെ മറക്കുകയാണ്. ആഘോഷങ്ങളുടെ പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുകയും നിയമവിരുദ്ധമായി വാഹനങ്ങൾ അകത്തേക്കോടിച്ചുകയറ്റുകയും സഹപാഠികളെതന്നെ മർദിക്കുകയും ചെയ്യുന്ന കാമ്പസ് ഗുണ്ടായിസം. തിരുവനന്തപുരത്തെ ‘ചെകുത്താൻ വണ്ടി’ മുതൽ ഫാറൂഖിലെ ‘ഹോളി വണ്ടി’ വരെ, പണത്തിെൻറ ഹുങ്കിൽ തങ്ങൾക്ക് എന്തിനെയും വെല്ലുവിളിക്കാൻ പറ്റും എന്നു കരുതുന്ന ഒരു അരാഷ്ട്രീയ വിദ്യാർഥിസമൂഹത്തിെൻറ വരവിനെതന്നെയാണ് കാണിക്കുന്നത്. പണം മാത്രം ലക്ഷ്യമിടുന്ന മാനേജ്മെൻറിലെ ചിലരുടെ നടപടികൾക്കെതിരെ അബുസ്സബാഹ് മൗലവി തെൻറ ജീവിത കാലത്തുതന്നെ മുന്നറിയിപ്പ് നൽകിയതും ഇത്തരുണത്തിൽ ഒാർക്കാം. ഇതു തന്നെയാണ് ഫാറൂഖിൽ സംഭവിച്ചതും.
കേരളത്തിലെ പല സ്വാശ്രയ കോളജുകളിലും പരീക്ഷക്രമക്കേട് കാണിക്കുന്ന വിദ്യാർഥികളെ ചോദ്യംചെയ്യാൻ പോലും പറ്റാത്ത അവസ്ഥയുണ്ട് എന്നത് അവിടെ പഠിപ്പിക്കുന്നവർ സാക്ഷ്യം വഹിക്കുന്നു. കോപ്പിയടി പിടിച്ചാൽ ‘പുറത്തുനിന്ന് കാണാം’ എന്ന ഗുണ്ടാഭാഷ തന്നെയാണ് കാമ്പസ് ഗ്യാങ്ങുകൾ കൊണ്ടുനടക്കുന്നത്. രക്ഷിതാക്കളുടെ പണക്കൊഴുപ്പ്, അക്രമാസക്തമായ കാമ്പസ് പ്രകടനങ്ങളിലൂടെ അഴിച്ചുവിടുന്ന ഒരു അരാഷ്ട്രീയ പുരുഷ വിദ്യാർഥി സമൂഹത്തിന് വിദ്യാർഥി രാഷ്ട്രീയ സംഘടനകളുടെ പിന്തുണകൂടിയാവുേമ്പാൾ കരുത്തു കൂടുകയാണ്.
ഫാറൂഖിെൻറ വിഷയത്തിൽ, പണക്കൊഴുപ്പിെൻറ വണ്ടി നിയമം ലംഘിച്ചെത്തി ഇടിച്ചിട്ട പാവപ്പെട്ട സെക്യൂരിറ്റിക്കാരൻ മറക്കപ്പെട്ടു. വിദ്യാർഥികളുടെ ഗുണ്ടാവിളയാട്ടം നിയമപരമായി നേരിടേണ്ടതിന് പകരം സദാചാര സംരക്ഷണം സ്വയം ഏറ്റെടുത്ത നോൺ^ടീച്ചിങ് സ്റ്റാഫും വിസ്മൃതിയിലേക്ക് പോയി. ഇത് തിരിച്ചറിഞ്ഞ, ഇടിവണ്ടി ഗ്യാങ്ങുകൾ പുതിയൊരു ആഖ്യാനം മെനഞ്ഞെടുക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ സെക്യൂരിറ്റിക്കാരെൻറ വിഷയത്തിൽ ഉത്തരം പറയേണ്ടിവരുമായിരുന്ന ഗ്യാങ്ങിന് കിട്ടിയ അനുഗ്രഹമായിരുന്നു അടി. പരീക്ഷ കഴിഞ്ഞുള്ള അക്രമാസക്തമായ ആഘോഷം തടഞ്ഞതിെൻറ പ്രതികാരമായി തിരഞ്ഞെടുത്തതുതന്നെയാണ് ‘ഹോളി ആേഘാഷം’ എന്ന ആഖ്യാനം. ഹിന്ദുത്വ ഫാഷിസം സ്വീകരിക്കുന്ന ഇൗ ആഖ്യാനതന്ത്രം ഉപയോഗിച്ച് കേരളത്തിെൻറ പൊതുബോധത്തിൽനിന്ന് തങ്ങളുടെ അക്രമാസക്തിയെ വ്യക്തമായി മറച്ചുവെക്കാൻ അവർക്ക് സാധിച്ചു. മുസ്ലിം സമുദായത്തെ പുതിയ രാഷ്ട്രീയ തരംതിരിവിൽ വീണ്ടും മുൾമുനയിൽ നിർത്തിയ ഇൗ ആഖ്യാനം ഇവർ ബോധപൂർവം സൃഷ്ടിച്ചതാണ് എന്നുതന്നെ പറയേണ്ടിവരും. ഹിന്ദി ചാനലുകളിലും പത്രങ്ങളും ‘ഹോളി ആേഘാഷത്തെ തടഞ്ഞ മുസ്ലിം സ്ഥാപനം’ എന്ന നിലയിൽ നോർത്ത് ഇന്ത്യയിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
ഇടതുബോധം എവിടെയാണ്?
ഇവിടെയാണ് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളും സംശയത്തിെൻറയുള്ളിലേക്ക് വരുന്നത്. അക്രമാസക്തമായ ഒരു കാമ്പസ് ഗ്യാങ് സൃഷ്ടിച്ച ആഖ്യാനത്തെ പൂർണമായി സ്വീകരിച്ച് അതിെൻറകൂടെ മറ്റൊരു സ്ഥാപനത്തിലെ അധ്യാപകൻ നടത്തിയ പ്രസംഗത്തെ ചേർത്തുവെച്ച് ഇവ രണ്ടുമായി ബന്ധമില്ലാത്ത അധ്യാപകരെ നിയമത്തിന് മുന്നിലേക്ക് പിടിച്ചുകൊടുക്കാനുള്ള ധിറുതി പുനരാലോചിക്കേണ്ടതുതന്നെയാണ്. മാത്രമല്ല, ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ, കഴിഞ്ഞ കാലങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലെ തിരഞ്ഞെടുപ്പുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്നു പറയാതെ വയ്യ. തികഞ്ഞ വർഗീയ പ്രസംഗങ്ങൾ നടത്തുന്ന അധ്യാപികയായ ശശികലയെ വെറുതെ വിടുന്നതും എന്നാൽ മതപ്രഭാഷകെൻറ കാര്യത്തിലുള്ള ജാഗ്രതയും ഇരട്ടത്താപ്പാണ് എന്ന ഒരു വികാരം മുസ്ലിം ന്യൂനപക്ഷത്തിനിടക്ക് ശക്തിപ്പെടുകയാണ്. പാർട്ടിഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനികൾ തങ്ങൾക്കു പുറത്തുപോകാൻ പറ്റുന്നില്ലെന്നു പറയുന്ന പരാതി നിശ്ശബ്ദമാക്കപ്പെടുന്നു.
ചുരുക്കത്തിൽ, വിമർശനങ്ങളുണ്ടെങ്കിലും അബുസ്സബാഹും മറ്റും വിഭാവനം ചെയ്ത വിശാലമായ കാഴ്ചകളും സഹിഷ്ണുതയും ഫാറൂഖിലെ എല്ലാ സ്ഥാപനങ്ങൾക്കും വഴികാട്ടിയാകണം. നവ യാഥാസ്ഥിതിക ആശയങ്ങളെ കൂട്ടുപിടിച്ച് ‘കുലസ്ത്രീ’യെയും ‘ചന്തപ്പെണ്ണി’നെയും അവർ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ തരംതിരിക്കുന്ന മതപ്രഭാഷകരും അല്ലാത്തവരുമായ അധ്യാപകർ സ്വയം വിമർശനങ്ങൾ നടത്തേണ്ടതും അനിവാര്യമാണ്. ഗുണ്ടാസംഘങ്ങൾക്ക് വിദ്യാർഥി സംഘടനകളുടെ സംരക്ഷണം ആവശ്യമുണ്ട്. അത് കൊടുക്കേണ്ടതുണ്ടോ എന്നുള്ളതും ചർച്ചക്ക് വരണം. മുസ്ലിം സ്ഥാപനങ്ങൾ വിഷയീഭവിക്കുേമ്പാൾ അമിതാവേശം കാണിക്കണോ എന്ന് ഇടതുപക്ഷത്തിനും ആലോചിക്കാം. കാമുകീകാമുകന്മാരെ അടിച്ചോടിക്കുന്ന ഹിന്ദുത്വ സംഘടനകൾ ഫാറൂഖിലേക്ക് മാർച്ച് നടത്തുേമ്പാൾ നമുക്ക് പറയാം- തമസോമ ജ്യോതിർഗമയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.