അമർത്യ സെൻ     മെഹ്ബൂബുൽ ഹഖ്

വികസനം എന്നാൽ എന്ത് ? ചില വീണ്ടുവിചാരങ്ങൾ...

ലോകരാജ്യങ്ങൾ അവരുടെ പുരോഗതി അളക്കുന്നത് സാമ്പത്തിക വളർച്ചനിരക്കിലും, പ്രതിശീർഷ വരുമാനവർധനയിലുമാണ്. ലോകബാങ്ക് ലോകരാജ്യങ്ങളെ വികസിതം, വികസ്വരം, അൽപ വികസിതം എന്നൊക്കെ തരംതിരിക്കുന്നത് പ്രതിശീർഷ വരുമാനക്കണക്കിലാണ്. ഇന്ത്യയിൽ കോവിഡ് മഹാമാരിമൂലം എത്രപേർ മരിച്ചുവെന്നതിനേക്കാൾ സാമ്പത്തികവളർച്ചയുടെ തകർച്ചയാണ് ചർച്ചാവിഷയമാക്കിയത്. മനുഷ്യനാണ് വികസനത്തിെൻറ ലക്ഷ്യവും ഉപാധിയും. മനുഷ്യരുടെ ജീവിതഗുണനിലവാരവും സമാധാനവും, സാമൂഹിക ഒത്തൊരുമയുമാണ് കാതലായ അംശം. അങ്ങനെ വരുമ്പോൾ പുരോഗതി അളക്കുന്നത് ദേശീയ വരുമാനവർധനവിലൂന്നി മാത്രം ആയിരിക്കരുത്

ഏറെ പിഷ്ടപേഷണം ചെയ്യപ്പെട്ട ഒരു സങ്കൽപനമാണ് വികസനം. സാധാരണക്കാരും സാമ്പത്തികശാസ്ത്രജ്ഞരും, രാഷ്ട്രീയക്കാരും, മാധ്യമപ്രവർത്തകരും അനുദിനം വിനിമയം ചെയ്യുന്ന വാക്കാണിത്. ഒട്ടേറെ ആശയങ്ങളെയും സാമ്പത്തിക സാമൂഹിക വിഷയങ്ങളെയും ഉൾക്കൊള്ളാൻ പാകത്തിൽ അത് മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോകയുദ്ധശേഷം കൊളോണിയലിസം കടപുഴകി.

1949 ൽ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ, അവരുടെ സമ്പത്തും, വൻ സാങ്കേതികശേഷിയും, കൃഷിയും ലോകദാരിദ്ര്യം നീക്കാൻ പ്രദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾ സടകുടഞ്ഞെഴുന്നേറ്റപ്പോഴാണ് വികസന സങ്കൽപനം കൂടുതൽ രൂപഭാവങ്ങൾക്ക് വിധേയമായത്.

സാമ്പത്തികശാസ്ത്രം എന്ന വിജ്ഞാനശാഖയാണ് ഈ പ്രക്രിയക്ക് നേതൃത്വം നൽകിയത്; കൈയടക്കി എന്നു പറയുന്നതാണ് കൂടുതൽ ശരി. മനുഷ്യനും ചരക്കുകളും, കുറെക്കൂടി വ്യാപകാർഥത്തിൽ വസ്തുവകകളും തമ്മിലുള്ള ബന്ധത്തിന് ഈ വിജ്ഞാനശാഖ അമിതപ്രാധാന്യം നൽകി. സിദ്ധാന്തങ്ങളും, മോഡലുകളും, നയപരിപാടികളും അടങ്ങുന്ന വൻ വിജ്ഞാന വടവൃക്ഷമായി 'വികസനം' വളർന്നുവെന്നതാണ് സത്യം. ലോകബാങ്ക് തന്നെ അഞ്ചു വികസനസ്ഥാപനങ്ങൾ സൃഷ്ടിച്ചു.

സർവകലാശാലകൾ, കോർപറേറ്റുകൾ, സ്വകാര്യ സംരംഭകർ ഒക്കെ വികസനസ്ഥാപനങ്ങൾ ആരംഭിച്ചു. കൂണുപോലെ വളർന്ന അത്തരം സ്ഥാപനങ്ങൾ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രാധാന്യം നൽകിയില്ല. വർത്തമാനകാലത്ത് ലോകത്തിന്റെ വിഭവവിന്യാസത്തിനുപറ്റിയ കാര്യക്ഷമതയുള്ള മധ്യസ്ഥൻ കമ്പോളമാണെന്ന തികച്ചും തെറ്റായ ആശയത്തിന്റെ പിൻബലത്തിലാണ് വികസന സങ്കൽപനം നിലനിൽക്കുന്നതെന്നു തോന്നുന്നു.

ഈ പ്രകൃതത്തിലാണ് വികസനം എന്നാൽ എന്ത് എന്ന ചോദ്യം ഉയരുന്നത്. എന്തായാലും വികസന സിദ്ധാന്തങ്ങളും, മോഡലുകളും, നയങ്ങളും സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെട്ടില്ല. മൂന്നാം ചേരി രാജ്യങ്ങളിൽ പട്ടിണി, ദാരിദ്ര്യം, അസമത്വം ഒക്കെ കൊടികുത്തി വാഴുന്നു. സാർവത്രിക ആരോഗ്യവും, വിദ്യാഭ്യാസവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുമെന്ന സ്വപ്നം എങ്ങും എത്തിയില്ല.

അസമത്വത്തെക്കുറിച്ചുള്ള ഓക്സ്ഫാമിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും സമ്പന്നരായ 42 പേരുടെ സ്വത്ത് താഴെ തട്ടിലുള്ള 370 കോടി ആളുകളുടെ സ്വത്തിനെക്കാൾ അധികമാണ്. ഇതിൽ ഒമ്പതുപേർ ഒഴികെയുള്ളവർ വെള്ളക്കാരാണ്. വർണവെറി പറയാനല്ല, രൂക്ഷമായ അനീതി ചൂണ്ടിക്കാട്ടാനാണ് ഈ ഉദാഹരണം എടുത്തത്.

അവരുടെ മുറികളിൽ വെളിച്ചവും, ശീതീകരണവും, സംഗീതസ്വരതയും നിലനിർത്തുന്നതിനുമുള്ള ചെലവുകൾ കൊണ്ട് മനുഷ്യരാശിയുടെ ദുർവഹമായ പട്ടിണി ഇല്ലായ്മ ചെയ്യാം. അമേരിക്കയിലെ ഒരു ശതമാനം വ്യക്തികൾ 99 ശതമാനം പേരുടെ ഭാവി നിയന്ത്രിക്കുന്ന വികലമായ വിഭവവിന്യാസത്തെക്കുറിച്ച് ജോസഫ് സ്റ്റിഗ്ലിറ്റ്സ് (Joseph E. Stiglitz) തന്റെ നിരവധി പുസ്തകങ്ങളിൽ പറഞ്ഞിട്ടുള്ളത് ഓർത്തുപോകുന്നു.

വർത്തമാനകാല വികസനവ്യവസ്ഥയുടെ വലിയ ദുരന്തമാണ് കാലാവസ്ഥവ്യതിയാനവും, ആഗോളതാപവർധനയും. രണ്ടാഴ്ച മുമ്പാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഈജിപ്തിലെ ശറമുശൈഖിൽ സംഘടിപ്പിച്ച കാലാവസ്ഥയെ സംബന്ധിച്ച് 27ാം സമ്മേളനം വലിയ തീരുമാനങ്ങളൊന്നും എടുക്കാതെ പിരിഞ്ഞത്.

(ക്യോട്ടോയിൽ വെച്ചു. 1997ൽ നടന്ന സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിരുന്നു.) വർധിച്ചു വരുന്ന ഉപഭോഗാസക്തിയുടെയും (കാറൽ മാർക്സിന്റെ പദം കടമെടുത്താൽ ചരക്ക് കമ്പം -Commodity fetischism) അതിനെ ആശ്രയിച്ചു ലാഭാധിഷ്ഠിതമായ വിഭവവിന്യാസം സൃഷ്ടിക്കുന്ന ആധുനിക വികസന സമ്പ്രദായത്തിന്റെയും അനന്തരഫലമാണ് ഈ ദുരന്തം എന്ന് മനസ്സിലാക്കാൻ ലോകരാഷ്ട്രത്തലവന്മാർ ഇനിയും കൂട്ടാക്കിയിട്ടില്ല. ഒരു വൻവികസന പ്രതിസന്ധിയാണിത്.

ലോകരാജ്യങ്ങൾ അവരുടെ പുരോഗതി അളക്കുന്നത് സാമ്പത്തിക വളർച്ച നിരക്കിലും, പ്രതിശീർഷ വരുമാന വർധനയിലുമാണ്. ദേശീയ വരുമാനത്തെ ജനസംഖ്യകൊണ്ടു ഹരിക്കുന്നതാണ് പ്രതിശീർഷവരുമാനം. ലോകബാങ്ക് ലോകരാജ്യങ്ങളെ വികസിതം, വികസ്വരം , അൽപ വികസിതം എന്നൊക്കെ തരംതിരിക്കുന്നത് പ്രതിശീർഷ വരുമാന കണക്കിലാണ്.

ഇന്ത്യയിൽ കോവിഡ് മഹാമാരിമൂലം എത്രപേർ മരിച്ചുവെന്നതിനെക്കാൾ സാമ്പത്തികവളർച്ചയുടെ തകർച്ചയാണ് ചർച്ചാവിഷയമാക്കിയത്. മനുഷ്യനാണ് വികസനത്തിന്റെ ലക്ഷ്യവും ഉപാധിയും. മനുഷ്യരുടെ ജീവിതഗുണനിലവാരവും സമാധാനവും, സാമൂഹിക ഒത്തൊരുമയുമാണ് കാതലായ അംശം.

അങ്ങനെ വരുമ്പോൾ പുരോഗതി അളക്കുന്നത് ദേശീയ വരുമാനവർധനവിലൂന്നി മാത്രം ആയിരിക്കരുത്. ആയുധശേഖരം വർധിപ്പിച്ചാൽ, സൈനികശക്തി കൂട്ടിയാൽ ദേശീയ വരുമാനം ഉയരും. കോവിഡാനന്തര ലോകത്തെ സാമ്പത്തിക വളർച്ചാവർധനയിൽ ഇന്ത്യ ഏറ്റവും മുന്നിലാണ്.

ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയാണ്. കാനഡ, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി ഒക്കെ ഇന്ത്യയുടെ പിറകിലാണ്. എന്നാൽ യു.എൻ.ഡി.പിയുടെ (United Nations Development Programme) 2022 ലെ മാനവിക വികസന സൂചിക (Human Development Index) അനുസരിച്ച് ഇന്ത്യക്ക് 132ാം സ്ഥാനമാണ്. ബംഗ്ലാദേശിന്റേത് 129, ചൈനയുടേത് 79 ആണെന്ന് ഓർക്കുക. ഇന്ത്യയുടെ ഉയർന്ന സാമ്പത്തികനിലയും, താഴ്ന്ന മാനവിക സൂചികയും ഒരു പ്രഹേളികയാണ്. വികസനത്തിന്റെ ലക്ഷ്യം, മാർഗം, ഉള്ളടക്കം ഒക്കെ പുനർവായന ആവശ്യപ്പെടുന്നു.

സാമ്പത്തിക വളർച്ചയിലും, പ്രതിശീർഷ വരുമാനത്തിലും, മനുഷ്യരാശിയുടെ പുരോഗതിയുടെ അളവുകോൽ കെട്ടിയിട്ടിരിക്കുന്ന മഹാ അപരാധത്തിന് സാമ്പത്തികശാസ്ത്രമാണ് പ്രധാന ഉത്തരവാദി എന്നാണ് എന്റെ പക്ഷം. മനുഷ്യബന്ധങ്ങളെക്കാൾ, ചരക്കുകളുടെ വിനിമയ വിലയ്ക്ക് (ലാഭവും, കാര്യക്ഷമതയും അങ്ങനെ അളക്കാമെന്ന മിത്ത് സാമ്പത്തിക ശാസ്ത്രജ്ഞർ പരത്തുന്നു.

അമിതപ്രാധാന്യവും നൽകി. കരുണ, മനുഷ്യന്റെ അന്തസ്സ് തുടങ്ങിയ മൂല്യങ്ങളെ സൗകര്യപൂർവം അകറ്റിനിർത്തി. ഈ അകൽച്ച വികലമായ സിദ്ധാന്തങ്ങളിലൂടെ നീതിമത്കരിക്കുന്നു. അടുത്ത കാലത്ത് അമർത്യാസെൻ, ജോസഫ് സ്റ്റിഗ്ലിറ്റ്സ്, പിന്നെ അഭിജിത്ത് ബാനർജി, എർസ്ഥേർഡഫ്ളോ തുടങ്ങി നിരവധിപേർ ഈ അപഥസഞ്ചാരത്തിന്റെ ദൂഷ്യങ്ങൾ എടുത്തുകാട്ടുന്നുണ്ട്.

ലോകബാങ്കും, ഐ.എം.എഫും (അന്തർദേശീയ നാണ്യനിധി) ഒക്കെ തങ്ങളുടെ സാമൂഹികനയം രൂപപ്പെടുത്തുന്നത് എങ്ങനെയാണ് എന്ന് ഓരോ രാജ്യവും, വിചാരണ ചെയ്യേണ്ട കാര്യമാണ്. 1990ൽ പാകിസ്താൻ മുൻ ധനകാര്യമന്ത്രി മഹബൂബ് ഉൾ ഹഖ് യു.എൻ.ഡി.പിയുടെ ചുമതല ഏറ്റപ്പോൾ പരീക്ഷണമെന്ന നിലയിൽ തുടങ്ങിയതാണ് മാനവിക വികസന സൂചിക എന്ന പുരോഗതി അളക്കാനുള്ള പുത്തൻ മാനദണ്ഡം.

അമർത്യാസെന്നും, ഹഖും ചേർന്നാണ് അതിന്റെ ആദ്യകാല സൃഷ്ടി നിർവഹിച്ചത്. ഇന്ന് അത് ഏറെ വിപുലീകരിക്കപ്പെട്ടിരിക്കുന്നു. സ്ത്രീസമത്വം, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക ഉച്ചനീചത്വം തുടങ്ങിയ നിരവധി കാര്യങ്ങൾ ചേർത്തിണക്കിയിട്ടുണ്ടെങ്കിലും തുടക്കത്തിൽ 1000 ജനനത്തിൽ എത്ര ശിശുമരണം, ജനിക്കുമ്പോൾ പ്രതീക്ഷിക്കാവുന്ന ശരാശരി ആയുർദൈർഘ്യം, അന്തർദേശീയമായി താരതമ്യം ചെയ്യാവുന്ന പ്രതിശീർഷ വരുമാനം എന്നിവയെ സമന്വയിപ്പിച്ച ഒറ്റ നമ്പറായി കണക്കാക്കുന്നു.

അതാണ് മുമ്പ് സൂചിപ്പിച്ച മാനവിക വികസന സൂചിക. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും റാങ്ക് ഈ വർഷത്തെ റിപ്പോർട്ടിലുണ്ട്. സ്വിറ്റ്സർലൻഡിനാണ് ഒന്നാം സ്ഥാനം. ഇന്ത്യ 132ാമത് എന്ന് മുകളിൽ പറഞ്ഞു കഴിഞ്ഞു. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ വൈപുല്യപ്രക്രിയയാണ് വികസനമെന്ന സെന്നിന്റെ ആശയത്തിന് മൂർത്തഭാവം നൽകുന്ന ആദ്യത്തെ ഉദ്യമമാണ് ഈ സൂചിക.

ഇതിൽ സ്വാതന്ത്ര്യം എങ്ങനെ ഉള്ളടങ്ങിയിരിക്കുന്നുവെന്ന് ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. 1991ൽ ഉത്തർപ്രദേശിലെ ശിശുമരണനിരക്ക് 97 ആയിരുന്നു. ഇന്ന് അത് 35 ആയി കുറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികൾക്ക് ദീർഘകാലം ജീവിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചുവെന്നു വ്യക്തം. കേരളത്തിലെ ശിശു മരണനിരക്ക് അഞ്ച് ആണെന്ന് പറയുമ്പോൾ ഇക്കാര്യത്തിലുള്ള നമ്മുടെ സ്വാതന്ത്ര്യം ഉയർന്നത് തന്നെ.

വികസന സങ്കൽപനം സൂക്ഷ്മമായ വിശകലനവും, വിലയിരുത്തലും ആവശ്യപ്പെടുന്നു. കേരളത്തിൽ വികസനവിരോധികൾ ഏറെയുണ്ടെന്ന് ആദരണീയനായ മുഖ്യമന്ത്രി അടുത്തകാലത്ത് പറഞ്ഞതിന്റെ പൊരുൾ അന്വേഷിക്കേണ്ട കാര്യമാണ്. തങ്ങൾ വികസനവിരോധികൾ എന്ന് സ്വയം പറയുന്ന ഉത്തരാധുനികരല്ല ഇവിടെ വിവക്ഷ. വിലപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള പൗരന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ വികസനം തമസ്ക്കരിക്കപ്പെടുന്നു.

Tags:    
News Summary - What is development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT