പ​രി​സ്ഥി​തി​ലോ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചാ​ർ​ധാം പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ ഒ​രു സു​പ്ര​ധാ​ന ചോ​ദ്യ​മു​ണ്ട്-​ഹി​മാ​ല​യം​പോ​ലു​ള്ള ചെ​ങ്കു​ത്താ​യ മ​ല​നി​ര​ക​ൾ ഇ​ത്ത​രം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു യോ​ജ്യ​മാ​ണോ? അ​ല്ല എ​ന്നാ​ണ് അ​വി​ടെ അ​ടി​ക്ക​ടി​യു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ സാ​ക്ഷി​പ​റ​യു​ന്ന​ത്.

2021ൽ യു.എൻ പുറത്തിറക്കിയ Mountian Tourism a more sustainable path എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിലെ ആദ്യ വാചകം ഇതാണ്: പർവതങ്ങൾ പലരീതിയിൽ യാത്രക്കാരെ സന്തോഷിപ്പിക്കുന്നു. അവ നമ്മെ ഉന്മേഷഭരിതരാക്കുകയും പുത്തൻ ഉണർവുണ്ടാക്കുകയും ചെയ്യുന്നു. അതിനൊപ്പം സ്ഥായിയായ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പർവതനിവാസികളുടെ സാമൂഹിക-സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ ഉൾപ്പെടുന്ന, ഹിമാലയപർവതം സഞ്ചാരിയുടെ മനസ്സ് ഉത്തേജിതമാക്കുക മാത്രമല്ല, അമ്പരപ്പിക്കുകതന്നെ ചെയ്യും. ഹിമാചലത്തിന്റെ ഏറ്റവും മനോഹരമായ ഒരു ഭാഗമാണ് ഉത്തരാഖണ്ഡ്. പ്രകൃതിസ്നേഹികളുടെയും പർവതാരോഹകരുടെയും ഹിന്ദുമത വിശ്വാസികളുടെയും ഇഷ്ടനഗരമായ ജോഷിമഠ് ഇവിടെയാണ്. ഋഷികേശ്-ബദരീനാഥ് ദേശീയപാതയിൽ, ഏതാണ്ട് 1890 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ബദരീനാഥ്, ഹേംകുണ്ഡ് സാഹിബ് തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർ, ട്രക്കിങ് നടത്താൻ പോകുന്നവർ തുടങ്ങിയവരുടെയെല്ലാം ഇടത്താവളം കൂടിയാണിത്.

ഇന്ന് ജോഷിമഠ് വാർത്തകളിൽ നിറയുന്നത് മറ്റൊരു കാരണംകൊണ്ടാണ്. ക്ഷേത്രങ്ങളും മറ്റു പുണ്യസ്ഥലങ്ങളും ആകർഷകമാക്കിയിരുന്ന ജോഷിമഠ് കുറച്ചു വർഷങ്ങളായി താഴ്ന്നുകൊണ്ടിരിക്കുന്നു. ഭൂമിയിൽ വിള്ളലുകളുണ്ടാകുകയും വീടുകൾ തകർന്നുപോകുകയും ചെയ്യുന്നു. ഭീതിയിൽ കഴിയുന്ന അനേകം കുടുംബങ്ങളെ അവിടെനിന്നു മാറ്റിപ്പാർപ്പിച്ചിരിക്കുന്നു. താമസയോഗ്യമല്ലാത്ത വീടുകൾ ഇടിച്ചുനിരത്താനുള്ള ഒരുക്കത്തിലാണ് സർക്കാർ.

എങ്ങനെയാണ് ഇതു സംഭവിച്ചത്? ഇത് തികച്ചും മനുഷ്യനിർമിതമായ ഒരു സ്ഥിതിവിശേഷമല്ലേ? താങ്ങാൻ സാധിക്കുന്നതിലധികം നിർമാണപ്രവർത്തനങ്ങൾ ആ പ്രദേശത്ത് നടക്കുന്നു എന്നതാണ് ഈ ദുരവസ്ഥക്ക് കാരണമായി ദേശവാസികൾ പറയുന്നത്. ജോഷിമഠിൽ ജീവിക്കുന്ന 76കാരനായ പുരൺ സിങ്ങിന്റെ വാക്കുകൾ ഈ വാദം ശരിവെക്കുന്നു. ഏതാണ്ട് 50 വർഷം മുമ്പുമുതൽ ആ പ്രദേശം താഴ്ന്നുപോകുന്നതായി ബോധ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 1960കളിൽ അവിടെ ആകെ 400 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.

ഇതിനിടയിൽ കുറെയേറെ വികസനപ്രവർത്തനങ്ങളും നടന്നു. ഇപ്പോൾ 25,000ത്തിലധികം ജനങ്ങളാണ് അവിടെ താമസിക്കുന്നത്. പരിധികൾ അവഗണിച്ച് മുന്നോട്ടുപോകുന്ന ടൂറിസവും റോഡ് നിർമാണവുമെല്ലാം ഈ പർവതനഗരത്തെ നശിപ്പിക്കുമെന്നുള്ള മുന്നറിയിപ്പുകൾ പലയിടത്തുനിന്നും ഉയരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പേക്ഷ, അവയൊന്നും കാര്യമായി ഗൗനിക്കപ്പെട്ടില്ല.

വികസനപദ്ധതിയിൽ പ്രധാനപ്പെട്ടതാണ് ചാർധാം റോഡ് നിർമാണം. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണം പൂർത്തിയാകുമ്പോൾ വർഷത്തിൽ എല്ലാ ദിവസവും യാത്രികർക്ക് ഈ പ്രദേശങ്ങൾ സന്ദർശിക്കാനാകും. 900 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ പാതയുടെ 291 കിലോമീറ്റർ ദൂരം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. അശാസ്ത്രീയമായ ഈ പദ്ധതിക്ക് തുടക്കമിട്ട ഘട്ടത്തിൽത്തന്നെ പല വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ വരെ കേസെത്തിയെങ്കിലും ആശങ്കകൾ ചെവിക്കൊള്ളപ്പെട്ടില്ല. പദ്ധതിയുമായി മുന്നോട്ടുപോകാൻ അനുവദിച്ച വിധിപ്രഖ്യാപനത്തിനുശേഷം സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്ന പരിസ്ഥിതി പ്രവർത്തകൻ രവി ചോപ്ര, ആ സ്ഥാനത്തുനിന്ന് രാജിവെക്കുകയാണുണ്ടായത്. തന്റെ രാജിക്കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘‘ആധുനിക ഉപകരണങ്ങളും യന്ത്രസാമഗ്രികളുമൊക്കെയായി എൻജിനീയർമാർ ഹിമാലയപർവതത്തെ കീറിമുറിക്കുകയാണ്. പ്രാചീനവും അകളങ്കിതവുമായ വനമേഖലകളെ അവർ വെട്ടിനിരപ്പാക്കി; അതിലോലമായ താഴ്വാരങ്ങളെ അവർ കീറിമുറിക്കുന്നു. വാസ്തുശിൽപികൾ പ്രകൃതിയെ കീഴടക്കി തങ്ങൾ കെട്ടിപ്പൊക്കുന്നതൊക്കെ ചിത്രങ്ങളാക്കി അഹങ്കാരത്തോടെ പ്രദർശിപ്പിക്കുന്നു. പക്ഷേ, തങ്ങളും പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയില്ലാതെ നിലനിൽക്കാനാവില്ലെന്നും അവർ അറിയുന്നില്ലല്ലോ.’’

രവി ചോപ്ര ഹൃദയംപിടഞ്ഞെഴുതിയ വാക്കുകളുടെ ആഴവും അവയിൽ കട്ടപിടിച്ചുനിൽക്കുന്ന ആശങ്കയും എനിക്കു മനസ്സിലാക്കാനാകും. ഉത്തരാഖണ്ഡ് ഹിമാലയത്തിലെ മലനിരകളുടെ അവസ്ഥ നേരിൽ കണ്ടയാളാണ് ഞാൻ. 1999ൽ ചമോലിയിൽ 6.8 തീവ്രതയുള്ള ഭൂചലനമുണ്ടായതിനെത്തുടർന്ന് ആ പ്രദേശം സന്ദർശിച്ച് പഠനം നടത്താൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഞങ്ങളെ അവിടേക്ക് അയക്കുകയുണ്ടായി. നൂറിലധികം ജനങ്ങൾ മരിച്ച ആ ഭൂകമ്പത്തിൽ അനേകം വീടുകൾ തകർന്നുവീഴുകയും പലയിടങ്ങളിലും മലയിടിച്ചിൽ തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാകുകയും ചെയ്തു. ഭൂകമ്പത്തിൽ ജോഷിമഠിൽ കാര്യമായ നാശങ്ങളുണ്ടായില്ലെങ്കിലും ഞങ്ങൾ അവിടെയും സന്ദർശിക്കുകയുണ്ടായി.

പർവതപാതകളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. ഒന്നുറക്കെ സംസാരിച്ചാൽ ഊർന്നുവീഴുമെന്ന മട്ടിൽ നിലകൊള്ളുന്ന പാറകൾ ഭൂകമ്പത്തിന്റെ കുലുക്കത്തിൽ ഉരുണ്ടുവീണുപോയതിൽ അത്ഭുതമില്ല. കുറച്ചുകൂടി ശക്തിയുള്ള ഭൂചലനം ഉണ്ടായാൽ എന്തായിരിക്കും സ്ഥിതി എന്നാലോചിച്ച് ഞങ്ങൾ വ്യാകുലപ്പെടുകയും ചെയ്തു. ആ ചിത്രങ്ങൾ മനസ്സിലുണ്ടായിരുന്നതുകൊണ്ടാകാം, ഉത്തരാഖണ്ഡിലെ നിർമാണപ്രവർത്തനങ്ങൾ എന്നെയും വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു.

ത്വരിതഗതിയിൽ നടന്നുപോന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വരുന്ന10 വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 66 ഭൂഗർഭപാതകൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 18 പാതകൾ ഇപ്പോൾ ഉപയോഗത്തിലുണ്ട്. ഈ ഭൂഗർഭപാതകളുടെ നിർമാണം കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പുക മൂലമുണ്ടാകുന്ന വായു മലിനീകരണം, ഇരുട്ട് നിറഞ്ഞതും വായുസഞ്ചാരമില്ലാത്തതുമായ തുരങ്കങ്ങളിൽ അവ കെട്ടിനിൽക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ ഒരുവശത്ത്. ട്രെയിൻ ഗതാഗതം മൂലമുണ്ടാകുന്ന കമ്പനങ്ങൾ മറ്റൊരു വശത്ത്.

ഇപ്പോൾത്തന്നെ ബലഹീനമായിരിക്കുന്ന മലഞ്ചരിവുകൾ ഇടിഞ്ഞുവീഴാൻ ഈ കമ്പനങ്ങൾ മതിയാകും എന്നതിൽ സംശയമില്ല. ആ പ്രദേശങ്ങളിൽ വർധിച്ചുവരുന്ന മണ്ണിടിച്ചിൽ ഈ പ്രവണതയാണ് സൂചിപ്പിക്കുന്നത്. ഭൂവിനിയോഗത്തിൽ മാറ്റം സംഭവിച്ചതോടെ ഭൂഗർഭ ജലവിതാനത്തിലും മാറ്റം വന്നതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും ജലദൗർലഭ്യം അനുഭവപ്പെടുന്നതായി സ്ഥലവാസികൾ പറയുന്നു.

ഈ പ്രദേശത്തെ മറ്റൊരു പ്രധാന വികസനപദ്ധതിയാണ് തപോവൻ-വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതി. ഇതിന്റെ ഭാഗമായി നിർമിക്കുന്ന ഒരു തുരങ്കം ജോഷിമഠിനടിയിലൂടെയാണ് കടന്നുപോകുന്നത്. തുരങ്കത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കിടയിൽ ഒരു ഭൂഗർഭ ജലസ്രോതസ്സിനെ ഭേദിക്കുകയുണ്ടായി.

അതേത്തുടർന്ന് ഏതാണ്ട് 70 ദശലക്ഷം ലിറ്റർ ജലമാണ് ദിവസേന പുറത്തേക്കൊഴുകിയത് എന്ന് 2010ൽ കറന്റ് സയൻസ് എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതുപോലെ എത്ര ഭൂഗർഭ ജലസ്രോതസ്സുകളെയാണ് ഇവിടത്തെ തുരങ്കങ്ങൾ അസ്ഥിരമാക്കിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമല്ല.

പരിസ്ഥിതിലോലമായ പ്രദേശങ്ങളിൽ ചാർധാം പോലുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ ഒരു സുപ്രധാന ചോദ്യമുണ്ട്-ഹിമാലയംപോലുള്ള ചെങ്കുത്തായ മലനിരകൾ ഇത്തരം നിർമാണപ്രവർത്തനങ്ങൾക്കു യോജ്യമാണോ? അല്ല എന്നാണ് അവിടെ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ സാക്ഷിപറയുന്നത്. 2013ലെ കേദാർനാഥ് പ്രളയം ഒരു മുന്നറിയിപ്പാണ്. ഇത്രയും അസ്ഥിരമായ, പരിസ്ഥിതിലോലമായ ഈ പ്രദേശത്തിനാവശ്യം സുസ്ഥിരമായതും പ്രകൃതിക്ക് ആഘാതമേൽപിക്കാത്തതുമായ വികസനമാണ് എന്ന് ഓരോ ദുരന്തവും നമ്മെ ഓർമിപ്പിക്കുന്നു.

ഉത്തരാഖണ്ഡ് അടങ്ങുന്ന ഭൂപ്രദേശം വരാനിരിക്കുന്ന ഒരു വലിയ ഭൂകമ്പത്തിന്റെ സാധ്യതാപ്രദേശംകൂടിയാണ്. എഴുനൂറിലേറെ വർഷങ്ങളായി ഈ പ്രദേശത്ത് വലിയ ഭൂകമ്പങ്ങൾ (തീവ്രത എട്ടിനു മുകളിൽ) ഉണ്ടായതായി രേഖകളില്ല. ഹിമാലയത്തിന്റെ ഭൂകമ്പചരിത്രം പഠിച്ചാൽ അതൊരു ദീർഘമായ ഇടവേളയാണെന്ന് ഭൂകമ്പ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ആ മുന്നറിയിപ്പുകൂടി കണക്കിലെടുത്താൽ ജോഷിമഠിലെ ഇപ്പോഴത്തെ സ്ഥിതി കൂടുതൽ ആശങ്കജനകമാകുന്നു.

ഉത്തരാഖണ്ഡിന്റെ പല പ്രദേശങ്ങളും ദുർബലമായിരിക്കുന്നതിന് അടിസ്ഥാനപരമായി ഒരു കാരണമുണ്ട്. ചരിത്രാതീതകാലങ്ങളിൽ പലപ്പോഴും ഈ പ്രദേശങ്ങൾ മഞ്ഞുപാളികൾ മൂടിയ നിലയിലായിരുന്നു. ദീർഘദൂരം സഞ്ചരിച്ചെത്തുന്ന മഞ്ഞുപാളികളോടൊപ്പം ധാരാളം മണ്ണും പാറയുമടങ്ങുന്ന മിശ്രിതവും ഉണ്ടാവും. കാലാവസ്ഥ വ്യതിയാനമുണ്ടാകുമ്പോൾ മഞ്ഞുപാളികൾ ഉരുകും, മിശ്രിതം ഒരു പാറപോലെ അവശേഷിക്കും. കാഴ്ചയിൽ പാറയുടെ ഉറപ്പൊക്കെ തോന്നുമെങ്കിലും ഈ മിശ്രിതത്തിന് പെട്ടെന്ന് ബലക്ഷയമുണ്ടാകും. അത്തരത്തിലൊരു മിശ്രിതത്തിന്റെ മുകളിലാണ് ജോഷിമഠ് എന്ന പുരാതന നഗരം കെട്ടിയുയർത്തിയിരിക്കുന്നത്. ആ ലോലമായ പ്രദേശമാണ് നമ്മൾ തുരന്നുകൊണ്ടിരിക്കുന്നത്.

ജോഷിമഠിൽ ഭൂമി താഴുന്നതെന്തുകൊണ്ടാണെന്ന് പഠിക്കാൻ ഉന്നതതല സംഘങ്ങൾ അങ്ങോട്ടു തിരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവിടെ പലവിധ സർവേകൾ നടത്തി, ഭൂമിയുടെ ഘടന പഠിക്കുക എന്നതാണ് ലക്ഷ്യം. പിന്നെ സമഗ്രമായ ഒരു റിപ്പോർട്ട് സമർപ്പിക്കും. തകർന്നടിഞ്ഞ ആ ഭൂമിയിൽ നമുക്കറിയുന്ന കാര്യങ്ങൾ തേടുകയല്ലേ ഈ പഠനങ്ങൾ ചെയ്യുന്നത്? ഭൗമശാസ്ത്രപഠനങ്ങളിലൂടെ നമുക്കറിയാമല്ലോ, ഇത് മഞ്ഞുപാളികൾ നിക്ഷേപിച്ച ദുർബലമായ ശിലകളിൽ കെട്ടിപ്പൊക്കിയ ഒരു പ്രദേശമാണെന്ന്.

പർവതപാതകളിലൂടെ ഒന്ന് നടന്നാൽ നമുക്കറിയാമല്ലോ, ഇവിടത്തെ മലനിരകൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാൻ മാത്രം ദുർബലമാണെന്ന്. നമുക്കറിയാമല്ലോ, ഭൗമശാസ്ത്രപഠനങ്ങളിലൂടെ ഇവിടെ വലിയ ഭൂകമ്പങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന്. പക്ഷേ, അതൊക്കെ മറന്ന് നമ്മൾ ആ മലകൾ തുരന്ന് പാതകളുണ്ടാക്കുന്നു. പാറകൾ പൊട്ടിച്ചുമാറ്റി വികസനപ്രവർത്തനം നടത്തുന്നു. അവ ദുരന്തങ്ങളിലേക്കു നയിക്കുമ്പോൾ നാം ഭാവിയെപ്പറ്റി ആകുലപ്പെടുന്നു- മരിച്ച കുട്ടിയുടെ ജാതകം നോക്കി ആശങ്കപ്പെടുന്നതുപോലെ. ജോഷിമഠിലെ സംഭവങ്ങൾ നമ്മെ ഒരു കാര്യം ശക്തമായി ഓർമിപ്പിക്കുന്നു. പ്രകൃതിയുമായി ചേർന്നു പ്രവർത്തിക്കാതെ മനുഷ്യന് നിലനിൽക്കാനാവില്ല എന്ന പരമമായ സത്യം.

Tags:    
News Summary - What is happening in Joshimath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT