2011
തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന രഥയാത്രക്ക് പുണ്യനഗരിയായ സോമനാഥിൽ നിന്ന് തുടക്കംകുറിക്കാനുള്ള ബി.ജെ.പിയിലെ കാരണവർ എൽ.കെ. അദ്വാനിയുടെ അഭിലാഷത്തിന് 2011ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി തടയിട്ടിരുന്നു. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അദ്വാനിക്കുപകരം പാർട്ടിയുടെ മുഖമായി മാറുവാനുള്ള ഉൾപാർട്ടി യുദ്ധത്തിനും മോദി അന്ന് തുടക്കമിട്ടു. നിതീഷ് കുമാർ ബിഹാറിൽ ബി.ജെ.പിയുമായി സഖ്യംചേർന്ന് ഭരിക്കുന്ന സമയമായിരുന്നു അന്ന്. അദ്വാനി ഉടനെ അദ്ദേഹത്തെ സമീപിച്ച് ജയപ്രകാശ് നാരായണന്റെ ജന്മദേശമായ ബിഹാറിലെ സിതാബ് ദിയാറയിൽ നിന്ന് യാത്ര തുടങ്ങാൻ അനുവദിക്കണമെന്നഭ്യർഥിച്ചു. മോദി പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തെ അനുകൂലിക്കാത്തയാൾ എന്ന പ്രതിച്ഛായ സൂക്ഷിച്ചിരുന്ന നിതീഷ് സമ്മതമറിയിച്ചു. ആ സമ്മതം മൂളൽ അദ്വാനിക്ക് മാത്രമല്ല, മറ്റ് മുൻനിര ബി.ജെ.പി നേതാക്കൾക്കും ആവേശം പകർന്നു. രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു, അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
ചടങ്ങിലെ മുഖ്യതാരം നിതീഷായിരുന്നു. സിതാബ് ദിയാറയിൽ തടിച്ചു കൂടിയ വൻ ജനാവലിയെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു- 'ഈ രഥയാത്രയെ പിന്തുണക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. യാത്രയെ പിന്തുണക്കുന്നു എന്നതുകൊണ്ട് ബി.ജെ.പിയുടെ നയങ്ങളെ ഞാൻ അംഗീകരിക്കുന്നു എന്നു കരുതരുത്. ജനതാദളി(യു)ന്റെയും ബി.ജെ.പിയുടെയും ലോകവീക്ഷണത്തിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. അത് തുടരുകയും ചെയ്യും. എന്നാൽ വികസനം, അഴിമതി വിരുദ്ധത എന്നീ വിഷയങ്ങളുടെ പേരിൽ ഞാനീ യാത്രയെ പിന്തുണക്കും'.
ഒരുകാലത്തെ സോഷ്യലിസ്റ്റ് പടക്കുതിരയും ജെ.പി ശിഷ്യനുമായിരുന്ന മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിനെയും നിതീഷ് അന്ന് അനുസ്മരിച്ചു. നിതീഷിന്റെ ആ സഹായഹസ്തത്തിന്റെ ഫലമായി അദ്വാനിക്ക് തന്റെ അവസാന രഥയാത്രയുടെ തുടക്കം ഗംഭീരമാക്കാനായി. പട്നയും അരയും ബുക്സറും സസാറാമും പിന്നിട്ട് യു.പിയിലേക്ക് കടന്ന യാത്രയെ അന്നത്തെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി വാരാണസി വരെ അനുഗമിക്കുകയും ചെയ്തു.
2022
ഒക്ടോബർ 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സിതാബ് ദിയാറയിലെത്തി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ നിതീഷ് ബി.ജെ.പിയുമായി സഖ്യം വിട്ടശേഷം ഷാ നടത്തുന്ന രണ്ടാമത്തെ ബിഹാർ സന്ദർശനമായിരുന്നു അത്. ജയപ്രകാശ് നാരായണിന്റെ 120ാം ജയന്തിയാഘോഷമായിരുന്നു ചടങ്ങ്.
ഷാ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൂട്ടിയാണ് വന്നത്. യു.പിയിൽനിന്ന് കുറെ യോഗി അനുയായികൾ വന്നുവെന്നല്ലാതെ ജെ.പി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആരും പരിപാടിക്കെത്തിയില്ല. ഷായും യോഗിയും ഇവിടെ അത്ര പ്രാധാന്യമുള്ള മുഖങ്ങളല്ല- ജെ.പി പ്രസ്ഥാനത്തിൽ പങ്കെടുത്തിട്ടുള്ള യശ്വന്ത് സിങ് എന്ന നാട്ടുകാരൻ പറയുന്നു.
സഖ്യം വിടാനുള്ള നിതീഷിന്റെ തീരുമാനത്തെക്കുറിച്ച് ഷാ ഈ ചടങ്ങിൽ സംസാരിച്ചു 'അധികാരക്കസേര മോഹിച്ചാണ് നിതീഷ് കോൺഗ്രസിന്റെ മടിത്തട്ടിലേക്ക് പോയത്. രാം മനോഹർ ലോഹ്യക്കൊപ്പം ജീവിതത്തിലുടനീളം കോൺഗ്രസ് വിരോധം കാത്തുസൂക്ഷിച്ച ജയപ്രകാശ് നാരായണിന്റെ ആദർശത്തോടുള്ള വഞ്ചനയാണത്'.
അമിത് ഷായുടെ പ്രസ്താവന തെറ്റാണെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ വൈസ് പ്രസിഡന്റും ജെ.പി പ്രസ്ഥാനത്തിലെ അതികായരിലൊരാളുമായിരുന്ന ശിവാനന്ദ് തിവാരി പറയുന്നു. ജെ.പിയും ലോഹ്യയും മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ പ്രചോദിപ്പിച്ചത് ഗാന്ധിയൻ തത്ത്വചിന്തയായിരുന്നു. അവരിരുവരും നെഹ്റുവിനെയും പട്ടേലിനെയുമൊക്കെപ്പോലെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ ഗാന്ധിയുടെ പിന്നിൽ അണിനിരന്നവരാണ്. മതേതരത്വം, നാനാത്വം, ബഹുസ്വരത, ഇന്ത്യ എന്ന ആശയം എന്നീ കാര്യങ്ങളിലൊന്നും അവർക്ക് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം വികസന മാതൃകകളുടെ കാര്യത്തിലാണ് നെഹ്റുവും ജെ.പി-ലോഹ്യമാരും ഭിന്ന നിലപാടുകാരായത്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലനിന്ന കോൺഗ്രസ് ഏകാധിപത്യത്തിനെതിരെയാണ് അവർ പോരാടിയത്. ഇന്ന് മോദിയുടെ കീഴിൽ ഇന്ത്യ അത്യന്തം മോശമായ അവസ്ഥയിലാണ് നീങ്ങുന്നത്. ആർ.എസ്.എസും ജനസംഘവും ബി.ജെ.പിയും ഗാന്ധിയൻ ആദർശങ്ങളെ എതിർത്തവരാണ്. തുടക്കം മുതലേ സ്വാതന്ത്ര്യസമരത്തെ തന്നെ എതിർത്തവരാണ് സംഘ്പരിവാർ. അമിത് ഷായും നരേന്ദ്ര മോദിയും ജെ.പി-ലോഹ്യമാരെക്കുറിച്ച് പറയാൻ പോലും അവകാശമില്ലാത്തവരാണ്.
ഗാന്ധിയെ കൊന്നതാരാണ്?
ജെ.പി പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന നിതീഷും അന്നേദിവസം പട്നയിൽ ജെ.പി കീ കഹാനി നിതീഷ് കീ സുബാനി (ജെ.പിയുടെ കഥ നിതീഷിന്റെ കഥനം) എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. സദസ്യരെ അഭിമുഖീകരിച്ച് നിതീഷ് ചോദിച്ചു- ഗാന്ധിയെ ആരാണ് കൊലപ്പെടുത്തിയത്?
ജനക്കൂട്ടം വിളിച്ചു പറഞ്ഞു- ആർ.എസ്.എസ്, ആർ.എസ്.എസ്
പിന്നീട് മാധ്യമ പ്രവർത്തകരെ നോക്കി നിതീഷ് ചോദിച്ചു- ഇപ്പോ പ്രധാനമന്ത്രിയായിരിക്കുന്ന ആൾ ഗുജറാത്ത് മുഖ്യമന്ത്രിയാവും മുമ്പേ എന്താണ് ചെയ്തിരുന്നത് എന്ന് തിരക്കിനോക്കൂ. അയാൾക്കും സംഘത്തിനും ജെ.പി പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല. അവരുടെ രാഷ്ട്രീയ കാരണവന്മാർ സ്വാതന്ത്ര്യപ്പോരാട്ടത്തെപ്പോലും എതിർത്തവരാണ്. എന്നിട്ടിപ്പോൾ വന്ന് വിഡ്ഢിത്തങ്ങൾ വിളമ്പുന്നു. ഷാ ബിഹാർ സന്ദർശിക്കുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല. പക്ഷേ, മതത്തിന്റെ പേരിൽ വിദ്വേഷവും ധ്രുവീകരണവും ആളിക്കത്തിക്കുന്ന നേതാക്കളിൽനിന്നും സംഘങ്ങളിൽനിന്നും ജനങ്ങൾ ജാഗ്രത പുലർത്തണം'.
ആർ.ജെ.ഡി മേധാവി ലാലുപ്രസാദ് യാദവ് അന്നേദിവസം വൃക്ക സംബന്ധമായ ചികിത്സക്കായി സിംഗപ്പൂരിലായിരുന്നു. അവിടേക്ക് പോകും മുമ്പ് ഡൽഹിയിൽ നടത്തിയ പാർട്ടി ദേശീയ കൺവെൻഷനിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും കനത്ത ഭാഷയിൽ പ്രഹരിച്ച അദ്ദേഹം 2024ലെ തെരഞ്ഞെടുപ്പിൽ അവരെ പിഴുതെറിയാൻ പ്രതിപക്ഷം ഒരുമിക്കണമെന്നും ആഹ്വാനം ചെയ്തു.
കളം നഷ്ടപ്പെട്ട ബി.ജെ.പി
നിതീഷ് എൻ.ഡി.എ സഖ്യം വിടുകയും ആർ.ജെ.ഡിയും കോൺഗ്രസുമുൾക്കൊള്ളുന്ന മഹാസഖ്യം പുനരുജ്ജീവിപ്പിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് നിലം നഷ്ടപ്പെട്ട നിലയിലാണ് ബി.ജെ.പി. ഒന്നാമത് അവർക്ക് ബിഹാറിൽ നല്ല നേതാക്കളില്ല. തങ്ങളുടെ വിധേയരായ നേതാക്കളെ സൃഷ്ടിക്കുന്നതിനായി മോദിയും ഷായും മൂന്നു പതിറ്റാണ്ടിന്റെ അനുഭവ പരിചയവും പ്രവർത്തകർക്കിടയിൽ വേരോട്ടവുമുണ്ടായിരുന്ന സുശീൽ കുമാർ മോദി, നന്ദ് കിഷോർ യാദവ്, പ്രേംകുമാർ തുടങ്ങിയ നേതാക്കളെ ഒതുക്കുകയും ചെയ്തു. മറുഭാഗത്ത് ലാലുവിനും നിതീഷിനും ജനങ്ങളുടെ ആദരവും സ്നേഹവും ആവോളമുണ്ട്. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്ത് മൊത്തം എന്താവും സ്ഥിതി എന്ന് പറയാനായിട്ടില്ല. പക്ഷേ ഷായുടെ സന്ദർശനത്തോടുള്ള പ്രതികരണം ബിഹാർ ഏതു വഴിക്ക് നീങ്ങും എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ നൽകുന്നത്.
(മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവും ജേണലിസം അധ്യാപകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.