ഇപ്പോള്‍ ഇടത്തോട്ട് ചാടിക്കളയും എന്ന മട്ടില്‍ കെ.എം മാണി മുണ്ട് മടക്കിക്കുത്തുമ്പോള്‍ അതിന്‍റെ പേരില്‍ ആശയസംവാദം നടക്കുകയാണ്. ഇടതുമുന്നണിയില്‍ മാണിയെ എടുക്കുന്നതിന്‍റെ ഒൗചിത്യാനൗചിത്യങ്ങളെക്കുറിച്ച് സംവാദം മുറുകുന്നു. ഇന്നലെ പറഞ്ഞതും ചെയ്തതും മറന്ന് പുതിയ കൂട്ടുകെട്ടിന്‍റെ പേരില്‍ വാളോങ്ങി നില്‍ക്കുന്ന പാര്‍ട്ടികളെ ചിലത് ഓര്‍മപ്പെടുത്താനുണ്ട്... മുമ്പ് യു.ഡി.എഫിന്‍റെ ഭാഗമായിരുന്നപ്പോള്‍ ഗൗരിയമ്മയെയും ഡി.ഐ.സിക്ക് ഇടതുമുന്നണി പ്രവേശനം കിട്ടാതെ അലഞ്ഞ കാലത്ത് കെ. മുരളീധരനെയും ‘മാധ്യമ’ത്തിനു വേണ്ടി അഭിമുഖം നടത്തിയ എം. അബ്ദുല്‍ റഷീദ് ആ പഴയകാലത്തെ ഓര്‍ത്തെടുക്കുന്നു.... 10 വര്‍ഷം മുമ്പത്തെ ആ അനുഭവം പങ്കുവെക്കുന്ന എം. അബ്ദുല്‍ റഷീദിന്‍റെ കുറിപ്പ് വായിക്കൂ...
പത്തു വര്‍ഷം മുമ്പാണ്. ഞാനും വി.വി ശ്രീജിത്തും കൂടി കെ.ആര്‍ ഗൗരിയമ്മയെ കാണാനായി ആലപ്പുഴയിലെ വീട്ടിലെത്തി. ഞങ്ങള്‍ക്കും ഗൗരിയമ്മക്കും മറ്റു തിരക്കുകളില്ലാതിരുന്ന ദിവസമായതിനാല്‍ സംസാരം നീണ്ടുപോയി. കടലോളം ഒാര്‍മ്മകളുള്ള വയലാര്‍ റാണിയാണല്ലോ അവര്‍.
പല കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ തികച്ചും യാദൃശ്ചികമായി, കേരള രാഷ്ട്രീയത്തിലെ ഒരു ഗൂഢാലോചനയുടെ കഥ ഗൗരിയമ്മ പറഞ്ഞു: “2003–ല്‍ മുഖ്യമന്ത്രി ആന്‍റണിക്കെതിരെ കരുണാകരന്‍ കോണ്‍ഗ്രസില്‍ വലിയ കലാപമുണ്ടാക്കി നില്‍ക്കുന്ന കാലം. ഒരു ദിവസം സി.പി.എം നേതാവ് എം.എ ബേബി എന്നെ വന്നു കണ്ടു. ജേക്കബിന്‍റെ പാര്‍ട്ടി, ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി, ആര്‍.എസ്.പിയിലെ ഒരു വിഭാഗം എല്ലാവരും ചേര്‍ന്ന് സി.പി.എം പിന്തുണയോടെ കരുണാകരനെ മുഖ്യമന്ത്രിയാക്കുന്ന പദ്ധതിക്ക് എന്‍റെ കൂടി സഹായം തേടിയാണ് ബേബി വന്നത്. 26 യു.ഡി.എഫ് എം.എല്‍.എമാര്‍ കരുണാകരനൊപ്പമുണ്ടെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ ഉറപ്പായ സമയമായിരുന്നു അത്. ഞാനും കൂടി കൂട്ടുനിന്നാല്‍ ആന്‍റണിയെ വീഴ്ത്താമെന്ന് ബേബി പറഞ്ഞു. ‘താല്‍കാലിക ലാഭത്തിനായി മുന്നണി വിടാനില്ലെന്ന്’ ഞാന്‍ ബേബിയോടു പറഞ്ഞു.
പിന്നീട്, കൊല്ലം ഗസ്റ്റ്ഹൗസില്‍വച്ച് വി.എസ് അച്യുതാനന്ദന്‍ എന്നെ വന്നു കണ്ടു. ‘കരുണാകരനെ പിന്തുണക്കാന്‍ ഞങ്ങള്‍ക്കൊക്കെ വിഷമമുണ്ട്. എങ്കിലും ഇപ്പോള്‍ അതാണ് നല്ലത്. സഖാവ് കൂടെ നില്‍ക്കണ’മെന്ന് വി.എസ് എന്നോടു പറഞ്ഞു.
‘യു.ഡി.എഫിന്‍റെ ഭാഗമായി നിന്ന് ജയിച്ചിട്ട് അവരെ വഞ്ചിക്കുന്നതു ശരിയല്ല, താല്‍കാലിക ലാഭത്തിനായി ഞാനൊരിക്കലും അതു ചെയ്യില്ല ’ എന്ന് വി.എസിനോടു പറഞ്ഞു.
ഞങ്ങളുടെ പാര്‍ട്ടിക്ക് പണം തരാമെന്ന് പിന്നീട് സി.പി.എമ്മിന്‍റെ വാഗ്ദാനം വന്നു. ഞങ്ങള്‍ പണം കുറവുള്ള പാര്‍ട്ടിയാണല്ലോ. രണ്ടു കോടി രൂപവരെ തരാമെന്നും എന്നെ ഉപമുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം വന്നു. പക്ഷേ, ഞാന്‍ വഴങ്ങിയില്ല...” ഗൗരിയമ്മ പറഞ്ഞുനിർത്തി.
ഗൗരിയമ്മയുമായുള്ള കൂടിക്കാഴ്ച ഞാനും ശ്രീജിത്തും ചേര്‍ന്ന് ‘വാരാദ്യമാധ്യമ’ത്തില്‍ എഴുതി. സാമിര്‍സലാം ആ അഭിമുഖത്തിന് ‘വെയിലാറാത്ത വൈകുന്നേരം’ എന്ന് തലക്കെട്ടിട്ടു. ദീര്‍ഘമായ അഭിമുഖത്തിലെ ഗൗരിയമ്മയുടെ ആ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ വിവാദമായി. വാരാദ്യമാധ്യമം ഇറങ്ങിയതിന് പിറ്റേന്ന് മിക്ക പത്രങ്ങളും അത് ഒന്നാം പേജ് വാർത്തയാക്കി.
പതിവുപോലെ വി.എസും സി.പി.എമ്മും നിഷേധിച്ചു. പക്ഷേ, അന്നത്തെ ആ രാഷ്ട്രീയ നീക്കത്തിന് സാക്ഷികളായ പല നേതാക്കളും സത്യം തുറന്നുപറഞ്ഞു.
‘അവരതു നിഷേധിച്ചല്ലോ സഖാവേ’ എന്നു ഞാന്‍ ഗൗരിയമ്മയോട് പിന്നീട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “നിഷേധിച്ചോട്ടെ, പക്ഷേ ഞാന്‍ പറഞ്ഞത് സത്യമാണ്. കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് വി.എസ് കൊടുത്തയച്ച കുറിപ്പ് ഇപ്പോഴും എന്‍റെ ബാഗിലുണ്ട്.”
ഗൗരിയമ്മ പറഞ്ഞതു സത്യമാണെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഒരു പകല്‍ മുഴുവന്‍ നീണ്ട ഒരു സംഭാഷണത്തിനിടെ തികച്ചും യാദൃശ്ചികമായി, വാര്‍ത്തയായേക്കുമെന്ന യാതൊരു ധാരണയുമില്ലാതെ അവര്‍ പറഞ്ഞു പോയതായിരുന്നു ആ സംഭവം.
ഒരു അഭിമുഖ സംഭവം കൂടി ഇതിനോട് ചേര്‍ത്തുവെക്കണം. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ 'മാധ്യമം' ആഴ്ചപ്പതിപ്പിനു വേണ്ടി കെ. മുരളീധരനുമായി വിശദമായൊരു അഭിമുഖം നടത്തേണ്ടിവന്നു. അഭിമുഖത്തിന്‍റെ ഒൗപചാരികതകള്‍ എല്ലാം മാഞ്ഞുപോയ ഒരു നിമിഷത്തില്‍ ഞാന്‍ മുരളീധരനോടു ചോദിച്ചു: “ഒരു സത്യം പറയുമോ? ഡി.ഐ.സി(കെ)യെ ഇടതുമുന്നണിയില്‍ എടുക്കാമെന്ന് പറഞ്ഞ സി.പി.എം നേതാക്കള്‍ ആരായിരുന്നു?”
ഒരു നിമിഷത്തെ ആലോചനക്കൊടുവില്‍ മുരളീധരന്‍ പറഞ്ഞു: “സി.പി.എമ്മിലെ പല മുതിര്‍ന്ന നേതാക്കളുമായി മുഖാമുഖം തന്നെ അക്കാലത്ത് ഞങ്ങള്‍ പലവട്ടം ചര്‍ച്ചനടത്തി. ഇത്ര സീറ്റ് ഡി.ഐ.സിക്ക് എന്നുവരെ ചര്‍ച്ചകള്‍ ഉണ്ടായി. അവരുടെ പേരുകളൊക്കെ ഇപ്പോള്‍ ഞാന്‍ പരസ്യമായി പറയുന്നില്ല. പക്ഷേ, സി.പി.എമ്മിലെ വലിയൊരു വിഭാഗം നേതാക്കള്‍ ഞങ്ങള്‍ മുന്നണിയില്‍ എത്തുന്നതിന് അനുകൂലമായിരുന്നു. സത്യത്തില്‍ വി.എസ് അച്യുതാനന്ദനും വെളിയം ഭാര്‍ഗവനും മാത്രമാണ് ഞങ്ങളുടെ വഴിമുടക്കിയത്. വി.എസിന്‍റേത് ആശയപരമായ എതിര്‍പ്പൊന്നും ആയിരുന്നില്ല താനും. ഞങ്ങള്‍ മുന്നണിയില്‍ വന്നാല്‍ സി.പി.എമ്മിലെ വിഭാഗീയതയില്‍ ഞങ്ങള്‍ എതിര്‍പക്ഷത്ത് ചേരുമെന്ന ചിന്ത വി.എസിനുണ്ടായി.”
കെ.എം മാണി ഇടതുമുന്നണിയില്‍ എത്തിയേക്കുമെന്ന വാര്‍ത്തയെച്ചൊല്ലി കേരളത്തില്‍ മൂന്നു ദിവസമായി തുടരുന്ന ‘മുന്നണി ധാര്‍മികത’യുടെ ചര്‍ച്ചകള്‍ കേട്ടപ്പോള്‍ ഈ പഴയ രണ്ട് അഭിമുഖങ്ങളാണ് എന്‍റെ ഒാര്‍മ്മയിലേക്കു വന്നത്.
അധികാരം മാത്രം ലക്ഷ്യമിട്ടുള്ള മറുകണ്ടം ചാട്ടങ്ങളല്ലാതെ എന്തു ആദര്‍ശാത്മക രാഷ്ട്രീയമാണ് പോയ അരനൂറ്റാണ്ടില്‍ കേരളത്തിലെ ഇടതും വലതും മുന്നണികള്‍ കാണിച്ചിട്ടുള്ളത്? ഇടതു മുന്നണിയെന്നാല്‍ വലതു മുന്നണിയെക്കാള്‍ ധാര്‍മികതയും ആശയാടിത്തറയുമുള്ള എന്തോ മഹാസംഭവമാണെന്ന് ആരാണ് പറഞ്ഞത്? അങ്ങനെയല്ലെന്നു എത്രയോ വട്ടം തെളിഞ്ഞിരിക്കുന്നു..!
മാണിയുടെ എല്‍.ഡി.എഫ് പ്രവേശത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന പന്ന്യന്‍ രവീന്ദ്രന് പണ്ട് തിരുവനന്തപുരത്ത് ജയിച്ചപ്പോള്‍ കരുണാകരന്‍ വായില്‍വച്ചുതന്ന ആ ലഡുവിന്‍റെ മധുരം ഒാര്‍മ്മയില്ലേ?
അധികാരത്തിന്‍റെ അപ്പത്തിനായുള്ള അക്കരയിക്കര ചാട്ടങ്ങളുടെ ആവര്‍ത്തനം മാത്രമാണ് എത്രയോ പതിറ്റാണ്ടുകളായി കേരളത്തിന്‍റെ മുന്നണിരാഷ്ട്രീയം. അതില്‍നിന്ന് വേറിട്ട ഒരു രാഷ്ട്രീയ സത്യസന്ധതയൊന്നും ഒരിക്കലും ഇടതുമുന്നണിയും കാണിച്ചിട്ടില്ല. ആരൊക്കെ ഏതൊക്കെ കളങ്ങളില്‍പ്പോയും മടങ്ങിയും വീണ്ടും പോയും അധികാരം രുചിച്ചു! എന്തു ധാര്‍മികതയായിരുന്നു അതിനൊക്കെ?
ഇപ്പോഴത്തെ ഇടതു മുന്നണിയില്‍ത്തന്നെ, സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാല്‍ ഏതു പാര്‍ട്ടിക്കാണ് കടലാസിലെങ്കിലും ഒരു രാഷ്ട്രീയാശയമുള്ളത്? കേരളകോണ്‍ഗ്രസ് സ്കറിയ തോമസിനെക്കാള്‍ എന്ത് അയോഗ്യതയാണ് മാണിയില്‍ കാണാനാവുക? കോവൂര്‍ കുഞ്ഞുമോന്‍റെ റവല്യൂഷനറി പാര്‍ട്ടി, ഗണേശ് കുമാറിന്‍റെ കേരള കോണ്‍ഗ്രസ് ബി, എൻ.സി.പി, ജനതാദളിന്‍റെ ഒരു കഷ്ണം തുടങ്ങി തരംപോലെ അക്കരെയിക്കരെ ചാട്ടങ്ങളുമായി നടക്കുന്ന ഈര്‍ക്കിലികളുടെ കൂട്ടമല്ലേ നമ്മളീ ധാര്‍മ്മിക ചര്‍ച്ചകള്‍കൊണ്ട് അളക്കുന്ന ഇടതുമുന്നണി? ഇവരെക്കാളൊക്കെ ഭേദമല്ലേ മാണി? ആള്‍ബലമെങ്കിലുമുണ്ടല്ലോ.
അല്ലെങ്കില്‍ത്തന്നെ 82ല്‍ ഇതേ മാണി ഇടതിന്‍റെ കൂടെയായിരുന്നില്ലേ? അന്നത്തെയും ഇന്നത്തെയും മാണിക്ക് എന്താണ് വ്യത്യാസം? അന്നും ഇന്നും അദ്ദേഹം രാഷ്ട്രീയ വ്യവസായം നടത്തുന്നു! പി.ജെ ജോസഫിന്‍റെയും കൂട്ടരുടെയും പ്ലസ് ടൂ വ്യവസായത്തിന് ഒരു നായനാര്‍ഭരണകാലം മുഴുവന്‍ അവസരമൊരുക്കിയ സി.പി.എം ഇപ്പോള്‍ മാണിയെ കൂടെകൂട്ടിയാല്‍ എന്ത് അത്യാഹിതമാണ് സംഭവിക്കാന്‍ പോകുന്നത്? മാണി വന്നാല്‍ ഇല്ലാതാവുന്ന എന്തോ അധിക ധാര്‍മ്മികത ഇടതു മുന്നണിക്ക് ഉണ്ടെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ‘ഇടതുധാർമികത’ എന്നൊക്കെയുള്ള അർഥശൂന്യ പ്രയോഗങ്ങൾ ഇനിയെങ്കിലും മതിയാക്കൂ.
എന്തിനാണ് നമ്മള്‍ ഒരു കാര്യവുമില്ലാത്ത ഈ സദാചാര–ധാര്‍മിക സന്ദേഹങ്ങള്‍കൊണ്ട് നെറിയില്ലാത്ത മുന്നണി രാഷ്ട്രീയത്തെ അളക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ ജനങ്ങള്‍ ഇത്ര ഹ്രസ്വ ഒാര്‍മകള്‍ മാത്രമുള്ള അള്‍ഷിമേഴ്സ് രോഗികള്‍ ആയിപ്പോകുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.