സുഗതകുമാരി ടീച്ചർ വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ, ചില പ്രത്യേക സന്ദർഭങ്ങളിൽ നാം അവരുടെ അഭാവം അറിയുന്നു. പ്രകൃതിക്കുമേൽ വന്നുപതിക്കാറുള്ള എല്ലാ അക്രമങ്ങൾക്കെതിരെയും ശക്തമായ മേൽക്കവചമായി നിലകൊള്ളാറുള്ള ടീച്ചറെ നാം ആവേശത്തോടെ ഓർമിക്കുന്നു. ഈ കാലത്തും അതുപോലുള്ളവരുടെ സാന്നിധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് നാം തിരിച്ചറിയുകയും ചെയ്യുന്നു.
കേരളത്തിന്റെ ഭാവിപ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ, വേണ്ടത്ര മുൻധാരണയില്ലാതെ, വികസനത്തെക്കുറിച്ചുള്ള ഒരു തെറ്റായ സങ്കൽപം ലക്ഷം കോടികളുടെ ആവരണത്തോടെ സമകാലീനതയുടെ മുന്നിലേക്കു വരുമ്പോൾ കൃത്യമായ ഒരു നിലപാടെടുക്കാൻ നാം എല്ലാവരും ബാധ്യസ്ഥപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ തെക്കുനിന്ന് വടക്കു ഭാഗത്തേക്ക് ചുരുങ്ങിയ സമയത്തിലെത്തിച്ചേരാൻ കഴിയുന്ന ഒരു റെയിൽവേ പദ്ധതി എല്ലാ കേരളീയരെയും ഒരു വലിയ ചുഴിക്കകത്തേക്ക് താഴ്ത്തിയിരിക്കുകയാണ്. അനുദിനം ദുർബലമായിക്കൊണ്ടിരിക്കുന്ന കേരളീയ പരിസ്ഥിതിക്കു മുകളിൽ ഒട്ടും വിചിന്തനം കൂടാതെയാണ് ഈ കൂറ്റൻ പദ്ധതി അടിച്ചേൽപിച്ചിരിക്കുന്നത്. ഇനിയൊരു വൻ വികസനം താങ്ങാൻ കഴിയാത്തതാണ് കേരളത്തിന്റെ മണ്ണും വെള്ളവും വായുവുമെന്ന് വിദഗ്ധർ പറയുന്നു. അവിടെയാണ് പ്രകൃതിയെ ദയാരഹിതമായി ചൂഷണംചെയ്തുകൊണ്ടുള്ള ഒരു വലിയ പദ്ധതി വരുന്നത്.
എട്ടു മീറ്റർ ഉയരത്തിൽ 25 മീറ്റർ വീതിയിൽ 292 കിലോമീറ്റർ ദൈർഘ്യത്തിൽ കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് നീണ്ടുകിടക്കുന്ന ഒരു കരിങ്കൽഭിത്തി, അതു കഴിഞ്ഞ് തൂണുകളിലും തുരങ്കത്തിലുമുള്ള ഭൂഗർഭ പാതകൾ. ഇതാണ് പുതിയ റെയിൽ പദ്ധതിയുടെ രൂപരേഖ. കേരളത്തിന്റെ പ്രകൃതിയെ ഇത് അപ്പാടെ ഉഴുതുമറിക്കുമെന്ന് തീർച്ച. ഈ പാത കടന്നുപോകുന്നിടത്തെ ആയിരത്തിലധികം വീടുകൾ ഒഴിപ്പിക്കപ്പെടും. വാണിജ്യ സ്ഥാപനങ്ങൾ ഇല്ലാതാകും. പ്രതിഫലമായി വൻതുക കിട്ടുമെങ്കിൽപോലും സ്ഥലലഭ്യത കുറഞ്ഞ കേരളത്തിൽ മെച്ചപ്പെട്ട പുതിയൊരു പാർപ്പിടം കണ്ടെത്താൻ അനേകമായിരം പേർ കഷ്ടപ്പെടും (റെയിൽവേ നിയമമനുസരിച്ച് 25 മീറ്റർ വീതിയിൽ പാതക്ക് ഇരുവശത്തുമായി ഒരു നിർമാണപ്രവൃത്തിയും സാധ്യമാവില്ല.
സ്ഥലത്തിന്റെ ക്രയവിക്രയവും മുടങ്ങും). റെയിൽപാതയുടെ കരിങ്കൽഭിത്തിക്കിടയിൽ മണ്ണ് നിറക്കാൻ എത്രയോ കുന്നുകൾ ഇടിച്ചുനിരത്തേണ്ടിവരും. വിഴിഞ്ഞം തുറമുഖത്തിനുപോലും വേണ്ടത്ര പാറകൾ ഇപ്പോൾ കിട്ടുന്നില്ല. കേരളത്തിന്റെ പാറകളും കുന്നുകളും ഇടിച്ചുനിരത്തിയാൽപോലും ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാകുമോ എന്നു പറയാൻ കഴിയില്ല. ഇപ്പോൾ എല്ലാ വർഷവും ഉണ്ടാകാറുള്ള പ്രളയത്തിനു മുന്നിൽ, അടിപ്പാതകൾ ഉണ്ടെങ്കിൽപോലും ഇത്തരമൊരു നെടുങ്കൻ കരിങ്കൽഭിത്തി ഉയർത്തുന്ന ഭീഷണി വളരെ ഗൗരവമുള്ളതുതന്നെയാണ്.
പുതിയ റെയിൽവേ ലൈനിന്റെ നിർമാണച്ചെലവിനെക്കുറിച്ചും വ്യത്യസ്തമായ കണക്കുകളാണ് പുറത്തുവരുന്നത്. സംസ്ഥാന സർക്കാറിന്റെ അനുമാനത്തിൽ 63,400 ലക്ഷം കോടിയും നിതി ആയോഗിന്റെ വിലയിരുത്തലിൽ ഒന്നേകാൽലക്ഷം കോടിയുമാണ് കണക്കാക്കുന്നത്. ചിലപ്പോഴത് രണ്ടു ലക്ഷം കോടിയിലധികമാകാനിടയുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സങ്കൽപിക്കാൻപോലും കഴിയാത്ത ഒന്നാണിത്. എന്തുതന്നെയായാലും കേരളത്തിന്റെ ദുർബലമായ ശരീരത്തിന് ഒരിക്കലും താങ്ങാൻ കഴിയുന്ന ഒന്നല്ല ഇത്. വർഷന്തോറും കോടികൾ ബാധ്യത വരുത്തിവെക്കുന്ന ഒരു പദ്ധതികൊണ്ട് കേരളത്തിന് എന്തു മഹത്ത്വമാണ് ഉണ്ടാവുകയെന്ന് മനസ്സിലാക്കാനും കഴിയുന്നില്ല. കേരളത്തിലെ ദേശീയപാത വികസനവും നിലവിലുള്ള റെയിൽവേ ബ്രോഡ്ഗേജിന്റെ നവീകരണവും ഉടൻ പൂർത്തീകരിക്കാൻ പോകുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക നാശത്തിനും സാമ്പത്തികബാധ്യതക്കും വഴിവെക്കുന്ന ഈ പുത്തൻ പദ്ധതിയുടെ പ്രസക്തിയെന്ത് എന്ന് ഭരണാധികാരികൾ ഒരിക്കൽപോലും ചിന്തിക്കുന്നില്ല എന്നതാണ് ഖേദകരം. ജനാധിപത്യരീതിയിൽ വിശദീകരിക്കാനും തയാറാവുന്നില്ല.
സംസ്ഥാനത്ത് ആദ്യമായി ആവിഷ്കരിക്കുന്ന ഒരു പദ്ധതിയെക്കുറിച്ച് പ്രാഥമികമായി വേണ്ടത് പദ്ധതിയുടെ സാമ്പത്തിക-സാമൂഹിക-പരിസ്ഥിതി ആഘാത പഠനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ പദ്ധതിരേഖ (Detailed project report) ആണ്. എന്നാൽ, അതൊന്നും ഇവിടെ
ഇതുവരെ പുറത്തുവന്നിട്ടില്ല. എന്തിനേറെ, നിയമസഭയിൽപോലും ഈ പദ്ധതി ചർച്ചചെയ്തിട്ടില്ല. തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു സമീപനമാണിത്. ഏതാനും വ്യക്തികളുമായല്ല അധികാരികൾ ചർച്ച നടത്തേണ്ടത്. ജനാധിപത്യ പ്രക്രിയയിലൂടെ നടക്കുന്ന ചർച്ചകളിലൂടെ സുതാര്യമായ ഒരന്തരീക്ഷം ഉണ്ടായാൽ മാത്രമേ പദ്ധതിക്ക് വിശ്വസനീയത ലഭിക്കുകയുള്ളൂ. ഇവിടെ അത് നഷ്ടപ്പെട്ടിരിക്കുന്നു.
കേരളത്തിലെ ചിന്തിക്കുന്ന പൊതുസമൂഹം ഈ പദ്ധതിയെ എങ്ങനെ കാണുന്നുവെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സമൂഹത്തിന്റെ വിപൽസന്ധികളെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് തരാറുള്ളത് അവരാണ്. പറയേണ്ടതും അവരാണ്. എന്നാൽ, കേരളത്തെ ഗുരുതരമായി ബാധിച്ച ഈ പ്രശ്നത്തെ സംബന്ധിച്ച് അവർ പല തട്ടിലാണ്. തങ്ങളുടേതായ രാഷ്ട്രീയ പക്ഷപാതിത്വം മുൻനിർത്തി ചിലർ ഇതിനെ കണ്ണടച്ച് പിന്തുണക്കുമ്പോൾ, മറ്റു ചിലർക്ക് എതിർപ്പുണ്ടെങ്കിലും പ്രതികൂല നിലപാട് ഒരു കൂട്ട പ്രസ്താവനയിലൂടെ പ്രകടിപ്പിച്ച് ഒപ്പുവെച്ച് നിശ്ശബ്ദരായി മാറിനിൽക്കുന്നു. സ്വകാര്യ സംഭാഷണങ്ങളിൽ പുതിയ റെയിൽ പദ്ധതി വരുത്തിവെക്കുന്ന സർവനാശത്തെക്കുറിച്ച് അവർ വാചാലരാവും. എന്നാൽ, പൊതുമണ്ഡലത്തിൽ നിശ്ശബ്ദരാവുകയും ചെയ്യും. പുതിയ റെയിൽ പദ്ധതിയെക്കുറിച്ചുള്ള ജനകീയ മുന്നേറ്റങ്ങൾ പരാജയപ്പെടുമെന്ന് സൂചിപ്പിക്കുന്നതിനായി, ദേശീയപാതക്ക് സ്ഥലമേറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തിയ പ്രക്ഷോഭം പരാജയപ്പെട്ടതിനെ ചൂണ്ടിക്കാട്ടി ഒരു പ്രമുഖ കഥാകൃത്ത് സമൂഹമാധ്യമങ്ങളിൽ പ്രസ്താവന ഇറക്കുകയുണ്ടായി. അത് പരാജയപ്പെട്ടെങ്കിൽ അതിന്റെ ദുരന്തം നാം അനുഭവിക്കാൻ പോവുന്നതേ ഉള്ളൂ. പരാജയപ്പെട്ട ജനകീയ മുന്നേറ്റങ്ങളെക്കുറിച്ചോർക്കുമ്പോൾതന്നെ വിജയിച്ച ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ഓർമകളും നമുക്കുണ്ടായിരിക്കണം. പെരിങ്ങോം ആണവനിലയം, ആറന്മുള വിമാനത്താവളം, അതിരപ്പിള്ളി ജലവൈദ്യുതി നിലയം എന്നിവ സ്ഥാപിക്കുന്നതിനെതിരെയും പ്ലാച്ചിമടയിൽ ജലമൂറ്റുന്നതിനെതിരെയും ജനങ്ങളെ മുന്നിർത്തി പ്രക്ഷോഭം നടന്നു.
അവയൊക്കെ വിജയിക്കുകയും ചെയ്തു. ഇത്തരം പ്രക്ഷോഭങ്ങളിലൊക്കെ സാംസ്കാരികപക്ഷത്തുള്ളവർ രാഷ്ട്രീയം മറന്ന് ഒന്നിച്ചണിനിരക്കുകയുണ്ടായി. അങ്ങനെയാണ് വേണ്ടതും. സാംസ്കാരിക മണ്ഡലത്തിലുള്ളവർ ഒരു പൊതുപ്രസ്താവന കൊടുത്ത് മാറിനിൽക്കുകയോ തുറന്ന വേദികളിൽ മൗനം പാലിക്കുകയോ ആയിരുന്നില്ല. അപ്പോൾ സുഗതകുമാരി ടീച്ചർ, സുകുമാർ അഴീക്കോട്, എം.പി. വീരേന്ദ്രകുമാർ എന്നിവർ പ്രത്യക്ഷമായിതന്നെ പലതിന്റെയും പ്രക്ഷോഭരംഗത്തുണ്ടായിരുന്നു. ഒരുപക്ഷേ അന്നത്തേതിനേക്കാൾ ഭീകരമായ ഒരു തലത്തിലാണ് കേരളം ഇന്നെത്തിനിൽക്കുന്നത്. പാരിസ്ഥിതികമായി കേരളം തിരുത്താൻ കഴിയാത്ത ഒരവസ്ഥയിലേക്കു നീങ്ങുകയാണ്. സാമ്പത്തികനിലയും ഒട്ടും ഗുണകരമല്ല. കേരളത്തിന് അടിയന്തരമായി വേണ്ടത് എന്താണെന്ന ധാരണയില്ലായ്മയിൽനിന്നാണ് ഇത്തരം പദ്ധതികൾ പിറവിയെടുക്കുന്നത്. അതിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിൽ സാംസ്കാരികരംഗത്തുള്ളവർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. സുഗതകുമാരി ടീച്ചറുടെ തലമുറ അത് ഭംഗിയായി നിർവഹിച്ചിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തോ യുവകലാ സാഹിതിയോ മാത്രം അത് തുറന്നുപറഞ്ഞാൽ പോരാ. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള എല്ലാവരും മൗനം മറന്ന് വലിയ ഉച്ചത്തിൽ കാലത്തിന് മുന്നറിയിപ്പ് കൊടുത്തേ മതിയാവുകയുള്ളൂ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.