വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കി പകരം പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന ഏതാണ്ട് എല്ലാ മുസ്ലിം സംഘടനകളും സ്വാഗതം ചെയ്തിരിക്കുന്നു. അഞ്ചു വർഷത്തിലേറെയായി വിവാദത്തിലായ നിയമത്തിന് ഭേദഗതി വരുത്തുമ്പോൾ അതിന്റെ ഭാവി എന്താണ് എന്നുകൂടി പരിശോധിക്കേണ്ടത് അനിവാര്യമാണ്.
ഓർഡിനൻസ് പുറപ്പെടുവിക്കുമ്പോൾ വഖഫ് മന്ത്രിയായിരുന്ന ഡോ. കെ.ടി.ജലീൽ മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ 'വിലപേശൽ' രീതിയിൽ വ്യാഖ്യാനിച്ച് കുറിപ്പെഴുതിയിട്ടുണ്ട്. 50 രൂപയുടെ സാധനത്തിന് 100 രൂപ വിലയിടുന്നതുപോലെ റിക്രൂട്ട്മെന്റ് ബോർഡ് വരുന്നതിനുവേണ്ടി പി.എസ്.സിക്ക് വിടുമെന്ന് ഒരുമുഴം മുന്നിൽ എറിയുകയായിരുന്നുവെന്ന് ഡോ. ജലീൽ പറയുമ്പോൾ, ഇപ്പോൾ എടുത്ത തീരുമാനത്തിന് നിദാനമായത് മുസ്ലിം സംഘടനകളുമായുള്ള കൂടിക്കാഴ്ചയിൽ നിന്നുയർന്ന അഭിപ്രായങ്ങളുടെ സമവായ നിലപാടാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
കേരള ജനസംഖ്യയുടെ 28 ശതമാനത്തോളം വരുന്ന മുസ്ലിംകളുടെ വഖഫ് സ്വത്തുക്കളുടെ വരുമാനത്തില്‍നിന്ന് ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംവിധാനമാണ് വഖഫ് ബോർഡ്. ബോര്‍ഡിന് നൽകുന്ന ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിലോ ബോര്‍ഡില്‍നിന്ന് കടം വാങ്ങിയ തുക തിരിച്ചുകൊടുക്കുന്നതിലോ സര്‍ക്കാര്‍ ഒരു നിര്‍ബന്ധബുദ്ധിയും കാണിച്ചിട്ടില്ല. എന്നിരിക്കെ റിക്രൂട്ട്മെന്റിന് പുതിയ സംവിധാനം ആവിഷ്കരിക്കുമ്പോൾ അതിന്റെ ബാധ്യത സർക്കാർ തന്നെ ഏറ്റെടുക്കുക എന്ന ധാർമിക ഉത്തരവാദിത്തം നിർവഹിക്കപ്പെടണം.
വസ്തുതകൾ മറച്ചുവെക്കപ്പെടരുത്
നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ഡോ. കെ.ടി. ജലീൽ പറഞ്ഞതനുസരിച്ച് ഒരുമുഴം മുന്നിൽ ചാടിയെറിഞ്ഞതാണെങ്കിൽ അത് സമുദായത്തിന് വരുത്തിവെച്ച പരിക്ക് എത്രയായിരുന്നുവെന്ന് ഓർക്കണം. വിഷയം ഇത്ര വിവാദപരമാക്കി മാറ്റിയതിനുപിന്നിൽ വലിയ രാഷ്ട്രീയ താൽപര്യമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെട്ടാൽ അണിയറയിലെ ചില നീക്കങ്ങൾ അറിയുന്നവർ അത് തള്ളിക്കളയില്ല.
താല്‍ക്കാലിക നിയമനം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 130ല്‍പരം തസ്തികകളാണ് വഖഫ് ബോര്‍ഡ് എന്ന സംവിധാനത്തിലുള്ളത്. അവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാറല്ല. വഖഫ് ബോർഡാണ്. ഇക്കാര്യം പുറം ലോകമറിയാത്ത വിധത്തിലാണ് വിവാദം വളർത്തപ്പെട്ടത്. 1995ലെ കേന്ദ്ര വഖഫ് നിയമമനുസരിച്ച് സംസ്ഥാനങ്ങളിലെ വഖഫ് ബോർഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം വഖഫ് ബോർഡിൽ നിക്ഷിപ്തമാണ്. വഖഫ് റെഗുലേഷൻ അനുസരിച്ച് നിയമിക്കപ്പെടുന്നവർ മുസ്ലിംകളായിരിക്കണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.
മൻമോഹൻ സർക്കാറിന്റെ കാലത്ത് കേന്ദ്രം നിയോഗിച്ച ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലെ ജോയന്റ് പാർലമെന്ററി കമ്മിറ്റിയും രാജ്യസഭ ഡെപ്യൂട്ടി ചെയർമാനായിരുന്ന റഹ്മാൻഖാന്റെ നേതൃത്വത്തിലെ സംയുക്ത പാർലമെന്ററി സമിതിയും ഇന്ത്യയിലെ എല്ലാ സംസ്ഥാനവും സന്ദർശിച്ച്, കേരളം ഇന്ത്യയിലെ മറ്റ് വഖഫുകൾക്ക് മികച്ച റോൾമോഡലാണെന്ന് പാർലമെന്റ് മുമ്പാകെ റിപ്പോർട്ട് ചെയ്തിരുന്നു. റഹ്മാൻഖാൻ ചെയർമാനായ സമിതിയിൽ ഇന്നത്തെ വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ പാർലമെന്റ് അംഗം എന്ന നിലക്ക് അംഗവുമായിരുന്നു. 'വഖഫ് മാഫിയ' എന്ന തലക്കെട്ടിൽ ഔട്ട് ലുക്ക് മാഗസിൻ ഇന്ത്യയിലെ വഖഫ് സ്വത്തുക്കളെ സംബന്ധിച്ച് നടത്തിയ പഠനത്തിൽ കേരളത്തിലെ വഖഫുകൾ സുരക്ഷിതമാണെന്നും അതിന്റെ ക്രെഡിറ്റ് കേരള സംസ്ഥാന വഖഫ് ബോർഡിനാണെന്നും വിലയിരുത്തുകയുണ്ടായി. ഈ വസ്തുതകളെല്ലാം മറച്ചുപിടിക്കുന്നതും സംഘ്പരിവാർ സർക്കാറിന് മറ്റ് സംസ്ഥാനങ്ങളിൽ വഖഫ് സ്വത്തിന്മേൽ പിടിമുറുക്കാനും ഉപകരിക്കുന്ന വാദങ്ങളാണ് ഇവിടെ താൽക്കാലികമായ രാഷ്ട്രീയ നേട്ടത്തിനായി ചിലർ ഉയർത്തിക്കൊണ്ടുവന്നത്.
യഥാർഥത്തിൽ മുസ്ലിം ലീഗിനോടുള്ള വിരോധം തീര്‍ക്കാന്‍ വഖഫ് ബോര്‍ഡ് പോലുള്ള ഒരു വേദിയെ ദുരുപയോഗം ചെയ്യാനാണ് ഇടതുമുന്നണിയിൽ ചിലർ ശ്രമിച്ചത്. മുസ്ലിം ലീഗിനോട് രാഷ്ട്രീയ വിയോജിപ്പ് നമുക്ക് പ്രകടിപ്പിക്കാം. അത് വേറെ കാര്യമാണ്. 1990നുശേഷം വഖഫ് ബോര്‍ഡിന് 12 അധ്യക്ഷന്മാരുണ്ടായതില് അഞ്ചുപേര്‍ എല്‍.ഡി.എഫ് കാലത്ത് വന്നവരാണ്. ആറ് ദശകക്കാലത്തെ വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്ടെങ്കില്‍ അതില്‍ എല്‍.ഡി.എഫിനും പങ്കുണ്ട് എന്നെങ്കിലും മനസ്സിലാക്കണമായിരുന്നു. വഖഫ് സ്വത്ത് അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തനങ്ങളില്‍ അബദ്ധങ്ങളുണ്ടായിട്ടുണ്ടെങ്കില് വഖഫ് നിയമങ്ങള്‍ ഉപയോഗിച്ച് തിരിച്ചുപിടിക്കേണ്ടത് തിരിച്ചുപിടിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യാം. നാനാജാതി മതസ്ഥര്‍ക്കിടയില്‍ വഖഫ് ബോര്‍ഡിനെ വിലയിടിച്ചുകാണിക്കുന്ന തരത്തിലല്ല അത് നിർവഹിക്കപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.