രാഹുൽ ഗാന്ധി ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിലെ പൂജയിൽ

ജോഡോയാത്രയിൽ കോൺഗ്രസ് സ്വപ്നങ്ങൾ നെയ്യുമ്പോൾ

ഗാന്ധിസഹോദരങ്ങളുടെ ഭക്തിപ്രകടനങ്ങൾ അൽപം അമിതമായി ഫോക്കസ് ചെയ്യപ്പെടുന്നുവെന്നത് ശരിയാണ്. അവർ ഇരുവരും വിശ്വാസികളോ പരമ്പരാഗത ഭക്തരോ ആണെന്ന കാര്യം ആർക്കുമത്ര ബോധ്യപ്പെടുന്നില്ല. രണ്ടാളും വിനോദസഞ്ചാരികളെപ്പോലെ വന്ന് തീർഥക്കുളങ്ങളിൽമുങ്ങി ക്ഷേത്രങ്ങളിൽ കയറി പ്രാർഥിക്കുന്നു. ബി.ജെ.പിയുടെ വോട്ട് ധ്രുവീകരണത്തിന് കാരണമായേക്കുമെന്ന പേരിൽ മുസ്ലിം ഇടങ്ങളിൽനിന്ന് അകലംപാലിക്കുകയും ചെയ്യുന്നു

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ സാഷ്ടാംഗമനുഷ്ഠിക്കവെ നിർവൃതിയിൽ ലയിച്ചിരിക്കുകയായിരുന്നു രാഹുൽഗാന്ധിയെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. ഒരു യാഗത്തിന് തുല്യമായിരുന്നു ആ ചടങ്ങ്. പുരോഹിതർ അഗ്നികുണ്ഡത്തിന് ചുറ്റും ഇരുന്ന് നെയ്യ് ഹോമിച്ച് ഭക്തനായ രാഹുലിന് സർവൈശ്വര്യങ്ങളുമുണ്ടാവാൻ പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടു. 3,750 കി.മീ ദൈർഘ്യം വരുന്ന ഭാരത് ജോഡോയാത്രയുടെ ഒരു ഭാഗം പിന്നിട്ട രാഹുലിന് തന്റെ ശാരീരിക, ആത്മീയ ഊർജം വീണ്ടെടുക്കേണ്ടതുണ്ടാവും.

രാഹുൽ ഒരു ജനെ ഉദ്ധാരി ബ്രാഹ്മണൻ ആണെന്ന, അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് പോലും ഓർമയില്ലാത്ത പ്രഖ്യാപനം നടത്തിയ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ രൺദീപ് സിങ് സുർജേവാല തീർച്ചയായും കൂട്ടിക്കിഴിച്ച് വെച്ചിട്ടുണ്ടാവും നാളിതുവരെ രാഹുൽ ആർജിച്ചു കഴിഞ്ഞ പുണ്യത്തിന്റെ കണക്ക്. 2024ൽ ബി.ജെ.പിയെ മറിച്ചിടാനുള്ള ബ്രഹ്മാസ്ത്രമാണല്ലോ അത്.

ഗാന്ധിസഹോദരങ്ങളുടെ ഭക്തിപ്രകടനങ്ങൾ അൽപം അമിതമായി ഫോക്കസ് ചെയ്യപ്പെടുന്നുവെന്നത് ശരിയാണ്. അവർ ഇരുവരും വിശ്വാസികളോ പരമ്പരാഗത ഭക്തരോ ആണെന്ന കാര്യം ആർക്കുമത്ര ബോധ്യപ്പെടുന്നില്ല. രണ്ടാളും വിനോദസഞ്ചാരികളെപ്പോലെ വന്ന് തീർഥക്കുളങ്ങളിൽ മുങ്ങി ക്ഷേത്രങ്ങളിൽ കയറി പ്രാർഥിക്കുന്നു. ബി.ജെ.പിയുടെ വോട്ട് ധ്രുവീകരണത്തിന് കാരണമായേക്കുമെന്ന പേരിൽ മുസ്ലിം ഇടങ്ങളിൽനിന്ന് അകലം പാലിക്കുകയും ചെയ്യുന്നു.

2017ലെ പ്രചാരണ സമാപനവേളയിൽ അഹ്മദാബാദിലെ നക്ഷത്രഹോട്ടലിൽ കോൺഗ്രസ് ഒരു വാർത്തസമ്മേളനം നടത്തി. ചാനൽ മൈക്കുകൾക്ക് അഭിമുഖമായി രാഹുൽ ഇരിക്കുന്നു, തൊട്ടരികിലായി അശോക് ഗെഹ്‌ലോട്ടും രൺദീപ് സിങ് സുർജേവാലയും രാജീവ് ശുക്ലയും മറ്റ് നിരവധി ആളുകളും. 'അഹ്മദ് പട്ടേൽ എവിടെ? ഞാൻ ചോദിച്ചു. ഒരു കോൺഗ്രസ് വളന്റിയർ താഴ്ന്ന് വളഞ്ഞ് അരികിൽ വന്ന് പറഞ്ഞു- "അദ്ദേഹം ഹോട്ടലിലുണ്ട്, ശ്ശ്,അതൊരു രഹസ്യമാണ്' ബി.ജെ.പി ധ്രുവീകരിക്കാതിരിക്കാൻ ഗുജറാത്തിലെ ഏറ്റവും അംഗീകാരമുള്ള കോൺഗ്രസ് നേതാവിനെ അവർ കാഴ്ചയിൽ നിന്ന് മറച്ചുവെച്ചു. ഇത്തരം ധിക്കാരപരമായ തന്ത്രങ്ങളുടെ ദൃഢതയാണ് ഇത്തവണ പരീക്ഷിക്കപ്പെടുക.

കാവിവായു ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യാത്ത ഒരു പാർട്ടിക്കും നിലനിൽക്കാനാവാത്ത വിധം അന്തരീക്ഷം ഇത്രമാത്രം കാവിമയമാക്കിയതിനുള്ള ക്രെഡിറ്റ് നരേന്ദ്ര മോദിക്ക് തന്നെ നൽകണം. എന്നുവെച്ച് മോദിയുടെ വരവിന് മുമ്പ് ഇവിടെ കാവി മയം കുറവായിരുന്നുവെന്നൊന്നും അർഥമില്ല, നല്ല അളവിൽ തന്നെ ഉണ്ടായിരുന്നു.

ഓർമക്കേട് മാറ്റിവെച്ചാൽ നാല് തവണ കോൺഗ്രസ് പ്രസിഡന്റും പിന്നീട് ഹിന്ദു മഹാസഭ സ്ഥാപകനുമായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ രൂപം തെളിഞ്ഞുവരും. വിനായക് ദാമോദർ സവർക്കർ, ഈ സംഘത്തിന് വെളിച്ചമേകി, ഹിന്ദുത്വയെ വികസിപ്പിച്ചെടുത്തു. പിന്നെയൊരു ഘട്ടത്തിൽ മോദി അത് മുന്നോട്ടുള്ള വഴിയായി തിരഞ്ഞെടുത്തു. അങ്ങനെ പലരുമുണ്ടായിരുന്നു. എങ്കിലും ഹിന്ദുത്വത്തിന്റെ ചരിത്രത്തിൽ മോദിയുടെ പേര് കടുത്ത അക്ഷരത്തിൽ എഴുതപ്പെടുമെന്ന് മാത്രം.

പാർലമെന്റിലെ തന്റെ കന്നി പ്രസംഗത്തിൽ 1200 കൊല്ലത്തെ അധീശത്വത്തിൽ നിന്ന് നമുക്ക് പുറത്തുവരണം എന്ന് മോദി പ്രസംഗിച്ചു. കോൺഗ്രസിന്റെ ചിന്ത അതിൽ വിന്ന് വ്യത്യസ്തമാണോ എന്ന് വ്യക്തമല്ല, എന്തുകൊണ്ടെന്നാൽ, ഒരു കോൺഗ്രസ് എം.പി പോലും ഇതിനെതിരെ സഭയിൽ ശക്തമായി തിരിച്ചടിച്ചിട്ടില്ല.

ആം ആദ്മി പാർട്ടിക്കും കാവിയുടെ കീഴിലാണ് തെരഞ്ഞെടുപ്പ് കളി കളിക്കേണ്ടത്, എന്നാൽ അവരുടെ വർഗബോധം ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇരുപാർട്ടികളും ഹിന്ദു ഭരണവർഗത്തെ പ്രതിനിധീകരിക്കുന്നു, ഒന്ന് അധികാരത്തിലും മറ്റൊന്ന് അതിന്റെ വിശ്വസ്ത പ്രതിപക്ഷവുമാണ്. ഇരുവരും പരസ്പരം എതിർക്കുന്നതിനേക്കാൾ ആം ആദ്മി പാർട്ടിയെ വെറുക്കുന്നു.

അണ്ണാ ഹസാരെയും ബാബാ രാംദേവും ആമിർഖാനും ഒരുമിച്ച് നിന്ന രാംലീല മൈതാനത്ത് നിന്ന് പിറവിയെടുത്ത ആം ആദ്മി പാർട്ടിയുടെ ഉത്ഭവം തന്നെ സംശയാസ്പദമാണ്. പക്ഷേ, അവർ 2015ലെ ഡൽഹി തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും നേടി സകലരെയും അത്ഭുതപരതന്ത്രരാക്കിക്കളഞ്ഞു.

ഹിന്ദി ബെൽറ്റിലെ രാഷ്ട്രീയപാർട്ടികൾ പാവപ്പെട്ടവരെ സമീപിക്കാൻ ജാതിയെ ഉപകരണമാക്കുന്നു. ആം ആദ്മി മറ്റൊരു വഴിയിലൂടെ മുന്നോട്ട് പോകുന്നു: നല്ല സർക്കാർ സ്‌കൂളുകൾ, അയൽപക്ക ക്ലിനിക്കുകൾ, സൗജന്യമായി വെള്ളം, വൈദ്യുതി എന്നിവ ആവശ്യമുള്ള വർഗങ്ങളെ അത് സമീപിക്കുന്നു. ഈ പ്രക്രിയയിൽ അവ താഴ്ന്ന ജാതിക്കാരെ കൂടി പാട്ടിലാക്കുന്നുവെങ്കിൽ, ഇന്ത്യയിൽ ജാതിയും വർഗവും പലപ്പോഴും പരസ്പരബന്ധിതമാണെന്ന ലോഹ്യ വചനത്തിന്റെ സാക്ഷ്യപ്പെടുത്തലാണത്.

ആപ്പിന്റെ മതനയവും സമർപ്പണ ബുദ്ധിയോടെയുള്ളതല്ല. രാമനെപ്പോലുള്ള പ്രതിരൂപങ്ങളെ കുത്തകയാക്കിവെക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള തന്ത്രമാണ് ആപ്പിനെ സംബന്ധിച്ചിടത്തോളം ഹിന്ദുമതം. 'നിങ്ങൾ രാമക്ഷേത്രം പണിയൂ; ഞങ്ങൾ ഭക്തർക്ക് രാമദർശനമൊരുക്കാം' എന്ന മട്ടിലെ തന്ത്രങ്ങളെല്ലാം അങ്ങനെ രൂപപ്പെട്ടതാണ്. അതുവഴി അവർ ഹിന്ദു കാർഡിനെ പ്രോത്സാഹിപ്പിക്കുകയല്ല; ബി.ജെ.പിയുടെ കുത്തകയെ ദുർബലപ്പെടുത്തുകയാണ്. ഇത് ബി.ജെ.പിയെ ഭ്രാന്ത് പിടിപ്പിക്കുന്നതിൽ അതിശയിക്കാനില്ല.

അവർ എല്ലാ ആയുധങ്ങളും ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ചുമലിൽ വെച്ചുകൊടുത്ത് ആപ്പിന്റെ കഥകഴിക്കാൻ അക്ഷീണം പണിപ്പെടുന്നു. ഗുജറാത്ത്, ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഫലങ്ങൾ ഭാവി രാഷ്ട്രീയത്തെ ഒരു പരിധിവരെ നിർണയിച്ചേക്കും. ഭാരത് ജോഡോയാത്ര, ക്ഷേത്രദർശനങ്ങൾ, പുണ്യാഹത്തിൽ മുങ്ങിക്കുളി എന്നിവ നടത്തുന്നുവെന്നല്ലാതെ എന്തുകൊണ്ടാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്ന് ബി.ജെ.പിക്കെതിരെ ശക്തമായ ഒരു ചെറുത്തു നിൽപ്പ് ഉയർന്നുവരാത്തത്?

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ ശക്തി കാണിച്ചാൽ സകല പ്രാദേശിക പാർട്ടികളും 2024 ന്റെ തയാറെടുപ്പിനായി വിലകുറഞ്ഞ വിലപേശലുകൾക്കായി അവർക്കരികിൽ ഓടിയെത്തിയേനെ. പക്ഷേ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ പാർട്ടി കാര്യമായെടുക്കുന്നില്ല എന്ന നിലപാടാവും കോൺഗ്രസ് സ്വീകരിക്കാൻ സാധ്യത.

പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ ഇനിയും നിൽപ്പുറപ്പിച്ചിട്ടില്ല.രാഹുൽ ഫാൻസുകാർ വലിയ പ്രതീക്ഷയിലാണ്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ജമ്മു-കശ്മീരിൽ സമാപിക്കാനിരിക്കുന്ന ഭാരത് ജോഡോയാത്ര അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് അവർ കരുതുന്നു. പക്ഷേ, അത്രയൊക്കെ പ്രതീക്ഷവെക്കാൻ കഴിയുമോ?

Tags:    
News Summary - When Congress weaves dreams in Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.