വായനയിലൂടെ വാതായനങ്ങൾ തള്ളിത്തുറന്ന് പ്രകാശത്തിലേക്ക് സഞ്ചരിച്ച ദേവകി നിലയങ്ങോട് ഇനി ധീരമധുരമായ ഒരു അക്ഷരഓർമ. സമുദായ പരിഷ്കരണ പ്രവർത്തനങ്ങളിലെ സജീവമായ ഇടപെടലുകളും കഴിഞ്ഞ് 75ാം വയസ്സിൽ പേരക്കുട്ടി തഥാഗതന്റെ പ്രേരണയിലാണ് എഴുത്ത് തുടങ്ങിയതെങ്കിലും അക്കാലമത്രയും കാത്തുവെച്ച ഊർജമുണ്ടായിരുന്നു ഓരോ വാക്കിലും. നമ്പൂതിരി സമുദായത്തിന്റെ മാത്രമല്ല, അരനൂറ്റാണ്ടുമുമ്പുള്ള മലയാളിസമൂഹത്തിന്റെ ജീവിതരീതിയെക്കുറിച്ച് അവർ സരസമായി എഴുതി. മനസ്സിന്റെ അടിത്തട്ടില്‍ ഏറെക്കാലമായുള്ള നീറ്റലുകള്‍ക്ക് അക്ഷരങ്ങളിലൂടെ ജീവന് നല്‍കുകയാണ് ഏക ഉദ്ദേശ്യമെന്ന് അന്നേ പറഞ്ഞിരുന്നു. അത് മറ്റുള്ളവര്‍ വായിച്ചു എന്നതുതന്നെ വലിയ അംഗീകാരമായി കരുതി സന്തോഷിച്ചു.
പുരോഗമന ചിന്താഗതി പുലർത്തിയിരുന്ന നിലയങ്ങോട് ഇല്ലത്തേക്കാണ് 1942ല്‍ ദേവകിയെ വേളി കഴിച്ച് കൊണ്ടുപോയത്. നവവധുവിനെ ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടുപോകുന്ന കുടിവെപ്പിന് അകമ്പടി ‘ഇന്‍ക്വിലാബ്’ വിളിയായിരുന്നു. ബഹളം എന്താണെന്ന് മനസ്സിലാക്കാനാകാതെ ഞെട്ടിവിറച്ച് നിന്ന ഒരുപെണ്കുട്ടിയെക്കുറിച്ച് അവർ പിന്നീട് എഴുതി. നിലയങ്ങോട് എത്തിയ ശേഷം പുറംലോകവുമായി ഇടപെടാനുള്ള അവസരങ്ങളുണ്ടായി. ധാരാളം പുസ്തകങ്ങളും മാസികകളും വായനക്കായി ലഭിച്ചു. യോഗക്ഷേമ സഭ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആര്യ അന്തര്‍ജനം, പാര്‍വതി നിലയങ്ങോട്, പാര്‍വതി നെന്മിനിമംഗലം തുടങ്ങിയവരോടൊത്ത് ഇടപഴകി.
1945ല്‍ പ്രസിദ്ധമായ ഓങ്ങല്ലൂര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ സമ്മേളനത്തിലാണ് ഇ.എം.എസ് ‘നമ്പൂതിരിയെ മനുഷ്യനാക്കണം’ പ്രഖ്യാപനം നടത്തുന്നത്. അന്തര്‍ജനസമാജം രൂപവത്കരിക്കപ്പെട്ടപ്പോൾ സജീവ പ്രവർത്തകയായി. വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുടെ ആവശ്യം സ്ത്രീകളെ പറഞ്ഞുമനസ്സിലാക്കുകയെന്ന ദൗത്യത്തിൽ പാര്‍വതി നെന്മിനിമംഗലം, ആര്യ പള്ളം എന്നിവരോടൊപ്പം പ്രധാന പങ്കുവഹിച്ചു. ഒറ്റപ്പാലം സമ്മേളനത്തില്‍ ദേവകി നിലയങ്ങോട് സെക്രട്ടറിയായി. കേരളത്തിന്റെ ചില ഭാഗങ്ങളിലെ ഇല്ലങ്ങളില്‍ കയറിയിറങ്ങിയുള്ള ബോധവത്കരണ യാത്രയായിരുന്നു ആ കാലത്ത് ഇവര്‍ നടത്തിയ ശ്രദ്ധേയമായ പരിപാടി. സമുദായത്തിലെ പരിഷ്കരണവാദികൾ ആഗ്രഹിച്ചതരം അന്തരീക്ഷം വന്നുവെന്ന വിശ്വാസത്തിൽ 1950നുശേഷം യോഗക്ഷേമ സഭ പ്രവര്‍ത്തനം ഏതാണ്ട് ഇല്ലാതായി.
ജീവിതത്തിൽ ഒരിക്കലും നഷ്ടബോധമില്ലെന്ന് പറഞ്ഞുവെച്ച അവർ ആദ്യത്തെ പുസ്തകത്തിന് ‘നഷ്ടബോധങ്ങളില്ലാതെ’ എന്നാണ് പേര് നല്‍കിയത്. പക്ഷേ, ഈ വിടവാങ്ങൽ മലയാളത്തിനും കേരളത്തിന്റെ സാമൂഹിക ചരിത്ര ശാഖക്കും നികത്താനാവാത്ത, തീരാനഷ്ടംതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.