ഈ കുറിപ്പ് എഴുതാനിരുന്നത് മാർച്ച് എട്ടാം തീയതിയാണ്. അന്താരാഷ്ട്ര മഹിളാദിനം എന്ന പ്രത്യേകത ഓർമയില്ലാഞ്ഞിട്ടല്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഈ ദിനത്തിനിപ്പോൾ കാര്യമായ പ്രാധാന്യമില്ല, രാഷ്ട്രീയ-അവസരവാദികൾ അതിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു.സ്ത്രീകളുടെ സ്വാതന്ത്ര്യം ലംഘിക്കപ്പെടുകയും പ്രാഥമികമായ അവകാശങ്ങൾക്കുനേരെപ്പോലും കൈയേറ്റങ്ങൾ നടക്കുകയും ചെയ്യുന്ന വേളയിൽ വനിതദിനം ‘ആഘോഷിക്കുന്ന’ കാര്യം ചിന്തിക്കാൻതന്നെ സാധിക്കുന്നില്ല.
സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ കുറ്റത്തിന് കോടതി ശിക്ഷവിധിച്ച കുറ്റവാളികളെ നിരുപാധികം വിട്ടയക്കുകയും ജയിലിൽനിന്ന് വീരന്മാരെപ്പോലെ സ്വീകരിച്ചാനയിക്കുന്നതും നിങ്ങളും ഞാനും കണ്ടതല്ലേ. ഓർമക്കേട് നടിക്കുന്നവരോട് പറയട്ടെ, ബിൽക്കീസ് ബാനുവിന്റെ ദുരന്തത്തെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്. അവരെ ബലാത്സംഗത്തിനിരയാക്കുകയും മകളെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുകയും ചെയ്ത അതിക്രമകാരികൾ ആഘോഷിക്കപ്പെടുന്നു, അവർ മഹാപുരുഷന്മാരെപ്പോലെ ചുറ്റിയടിച്ചുനടക്കുമ്പോൾ ബിൽക്കീസും കുടുംബത്തിൽ അവശേഷിപ്പുള്ള ബന്ധുക്കളും നടുക്കത്തോടെ, കടുത്ത ഭയാശങ്കയോടെ ഓരോ ദിവസവും തള്ളിനീക്കുകയാണ്.
ബിൽക്കീസിന്റെ അവസ്ഥ ഒരു ഉദാഹരണം മാത്രമാണ്. നമ്മൾ വേദികളായ വേദികളിൽ സ്ത്രീമുന്നേറ്റത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുമ്പോൾ ഇതുപോലെ നൂറുകണക്കിന് സ്ത്രീകൾ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെട്ട് നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ഇതേതെങ്കിലും ഉൾനാടൻ ഗ്രാമങ്ങളിലെ കാര്യമല്ല പറയുന്നത്. സ്മാർട്ട്സിറ്റികൾ എന്നു വിളിക്കപ്പെടുന്ന പളപളപ്പുള്ള നഗരങ്ങളിൽപോലും നേരമിരുട്ടിയാൽ പീഡിപ്പിക്കപ്പെടുമെന്ന ഭയമില്ലാതെ തനിച്ചൊരു സ്ത്രീക്ക് പുറത്തിറങ്ങി നടക്കൽതന്നെ ദുഷ്കരമാവുന്നുണ്ട് പലപ്പോഴും.
വീടകങ്ങളിൽ നടക്കുന്നതിനെക്കുറിച്ചുകൂടി ഇവിടെ എഴുതാൻ നിൽക്കുന്നില്ല. ദിനാഘോഷവും പ്രസംഗങ്ങളുമൊക്കെ നടത്തിക്കൊള്ളുക, പക്ഷേ, സ്ത്രീകളോട് നന്മയിൽ വർത്തിക്കുന്നതിൽ, നീതി ഉറപ്പാക്കുന്നതിൽ, അതിക്രമങ്ങളെ ചെറുക്കുന്നതിൽ നമ്മൾ എന്തു ചെയ്യുന്നു എന്നുകൂടി ഒന്നാലോചിക്കേണ്ടതുണ്ട്.
‘കസ്തൂർബ ഗാന്ധി: എ ബയോഫിക്ഷൻ’ എന്ന പുസ്തകം (ഗിരിരാജ് കിഷോർ ഹിന്ദിയിൽ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിയോഗി ബുക്സാണ് പുറത്തിറക്കിയത്) വീണ്ടും വായിക്കുകയായിരുന്നു. ഒറ്റയിരിപ്പിന് വായിക്കാവുന്ന ഈ പുസ്തകം കസ്തൂർബയുടെയും ഭർത്താവ് മഹാത്മാ ഗാന്ധിയുടെയും ജീവിതത്തിൽനിന്നും കാലഘട്ടത്തിൽനിന്നുമുള്ള സുപ്രധാന വസ്തുതകളും സംഭവങ്ങളും വിദഗ്ധമായി നെയ്തുണ്ടാക്കിയതാണ്.
കസ്തൂർബ ഗാന്ധിയുടെ സാങ്കൽപിക ജീവചരിത്രം എന്ന മട്ടിലാണ് ഈ പുസ്തകം വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും സ്കൂൾ-കോളജ് തലങ്ങളിലെ വിദ്യാർഥികൾക്കിടയിൽ അവതരിപ്പിക്കപ്പെടേണ്ട ഒരു ചരിത്രനോവലായാണ് ഞാനതിനെ കാണുന്നത്. ഗാന്ധിജിയുടെ ജീവിതത്തിൽ മാത്രമല്ല, അത്യന്തം സങ്കീർണമായ ഒരു രാഷ്ട്രീയ കാലഘട്ടത്തിൽ അവർ നടത്തിയ പ്രയത്നങ്ങൾ കൂടുതൽ അറിയപ്പെടേണ്ടതുതന്നെയാണ്. ഗാന്ധിജിയുടെ നിഴലായി മാത്രമാവും ബാ എന്നു വിളിക്കപ്പെട്ടിരുന്ന കസ്തൂർബയെ നമ്മൾ അറിയുന്നത്. എന്നാൽ, രാഷ്ട്രീയത്തിലും ജീവിതത്തിലും പോരാളിയായിരുന്ന അവർ വിദേശ മണ്ണിൽ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി അറസ്റ്റ് വരിച്ച ആദ്യ ഇന്ത്യൻ വനിതയാണ്.
ഗാന്ധിജിയുടെ എല്ലാ പോരാട്ടങ്ങളിലും ഇടറാതെ, പതറാതെ ഒപ്പം നിന്ന പങ്കാളിയും സഹകാരിയുമായിരുന്നു അവർ.ഒരുപാട് ഹൃദയസ്പർശിയായ സംഭവങ്ങൾ വിവരിക്കുന്ന പുസ്തകത്തിലെ അവസാന അധ്യായത്തിലെ ഒരു ഭാഗം എടുത്തെഴുതട്ടെ.ആഗാഖാൻ പാലസിലെ ജയിലിൽ കഴിയവെയാണ് കസ്തൂർബയുടെ മരണം. ‘‘ഫെബ്രുവരി 23ന് അവരുടെ ഭൗതിക ദേഹം പൊതുദർശനത്തിനു വെച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമായി 150 പേരോളമാണ് എത്തിയത്.
ഹിന്ദുക്കളും മുസ്ലിംകളും പാർസികളും രാഷ്ട്രീയക്കാരും ബ്രിട്ടീഷുകാരുമുൾപ്പെടെ എല്ലാ വിഭാഗങ്ങളിൽനിന്നും ആളുകൾ വരാൻ തുടങ്ങി. മകൻ രാംദാസ് എത്തുമ്പോൾ ചിത കത്തിക്കൊണ്ടിരിക്കുകയായിരുന്നു. പിതാവിനെ വന്ദിച്ച് കാലുകൾ പിണച്ചുവെച്ച് തറയിലിരുന്നു. രാംദാസിനും മറ്റൊരു മകനായ ദേവദാസിനും ആ രാത്രി അവിടെ തങ്ങാൻ അനുമതിയുണ്ടായിരുന്നു.ഈറനണിഞ്ഞ കണ്ണുകളുമായി അരികിലിരുന്ന മക്കളുടെ തോളിൽ കൈവെച്ച് ബാപ്പു പറഞ്ഞു: ഞങ്ങളുടേത് 62 വർഷം നീണ്ട പങ്കാളിത്തമായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ഒരുമിച്ച് മടങ്ങാനായെങ്കിലെന്നാണ് ഞാൻ ഇടക്കിടെ ചിന്തിച്ചിരുന്നത്.
പക്ഷേ, മരണം എല്ലാം രഹസ്യമാക്കിവെക്കുകയും ഓരോരുത്തരെയായി വേർപെടുത്തിക്കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. ഒരുമിച്ചുകൊണ്ടുപോകാനാവില്ലെങ്കിൽ ആദ്യം കസ്തൂറിനെ കൊണ്ടുപൊയ്ക്കോളൂ എന്നും ഞാൻ പ്രാർഥിച്ചിരുന്നു. ഞാൻ എങ്ങനെയെങ്കിലും വേർപാടിനെ മറികടന്നേക്കും, പക്ഷേ എന്നെപ്പോലെയുള്ള ഒരാളുടെ കൂടെ ഇത്രകാലം ജീവിച്ചശേഷം അവർ ഒറ്റക്ക് എങ്ങനെ ജീവിക്കും...? അധ്വാനം നമ്മെ ക്ഷീണിപ്പിക്കുകയാണ് ചെയ്യുക, പക്ഷേ വേർപിരിയലിന്റെ സങ്കടം നിങ്ങളെ മരണതുല്യമായ അവസ്ഥയിലെത്തിക്കും.’’
കസ്തൂർബ ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല. നമ്മുടെ ചരിത്രത്തിലെ പല സുപ്രധാന വ്യക്തികളുടെ ജീവിതത്തിലും പ്രവർത്തനങ്ങളിലും അവരുടെ ഇണകൾ വഹിച്ച പങ്ക് വിസ്മയകരവും അവിസ്മരണീയവുമാണ്. മുഗൾ ചക്രവർത്തി ജഹാംഗീറിനെക്കുറിച്ചുള്ള ആൻ ഇന്റിമേറ്റ് പോർട്രേറ്റ് ഓഫ് എ ഗ്രേറ്റ് മുഗൾ ജഹാംഗീർ (പ്രസാധകർ ജഗ്ഗർനാട്ട്) എന്ന പുസ്തകത്തിൽ പാർവതി ശർമ എഴുതുന്നു: ‘‘താൻ കാലമത്രയും ആശിച്ചുമോഹിച്ചിരുന്ന അധികാരങ്ങൾ മുഴുവൻ ജഹാംഗീർ ഭാര്യയിൽ മയങ്ങി വിട്ടു കൊടുത്തതാകുമോ, അതോ അധികാരം പങ്കിടുന്നത് അത്രമാത്രം സുഖകരവും പ്രയോജനകരവുമായ ഭരണനൈപുണ്യം നൂർജഹാനുണ്ടായിരുന്നതുകൊണ്ടാണോ? കാരണം എന്തെന്ന് വ്യക്തമല്ല. ഒരുപക്ഷേ, പഴക്കമേറിയ വിശ്വസ്ത സുഹൃത്തുക്കളെ കൂടുതലായി നഷ്ടപ്പെടുന്ന ഘട്ടം വന്നപ്പോൾ അവശേഷിച്ചയാളിൽ അദ്ദേഹം കൂടുതൽ ആശ്രയിച്ചതുമാവാം. എന്തായാലും അക്കാലത്തെ നൂർജഹാന്റെ സ്വാധീനം അനിഷേധ്യമാണ്.’’
ഒരു മഹാപുരുഷന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള പുസ്തകത്തെക്കുറിച്ചുകൂടി അൽപമെഴുതാം. യശോധര: എ നോവൽ എബൗട്ട് ദ ബുദ്ധാസ് വൈഫ് (പ്രസാധനം: സ്പീകിങ് ടൈഗർ) എന്ന പുസ്തകം ബുദ്ധപത്നി കടന്നുപോയ വൈകാരിക വേദനകളെക്കുറിച്ചാണ്. ഒരു അഭിമുഖത്തിൽ പുസ്തകം രചിച്ച വനേസ ആ സാസൺ രചനാപശ്ചാത്തലം പങ്കുവെക്കുന്നുണ്ട്. ‘‘അവരുടെ വേദന എനിക്കനുഭവപ്പെട്ടു, ചില ഘട്ടങ്ങളിൽ ഞാനതിലേക്ക് വഴുതിവീഴുന്നതുപോലെ തോന്നിയിരുന്നു.
പിന്നെ കാലം കടന്നുപോകുന്നതോടെ അവരുടെ വേദന മാത്രമല്ല, ജീവിതസങ്കീർണതയുടെ വേദനയും ഞാൻ മനസ്സിലാക്കാൻ തുടങ്ങി. വേദനയുടെ കഥ അവരിൽ മാത്രമായി ഒതുങ്ങുന്നില്ല. വീടുവിട്ടുപോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം രാജ്യം, രാജാവ്, കുതിര, തേരാളി, മന്ത്രിമാർ... എന്നിങ്ങനെ സകലരുടെയും ഹൃദയം തകർത്തിരുന്നു. ആകയാൽത്തന്നെ അത് അദ്ദേഹത്തിന്റെ ഹൃദയത്തെയും തകർത്തിരിക്കാം.സാധ്യമായ ഏറ്റവും സ്നേഹനിധിയായ കൂട്ടുകാരിക്കൊപ്പം ഏറ്റവും മികച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്, അവരെ ഉപേക്ഷിച്ചുപോയത് എത്രമാത്രം വേദനജനകമായിരുന്നോ അത്രമാത്രം വേദനജനകമായിരിക്കും അയാൾ വിട്ടുപോയത്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.