ഈ വർഷത്തെ പരിസ്ഥിതിദിനം നാം ആചരിക്കുന്നത് പ്രകൃതിയുടെ പ്രാധാന്യം അടുത്തറിഞ്ഞുതന്നെയാണ്. പരിസ്ഥിതിദിനത്തിെൻറ ഹാഷ് ടാഗുകൾ ഇടുന്നതോ ഒരു മരം നടുന്നതോ ഒന്നിച്ചിരുന്ന് ചില പ്രതിജ്ഞകൾ നടത്തുന്നതോ ആയ പതിവു വിട്ട് ചിന്തകൾ പ്രവൃത്തിപഥത്തിലെത്തിച്ചില്ലെങ്കിൽ ഇനി ഭൂമിയിൽ അധികകാലം സുഖമായി കഴിയാനാവില്ല എന്ന സത്യം നമുക്ക് ഉൾക്കൊള്ളേണ്ടിവരും. ഇത്തവണ പരിസ്ഥിതിദിനത്തിെൻറ മുദ്രാവാക്യം തന്നെ 'പ്രകൃതിക്കായി ഇത്തിരിനേരം' (Time for Nature) എന്നാണല്ലോ. എങ്ങനെ, എന്തിനാണ് നാം പ്രകൃതിക്കായി സമയം മാറ്റിവെക്കേണ്ടത്? അതുകൊണ്ട് പ്രകൃതിക്ക് എന്താണ് ഗുണം?
രണ്ടുദിവസം മുമ്പ് ഗർഭിണിയായ ഒരു ആന പുഴയിൽ ചെരിഞ്ഞ വാർത്ത മറ്റേതൊരു ജീവിയുടെ മരണം പോലെയല്ല നാട് ഏറ്റെടുത്തത്. ആ ആന പ്രായമേറിയോ രോഗം വന്നോ െചരിഞ്ഞതല്ല. മനുഷ്യെൻറ കൊല തന്നെ ആയിരുന്നു അത്. പൈനാപ്പിളിൽ പടക്കംെവച്ചതറിയാതെ ആന അതെടുത്തു കഴിക്കുകയും വായിൽ െവച്ച് അത് പൊട്ടി പരിക്കേൽക്കുകയും ചെയ്തു. ആഹാരം കഴിക്കാനാവാതെ ഏറെ താമസിയാതെ അത് െചരിയുകയും ചെയ്തു. ഏതു ജീവിയെയും പോലെ അതിനും ഇരതേടാൻ അവകാശമുണ്ടായിരുന്നു. മറ്റേതു ജീവിയെയും പോലെ അതിെൻറ വയറ്റിലെ കുഞ്ഞുജീവനും ഈ ഭൂമിയിൽ പിറക്കാൻ അവകാശം ഉണ്ടായിരുന്നു. അതിനെ ഹനിക്കാൻ മനുഷ്യന് എന്ത് അവകാശം? ഭൂമി മുഴുവൻ കാൽച്ചുവട്ടിൽ കൊണ്ടുവരണമെന്നും മറ്റെല്ലാ ജീവികളും ഭക്ഷണത്തിനും വിനോദത്തിനും മാത്രമാണെന്നുമുള്ള ധാർഷ്ട്യം മനുഷ്യനെ വലിയ വിപത്തിലേക്കാണ് കൊണ്ടെത്തിക്കാൻ പോകുന്നത്.
നമുക്ക് ജീവിക്കാൻ സർവസ്വവും നൽകുന്ന പ്രകൃതിക്ക് നാം എന്താണ് തിരിച്ചു നൽകുന്നത്? അഭയം നൽകുന്ന വീടിനെ നാം വൃത്തിയായി പരിപാലിക്കുന്നു. നാണം മറയ്ക്കാൻ സഹായിക്കുന്ന വസ്ത്രങ്ങൾ കഴുകി വൃത്തിയായി സൂക്ഷിക്കുന്നു. എന്നാൽ, ജീവിക്കാൻ എല്ലാം നൽകുന്ന പ്രകൃതിയെ എന്താണ് മറന്നുപോകുന്നത്? വീടും വസ്ത്രവും ഒക്കെ നമ്മുടെ പണം നൽകി നേടുന്നതുകൊണ്ടും പ്രകൃതി നമുക്ക് എന്തും സൗജന്യമായി നൽകുന്നതു കൊണ്ടുമാണോ ഈ വേർതിരിവ്? വലുതും വൈവിധ്യമാർന്നതുമായ ഒരു യൂനിറ്റാണ് പ്രകൃതി. നാം ഉൾപ്പെടെ നമുക്കുചുറ്റുമുള്ള ജീവനുള്ളതും, ജീവനില്ലാത്തതുമായ എല്ലാം പ്രകൃതിയുടെ ഭാഗമാണ്. ആ അർഥത്തിൽ നാം പ്രകൃതിയെ സ്നേഹിക്കണം എന്നു പറയുന്നത് ചുറ്റുമുള്ള സർവതിനേയും സ്നേഹിക്കണം എന്നതുതന്നെയാണ്. പ്രകൃതിയിലെ എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. പലപല തട്ടുകളായി നിലനിൽക്കുന്ന ഇവക്ക് ഓരോന്നിനും മറ്റൊന്നില്ലാതെ ജീവിക്കാനാവില്ല. പ്രകൃതി തീർത്ത അതിസുന്ദരമായ ഒരു ചങ്ങലയാണത്. ആ രീതിയിൽ പ്രകൃതിയിലെ ഓരോ ജീവനും സുഖമായി ജീവിക്കാനുള്ള വിഭവങ്ങൾ പ്രകൃതിയിൽ തന്നെയുണ്ടു താനും. എന്നിട്ടും നാമെന്തിനാണ് പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത്? ഒന്നും മതിയാവാത്ത, ഒന്നിലും തൃപ്തിവരാത്ത മനുഷ്യെൻറ അങ്ങേയറ്റത്തെ അഹങ്കാരം മാത്രമാണത്. അതുതന്നെയാണ് ആ പാവം ആനയുടെ ജീവൻ അപഹരിച്ചതും.
ഒന്ന് ചിന്തിച്ചുനോക്കുക: നമുക്കവകാശപ്പെട്ട സ്വന്തം മണ്ണിൽ നാം മറ്റൊരാളുടെ ഇംഗിതത്തിനു വഴങ്ങി ജീവിക്കേണ്ടിവരുക! അവർ മൂലം നമുക്ക് ജീവൻ പോലും നഷ്ടമാകുക! പ്രകൃതിനിയമത്തിെൻറ വ്യക്തമായ ലംഘനമാണത്. എല്ലാ പ്രവർത്തനങ്ങൾക്കും കൃത്യമായ മറ്റൊരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്ന ന്യൂട്ടെൻറ മൂന്നാം ചലനനിയമം പ്രകൃതിയുടെ കാര്യത്തിലും ബാധകമാണെന്ന പാഠമാണ് കഴിഞ്ഞ മൂന്നോ നാലോ മാസമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സൗകര്യത്തിനായി നാട്ടിൽനിന്ന് മറ്റെല്ലാ ജീവികളെയും പടിയടച്ചു പിണ്ഡം െവച്ചു. അവരുടെ ആവാസസ്ഥാനങ്ങളിൽ കടന്നുകയറി ഫ്ലാറ്റുകളും ഫാക്ടറികളും നിർമിച്ചു.
പിന്നെ, ബാക്കിയുള്ള മരങ്ങളിലും പുഴകളിലും ചേക്കേറിയ അവരെ വണ്ടിയുടെ പുകയും ശബ്ദവും മാലിന്യവും ഒക്കെക്കൊണ്ട് പിന്നെയും വീർപ്പുമുട്ടിച്ചു. ഒടുവിൽ അവസാന ആശ്രയമായ കാട്ടിൽ അവർ അഭയം പ്രാപിച്ചപ്പോൾ നാം അവിടെയും എത്തി. കാട് വെട്ടിത്തെളിച്ചു, കായലുകൾ നികത്തി, പാഠങ്ങൾ നികത്തി വീടുെവച്ചു. ഇനിയെവിടെയും പോകാനില്ലാതെ സ്വയം മരണത്തിലേക്ക് അവർ പോകുന്ന ഘട്ടത്തിലാണ് പ്രകൃതി ആദ്യമായി പൊട്ടിത്തെറിച്ചത്. വെറും ഒരു സൂചന മാത്രമായി. സൂനാമി, വെള്ളപ്പൊക്കം, ഭൂമികുലുക്കം, ഓഖി അങ്ങനെ എന്തുപേരിട്ടു വേണമെങ്കിലും അതിനെ വിളിക്കാം. എന്നിട്ടും മനുഷ്യൻ പഠിച്ചില്ല. അതിനു കാരണമായത് എന്തെന്ന് മനസ്സിലാക്കാതെ അവൻ അതിനെയെല്ലാം അതിജീവിച്ചു എന്ന് മേനി നടിക്കുകയാണുണ്ടായത്. ആരെയാണ് നമ്മൾ അതിജീവിച്ചത്? പ്രകൃതിയെയോ? നമ്മുടെ നിലനിൽപിനുതന്നെ ആധാരമായ പ്രകൃതിക്ക് മേലാണോ നാം വിജയം നേടിയത്? എന്ത് വിരോധാഭാസം!
പ്രകൃതി പിന്നെയും പരീക്ഷിച്ചു. കോവിഡിെൻറ രൂപത്തിൽ. കണ്ണുകൊണ്ട് കാണുന്ന ഏതു ശത്രുവിനെയും മനുഷ്യൻ നേരിട്ടു, ജയം നേടി. പക്ഷേ, കാണാൻ കഴിയാത്ത ശത്രുവോ? അതും, ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു ശത്രു! എല്ലാമറിയാവുന്ന മനുഷ്യൻ ഒടുവിൽ മുട്ടുമടക്കി. ഇപ്പോൾ തിരിച്ചുവരവിനായുള്ള നെട്ടോട്ടത്തിൽ തന്നെയാണ് ലോകമാകെയും. എന്നിട്ട് നാം പഠിച്ചോ? ഒന്നു തിരിഞ്ഞുനോക്കുക. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ഒാരോ തവണ കഴിയുമ്പോഴും കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലക്ഷങ്ങളുടെ ജീവൻ കവർന്ന കോവിഡിൽ എത്തിനിൽക്കുമ്പോഴും പഠിച്ചില്ലെങ്കിൽ ഇത് അവസാന മുന്നറിയിപ്പായി കാണേണ്ടിവരും. ഇനി ഒരു മുന്നറിയിപ്പ് തരാൻ നാം ഉണ്ടായെന്നും വരില്ല.
ഓരോ പരിസ്ഥിതിദിനവും ഓരോ ഓർമപ്പെടുത്തലാണ്. ഓരോ വർഷം കഴിയുമ്പോഴും മനുഷ്യൻ ദുർബലരായിക്കൊണ്ടേയിരിക്കുകയാണ് എന്ന ഓർമപ്പെടുത്തൽ. എത്രയും നേരത്തേ നാം അത് മനസ്സിലാക്കിയാൽ അത്ര കാലം കൂടി പ്രകൃതി നമ്മളെ സംരക്ഷിക്കും എന്ന ഓർമപ്പെടുത്തൽ. അല്ലെങ്കിൽ, മറ്റൊരു പരിസ്ഥിതി ദിനത്തിനോ; എന്തിന് സുഖകരമായ ഒരു നിമിഷത്തിനുവേണ്ടിയോ പ്രകൃതിയോട് നമുക്ക് താണുകേണു അപേക്ഷിക്കേണ്ടിവരും.
(കൊച്ചി സർവകലാശാല സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസി. പ്രഫസറാണ് ലേഖകൻ)
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.