ഹൃദയ സംരക്ഷണം നേരത്തെ തുടങ്ങാം

ജനിക്കുന്നതിന് മുമ്പുതന്നെ മിടിച്ചു തുടങ്ങുന്നതാണ് ഒരു വ്യക്തിയുടെ ഹൃദയം. ആരുടെയെങ്കിലും നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ മരണം വരെ അത് നിരന്തരം പ്രവര്‍ത്തിക്കുന്നു. ഈ അവയവത്തിനെ ബാധിക്കുന്ന എത് രോഗവും ജീവന് ഭീഷണിയാണ്. അടുത്ത കാലത്തായി ഹൃദയ സംബന്ധമായ രോഗങ്ങള്‍ സമൂഹത്തില്‍ അമിതതോതില്‍ വര്‍ധിച്ചു വരികയാണ്. ജീവിത ശൈലിയടക്കമുള്ള നിരവധി ഘടകങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്ക് ആക്കം കൂട്ടുമ്പോള്‍ അത് സൃഷ്ടിക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയും യുനെസ്കോയും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ചേര്‍ന്ന് എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയില്‍ ഒരു ദിവസം ലോക ഹൃദയാരോഗ്യദിനമായി (World Heart Day) ആചരിച്ചു വരികയാണ്.

ഇത്തവണ അത് സെപ്തംബര്‍ 29 നാണ്. ആഗോള തലത്തില്‍ പരിശോധിച്ചാല്‍ താരതമ്യേന ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി കാണുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായ കാരണങ്ങളാല്‍ ലോകത്തെ ഇതര രാജ്യക്കാരെ അപേക്ഷിച്ച്  ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കാര്യംതന്നെ പരിശോധിച്ചാല്‍ നമ്മുടെ സംസ്ഥാനമായ കേരളമാണ് ഇക്കാര്യത്തില്‍ മുമ്പില്‍.



ഹൃദ്രോഗങ്ങളുടെ തുടക്കം

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെ ഒരു വ്യക്തിക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ഗര്‍ഭിണി കഴിക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവ് ഗര്‍ഭസ്ഥ ശിശുവിന്‍റെ ശാരീരിക വളര്‍ച്ചയെ ബാധിക്കുകയും അത് ഭാവിയില്‍ ഹൃദ്രോഗത്തിന് വഴിവെക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ ശരീരഭാരവുമായി ജനിക്കുന്ന ശിശുക്കള്‍ക്ക് വലുതാവുമ്പോള്‍ മറ്റ് രോഗങ്ങളുടെ കൂട്ടത്തില്‍ ഹൃദ്രോഗവും വരാനുള്ള സാധ്യത ഏറെയാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ അമ്മ ആവശ്യത്തിന് സമീകൃത ആഹാരങ്ങള്‍ കഴിക്കുകയും ഗര്‍ഭസ്ഥശിശുവിന് ഹാനികരമായ ഭക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കുകയുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം.


കുട്ടിക്കാലം മുതലേ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക

രുചിയുള്ളതല്ല മറിച്ച് സമീകൃതമായ പോഷകങ്ങള്‍ അടങ്ങിയതാണ് നല്ല ഭക്ഷണം എന്ന തിരിച്ചറിവാണ് കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ആദ്യപടി. നൂറ്റാണ്ടുകളായി നിരവധി തലമുറകള്‍ പിന്‍തുടര്‍ന്നു പോന്ന ഭക്ഷണശീലങ്ങള്‍ മാറ്റി സായിപ്പിന്‍റെ ഇഷ്ടങ്ങളാണ് ശരി എന്ന ചിന്തയാണ് നമ്മെ കുഴിയില്‍ ചാടിക്കുന്നത്. പരസ്യങ്ങളില്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ സത്യമാണെന്ന തെറ്റിധാരണ മുലം ഭൂരിപക്ഷവും ബേക്കറി പലഹാരങ്ങളുടെയും ഫാസ്റ്റ് ഫുഡുകളുടെയും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ പിറകെ പോകുന്നു. ഇതുമൂലം പുതിയ തലമുറ ചെറുപ്പത്തില്‍ തന്നെ പൊണ്ണത്തടിയന്മാരായി മാറുന്നു. സ്കൂളുകളിലേക്കുള്ള യാത്ര പോലും വാഹനത്തിലാക്കുകയും പുറത്തിറങ്ങി ഓടിയും ചാടിയും കളിക്കുന്നതിന് പകരം കമ്പ്യൂട്ടറിന്‍റെയും ടെലിവിഷന്‍റെയും മുന്നില്‍ ചടഞ്ഞിരിക്കുകയും ചെയ്യുന്ന തലമുറ അമിതവണ്ണക്കാരായി മാറുന്നതില്‍ അത്ഭുതമില്ല. പൊണ്ണത്തടിക്കാരില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. പൊണ്ണത്തടി പ്രമേഹം, കൊളസ്ട്രോള്‍, രക്താധിസമ്മര്‍ദം തുടങ്ങി ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നതു കൊണ്ടാണത്. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്ന അനാരോഗ്യ പ്രവണതകള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കുമെന്നതിനാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ നാം ചെറുപ്പകാലം മുതലേ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.



മറ്റ് ഭീഷണികള്‍

പുകവലിയാണ് ഹൃദയത്തിന്‍റെ പ്രധാന ശത്രു. തുടര്‍ച്ചയായ പുകവലി രക്തക്കുഴലുകളുടെ ഉള്‍ഭാഗത്തിന്‍റെ മിനുസവും വഴുവഴുപ്പും ഇല്ലാതാക്കുകയും ക്രമേണ അവിടെ തടിപ്പും പൊറ്റകളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് പിന്നീട് രക്തയോട്ടത്തെ തടസപ്പെടുത്തുന്നത്. പുകയിലയിലുള്ള നിക്കോട്ടിന്‍ എന്ന രാസഘടകം താത്കാലികമായി രക്തസമ്മര്‍ദം ഉയര്‍ത്തുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്നു. കൂടാതെ  രക്തത്തിലെ നല്ല കൊളസ്ട്രോള്‍ (HCL) കുറയുകയും ചീത്ത കൊളസ്ട്രോളിന്‍റെ (LCL) അളവ് കൂടുകയും ചെയ്യുന്നു. പുതുതലമുറ നേരിടുന്ന മറ്റൊരു പ്രശ്നമാണ് നിരന്തരമായ മാനസിക സമ്മര്‍ദം. തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും ബന്ധങ്ങളിലെ താളപ്പിഴകളും അമിതമായ ആഗ്രഹങ്ങളും മിക്കവരെയും കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഇതുമൂലം ഇവരില്‍ തുടര്‍ച്ചയായി രക്താതിസമ്മര്‍ദം ഉണ്ടാവുകയും അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. മദ്യപാനവും രക്തസമ്മര്‍ദത്തിന്‍റെ അളവ് കൂട്ടുകയും ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.  


രോഗലക്ഷണങ്ങള്‍

ഹൃദയത്തിന്‍റെ ഭിത്തികളിലെ കൊറോണറി ധമനിയുടെയുള്ളില്‍ കൊഴുപ്പ് അടിയുന്നത് മൂലം ധമനികള്‍ പൂര്‍ണമായോ ഭാഗികമായോ അടയുകയും ഇതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യുന്നതോടെയാണ് ഹൃദയരോഗങ്ങളുടെ ലക്ഷങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. രക്തയോട്ടം നിലക്കുന്നതോടെ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ഹൃദയത്തിന്‍റെ മാംസപേശികള്‍ തകരാറിലാവുകയും ചെയ്യും. ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം ഹൃദയത്തില്‍ നിന്നു തുടങ്ങി ഇടതു തോളിലേക്കും കൈയിലേക്കും ചിലപ്പോള്‍ താടിയെല്ലിലേക്കും വ്യാപിക്കുന്ന അഞ്ജൈന (ANGINA) എന്ന് വിളിക്കുന്ന വേദനയാണ്. ചിലര്‍ വേദനയെ നെഞ്ചെരിച്ചില്‍ ആയി തെറ്റിധരിക്കാറുമുണ്ട്. കൂടാതെ  ശ്വാസം മുട്ട്, നെഞ്ചിടിപ്പ്, വിയര്‍പ്പ്, ഓക്കാനം, ഛര്‍ദി എന്നി ലക്ഷണങ്ങളും ഹൃദയത്തിന്‍റെ തകരാറുകളെ സൂചിപ്പിക്കുന്നതാണ്. മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗിക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

ജീവിതശൈലി മാറ്റാന്‍ മടിക്കേണ്ട

കൊളസ്ട്രോള്‍ സാധ്യതയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ പാടെ ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യണം. മാട്ടിറച്ചി, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, മധുരം കൂടുതലുള്ള ബേക്കറി പലഹാരങ്ങള്‍ പോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, കൃത്രിമ പാനീയങ്ങള്‍, അച്ചാര്‍, പപ്പടം, ഉണക്കമീന്‍ പോലുള്ള ഉപ്പ് അധികം അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ എന്നിവ പതിവായി കഴിക്കരുത്. പകരം ചെറിയ മത്സ്യങ്ങള്‍ കറിവെച്ചു മാത്രം ഇടക്ക് കഴിക്കുകയും പച്ചക്കറികളും പഴവര്‍ഗങ്ങളും ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. ശാരീരികാധ്വാനമില്ലാത്തവര്‍ ആവശ്യത്തിന് വ്യായാമം ചെയ്യുകയും മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുന്ന വിനോദ ഉപാദികള്‍, യോഗ എന്നിവ പരിശീലിക്കുകയും ചെയ്യണം. നടത്തമാണ് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ വ്യായാമം. അതു കൊണ്ടുതന്നെ നടത്തം ഒഴിവാക്കാതെ നടക്കാന്‍ ലഭിക്കുന്ന എല്ലാ അവസരവും ഉപയോഗിച്ച് പതിവായി നടക്കണം. ജീവിതരീതികളില്‍ ഇത്രയും മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ ഹൃദയരോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയും.

(ലേഖകന്‍ പ്രമുഖ കാര്‍ഡിയോളജിസ്റ്റും കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മുന്‍ മേധാവിയുമാണ്)

Tags:    
News Summary - World Heart Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.