ചരിത്രത്തിൽനിന്ന് മുസ്ലിംകളെ മായ്ച്ചുകളയുക എന്ന ഒറ്റ വികാരമാണ് ഈ ചെയ്തികളുടെയെല്ലാം പിന്നിൽ. രാഷ്ട്രപതി ഭവനിലുണ്ടായിരുന്നു പ്രശസ്തമായ പൂന്തോട്ടത്തിന്റെ പേര് മുഗൾ ഗാർഡൻസ് എന്നതിൽനിന്ന് ഈയിടെ അമൃത ഉദ്യാൻ ആക്കി മാറ്റിയല്ലോ. 2017ൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെ മഹാരാഷ്ട്രയിലെ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ഭരണാധികാരികളെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കുക മാത്രമല്ല, അവരുടെ സ്മാരകങ്ങളെയും മുഗളർ നിർമിച്ച സ്ഥാപനങ്ങളെയും സംബന്ധിച്ച പരാമർശങ്ങൾ വെട്ടിഒഴിവാക്കുകയും ചെയ്തിരുന്നു
ലോക്സഭയിലെ സി.പി.ഐ അംഗം കെ. സുബ്ബരായൻ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടി നൽകവേ തെൻറ മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് (ഐ.സി.എച്ച്.ആർ) ചരിത്രം പുതുക്കിയെഴുതുന്ന പദ്ധതികളൊന്നും നടത്തുന്നില്ലെന്നും ചരിത്രത്തിൽനിന്ന് വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രസ്താവിച്ചിരുന്നു.
അതിന് മറുപടിയായി മറ്റൊരു ഉപചോദ്യത്തിലൂടെ കോൺഗ്രസ് അംഗം മനീഷ് തിവാരി ചൂണ്ടിക്കാട്ടിയത് മന്ത്രിയുടെ പ്രസ്താവന ഐ.സി.എച്ച്.ആർ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾക്കും അവകാശവാദങ്ങൾക്കും കടകവിരുദ്ധമാണ് എന്നായിരുന്നു.
സിന്ധുനദീതട സംസ്കാരം മുതൽ ഇന്നുവരെയുള്ള സമഗ്രമായ ഇന്ത്യാ ചരിതം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും 12 മുതൽ 14 വരെ വാല്യങ്ങളായി ഒരുക്കുന്ന ഈ പദ്ധതി പൂർത്തിയാവാൻ വർഷങ്ങളെടുത്തേക്കുമെന്നും കൗൺസിൽ ഭാരവാഹികൾ പ്രഖ്യാപിച്ചിരുന്നു.
2022 നവംബറിൽ ഐ.സി.എച്ച്.ആർ മെംബർ സെക്രട്ടറി പ്രഫ. ഉമേഷ് അശോക് കദം പറഞ്ഞത് രാജ്യത്തെ നൂറുകണക്കിന് ചരിത്രകാരുടെ പങ്കാളിത്തത്തോടെ പ്രാദേശിക സ്രോതസ്സുകളുടെയും രേഖകളുടെയും സഹായത്തോടെ തയാറാക്കി വരുന്ന ചരിത്രം പുതുക്കിയെഴുതൽ പദ്ധതിയുടെ ആദ്യവാല്യം 2023 മാർച്ചിൽ പുറത്തിറങ്ങുമെന്നാണ്.
മുൻകാലങ്ങളിൽ വിട്ടുകളഞ്ഞ രാജവംശങ്ങൾക്ക് അർഹമായ പരിഗണന നൽകുമെന്നും കദം കൂട്ടിച്ചേർത്തിരുന്നു. 8-18 നൂറ്റാണ്ടുകളിലെ ഇന്ത്യൻ രാജവംശങ്ങളും മധ്യകാല ഇന്ത്യയുടെ പ്രൗഢിയും എന്ന പേരിൽ ഡൽഹി ലളിതകലാ അക്കാദമിയിൽ കഴിഞ്ഞമാസം കൗൺസിൽ ഒരുക്കിയ പ്രദർശനം ഈ ബൃഹദ് പദ്ധതിയുടെ തിരനോട്ടമായിരുന്നു.
ഇന്ത്യ ഭരിച്ച മുസ്ലിം രാജവംശങ്ങളെക്കുറിച്ച് പരാമർശമേതുമില്ലാത്തതെന്താണ് എന്ന് ജനുവരി 30 ന് പ്രദർശനത്തിെൻറ ഉദ്ഘാടന വേളയിൽ ചോദ്യമുയർന്നിരുന്നു. അതിന് പ്രഫ. കദം നൽകിയ മറുപടി മുസ്ലിം രാജവംശങ്ങളെ ഇന്ത്യനായി താൻ കണക്കാക്കുന്നില്ല എന്നായിരുന്നു.
മുസ്ലിം രാജവംശങ്ങൾ ഇന്ത്യാ ചരിത്രത്തിെൻറ ഭാഗമാണെങ്കിൽപോലും ചരിത്രം സുൽത്താൻ, മുഗൾ കാലഘട്ടത്തിൽ കേന്ദ്രീകരിച്ചുകൂടാ. ഇസ്ലാമും ക്രൈസ്തവതയും മധ്യകാലത്ത് ഇന്ത്യയിലേക്ക് കടന്നുവന്ന് ഇവിടത്തെ വിദ്യാഭ്യാസ രീതിയെയും സംസ്കാരത്തെയും നശിപ്പിച്ചവരാണ് എന്നും പറഞ്ഞു. മറാത്ത, നിങ്തൂജ, അഹോം, ചോള, മാണിക്യ, കശ് വാഹ, ഹിന്ദുഷാഹി തുടങ്ങി അമ്പതോളം രാജവംശങ്ങളെയാണ് പഠനം നടത്തപ്പെടാത്തത് എന്ന പേരിൽ കൗൺസിൽ പ്രദർശനത്തിൽ അവതരിപ്പിച്ചത്.
ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ് പറഞ്ഞത് കൊളോനിൽ ഹാങ്ഓവറിൽനിന്ന് വിടുതൽ വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശമുണ്ട് എന്നായിരുന്നു. സ്വാതന്ത്ര്യത്തിൽനിന്ന് സ്വരാജിലേക്കുള്ള യാത്രയിൽ ചരിത്രത്തെ ശുദ്ധീകരിക്കേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.
ഐ.സി.എച്ച്.ആറിെൻറ പദ്ധതിയെയും പ്രസ്താവനകളെയും കുറിച്ച് ചോദിച്ചപ്പോൾ 1818ൽ ജെയിംസ് മിൽ നമ്മെ വിട്ടേച്ചുപോയിടത്തേക്കാണ് ഇവർ നമ്മളെ കൊണ്ടുപോകുന്നത് എന്നായിരുന്നു മുതിർന്ന ചരിത്രകാരനും ഡൽഹി ജെ.എൻ.യുവിലെ റിട്ട. അധ്യാപകനുമായ പ്രഫ. ഹർബൻസ് മുഖിയ പ്രതികരിച്ചത്.
സ്കോട്ടിഷ് ചരിത്രകാരനായ മിൽ ബ്രിട്ടീഷ്കാലത്ത് എഴുതിയ ചരിത്ര പുസ്തകത്തിെൻറ ഇന്ത്യാ ചരിത്രത്തെ ഹിന്ദു, മുസ്ലിം, ബ്രിട്ടീഷ് എന്നിങ്ങനെയാണ് വിഭജിച്ചിരുന്നത്. ചരിത്രരചനാരീതിയിൽ എക്കാലത്തും മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പക്ഷേ, ഇപ്പോൾ നടക്കുന്നത് തികച്ചും വിഭിന്നമായ കാര്യമാണ്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചരിത്രരചനയിൽ അപകോളനീകരണം നടത്താറുണ്ടായിരുന്നു, എന്നാലിപ്പോൾ പുനഃകോളനീകരണമാണ് നടക്കുന്നത്. ബിരുദ വിദ്യാർഥികൾപോലും ഭരണാധികാരികളെ ഹിന്ദു-മുസ്ലിം എന്നു കാണാറില്ല-മുഖിയ ചൂണ്ടിക്കാട്ടുന്നു. ചരിത്രം എഴുതുന്നത് ഇങ്ങനെയേ അെല്ലന്നാണ് ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബിന്റെ പക്ഷം. മധ്യകാല ഇന്ത്യയുടെ ചരിത്രം ഹിന്ദു രാജവംശങ്ങളിലോ മുസ്ലിംകളിലോ മാത്രമൊതുങ്ങുന്നില്ല.
രജപുത്രർക്കൊപ്പം ഭരിച്ചിരുന്ന നിരവധി മുസ്ലിം ഭരണാധികാരികളുണ്ടായിരുന്നു. ഭരണം ഒരു സഹകരണ പദ്ധതിയായിരുന്നു. ആകയാൽ ഇപ്പോൾ ചരിത്രപുനർനിർമാണമെന്ന പേരിൽ നടക്കുന്നത് അസംബന്ധമാണ്. തികഞ്ഞ മതഭ്രാന്താണ് അവരെക്കൊണ്ട് ഇപ്രകാരം ചെയ്യിക്കുന്നത്.
ഇതേ രീതിയാണ് പാകിസ്താനിലും നടന്നിരുന്നത്. അവരുടെ ചരിത്രം തുടങ്ങൂന്നത് മുഹമ്മദ് ബിൻ ഖാസിമിൽ നിന്നാണ്. അതിന് മുമ്പ് നടന്നതൊന്നും പാകിസ്താനികൾ ചരിത്രമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ നമ്മളും അതേ പാതയാണ് പിന്തുടരുന്നത്. പാകിസ്താന്റെ മാതൃക പിൻപറ്റി ഇന്ത്യയെ മെച്ചപ്പെടുത്താനാകുമെന്ന് ഞാൻ കരുതുന്നതേയില്ല-ഇർഫാൻ ഹബീബ് വ്യക്തമാക്കുന്നു.
സമകാലിക ഇന്ത്യയിൽ മുസ്ലിംകളെ അന്യവത്കരിക്കാനുള്ള വിദ്വേഷ അജണ്ടയുടെ ഭാഗമാണ് ചരിത്രം തിരുത്തിയെഴുത്തെന്ന് പ്രഫ. ഹബീബ് ചൂണ്ടിക്കാട്ടുന്നു. കെട്ടിടങ്ങളുടെയോ പൂന്തോട്ടങ്ങളുടെയോ ഭക്ഷണവിഭവങ്ങളുടെയോ പേരുകൾപോലും അവശേഷിക്കാത്ത വിധം ചരിത്രത്തിൽനിന്ന് മുസ്ലിംകളെ മായ്ച്ചുകളയുക എന്ന ഒറ്റ വികാരമാണ് ഈ ചെയ്തികളുടെയെല്ലാം പിന്നിൽ.
രാഷ്ട്രപതി ഭവനിലുണ്ടായിരുന്നു പ്രശസ്തമായ പൂന്തോട്ടത്തിന്റെ പേര് മുഗൾ ഗാർഡൻസ് എന്നതിൽ നിന്ന് ഈയിടെ അമൃത ഉദ്യാൻ ആക്കി മാറ്റിയല്ലോ. 2017ൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെ മഹാരാഷ്ട്രയിലെ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ഭരണാധികാരികളെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കുക മാത്രമല്ല, അവരുടെ സ്മാരകങ്ങളെയും മുഗളർ നിർമിച്ച സ്ഥാപനങ്ങളെയും സംബന്ധിച്ച പരാമർശങ്ങൾ വെട്ടിഒഴിവാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം നടന്ന ജയ്പുർ സാഹിത്യോത്സവത്തിൽ ഒരു വേദിക്ക് മുഗൾ ടെന്റ് എന്നു പേരു നൽകിയതിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ജൂണിൽ രാജ്യത്തിന്റെ ‘തെറ്റായ ചരിത്ര’ത്തെച്ചൊല്ലി വേപഥു പുണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രാചീന ഇന്ത്യയുടെ മഹത്ത്വം വീണ്ടെടുക്കാൻ ചരിത്രകാരോട് അഭ്യർഥിച്ചിരുന്നു.
രാജ്യത്തെ മിക്ക ചരിത്ര പണ്ഡിതരും മുഗളർക്ക് മാത്രമാണ് പ്രാധാന്യം നൽകിയതെന്നും പല മഹത്തായ സാമ്രാജ്യങ്ങളുടെയും വീര്യം അവർ അവഗണിച്ചുവെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജ്യത്ത് സമ്പന്നമായ ഒന്നുണ്ടെങ്കിൽ അത് ചരിത്ര ശാഖയാണ് എന്നു പറഞ്ഞ് ബി.ജെ.പി നേതാക്കളുടെ ഈ ആരോപണത്തെ നിരാകരിക്കുകയാണ് ഡൽഹി സർവകലാശാലയിലെ പ്രഫ. അപൂർവാനന്ദ്.
ചരിത്രമെഴുത്തുകാരിൽ ദേശീയവാദികളും വലതുപക്ഷക്കാരും ഇടതുപക്ഷക്കാരും മാർക്സിസ്റ്റുകളും മാർക്സിസത്തെ വെല്ലുവിളിച്ച കീഴാള ചരിത്രകാരും അത്തരം ആശയങ്ങളിൽ നിന്നെല്ലാം മുക്തരായ എഴുത്തുകാരുമെല്ലാം ഉണ്ടായിട്ടുണ്ട്. ചരിത്രം എഴുതുന്ന രീതികൾ മാറിക്കൊണ്ടേയിരിക്കുന്നുവെന്നതിനാൽ എഴുതപ്പെട്ട ചരിത്രം തെറ്റാണെന്ന് പറയുന്നത് അബദ്ധമാണ്.
വലതുപക്ഷ ചരിത്രകാരും ഇന്ത്യയിൽ ചരിത്രമെഴുതിയിട്ടുണ്ട്, അവർ പോലും ഇമ്മട്ടിലുള്ള വിഭജന സമീപനം സ്വീകരിച്ചില്ല. ഇപ്പോൾനടത്തുന്നത് പൈശാചികമായ ഒരു വിഭജനമാണ്. മുസ്ലിംകളെയും അവരുമായി ബന്ധപ്പെട്ട എന്തിനേയും ഇന്ത്യനായി കണക്കാക്കാൻ വിസമ്മതിക്കുന്നു എന്നാണ് ഇതിനർഥം.
മുഗളർ ശുദ്ധ ഇന്ത്യക്കാരാണ്. അവരെ കൂടാതെ ഹൈദർ അലി, ടിപ്പു സുൽത്താൻ തുടങ്ങിയ നിരവധി മുസ്ലിം രാജവംശങ്ങളും ഭരണാധികാരികളും ഇന്ത്യക്കാരാണ്-അപൂർവാനന്ദ് പറയുന്നു.
ഐ.സി.എച്ച്.ആർ പ്രദർശനത്തിലെ 50 ഓളം ബാനറുകളിൽ വിവിധ രാജവംശങ്ങളുടെ ചിത്രങ്ങൾ, പതാകകൾ, നിർമിതികൾ എന്നിവയെക്കുറിച്ചെല്ലാം വിവരിച്ചിരുന്നു, എന്നാൽ ആധികാരികത ഉറപ്പാക്കാനുതകുന്ന പരാമർശമേതുമില്ല അവയിലൊന്നും.
ഉപയോക്താക്കൾക്ക് എഡിറ്റ് ചെയ്യാൻ അനുമതിയുണ്ടെന്നതിനാൽ ആധികാരിക ഉറവിടമെന്ന് ഉറപ്പിക്കാനാവാത്ത വിക്കിപീഡിയയിൽ നിന്നെടുത്ത വിവരങ്ങളാണ് നിരത്തിയിരിക്കുന്നതെന്ന് പ്രദർശനത്തിനെത്തിയ വിദഗ്ധരിലൊരാൾ അഭിപ്രായപ്പെടുന്നു. ഇപ്പോൾ പല ചരിത്രമെന്ന നാട്യത്തിൽ അവതരിപ്പിക്കുന്ന പല വിവരങ്ങളുടെയും സ്രോതസ്സ് വാട്ട്സ്ആപ് ആണെന്ന് ഇർഫാൻ ഹബീബും ചൂണ്ടിക്കാട്ടുന്നു.
(ദ വയർ ഹിന്ദി ഡെപ്യൂട്ടി എഡിറ്ററാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.