മലയാളത്തിന്‍െറ കോടി മനസ്സുകള്‍ ഹൃദയശ്രീകോവിലില്‍ പ്രതിഷ്ഠിച്ച നാദമാധുര്യമായ യേശുദാസിന് ഗാനഗന്ധര്‍വന്‍ എന്ന പരമോന്നത പദവി നമ്മുടെ സംസ്ഥാനം പതിറ്റാണ്ടുകള്‍ മുമ്പേ നല്‍കിയിട്ടുണ്ട്. ഇനി ലോകത്തെ ഏതു മഹത്തായ അംഗീകാരം അദ്ദേഹത്തെ തേടിവന്നാലും നമുക്ക് അതിനപ്പുറം ഇനിയൊന്നും നല്‍കാനില്ല. നമുക്ക് കൗതുകങ്ങള്‍ക്കപ്പുറത്തെ കൗതുകമായി ആ നാദവും ആ ഗാനസാന്നിധ്യവും എന്നേ മാറിക്കഴിഞ്ഞു. അദ്ദേഹം പാടിയിട്ടുള്ള അമ്പതിനായിരത്തോളം വൈവിധ്യമാര്‍ന്ന ഗാനങ്ങളല്ല, കേരളത്തിന്‍െറ മുക്കിലും മൂലയിലുമുള്ള വേദികളില്‍ പാടിനിറച്ചിട്ടുള്ള പാട്ടനുഭവങ്ങളല്ല, കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളെയും സ്വാതിതിരുനാള്‍ ഉള്‍പ്പെടെയുള്ള വാഗ്വേയകാരന്മാരെയും ‘കൃഷ്ണ നീ ബേഗനെ’ എഴുതിയ വ്യാസരായരെയും ‘അലൈപായുത കണ്ണാ’ എഴുതിയ ഉത്തുകാട്ട് വെങ്കട സുബ്ബയ്യരെയും ‘എന്ന തവം സെയ്ദനി യശോദ’ എഴുതിയ പാപനാശം ശിവനെയുമൊക്കെ കേരളത്തിലെ ജനസാമാന്യത്തിന് പരിചയപ്പെടുത്തിയ, അവരുടെ സംഗീതസൃഷ്ടികള്‍ അനേകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ച സംഗീതത്തിന്‍െറ നിത്യശോഭ.
ആവോളം കിട്ടിയ ദേശീയ-സംസ്ഥാന അവാര്‍ഡുകളല്ല, പരകോടികളുടെ ഹൃദയംകവര്‍ന്ന സൗഭാഗ്യമാണ് യേശുദാസിനെ ഇതിഹാസമാക്കുന്നത്. അച്ഛന്‍െറ തണലില്‍ വളര്‍ന്ന കുട്ടി. മകനെ ഗായകനാക്കണമെന്ന ആഗ്രഹത്തിനുമാത്രമായി ജീവിത സൗഭാഗ്യങ്ങളുടെ പുറകെ പോകാതെ, ഉള്ളതുകൊണ്ട് അരിഷ്ടിച്ചു ജീവിച്ച പിതാവിനും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം മാത്രം നയിച്ച അമ്മക്കും കാണാന്‍ യേശുദാസിന്‍െറ മഹാസൗഭാഗ്യങ്ങളുടെ കാലം ഉണ്ടായില്ല എന്നത് അദ്ദേഹത്തിന്‍െറ സ്വകാര്യദു:ഖമാണ്.
യേശുദാസിന്‍െറ സുദീര്‍ഘമായ, അതിബൃഹത്തായ ഗാനജീവിതം അതിന്‍െറ അടിസ്ഥാനമുറപ്പിക്കുന്ന കാലത്തെല്ലാം അദ്ദേഹം ഏകാകിയായിരുന്നെങ്കിലും അദ്ദേഹത്തെ ഒരു മഹാഗായകനായി രൂപപ്പെടുത്തിയെടുക്കുന്നത് പിതാവിന്‍െറ നിശ്ചയദാര്‍ഡ്യമായിരുന്നു.യേശുദാസിന്‍െറ ഓരോ ഗാനവും പാഠമാകുന്നതുപോലെ, ഓരോ ഗാനത്തിനും അദ്ദേഹം അര്‍പ്പിക്കുന്ന സമര്‍പ്പണം. എല്ലാ കാലത്തും തലമുറകള്‍ക്ക് പാഠമാണ്.
1960കളുടെ തുടക്കത്തില്‍ മലയാളസിനിമാസംഗീതം സംസ്കാരിച്ചെടുത്ത ഫാക്ടറിയാണ് യേശുദാസ്. അതിനുമുമ്പ് നിലനിന്ന ഗാനസംസ്കാരത്തെ ആര്‍ദ്രമധുരമായ, ഏഴും തികഞ്ഞ ശബ്ദസൗഭഗം കൊണ്ട് യേശുദാസ് മറ്റൊന്നായി മാറ്റിയെഴുതി. രാഗഭാവങ്ങളില്‍ ചാലിച്ചെടുത്ത ദേവരാജന്‍ മാഷിന്‍െറയും ബാബുരാജിന്‍െറയും ദക്ഷിണാമൂര്‍ത്തിയുടെയുമൊക്കെ ഗാനങ്ങള്‍ അതിഭാവുകത്വമില്ലാതെ ഇന്ത്യന്‍ സിനിമാലോകം അന്നുവരെ കേള്‍ക്കാത്ത മധുരശബ്ദം കൊണ്ടും ഇന്ത്യന്‍ സംഗീതത്തിന്‍െറ അടിസ്ഥാനമായ ഭാവലയങ്ങള്‍ കൊണ്ടും യേശുദാസ് ധന്യമാക്കി.തുടര്‍ന്നുവന്ന ദശാബ്ദങ്ങള്‍ യേശുദാസിന്‍െറ അധീശത്വത്തിന്‍െറ കാലം.
ടെക്നോളജി വളര്‍ന്നകാലത്ത് അതിന്‍െറ സാധ്യതകളെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ശബ്ദമായി യേശുദാസിന്‍േറത്. രവീന്ദ്രന്‍ എന്ന സംഗീതസംഗീതസംവിധായകന്‍ തന്‍െറ 90 ശതമാനം ഗാനങ്ങളും യേശുദാസിന്‍െറ ബേസ്വോയിസിനെ ഉപയോഗിച്ച് ചെയ്തു. അദ്ദേഹത്തിന്‍െറ ആലാപനത്തിലെ മലയാളിത്തവും ശബ്ദമധുരിമയും ഉപയോഗിച്ച് ജോണ്‍സണ്‍ പാട്ടുകളുണ്ടാക്കി. ഏതുറേഞ്ചിലും ഏതുകാലത്തിലും അനായാസം പാടാനുള്ള കഴിവ് കണ്ടറിഞ്ഞ് സംഗീതസംവിധായകര്‍ ക്ളാസിക്കലിലെ ഉപയോഗസാധ്യതകളെല്ലാം ഗാനങ്ങളില്‍ പരീക്ഷിച്ചു. തന്‍െറ സെമി ക്ളാസിക്കല്‍, പരീക്ഷണമെലഡികള്‍ ഇളയരാജ യേശുദാസിനായി മാറ്റിവെച്ചു. ഇന്ത്യന്‍സംഗീതത്തിലെ പകരം വെക്കാനില്ലാത്ത മധുരശബ്ദത്തിന്‍െറ ഉടമക്കായി രവീന്ദ്രജയിന്‍ എന്ന ഹിന്ദി സംഗീതസംവിധായകന്‍ തന്‍െറ ഗാനങ്ങള്‍ സമര്‍പ്പിച്ചു.
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ആധ്യാത്മിക കൃതികള്‍ അദ്ദേഹത്തിന്‍െറ ശബ്ദസൗഭഗത്തില്‍ തലമുറകള്‍ ഹൃദയത്തില്‍ ചേര്‍ത്തു നമ്മുടെ ദൈവസങ്കല്‍പത്തെ തുയിലുണര്‍ത്താനും പാടിയുറക്കാനും നമുക്കു മറ്റൊരു ശബ്ദമുണ്ടായിരുന്നില്ല. കര്‍ണാടകസംഗീതമാസ്വദിക്കാനും മലയാളിക്കു മറ്റൊരു ശബ്ദം പകരമില്ല. തനിക്ക് മുന്‍പും പിന്‍പുമുള്ള തലമുറകളെ അങ്ങനെ അദ്ദേഹം ശബ്ദമാസ്മരികതയുടെ നൂലില്‍ കോര്‍ത്തുകെട്ടി. അങ്ങനെ യേശുദാസ് എക്കാലത്തെയും ഒറ്റപ്പെട്ട ഗാനവ്യക്തിത്വമായി.
ഗീതോപദേശമായി, അയ്യപ്പ സുപ്രഭാതമായി, ഹരവരാസനമായി, അനേകായിരം ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളായി വൈവിധ്യമാര്‍ന്ന ഗാനസഞ്ചയങ്ങളായി നിറഞ്ഞ സംഗീതസാന്നിധ്യമാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈ ഗന്ധര്‍വഗായകന്‍.
യേശുദാസ് സജീവമായി പാടാതായിട്ട് ഏതാണ്ട് ഒരു ദശാബ്ദമാകുന്നു. എങ്കിലും പാട്ടായി നാം ചിന്തിക്കുന്നതൊക്കെയും യേശുദാസാകുന്നു.
സംഗീതം മാറുകയാണ്, ഗായകര്‍ മാറുകയാണ്. ഇന്ന് മലയാള സിനിമക്ക് യേശുദാസ് ഒരു അനിവാര്യമല്ലാതായിരിക്കുന്നു. പക്ഷേ, മലയാള സിനിമയെന്നാല്‍ യേശുദാസ് ഇല്ലാതെ ചരിത്രമില്ല. മലയാളഗാനത്തിനും ഇനിയൊരിക്കലും അങ്ങനെയല്ലാതൊരു കാലമില്ല. ഇനി കാലമെന്നാല്‍ യേശുദാസിന് മുമ്പുള്ള കാലവും യേശുദാസിന് പിമ്പുള്ള കാലവും മാത്രം.
ഇങ്ങനെ റേഡിയോയുടെ നോബ് തിരിക്കുമ്പോള്‍, മൊബൈലിന്‍െറ ടച്ച് സ്ക്രീനില്‍ അമര്‍ത്തുമ്പോള്‍ കേള്‍ക്കുന്ന സുഖകരമായ ശബ്ദം മാത്രമല്ല, അതിലേക്ക് എത്തിപ്പെടാന്‍ അദ്ദേഹം പാടിത്തീര്‍ത്ത സാധകമാണ്, കുടിച്ചു തീര്‍ത്ത കഷ്ടതയുടെ കയ്പുനീരാണ്, ചിന്തിച്ചെടുത്ത ഭാവതലങ്ങളാണ്, ശ്രുതി ചേര്‍ത്തുവെച്ച മനസ്സാന്നിധ്യമാണ് സംഗീതത്തിലെ കാലത്തിന്‍െറ ഗുരുകുല പാഠം. ആ ഗുരുപൂജയാണ് കാലം അംഗീകാരങ്ങളായി, അലങ്കരിച്ച വേദിയില്‍ രാഷ്ട്രപതിയെന്ന പരമോന്നത പൗരന്‍െറ കൈയില്‍നിന്ന് പ്രൗഢമായി ലഭിക്കുന്ന അംഗീകാരമായി ഒരു രാജ്യം അതിന്‍െറ യശസ്സിനെ പാടി ഉയര്‍ത്തിയതിന് നല്‍കുന്ന വരപ്രസാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.