പേരുമാറ്റമെന്ന സാംസ്‌കാരിക ഫാഷിസം

വര്‍ഗീയത മുഴുത്ത ഭ്രാന്തായി മാറുമ്പോള്‍ സ്ഥലപ്പേരിനോട് പോലും അസഹിഷ്ണുത കാട്ടുന്ന ലോകത്തെ ഏക രാജ്യമായി മാറിയിരിക്കുകയാണ് നമ്മുടെ ഭാരതം. ഉത്തര്‍ പ്രദേശില്‍ മുസ്ലിം ചുവയുള്ള പേരുകള്‍ ഒന്നടങ്കം മാറ്റിക്കൊണ്ടിരിക്കുകയാണ് അവിടത്തെ ബി.ജെ.പി ഭരണകൂടം. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയത്. പേരുമാറ്റവുമായി ഗുജറാത്ത് സര്‍ക്കാറും രംഗത്തുണ്ട്. താമസിയാതെ അഹമ്മദാബാദ് കര്‍നാവതിയാവും. പേരുമാറ്റത്തിന്‍റെ ഏറ്റവും വലിയ പരീക്ഷണശാലയായി മാറിയിരിക്കുന്നത് യു.പിയാണ്. 1992ല്‍ ഫൈസാബാദിന് സംഘ്പരിവാര്‍ കണ്ടുവെച്ചിരുന്ന നാമം സാകേത് എന്നായിരുന്നു. അലിഗറിനെ ഹരിഗ്രഹ് എന്നും അലഹബാദിനെ (ഇലാഹാബാദ്) പ്രയാഗ് എന്നുമാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് നടത്തിയ നീക്കം പക്ഷേ ഫലം കണ്ടിരുന്നില്ല.

എന്നാല്‍ യോഗി ആദിത്യനാഥിന്‍റെ ഭരണത്തില്‍ തങ്ങളുടെ കുടില നീക്കങ്ങള്‍ സംഘ്പരിവാര്‍ ഒന്നൊന്നായി പുറത്തെടുക്കുകയാണ്. മൂന്നാഴ്ച മുമ്പാണ് അലഹബാദിനെ പ്രയാഗ് രാജ് എന്ന് അവര്‍ പുനര്‍നാമകരണം ചെയ്തത്. അതിനു മുമ്പ് മുഗള്‍സാരായി ജങ്ഷന് ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കുകയുണ്ടായി. പാര്‍ലമെന്‍റംഗമായിരുന്നപ്പോള്‍ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ ചില പ്രദേശങ്ങളുടെ പേരുകള്‍ മാറ്റാന്‍ ആദിത്യനാഥ് ശ്രമിച്ചിരുന്നു. ഹുമയൂണ്‍ നഗര്‍ ഹനുമാന്‍ നഗറും ഇസ്ലാംപൂര്‍ ഈശ്വര്‍പുറും അലി നഗര്‍ ആര്യാനഗറും ആക്കി മാറ്റണമെന്നായിരുന്നു യോഗിയുടെ തിട്ടൂരം. യു.പിയിലെ പ്രമുഖമായ അഅ്സംഗഡിനെ ആര്യംഗഡ് എന്നാക്കാന്‍ കഴിഞ്ഞ വര്‍ഷം ഹിന്ദു യുവവാഹിനി ആവശ്യപ്പെട്ടിരുന്നു.

ഫാഷിസ്റ്റ് സംഘിക്കൂട്ടത്തിന്‍റെ പേരുമാറ്റ ക്യാമ്പയിന് കരുത്തു പകരാന്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ലാല്‍ജി ഠാണ്ടന്‍റെ പുസ്തകവും മെയ് മാസത്തിൽ പുറത്തിറങ്ങിയിരുന്നു. 'അന്‍കഹ ലഖ്നോ' അഥവാ 'പറയപ്പെടാത്ത ലഖ്നോ' എന്നാണ് പുസ്തകത്തിന്‍റെ പേര്. ചരിത്ര വസ്തുതകളെ അട്ടിമറിച്ച് ആക്രമണോല്‍സുക ഹിന്ദുത്വത്തെ ഉദ്ദീപിപ്പിക്കാനാണ് ഈ പുസ്തകം രചിച്ചതു തന്നെ. ലഖ്നോയിലെ ഏറ്റവും വലിയ പള്ളിയാണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് പണിത ടീലാ വാലി മസ്ജിദ്. എന്നാല്‍, ശ്രീരാമന്‍റെ സഹോദരന്‍ ലക്ഷ്മണന്‍റെ പേരിലുള്ള കുന്നിന്‍മുകളിലാണ് പള്ളി പടുത്തുയര്‍ത്തിയതെന്നാണ് ഠാണ്ടന്റെ വാദം. നഗരത്തിന്‍റെ ആദ്യ പേര് ലക്ഷ്മണവതി എന്നായിരുന്നെന്നും പിന്നീടത് ലക്ഷ്മണ്‍പൂറും ലഖ്നാവതിയുമായി മാറിയെന്നും അതിനു ശേഷമാണ് ഇന്നത്തെ പേരായ ലഖ്നോയില്‍ എത്തിയത് എന്നും പുസ്തകം പറയുന്നു. ഠാണ്ടന്‍റെ 'ഗവേഷണ'ത്തില്‍നിന്ന്് ആവേശം ഉള്‍ക്കൊണ്ട് യു.പി തലസ്ഥാനമായ ലഖ്നോവിന്‍റെ പേര് ലക്ഷ്മണ്‍പുരി ആക്കണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. താമസിയാതെ അതും സംഭവിക്കാം.

ഠാണ്ടന്റെ പുസ്തകം പുറത്തിറക്കിയത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്. ഇരിക്കുന്ന പദവിയോട് ഒരു നിലക്കും മര്യാദ കാണിച്ചിട്ടില്ലാത്തയാളാണ് നായിഡു. ഉപരാഷ്ട്രപതി സ്ഥാനത്തിരിക്കുമ്പോഴും സംഘ്പരിവാറിന്‍റെ വിവാദ പരിപാടികളില്‍ പങ്കെടുത്ത് പ്രസ്തുത ആശയങ്ങളുടെ പ്രചാരണത്തിനുള്ള അവസരങ്ങള്‍ ഒന്നുപോലും അദ്ദേഹം പാഴാക്കാറില്ല. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളിനെക്കുറിച്ച് മഹേഷ് ഭഗ്ചന്ദ്ക എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗം മറ്റൊരു ഉദാഹരണം. ആരായിരുന്നു സിംഗാള്‍ എന്ന് പരിചയപ്പെടുത്തേണ്ടതില്ല. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയവാദികളില്‍ ഒരാള്‍, മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളെ വെറുക്കാന്‍ ആഹ്വാനം ചെയ്തയാള്‍, ഗുജറാത്തില്‍ രണ്ടായിരത്തോളം പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ 'സഫലമായ പരീക്ഷണം' എന്നു വിളിച്ചയാള്‍, ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി.. വിശ്വഹിന്ദു പരിഷത്തിന്‍റെ അന്താരാഷ്ട്ര പ്രസിഡന്‍റായിരുന്ന അശോക് സിംഗാളിനെ വിശേഷിപ്പിക്കാന്‍ ഇതിലും പറ്റിയ വാക്കുകളില്ല. 2015ലാണ് സിംഗാള്‍ മരിക്കുന്നത്. പുസ്തകം പ്രകാശനം ചെയ്ത വെങ്കയ്യ നായിഡു, സിംഗാളിനെ മഹാനായ പരിഷ്‌കര്‍ത്താവായാണ് വിശേഷിപ്പിച്ചത്. ഭരണഘടന തൊട്ടു സത്യം ചെയ്താണ് മൗലാനാ ആസാദ് റോഡിലെ ഉപരാഷ്ട്രപതി ബംഗ്ലാവില്‍ ഇരിപ്പിടം ഉറപ്പിച്ചതെങ്കില്‍ ആര്‍.എസ്.എസ് നേതാവിന്‍റെ റോളിലായിരുന്നില്ല അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്. ഇന്ത്യയിലെ മത-ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ വ്രതമെടുത്ത ഒരു ഭീകരനെ പ്രകീര്‍ത്തിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമല്ലേ? ഠാണ്ടന്റെ പുസ്തകം പ്രകാശനം ചെയ്യുക വഴി സംഘ്പരിവാറിന്‍റെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് മൈലേജ് നല്‍കുകയായിരുന്നു ഉപരാഷ്ട്രപതി.

സകല നിയമങ്ങളും മര്യാദകളും ലംഘിച്ചും പരമോന്നത നീതിപീഠത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചുമാണ് സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കിവരുന്നത്. സ്ഥലങ്ങളുടെ പേരുമാറ്റം സാംസ്‌കാരിക ഫാഷിസത്തിന്‍റെ മറ്റൊരു രീതിയാണ്. മുസ്ലിം പേരുകളുള്ള മുഴുവന്‍ ഗ്രാമങ്ങള്‍ക്കും ഹിന്ദു നാമങ്ങള്‍ നല്‍കാന്‍ രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയുടെ ഗവണ്മെന്‍റ് തീരുമാനിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്. നവംബറിലെ ഇലക്്ഷന്‍ മുന്നില്‍ കണ്ട് ഹിന്ദു വോട്ടുകള്‍ സമാഹരിക്കുകയായിരുന്നു പേരുമാറ്റത്തിന്‍റെ ഉദ്ദേശ്യം. അങ്ങനെയാണ് മുഹമ്മദ്പുര്‍ മേദിക് ഖേദയും നവാബ്പുര്‍ നയി സര്‍താലും അജംപുര്‍ സിതാറാം ഖേദയും മാന്ദ്ഫിയ സന്‍വാലിയാജിയുമായി മാറുന്നത്. അതിനു മുമ്പ് മറ്റു മൂന്നു ഗ്രാമങ്ങളെ (മിയാന്‍ കാ ബാര മഹേഷ് നഗറും, നര്‍പാദ നര്‍പുരയും, ഇസ്്‌ലാംപുര്‍ ഖുര്‍ദ്് പിഛന്‍വാ ഖുര്‍ദുമായി മാറി) ഹൈന്ദവവല്‍കരിച്ചിരുന്നു.

1857ലെ ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീര വനിതയും അവധിലെ നവാബ് ആയിരുന്ന വാജിദ് അലി ഷായുടെ പത്നിയുമായിരുന്നു ബീഗം ഹസ്രത് മഹല്‍. അവരുടെ സ്മരണ നിലനിര്‍ത്താന്‍ 1962 ഓഗസ്റ്റ് 15ന് ലഖ്നോയിലെ പ്രസിദ്ധമായ ചൗകിന് 'ഹസ്രത് ഗഞ്ച് ' എന്ന് പേരും നല്‍കി. ബീഗത്തിന്‍റെ സ്മരണാര്‍ത്ഥം 1984 മെയ് 10ന് ഇന്ത്യാ ഗവണ്മെന്‍റ് പ്രത്യേക സ്റ്റാമ്പ് തന്നെ ഇറക്കിയിരുന്നു. ന്യുനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ക്കായി ബീഗം ഹസ്രത് മഹല്‍ സ്‌കോളര്‍ഷിപ്പും നിലവിലുണ്ട്. എന്നാല്‍, അന്തരിച്ച പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള ബഹുമാനാര്‍ത്ഥം ഹസ്രത് ഗഞ്ചിന്‍റെ പേര് 'അടല്‍ ചൗക് ' എന്നാക്കി മാറ്റി. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ കാലത്ത് ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ചയാള്‍ക്ക് വേണ്ടി സ്വാതന്ത്ര്യ സമര സേനാനികളെ പോലും തള്ളിക്കളയാന്‍ മടിയില്ലാത്തവരാണ് സംഘ് പരിവാരം എന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.

താജ്മഹല്‍ ഉള്‍പ്പെടെ മുഗള്‍ ഭരണത്തിന്‍റെ ശേഷിപ്പുകളെയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. പേരിലും വേഷത്തിലും ഭക്ഷണത്തിലും പോലും വര്‍ഗീയത കാണുന്ന ഫാഷിസ്റ്റ്കൂട്ടത്തിന്‍റെ നിയന്ത്രണത്തില്‍ ഞെരിഞ്ഞമരുകയാണ് മതേതര ഇന്ത്യ. ഇങ്ങനെ പോയാല്‍ സ്വാതന്ത്യ സമര സേനാനികളായ മൗലാന അബുല്‍കലാം ആസാദ്, ഡോ. സാക്കിര്‍ ഹുസൈന്‍, ബദറുദ്ദീന്‍ ത്വയ്യിബ്ജി തുടങ്ങി നൂറുകണക്കിന് മുസ്‌ലിം പേരുകളും ഇവര്‍ ഹൈന്ദവവല്‍കരിക്കുന്ന കാലം അനതിവിദൂരമല്ല.

Tags:    
News Summary - Yogi’s Name-Changing Spree Continues-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.