ക്ഷേത്ര നിർമാണ-പുനർനിർമാണ-പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന പങ്കാളിത്തം ഇന്ത്യൻ സ്റ്റേറ്റിനും സമൂഹത്തിനും അപകടകരമാണ്. ഹിന്ദു ക്ഷേത്രങ്ങൾ നിർമിക്കുന്നതിലോ പുനർനിർമിക്കുന്നതിലോ പുനരുദ്ധാരണം നടത്തുന്നതിലോ തെറ്റൊന്നുമില്ല. തങ്ങളുടെ പരിപാവനമായ ആരാധനാ മൂർത്തികളുടെ വാസസ്ഥാനങ്ങൾ നിർമിക്കുന്നതിനും പുനർനിർമിക്കുന്നതിനും പുനരുദ്ധാരണം നടത്തുന്നതിനും ഹിന്ദു സമൂഹത്തിന് എല്ലാവിധ അവകാശവുമുണ്ട്. പക്ഷേ, പ്രധാനമന്ത്രി എന്തിന് അതിൽ പങ്കാളിയാകണം?
നരേന്ദ്ര മോദി സ്വയം തുറന്നുപ്രഖ്യാപിച്ച ഹിന്ദു വിശ്വാസിയാണ്. മറ്റു ഹിന്ദു വിശ്വാസികൾക്കൊപ്പം ചേർന്ന് ഒരു സാധാരണ വ്യക്തിയായി ഹിന്ദു ക്ഷേത്രങ്ങൾ നിർമിക്കുകയോ പുനർനിർമിക്കുകയോ പുനരുദ്ധാരണം നടത്തുകയോ ചെയ്യുമ്പോൾ ആരും അതിനെതിരെ ഒന്നും പറയില്ല.
മറ്റു ഭക്തരെപോലെ അദ്ദേഹത്തിനും കാവിയുടുത്ത് നെറ്റിയിൽ തിലകക്കുറി ചാർത്തി അവയുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടന ചടങ്ങിലും പങ്കാളിയാകാം. പൂജാവിധികൾ ചെയ്യാം. ആരും എതിർപ്പു പറയില്ല. പ്രധാനമന്ത്രിയെന്ന നിലക്ക് ഇനി മാധ്യമങ്ങളുടെ കണ്ണ് പതിഞ്ഞാലും അത് ഗുണമായേ ഭവിക്കൂ, അദ്ദേഹത്തിനും ഇന്ത്യൻ സ്റ്റേറ്റിനും സമൂഹത്തിനും. കാരണം, ഒരു സാധാരണ ഹിന്ദുവായി അത്തരം ചടങ്ങുകളുടെ ഭാഗമാകുകയാണല്ലോ.
ഹിന്ദു വിശ്വാസം പിന്തുടരാനും അനുഷ്ഠിക്കാനും അവയിൽ വിശ്വസിക്കാനുമുള്ള നരേന്ദ്ര മോദിയുടെ അവകാശത്തെ ഒരാൾക്കും എടുത്തുകളയാനാകില്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവനവന്‍റെ വിശ്വാസം പാലിക്കാൻ അവകാശമുള്ളതാണ്. പ്രശ്നം ഉയരുന്നത്, ഇത്തരം പദ്ധതികളിലും ചടങ്ങുകളിലും ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലക്ക് പങ്കാളിയാകുമ്പോഴാണ്.
പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യൻ സ്റ്റേറ്റിനെയാണെന്നത് പൂർണമായി അദ്ദേഹം അവഗണിച്ചുതള്ളുന്നു. പകരം അദ്ദേഹം ചെയ്യുന്നത്, തന്‍റെ വിശ്വാസം ഇന്ത്യൻ സ്റ്റേറ്റിന്റെ വിശ്വാസമാക്കി മാറ്റലാണ്. സത്യമായും, അതുതന്നെയാണ് ആർ.എസ്.എസ് പദ്ധതി. വ്യാപകമായി സംപ്രേഷണം ചെയ്യപ്പെട്ടും ഉന്മാദം തുള്ളിത്തുളുമ്പിയും അത്യാഡംബരമായും അദ്ദേഹത്തെ മധ്യത്തിൽ നിർത്തി സംഘടിപ്പിക്കപ്പെടുന്ന പരിപാടികൾ ഹിന്ദു വിശ്വാസം ഇന്ത്യയുടെ ദേശീയ മതമാണെന്ന് വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം നടത്താൻ വിവിധ പ്രാദേശിക, രാജ്യാന്തര ഘടകങ്ങൾ വിലങ്ങുതടിയായുണ്ടെങ്കിൽ, ചുരുങ്ങിയ പക്ഷം അത് അനൗദ്യോഗികമായിട്ടാകാം എന്ന് ആർ.എസ്.എസും മോദിയും തീരുമാനമെടുത്ത പോലെ തോന്നുന്നു.
പക്ഷേ, ആ പ്രക്രിയയിൽ ഇന്ത്യൻ സ്റ്റേറ്റിനും സമൂഹത്തിനും ആഴത്തിലുള്ള ക്ഷതമാണ് അവർ ഏൽപിക്കുന്നത്. ചരിത്രത്തിലുടനീളം ഇന്ത്യയിലെ ഭരണാധികാരികൾ ഹിന്ദുവോ ബുദ്ധമതക്കാരനോ ജൈനനോ സിഖുകാരനോ മുസ്ലിമോ ആകട്ടെ- അത്യപൂർവം അപവാദങ്ങൾ മാറ്റിനിർത്തിയാൽ- തങ്ങളുടെ പ്രജകൾ ഭിന്നമത വിശ്വാസങ്ങൾ പിന്തുടരുന്നവരാണെന്ന യാഥാർഥ്യത്തെ അവഗണിച്ചില്ല. സ്വന്തം വിശ്വാസങ്ങളെ അവർക്കുമേൽ അടിച്ചേൽപിക്കുകയും ചെയ്തില്ല.
അതുകൊണ്ടുതന്നെയാണ്, പോപ് മുന്നോട്ടുവെച്ച അതിതീവ്ര മതാധിപത്യം അവസാനിപ്പിക്കാൻ ഭരണാധികാരികൾക്ക് ശുദ്ധ മതേതരത്വം പുൽകേണ്ടിവന്ന യൂറോപ്പിൽനിന്ന് ഭിന്നമായി, ഇന്ത്യയിൽ മതാധിഷ്ഠിത ഭരണത്തിന് ഇടം ലഭിക്കാതെപോയത്. സ്വതന്ത്ര ഇന്ത്യയിൽ മതവും സ്റ്റേറ്റും തമ്മിലെ ബന്ധമെന്ന സങ്കൽപം സ്വാഭാവികമായും രാജ്യം കാത്തുപോന്ന രാഷ്ട്രീയ പൈതൃകത്തിന്‍റെ തുടർച്ച തന്നെയായിരുന്നു. മൂന്നു തത്ത്വങ്ങളിലായിരുന്നു ഈ സങ്കൽപം പടുത്തുയർത്തിയത്: ഒന്ന്, ഓരോരുത്തരും അവരുടെ വിശ്വാസം പിന്തുടരാൻ സ്വാതന്ത്ര്യമുള്ളവരാകും. രണ്ട്, ഭരണാധികാരി സ്വന്തം വിശ്വാസം മറ്റുള്ളവർക്കുമേൽ അടിച്ചേൽപിക്കില്ല. മൂന്ന്, എല്ലാ വിശ്വാസങ്ങളെയും അദ്ദേഹം ആദരിക്കും.
വിവിധ മതവിശ്വാസികൾക്ക് തങ്ങളുടെ ആരാധന കേന്ദ്രങ്ങൾ പണിയാൻ സ്ഥലവും പണവും രാജാക്കന്മാർ നൽകിയത് ചരിത്രത്തിൽ നിറയെ കാണാം. അതേ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന്, ഇന്ത്യൻ ഭരണകൂടം മുസ്ലിംകൾക്ക് ഹജ്ജിന് മക്കയിലേക്ക് പോകാൻ സബ്സിഡി അനുവദിച്ചു.ഹിന്ദുക്കൾക്ക് കുംഭമേളക്കും സിഖുകാർക്ക് പാകിസ്താനിൽ തീർഥാടനത്തിനും പോകാനും ഇതേ ഇളവ് നൽകി. എല്ലാ മതങ്ങൾക്കും തുല്യ ആദരവും ബഹുമാനവും ലഭിച്ചു. സ്റ്റേറ്റ് പക്ഷപാതമില്ലാതെ എല്ലാവരോടും പെരുമാറി. മോദി പ്രധാനമന്ത്രി പദത്തിലെത്തിയതോടെ അവക്കെല്ലാമാണ് മാറ്റം വരുന്നത്. അദ്ദേഹത്തിനു കീഴിൽ, സ്റ്റേറ്റ് ഹിന്ദുമതത്തോട് പക്ഷപാതിത്വമുള്ളതായി മാറിയിരിക്കുന്നു.
മറ്റു മതങ്ങളുടെയും വിശുദ്ധ കേന്ദ്രങ്ങളുടെ നിർമാണ-പുനർനിർമാണ-പുനരുദ്ധാരണ പ്രവൃത്തികളിൽ വ്യക്തിപരമായി അദ്ദേഹം പങ്കാളിയായിരുന്നുവെങ്കിൽ, ഇന്ത്യ ഇപ്പോഴും പിന്തുടരുന്നത് എല്ലാ മതങ്ങളോടും തുല്യ ബഹുമാനമെന്ന പാരമ്പര്യമാണെന്ന് ലോകം പറയുമായിരുന്നു. അദ്ദേഹം പക്ഷേ, ഹിന്ദു വിശ്വാസത്തിന് മാത്രമാണ് അതൊക്കെയും ചെയ്തുനൽകുന്നത്. അദ്ദേഹത്തിനു കീഴിൽ ഭരണകൂടം ഒരു വിശ്വാസത്തിന്‍റെ മാത്രം നിർമാണ, പുനർനിർമാണ, പുനരുദ്ധാരണത്തിനായി പൊതുമുതൽ അനുവദിക്കുന്നു. സർക്കാർ ട്രഷറിയിലെ പണം എല്ലാ വിശ്വാസികളിൽനിന്നും വരുന്നതാണ്. അത് ഹിന്ദുവിന്‍റെ മാത്രം വിശുദ്ധ സ്ഥലങ്ങളുടെ നിർമാണ, പുനർനിർമാണ, പുനരുദ്ധാരണത്തിനായി ഉപയോഗിക്കുകയാണ്.
ഹിന്ദുവിശ്വാസത്തിന് പ്രത്യേക അവകാശങ്ങളും അദ്വിതീയ പദവിയും നൽകാനുള്ള മോദിയുടെ ശ്രമങ്ങൾ, എല്ലാ വിശ്വാസങ്ങളോടും തുല്യ ബഹുമാനമെന്ന ഇന്ത്യ കാലങ്ങളായി കാത്തുപോന്ന ചരിത്രപരമായ പൈതൃകത്തിൽനിന്നുള്ള തിരിഞ്ഞുനടത്തമാണ്. 1979ലെ ഇസ്ലാമിക വിപ്ലവത്തോടെ ഇറാൻ മാറിയതുപോലെ അദ്ദേഹത്തിനു കീഴിൽ ഇന്ത്യ മാറരുതായിരുന്നു. പക്ഷേ, തീർച്ചയായും അത് സദ്ദാം ഹുസൈന്‍റെ ഇറാഖിനോട് ചില സാമ്യം കാണിക്കുകയാണ്. കടലാസിൽ മതേതരമായി നിലനിന്നെങ്കിലും, പൊതുജീവിതത്തിലും ഇറാഖികളുടെ ജീവിതത്തിലും അഭിലഷണീയ മതമായി ഇസ്ലാമിനെ മുന്നിൽനിർത്താനുള്ള വിശ്വാസ കാമ്പയിനായിരുന്നു സദ്ദാമിനു കീഴിൽ നടന്നത്.
ഹിന്ദു വിശുദ്ധ സ്ഥലങ്ങളുടെ പുനരുദ്ധാരണത്തിൽ മാത്രമല്ല, ഹിന്ദു വിശ്വാസത്തെ മോദി പ്രചരിപ്പിക്കുന്നതിലും ഈ സാമ്യം പ്രകടം. മഹത്തായ ഹിന്ദു പുണ്യകേന്ദ്രങ്ങളുടെ പുനരുദ്ധാരണവും അവക്കുചുറ്റും അടിസ്ഥാന സൗകര്യ വികസനവും വഴി കൂടുതൽ പേർ സന്ദർശകരായി എത്തലാണ് ലക്ഷ്യമെന്ന് പറയുന്നതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. കഴിഞ്ഞ വർഷം നവംബറിൽ കേദാർനാഥിൽ ജനത്തെ അഭിസംബോധന ചെയ്ത് മോദി ആഹ്വാനം ചെയ്തത്, പ്രായം ചെന്നവർ യുവ തലമുറകളെയും ഹിന്ദു തീർഥ സ്ഥലങ്ങളിലേക്ക് കൊണ്ടുവന്ന് അവരെ 'നമ്മുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും' പരിചയപ്പെടുത്തണമെന്നാണ്.
ഹിന്ദുത്വയോടുള്ള മോദിയുടെ പക്ഷപാതം, ഇന്ത്യൻ സ്റ്റേറ്റ് ബഹുമതമെന്നതിൽനിന്ന് മാറി ഏകമതമെന്നതിലേക്ക് ഇന്ത്യക്കാരും പുറത്തുള്ളവരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ഹിന്ദുസ്ഥാനി സ്റ്റേറ്റിൽനിന്ന് ഹിന്ദു സ്റ്റേറ്റായി മാറുകയാണ്. അത് കൂടു തുറന്നവിട്ട, വിഷം വമിക്കുന്ന വ്യാളികൾ രാജ്യം മുഴുക്കെ ഇതര മതവിശ്വാസികൾക്കെതിരെ കടന്നാക്രമിക്കുകയാണ്.
(പ്രമുഖ കോളമിസ്റ്റും ഗ്രന്ഥകാരനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.