വി.എസിന്‍െറ നായകത്വം: ചര്‍ച്ച മുറുകുന്നു

തിരുവനന്തപുരം: അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലെ നായകവിഷയത്തില്‍ എല്‍.ഡി.എഫിലും പുറത്തും ചര്‍ച്ച മുറുകുന്നു. വി.എസ് നയിക്കുകയാവും ഉചിതമെന്ന  സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍െറ പ്രസ്താവനക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞതിനു പിന്നാലെ വിഷയം സജീവമായി നിലനിര്‍ത്തുന്ന അഭിപ്രായവുമായി  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തത്തെി. ജനങ്ങളുടെയും പാര്‍ട്ടികളുടെയും അഭിലാഷം അനുസരിച്ചാണ് അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ നയിക്കണമോയെന്ന് തീരുമാനിക്കുകയെന്ന് വി.എസ്.പറഞ്ഞു. അതെല്ലാം നിശ്ചയിക്കേണ്ട സമയത്ത് പ്രസ്ഥാനവും ജനങ്ങളും തീരുമാനിക്കും.  മത്സരിക്കണമോയെന്ന് ജനം പറയട്ടെ. അവരുടെ അഭിപ്രായം എന്തെന്ന് മനസ്സിലാക്കട്ടെ. അതനുസരിച്ച്  എന്താണെന്നുവെച്ചാല്‍ ചെയ്യാമെന്നും വി.എസ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പ്ഘട്ടത്തിലും സി.പി.എം സംസ്ഥാനഘടകത്തെ വെട്ടിലാക്കിയ വി.എസിന്‍െറ നായകപ്രശ്നം ഇത്തവണ തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പേ ഉയരുകയായിരുന്നു.സി.പി.ഐ നിയമസഭാ നേതാവ് സി. ദിവാകരന്‍െറ പ്രസ്താവനയോടെയാണ് വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയത്. അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി സി.പി.എം സംസ്ഥാന ഘടകത്തില്‍ വലിയ വിഭാഗം കാണുന്ന പിണറായി വിജയന്‍ തന്നെ ദിവാകരന് മറുപടി നല്‍കി അത് അവസാനിപ്പിച്ചു. എന്നാല്‍, സി.പി.എമ്മില്‍ നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായമില്ളെന്നും  92 വയസ്സിലും വി.എസിന്‍െറ ഊര്‍ജം തനിക്കുള്‍പ്പെടെ പ്രചോദനമാണെന്നും വ്യക്തമാക്കിയ  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നായകവിഷയത്തിന് തുടര്‍ച്ചനല്‍കി. തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണ തലപ്പത്ത് സ്വാഭാവികമായും വി.എസ് ഉണ്ടാവുമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും പ്രസ്താവിച്ചു. ശനിയാഴ്ച കാനം രാജേന്ദ്രന്‍െറ പ്രസ്താവനക്ക് മറുപടിയുമായി കോടിയേരി രംഗത്തു വന്നതിനു പിന്നാലെയാണ് വി.എസ് അഭിപ്രായ പ്രകടനം നടത്തിയത്. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്ന പരോക്ഷ പരിഹാസമാണ് കോടിയേരി ഇന്നലെ മറുപടിയായി നല്‍കിയത്.
അതേസമയം വിവാദങ്ങള്‍ക്ക് തിരികൊളുത്താത്ത വി.എസിന്‍െറ മറുപടി സി.പി.എം സംസ്ഥാന നേതൃത്വത്തിന് ആശ്വാസകരമാണ്. ഉപതെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ വി.എസും പാര്‍ട്ടിയും തമ്മിലുള്ള അഭിപ്രായഭിന്നത സി.പി.എമ്മിനും എല്‍.ഡി.എഫിനും  പ്രശ്നം സൃഷ്ടിച്ചിരുന്നു. എന്നാല്‍ വി.എസും സി.പി.എം നേതൃത്വവും ഐക്യത്തോടെ മുന്നോട്ടുപോയ തദ്ദേശതെരഞ്ഞെടുപ്പിലാകട്ടെ മുന്നണിക്ക് നേട്ടമാണ് ലഭിച്ചത്.എന്നാല്‍  നായകവിഷയവും  സ്ഥാനാര്‍ഥിത്വപ്രശ്നവും ഘടകകക്ഷി നേതാക്കള്‍തന്നെ ഉന്നയിക്കുന്നതോടെ വെട്ടിലാവുന്നത് തങ്ങളാണെന്ന് സി.പി.എം  നേതൃത്വം തിരിച്ചറിയുന്നുണ്ട്.
മുമ്പത്തെപോലെ മാധ്യമങ്ങളും പൊതുസമൂഹവും വിഷയത്തില്‍ ഇടപെടുന്നതോടെ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് കാര്യങ്ങള്‍ കൈവിടുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.  പൊതുസമൂഹത്തില്‍ തന്‍െറ ജനകീയതയും വിശ്വാസ്യതയും തിരിച്ചറിയുന്ന വി.എസ് ജനാഭിലാഷം എന്ന നിലപാട് മുന്നോട്ടുവെച്ചതോടെ സി.പി.എമ്മിനും ഇത് തള്ളിക്കളയുക വിഷമകരമാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.