ആന്‍റണി പക വീട്ടിയെന്ന് ആൽവ: ആത്മകഥയിൽ കടുത്ത വിമർശം

2004 ൽ എ.കെ ആന്‍റണിയെ മാറ്റി ഉമ്മൻചാണ്ടിയെ കേരള മുഖ്യമന്ത്രി ആക്കിയതിന്  ആന്‍റണി തന്നോട് പക വീട്ടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ. പ്രസിദ്ധീകരിക്കുന്നതിനു മുൻപേ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായ ആൽവയുടെ കറേജ് ആൻഡ് കമ്മിറ്റ്മെന്‍റ് എന്ന ആത്മകഥയിലാണ് പരാമർശം.

ഇന്ദിരാഗാന്ധി മുതൽ സോണിയാ ഗാന്ധി വരെ ഉള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാർഗരറ്റ് ആൽവയെ 2008 ൽ സമ്മർദ്ദം ചെലുത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെപ്പിച്ചിരുന്നു. ഇതിന്‍റെ പിന്നിൽ ആന്‍റണിയാണെന്നാണ് ആൽവയുടെ ആരോപണം.

2004 ൽ എ.കെ ആന്‍റണി കേരള മുഖ്യമന്ത്രി ആയിരിക്കെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ഒരു സീറ്റിൽ പോലും പാർട്ടിക്ക് ജയിക്കാൻ കഴിഞ്ഞില്ല. ഇതേപ്പറ്റി അന്വേഷിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെയും ആർ.എൽ ഭാട്ട്യയെയും കേരളത്തിലേക്ക് അയച്ചതായി ആത്മകഥയിൽ പറയുന്നു.

നിരീക്ഷകരായി എത്തിയ തങ്ങൾ എം.എൽ.എ മാരെയും കോൺഗ്രസ് നേതാക്കളെയും കണ്ടു. നേതൃമാറ്റമാണ് എല്ലാവരും ആവശ്യപ്പെട്ടത്. ഇക്കാര്യം വിശദമാക്കി റിപ്പോർട്ട് നൽകിയപ്പോൾ അതിന്‍റെ തുടർ നടപടിക്ക് പ്രണബ് മുഖർജി, അഹമ്മദ് പട്ടേൽ എന്നിവരോടൊപ്പം തന്നെയും സോണിയ നിയോഗിച്ചു. വീണ്ടും കേരളത്തിൽ വന്നു കൂടിയാലോചനകൾ നടത്തി. അതിനൊടുവിൽ ഉമ്മൻചാണ്ടിയെ ആന്‍റണിയുടെ പിൻഗാമിയായി കണ്ടെത്തി കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു. ആന്‍റണി മാറി ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. അതിന്‍റെ വിദ്വേഷം ആന്‍റണിക്ക് ഒരു കാലത്തും മാറിയില്ല. എന്നെ തകർക്കാൻ കിട്ടിയ അവസരം മുഴുവൻ അദ്ദേഹം ഉപയോഗിച്ചു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കാശു വാങ്ങി കോൺഗ്രസ്  സീറ്റ് കൊടുത്തു എന്നു ഞാൻ പരസ്യമായി പറഞ്ഞു. മൈനിംഗ് , വിദ്യാഭ്യാസ, റിയൽ എസ്റ്റേറ്റ് ലോബികൾക്കു വഴങ്ങി എന്നായിരുന്നു എന്‍റെ ആക്ഷേപം. ഇതിന്‍റെ തെളിവുകൾ എന്‍റെ പക്കലുണ്ടായിരുന്നു. സോണിയാ ഗാന്ധിയെ അതു വല്ലാതെ അസ്വസ്ഥതപ്പെടുത്തി. രാഹുൽ ഗാന്ധിയെ ഞാൻ ചെന്നു കണ്ടപ്പോൾ  സോണിയയെ കാണണമെന്ന് ആന്‍റണി നിർദേശിച്ചു. നമ്പർ ടെൻ ജനപഥിലേക്കു ഞാൻ പോയപ്പോൾ ആന്‍റണി കൂടെ വന്നു. സ്‌കൂൾ കുട്ടിയെ പ്രിൻസിപ്പൽ വിളിപ്പിച്ചതു  പോലെ തോന്നി എനിക്ക്.  എന്നോട് ദേഷ്യം തോന്നുന്നുണ്ടോ എന്നു സോണിയയോട് ചോദിച്ചു. എന്തിനാണിത് ചെയ്തത്? തെരഞ്ഞെടുപ്പിനെ  ബാധിക്കില്ലേ എന്നു സോണിയ ചോദിച്ചു. ഞാൻ ക്ഷമാപണം നടത്തി. പെട്ടെന്നുള്ള പ്രതികരണമായിരുന്നു എന്നു പറഞ്ഞു. എങ്കിലും അതെല്ലാം ശരിയാണെന്നും   തെളിവുകൾ എന്‍റെ പക്കലുണ്ടെന്നും പറഞ്ഞു.

ഈ ഘട്ടത്തിൽ ആന്‍റണി ഇടപെട്ടു. താങ്കൾ ഇതിൽ ഇടപെടേണ്ടെന്നു ഞാൻ കർക്കശമായി പറഞ്ഞു. ഇതു ഞാനും മാഡവും തമ്മിലെ കാര്യമാണ്. ഞങ്ങൾ തീർത്തു കൊള്ളാം. അതു അദ്ദേഹത്തിന് രസിച്ചില്ല. എനിക്കെതിരെ നടപടി എടുക്കാൻ സമ്മർദ്ദം ഉണ്ടെന്നു സോണിയ പറഞ്ഞപ്പോൾ  ഒരു ദിവസം മാത്രം തരണം ,  രാജി വെച്ചു കൊള്ളാം എന്നു മറുപടി നൽകി. ആന്റണി വീണ്ടും ഇടപെട്ടപ്പോൾ കുറച്ചു കൂടി കർക്കശമായ ഭാഷയിൽ താക്കീതു നൽകി. ആന്റണിയെ കൂട്ടാതെ ഞാൻ തനിച്ചു പൊന്നു. പിറ്റേന്നു 2008 നവംബർ 11നു രാജിക്കത്തു നൽകി. എ.ഐ.സിസി യുടെ അകത്തളങ്ങളിൽ നിന്നാണ് പിന്നീട്  അറിഞ്ഞത്. എന്നെ രാജി വെപ്പിച്ചതിനു പിന്നിൽ ആന്റണിയുടെ സമ്മർദ്ദം ആയിരുന്നുവെന്ന് .
 
സോണിയാ ഗാന്ധിയുടെ പ്രവർത്തികളിൽ സുതാര്യത ഇല്ലായിരുന്നുവെന്ന് ആത്മകഥയിൽ ആൽവ കുറ്റപ്പെടുത്തുന്നുണ്ട്. ബോഫോഴ്സ് കേസ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ നരസിംഹ റാവു സർക്കാർ അപ്പീൽ കൊടുത്തപ്പോൾ റാവുവിന് എന്താണ് വേണ്ടത്, എന്നെ ജയിലിൽ അയക്കണമെന്നാണോ എന്നു സോണിയ ചോദിച്ചു. കോൺഗ്രസ്സ് സർക്കാർ തനിക്കും കുടുംബത്തിനും വേണ്ടി എന്താണ് ചെയ്തത്? താമസിക്കുന്ന വീട് തന്നത് ചന്ദ്രശേഖർ സർക്കാരാണ് എന്നു അവർ മറ്റൊരിക്കൽ പറഞ്ഞു. സോണിയാഗാന്ധി  രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ സ്വന്തം അരക്ഷിതത്വ ബോധം ആയിരുന്നുവെന്നും ആത്മകഥയിൽ അഭിപ്രായപ്പെടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.