ന്യൂഡൽഹി: പാർട്ടിയെ ജനകീയനാക്കിയ സീതാറാം യെച്ചൂരിയെന്ന അതികായന്റെ പൊടുന്നെനയുള്ള വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സി.പി.എമ്മിന് പ്രതിസന്ധികളേറെ. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പ്രിയ നേതാവിന്റെ വിയോഗം.
പുതിയ ജനറൽ സെക്രട്ടറിയെ ഉടൻ തെരഞ്ഞെടുക്കുന്നതിന് പകരം ഏപ്രിലിൽ മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസ് വരെ താൽക്കാലിക ചുമതല നൽകുകയോ പാർട്ടി സെന്ററിറ് ചുമതല ഏൽപ്പിക്കുകയോ ചെയ്യാൻ സാധ്യതകളേറെയാണ്.
യെച്ചൂരി ആശുപത്രിയിൽ ആയപ്പോൾ സെന്ററിൽ പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങൾക്ക് ചുമതലകൾ വിഭജിച്ച് നൽകുകയാണുണ്ടായത്. ഇക്കാര്യത്തിൽ പോളിറ്റ്ബ്യൂറോ ഉടൻ തീരുമാനമെടുക്കും. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സെപ്റ്റംബർ അവസാനം പോളിറ്റ് ബ്യൂറോ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ അടിയന്തര പോളിറ്റ് ബ്യൂറോ യോഗം ചേർന്നേക്കും.
പാർട്ടി ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ കേരളഘടകത്തിനാണ് നിർണായക സ്വാധീനമുള്ളത്. പുതിയ തിരുത്തൽ പ്രക്രിയ കാലത്ത് കേരളഘടകം എന്ത് തീരുമാനം എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പോളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, മുഹമ്മദ് സലീം, എം.എ. ബേബി, ബി.വി. രാഘവലു, മണിക് സർക്കാർ തുടങ്ങിയ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്. കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയുടെ പ്രായം 75 നിജപ്പെടുത്തിയിരുന്നു. ഇതിൽ ഇളവ് നൽകിയാൽ മാത്രമേ വൃന്ദ കാരാട്ടിന് സാധ്യതയുള്ളൂ.
2015ൽ, പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞതിന് പിന്നാലെയാണ് യെച്ചൂരി എത്തുന്നത്. കാരാട്ടിന്റെ കാലാവധി അവസാനിച്ചപ്പോൾ വി.എസ് പക്ഷത്ത് നിലനിന്നിരുന്ന യെച്ചൂരിയെ പകരക്കാരനാക്കുന്നതിന് പകരം എസ്. രാമചന്ദ്രൻ പിള്ളയെ കൊണ്ടുവരാൻ കേരളഘടകം ശക്തമായ നീക്കം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.